close
Sayahna Sayahna
Search

പുതിയ ചുവടുവയ്പ്


പുതിയ ചുവടുവയ്പ്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: മിനി ഇപ്പോള്‍ പറഞ്ഞ ഭാഗത്താണ് എന്റേയും മനസ്സുള്ളത്. മദ്യം, നിരക്ഷരത, തൊഴിലില്ലായ്മ, സ്ത്രീപീഡനം, മലിനീകരണം, ആരോഗ്യം ഈ രംഗത്തെല്ലാം ഇന്ന് ആത്മാര്‍ത്ഥതയുള്ള ധാരാളം പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളുമുണ്ട്. ഇവരെല്ലാം കൂടി നാടുതോറും വീടുകയറിയിറങ്ങി പ്രാദേശികസമൂഹജീവിതത്തിന് ജനങ്ങള്‍ക്ക് പ്രേരണനല്‍കണം. ഇന്ന് ഓരോ പ്രസ്ഥാനക്കാരും നാട്ടില്‍ അവരവരുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ. ഒരു കരയില്‍ തന്നെ എണ്ണിനോക്കിയാല്‍ നൂറു ഗ്രൂപ്പുകള്‍ കണ്ടെന്നു വരും. സമുദായത്തിനും പാര്‍ട്ടികള്‍ക്കും തൊഴിലാളികള്‍ക്കും എത്രയെത്ര യൂണിറ്റുകള്‍. പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ എത്ര. എന്നാല്‍ നാടൊന്നിച്ച് സമഗ്രമായ ഒരു ഐക്യവേദി ഉണ്ടാവണം എന്നു പറയുമ്പോള്‍ അത് പ്രയാസമാകുമെന്ന് പറഞ്ഞ് പലരും ഒഴിയുന്നു. കലികാലത്ത് നടക്കില്ലെന്നാണ് പറയുക. ഒരു നാട്ടില്‍ നൂറു ഗ്രൂപ്പുണ്ടാക്കാം. ഒന്നുണ്ടാക്കാന്‍ പറ്റില്ല. ഇതാണവസ്ഥ.

മിനി: നൂറുണ്ടാക്കാന്‍ ഒന്നിനൊന്ന് ശത്രുത വളര്‍ത്തിയാല്‍ സാധിക്കും. അതെളുപ്പമാണ്. ഒന്നുണ്ടാക്കാന്‍ മൈത്രിയാണ് വളര്‍ത്തിയെടുക്കേണ്ടത്. അത് പ്രയാസമാണ്.

ഞാന്‍: ഈ പ്രയാസം തരണം ചെയ്യേണ്ടേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. വിവിധ ലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതിന് ഞാന്‍ ഇന്നത്തെനിലയില്‍ തള്ളിപ്പറയുന്നില്ല. എന്നാല്‍ എല്ലാവരും ചേര്‍ന്നുള്ള ഒരു വേദിയുടെ മടിയിലായിരിക്കണം ഈ കുട്ടികളുടെ വളര്‍ച്ച. പരസ്പരം വഴക്കടിച്ചാല്‍ ഉടനെ നിയന്ത്രിക്കാന്‍ അമ്മ വേണം.

കേശു: ഇന്ന് അമ്മയില്ലാത്ത മക്കളെയാണ് നാം സര്‍വത്ര കാണുന്നത്. ഈ മക്കളെല്ലാവരും കൂടി ചേര്‍ന്നാല്‍ അമ്മയായി. നാട്ടിലുള്ള എന്‍.എസ്.എസ്.കാരും എസ്.എന്‍.ഡി.പിക്കാരും പുലയമഹാസഭക്കാരും ആര്‍.എസ്.എസ്.കാരും ഡി.വൈ.എഫ്.ഐക്കാരും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മഹല്ലുകാരും ഇടവകക്കാരും ധനികരും ദരിദ്രരും മദ്യപന്മാരും കള്ളന്മാരും ചൂഷകരും വ്യഭിചാരികളും ഈശ്വരവിശ്വാസികളും ഈശ്വരനിഷേധികളും ഒരു നാട്ടുകാര്‍ എന്ന നിലയില്‍ ഒന്നിച്ചുകൂടണം. നാം മനുഷ്യര്‍, അന്യോന്യം വേണ്ടപ്പെട്ടവര്‍ ഒന്നിച്ചു പുരോഗമിക്കേണ്ടവര്‍ എന്ന ബോധത്തില്‍ ഒന്നിച്ചുകൂടി തുടങ്ങണം. പ്രശ്‌നങ്ങള്‍ പരിഹൃതമാകുമോ എന്ന് അപ്പോള്‍ കണ്ടറിയാം.

നവ: അപ്പോള്‍ മാത്രമാണ് വിപ്ലവഗ്രൂപ്പുകളുടെ ലക്ഷ്യം നേടാന്‍ കഴിയുന്നത് എന്നും കാണാം.

ഞാന്‍: ജനങ്ങളെ ഗവണ്‍മെന്റിനെതിരായോ അന്യായങ്ങള്‍ക്കെതിരായോ മുഖം തിരിച്ചു കൊണ്ടുവരുന്നതിനു പകരം അഭിമുഖരാക്കണം. അഭിമുഖ സമൂഹങ്ങളുണ്ടായാല്‍ അതാണുത്തമ പരിഹാരം.