close
Sayahna Sayahna
Search

അയല്‍വക്കത്തായത്തിലേക്ക്


അയല്‍വക്കത്തായത്തിലേക്ക്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

മനുഷ്യവര്‍ഗത്തിന്റെ ദായക്രമം മാറേണ്ട കാലമായി എന്ന് ലോക ഗുരുവായ ശ്രീനാരായണന്‍ ഈ നൂറ്റാണ്ട് പിറന്നുവീണ സമയത്ത് നിര്‍ദ്ദേശിച്ചു. അതേ ദശാസന്ധിയോടടുത്ത് ടോള്‍സ്റ്റോയിയും തുടര്‍ന്ന് ഗാന്ധിജിയും പുതിയൊരു ദായക്രമം അവതരിപ്പിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് ചുവടുയര്‍ത്തുന്ന കലഹാകുലമായ ദരിദ്രലോകം ഈ അരുളപ്പാടുകളെ വഴികാട്ടിയായി സ്വീകരിക്കാത്തപക്ഷം ആ ചുവട് ഒരുവേള ഒരിക്കലും വയ്‌ക്കേണ്ടിവരില്ല.

അമേരിക്കയില്‍ ലൂഥര്‍കിങ്ങും ജപ്പാനില്‍ ഹുക്കുവോക്കയും ഇംഗ്ലണ്ടില്‍ ഷൂമാക്കറും പാരീസില്‍ പരോഡിയും ബീഹാറില്‍ ജയപ്രകാശും സ്വപ്നം കണ്ട് തുടക്കം കുറിച്ച ആ പുതിയ സമൂഹരചനയിലേക്ക് തന്റേതായ വരി നല്‍കിക്കൊണ്ടിരിക്കുന്ന കേരളീയന്‍ — ഒരു പക്ഷെ ഒരേ ഒരു കേരളീയന്‍ — ആണ് ഈ അപൂര്‍വ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ. പങ്കജാക്ഷന്‍. പുസ്തകം ചികഞ്ഞെടുത്ത അറിവിനേക്കാള്‍ അനുഭവം സമ്മാനിക്കുന്ന അറിവിനെ വിലവച്ചുകൊണ്ടാണ് അദ്ദേഹം ചിന്തിക്കുന്നത്. ആകയാല്‍ അവിടെ ഒരിടത്തും വ്യര്‍ത്ഥ വിചാരത്തിന്റെ നിഴല്‍പോലുമില്ല. ഇവിടെ ഇപ്പോള്‍ എനിക്കു ചെയ്തു തുടങ്ങാവുന്നതാണ് കര്‍മം. ആ കര്‍മത്തിന് പ്രേരകം ആകുന്നതാണ് യഥാര്‍ത്ഥ ദര്‍ശനം എന്ന് ഈ പുസ്തകത്തിലെ ഏതു താളും വ്യക്തമാക്കുന്നു. മറിച്ചുള്ള വൈചാരിക ജാടകളെ വര്‍ജിച്ചിരിക്കുന്നു.

സുഹൃത്തുക്കള്‍ തമ്മില്‍ നടക്കുന്ന ‘വെടിവട്ട’ത്തിന്റെ രീതിയിലാണ് തന്റെ സാര്‍ത്ഥകസ്വപ്നങ്ങളെ ശ്രീ. പങ്കജാക്ഷന്‍ അവതരിപ്പിക്കുന്നത്. ഇത് തനതായ ഒരു അര്‍ജവരുചി — അടുപ്പത്തിന്റെ ഇനിപ്പ് — പകര്‍ന്നു നല്‍കുന്നു. ലൈംഗികസ്വാതന്ത്ര്യംതൊട്ട് ഭൂഉടമവരെയും സാഹിത്യംതൊട്ട് പാരിസ്ഥിതികംവരെയും ഇന്നത്തെ ചിന്താശീലനായ മനുഷ്യനെ ഉലയ്ക്കുന്ന സമസ്യകള്‍ ഒട്ടെല്ലാംതന്നെ മര്‍മത്തില്‍ തൊട്ട് ഗ്രന്ഥകര്‍ത്താവ് ചര്‍ച്ച ചെയ്യുന്നുണ്ട്. ആചാര്യന്മാര്‍ ചിത്തഭ്രമണ കാരണം എന്നു വിളിച്ച ശബ്ദജാലം പടര്‍ന്നു പന്തലിച്ച് സ്വതന്ത്ര ചിന്തയെ ശ്വാസംമുട്ടിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ വിവേകത്തിന്റെ ഈ ഏകാന്തമായ ശാന്തിമന്ത്രം ഞാന്‍ അമൃതകണംപോലെ സേവിക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ ചോടുകള്‍ പിഴയ്ക്കാതെ നോക്കാനും അവയെ മനുഷ്യവര്‍ഗ ശ്രേയത്തിന്റെ വഴിക്ക് ഉപനയിക്കാനും ഈ ശാന്തിമന്ത്രത്തിന് സാധിക്കുമാറാകട്ടെ! നമ്മുടെ മോചനം ഈ ‘ദര്‍ശന’ത്തിന്റെ സാക്ഷാത്കാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം

വിഷ്ണുനാരായണന്‍ നമ്പൂതിരി