പുതിയ ലോകത്തില്‍ ആരോഗ്യം
പുതിയ ലോകത്തില്‍ ആരോഗ്യം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: നവലോകത്തില്‍ ആരോഗ്യനില എങ്ങനെ ആയിരിക്കും?
ഉത്തരം: സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും കുറയുന്നതോടുകൂടി ശരീരത്തിലെ സൂക്ഷ്മ ഘടകങ്ങളായ സെല്ലുകള്‍ക്കുള്ളില്‍ സ്വസ്ഥത കൈവരും. ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുന്നതിന് മുഖ്യകാരണമായിത്തീരും ഈ അവസ്ഥ. സര്‍വരുടേയും അഭ്യുദയം ഓരോരുത്തരുടേയും ജീവിത ലക്ഷ്യമാകുന്നതോടുകൂടി ആ ലക്ഷ്യത്തിലേക്കുള്ള പ്രവാഹമായിത്തീരും ഓരോ ജീവിതവും. അദ്ധ്വാനം ആനന്ദാനുഭൂതിയാകും. വിചാരം, പ്രവൃത്തി ഇവ രണ്ടും തമ്മില്‍ അനുരഞ്ജനം വരുന്നത് ആരോഗ്യരംഗത്ത് വളരെ ഗുണകരമായ പരിണാമങ്ങള്‍ ഉണ്ടാക്കും. ഇഷ്ടമില്ലാത്തത് ചെയ്യേണ്ടി വരുന്ന ഗതികേട് മാറും. മാനസികരംഗം ഇങ്ങനെ സ്വസ്ഥമാകുന്നതോടൊപ്പം തന്നെ ഭക്ഷണരംഗത്തും മാറ്റം വരും. പ്രകൃതി പാചകം ചെയ്തുതരുന്ന സാധനങ്ങള്‍ എല്ലാവരും കഴിച്ചുതുടങ്ങും. ലോകത്താകെ അടുക്കളപ്പണി കുറഞ്ഞുവരും. ലോകം പാചകശാലകൂടിയാണെന്നറിയും. പ്രകൃതി അടുക്കളക്കാരിയും. മാവ്, മാങ്ങ പാകമാക്കിത്തരും. മണ്ണും വെയിലും കൂടി പാചകശാലയുടെ ചുമതല ഏറ്റെടുക്കും. ആസ്ത്മ, ക്യാന്‍സര്‍, ക്ഷയം, ഭ്രാന്ത് തുടങ്ങിയ നിരവധി രോഗങ്ങള്‍ ഭൂമിയില്‍ ഇല്ലാതാകും. ഒടിവ്, മുറിവ് തുടങ്ങിയ ആകസ്മിക സംഭവങ്ങള്‍ക്ക് എവിടെയും ശുശ്രൂഷ കിട്ടും. ആരോഗ്യരംഗത്ത് നാടുതോറും ഗവേഷണങ്ങള്‍ നടക്കും. ആര്‍ക്കും പഠിക്കാം. ചികിത്സിക്കാം. ഡിഗ്രികള്‍ ഒന്നും വേണ്ട. ലൈസന്‍സും വേണ്ട. ഓരോരുത്തരുടേയും കണ്ടെത്തല്‍ മറ്റുള്ളവരെ അറിയിച്ചുകൊണ്ടിരിക്കും. ശരി എന്നുറപ്പുവന്നാല്‍ ലോകമാകെ അതു പ്രയോഗിക്കപ്പെടും. മത്സ്യമാംസങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരും. എന്നാല്‍ വേണ്ടവര്‍ക്ക് യാതൊരു തടസ്സവും ഉണ്ടായിരിക്കുകയില്ല. പ്രകൃത്യനുസരണമായ ജീവിതവും ഭക്ഷണവും മാനസിക സ്വസ്ഥതയും സാമൂഹ്യലക്ഷ്യബോധവും കൈവരിക്കുന്നതോടുകൂടി മനുഷ്യലോകം ആരോഗ്യത്തിന്റെ സുഖം അനുഭവിക്കാന്‍ തുടങ്ങും. ചരിത്രാരംഭത്തിനുശേഷം മനുഷ്യരാശിക്ക് ആരോഗ്യത്തിന്റെ സുഖം ഇത്രമാത്രം ഒരിക്കലും അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ടാവില്ല. മറ്റു ജന്തുക്കളെപ്പോലെ മനുഷ്യരും രോഗമുക്തരാകും. രോഗങ്ങള്‍ വിധിയല്ല, കൃത്രിമമായിരുന്നുവെന്ന് അന്ന് ലോകം അറിയും. മറിച്ച് ഇന്നത്തെ നില തുടരാനാണിടവരുന്നതെങ്കില് രണ്ട് ആശുപത്രി പോക്കുകളുടെ ഇടയിലുള്ളതു മാത്രമാകും ജീവിതം. ആയുസ്സ് നീണ്ടെന്നുവരും; ഡോക്ടര്‍, ആശുപത്രി, മരുന്നുകള്‍, പരിശോധനാ ഉപകരണങ്ങള്‍ ഇവ നാലും ആരോഗ്യത്തിന്റെ ഉപേക്ഷിക്കാനാവാത്ത ഘടകങ്ങളാണെന്നൊരു തെറ്റിദ്ധാരണ ഇന്നു പരക്കെ ഉണ്ട്. ഓരോ നാട്ടിലും ഓരോ ആശുപത്രി വേണം. വീട്ടില്‍ ഒരംഗം ഡോക്ടറായിരിക്കണം. കൈവശം ചില മരുന്നുകള്‍ കൊണ്ടുനടക്കണം. ഇതെല്ലാം ആധുനികതയുടെ പ്രൗഢി ആയി തീര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ രോഗബാധിതരാകുന്നതുകൊണ്ടാണല്ലോ ഇതെല്ലാം വേണ്ടിവരുന്നത്. രോഗങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടായേ തീരൂ എന്നുണ്ടോ? 120 വയസ്സുവരെ ജീവിതം ലഭിച്ചാല്‍ അതില്‍ ഒരു ദിവസം പോലും മനുഷ്യന് രോഗബാധിതനാവണം എന്നില്ല. രോഗം ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ഭേദപ്പെടുത്തേണ്ടവയാണെന്നേ നാം കരുതിപ്പോരാറുള്ളു. അതു ശരിയല്ല. മരണത്തിനുപോലും രോഗം വേണമെന്നില്ല. ഇന്ന് രോഗം കൂടാത്തൊരു ജീവിതം മനുഷ്യന് സങ്കല്പിക്കാനാവാതായിരിക്കുന്നു. മനുഷ്യന്റെ ശരീര നിര്‍മിതി സ്വസ്ഥതയുടെ അടിസ്ഥാനത്തിലാണ്. രോഗാടിസ്ഥാനത്തിലല്ല കാണേണ്ടത്. ആരോഗ്യമായി ജീവിക്കുവാന്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ സാദ്ധ്യമല്ലെന്നു സമ്മതിക്കുന്നു. എന്നാല്‍ ഒരിക്കലും സാദ്ധ്യമല്ലെന്നു കരുതിക്കൂടാ. പുതിയ ലോകത്തില്‍ മനുഷ്യന് അതു സാധിക്കും. എന്തുകൊണ്ട്? എല്ലാവര്ക്കും സ്വതന്ത്രമായ ദേഹാദ്ധ്വാനത്തിനവസരം കിട്ടുന്നു. മറ്റുള്ളവരുടെ സ്വസ്ഥത ഓരോരുത്തരും ആഗ്രഹിക്കുന്നു. യുദ്ധവും പട്ടിണിയും ഇല്ലാതാകുന്നു. ശരീരവും മനസ്സും സാഹചര്യവും സ്വസ്ഥതയില്‍ വരുന്നു. ലോകത്തിനാകെ താന്‍ ആവശ്യമാണെന്ന് ഓരോരുത്തരും അറിയുന്നു. ഇതോടെ ആരോഗ്യം സഹജാവസ്ഥയാകും.
|