close
Sayahna Sayahna
Search

മാറ്റത്തിന്റെ സാധ്യത


മാറ്റത്തിന്റെ സാധ്യത
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവന്‍: ഞാന്‍ വായിക്കാം.

ചോദ്യം: മനുഷ്യവര്‍ഗത്തിനു ഭൂമിയില്‍ ബോധപൂര്‍വമായ ഒരു സമൂഹജീവിതം നയിക്കാന്‍ സാധിക്കുമെന്നു സാറിനു തോന്നുന്നുണ്ടോ?

ഉത്തരം: ഉണ്ട്.

അടുത്ത ചോദ്യം വായിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും കബീര്‍ ഇടപെട്ടു. “ചോദ്യം ഞങ്ങള്‍ വായിക്കാം. ഉത്തരത്തിനു അനുസരണമായി ചോദ്യത്തില്‍ മാറ്റം വരുത്തണമെന്നാണ് ഞങ്ങളുടെ തീരുമാനം”. ഡയറി നവന്‍ കബീറിനെ ഏല്പിച്ചു.

ചോദ്യം: സാധിക്കും എന്ന നിഗമനത്തിനു അടിസ്ഥാനമായ എന്തെങ്കിലും കാരണം പറയാനുണ്ടോ? അതോ അതൊരു വിശ്വാസം മാത്രമാണോ?

ഉത്തരം: ഉണ്ട്. ഭൂമിയില്‍ നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്ളതില്‍ ബോധപൂര്‍വമായ സമൂഹജീവിതത്തിനു കഴിവുള്ള ഒരേ ഒരു ജീവി മനുഷ്യനാണ്.

ചിതലും, എറുമ്പും, തേനീച്ചയും കൂട്ടായ ജീവിതം നയിക്കുന്നുണ്ട്. അവയില്‍ വര്‍ഗവിഭജനംപോലും ഉണ്ട്. തൊഴിലാളി, റാണി ഒക്കെ ഉണ്ട്. എന്നാല്‍, വര്‍ഗസമരം ഇല്ല. എന്തുകൊണ്ട്? ജന്മസിദ്ധമായ വാസനകള്‍ക്കനുസരിച്ച് ജീവിക്കുകയല്ലാതെ മനസ്സില്‍ പുതിയ ഭാവനകള്‍ വിരചിച്ച് അതിനനുസരിച്ച് സാഹചര്യത്തില്‍ മാറ്റം വരുത്തുവാന്‍ അവയ്‌ക്കൊന്നും കഴിവില്ല. തേനീച്ചകളുടെ ഇടയില്‍ ഒരു റാണി മാറിയാല്‍ മറ്റൊരു റാണി ഉണ്ടായി വരും. എന്നാല്‍ ഒരിക്കലും ഒരു ഗാന്ധി ഉണ്ടായി വരില്ല; ഒരു ഗോഡ്‌സേയും. ഗാന്ധിയും ഗോഡ്‌സേയും ജന്മവാസനകള്‍ക്കനുസരിച്ച് ഉണ്ടായവരല്ല. ഗാന്ധിജി ബാല്യകാലത്ത് ഭീരുവായിരുന്നു. വിവാഹിതനായതിനു ശേഷവും രാത്രി മൂത്രമൊഴിക്കുവാന്‍പോലും പുറത്തിറങ്ങണമെങ്കില്‍ കസ്തൂര്‍ബ ഒന്നിച്ചുവരണമായിരുന്നു. ഭൂതപ്രേതാദികളില്‍ വിശ്വാസവും ഭയവും ഉണ്ടായിരുന്ന അതേ മനുഷ്യനാണ് എഴുപത്തൊമ്പതാം വയസ്സില്‍ അപ്രതീക്ഷിതമായി മാറില്‍ വെടിയുണ്ടകള്‍ ഏറ്റപ്പോള്‍ ‘ഹേ! റാം ’ എന്ന് ശാന്തനായി ഉച്ചരിച്ച് ശരീരമുപേക്ഷിച്ചത്. ‘ചൊട്ടയിലെ ശീലം ചൊടലവരെ ’ എന്ന ചൊല്ല് മനുഷ്യന്‍ തെറ്റിക്കും. ശ്രീ. സി. രാധാകൃഷ്ണന്‍ ഒരിക്കല്‍ ഇതേപ്പറ്റി എഴുതുകയുണ്ടായി. മനുഷ്യന്റെ തിരുനെറ്റിയില്‍ മറ്റൊരു ജീവിക്കും ഇല്ലാത്ത സാമൂഹ്യബോധത്തിന്റെ ഒരു ചുരുള്‍ ഉണ്ട്. അത് ശരിയാണെന്നു തെളിയിക്കുന്ന ധാരാളം അനുഭവങ്ങളുണ്ട്.

ചോദ്യം: ഇന്നത്തെ ലോകവ്യവസ്ഥിതി ഇത്തരത്തിലൊരു ബോധത്തിന്റെ പരിണാമമാണെന്നു കരുതുമോ?