close
Sayahna Sayahna
Search

പ്രവര്‍ത്തകര്‍ക്കൊരു മാര്‍ഗരേഖ


പ്രവര്‍ത്തകര്‍ക്കൊരു മാര്‍ഗരേഖ
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

മിനി: പുതിയ പ്രവര്‍ത്തനശൈലിയെപ്പറ്റി വ്യക്തമായ ഒരു ധാരണ വേണം. പ്രവര്‍ത്തകരുടെ മുന്‍പില്‍ നമുക്കൊരു ശൈലി അവതരിപ്പിക്കാന്‍ കഴിയുമോ?

നവ: പ്രവര്‍ത്തകരുടെ യോഗ്യതകള്‍ നിര്‍ണയിച്ചിട്ട് അതനുസരിച്ചുള്ള പ്രവര്‍ത്തകരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുകയില്ല. എന്നാല്‍ മുന്നോട്ടുവരുന്ന പ്രവര്‍ത്തകര്‍ക്ക് സ്വയം മനസ്സിലാക്കാന്‍ ഒരു മാര്‍ഗരേഖ ഉണ്ടായിരിക്കുന്നതു നല്ലതാണ്.

ഞാന്‍: അമ്പലപ്പുഴയില്‍ ഈ പുതിയ ശൈലിയാണ് പരീക്ഷിക്കുന്നത്. നവസമൂഹരചനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ സ്വയം മുന്നോട്ടു വരുന്നവരായിരിക്കണം. ആരോടെങ്കിലും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവരായിരിക്കരുത്. നിയമിക്കപ്പെടുന്നവരായിരിക്കരുത്. ഉപജീവനത്തിന് മറ്റൊരു ജോലി കണ്ടെത്തിയിട്ട് സാമൂഹ്യരംഗത്ത് പാര്‍ടയിം പ്രവര്‍ത്തിക്കുകയാണുത്തമം. സാമ്പത്തികക്ലേശമുണ്ടെങ്കില്‍ യാത്രച്ചിലവോ ഭക്ഷണമോ സ്വീകരിക്കാം. കുടുംബച്ചുമതല ഉണ്ടെങ്കില്‍ അതില്‍ ശ്രദ്ധിക്കണം. പൂര്‍ണദിന പ്രവര്‍ത്തനം വേണ്ടിവരുന്ന ദിവസങ്ങളില്‍ ഉച്ചഭക്ഷണം കൈയില്‍ കരുതിയിരിക്കുന്നതു കൊള്ളാം. വീടുകളില്‍ നിന്നുള്ള ആതിഥ്യം അത്യാവശ്യമെങ്കിലേ സ്വീകരിക്കാവൂ. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കണം. നമുക്കു പറയാനുള്ളത് ചുരുക്കിപ്പറയണം. വീട്ടുകാരുടെ സമയം ഉചിതമായി മിതമായി ഉപയോഗിക്കണം. തര്‍ക്കിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കരുത്. കൂടെ പ്രവര്‍ത്തിക്കുന്നവരോട് ആദരവ് പുലര്‍ത്തണം. ഒരുത്തരേയും അവഹേളിക്കരുത്. നിസ്സാരമായി കരുതരുത്. നമ്മുടെ പ്രസ്ഥാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍വേണ്ടി അവരുടെ സ്വകാര്യ താത്പര്യങ്ങള്‍ സാധിച്ചുകിട്ടുമെന്നുള്ള മോഹം വളര്‍ത്തരുത്. ആകര്‍ഷിക്കുകയല്ല; ചിന്തിപ്പിക്കുകയാണ് വേണ്ടത്. സ്വകാര്യ തലത്തില്‍നിന്നുള്ള മനസ്സിന്റെ ഉയിര്‍ത്തെഴുന്നേല്പിനു സഹായിക്കുന്ന തരത്തിലായിരിക്കണം സമീപനം. എല്ലാവരും വേണ്ടപ്പെട്ടവരാണെന്ന ഭാവന ഉദ്ദീപിപ്പിക്കുവാനാണ് മുഖ്യമായും ശ്രദ്ധിക്കേണ്ടത്. തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ട് അതു നടപ്പിലാക്കാന്‍ ആളുകളെ സമീപിക്കരുത്. അന്വേഷണബുദ്ധിയാണ് പ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കേണ്ടത്. വ്യക്തിപരമായ ജിവിതപ്രയാസങ്ങള്‍ക്കിടയില്‍ വളരെ ക്ലേശംസഹിച്ചാണ് താന്‍ സാമുഹ്യരംഗത്ത് ഇത്രയുമൊക്കെ ചെയ്യുന്നത് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കരുത്.

നോട്ടീസുകള്‍, പുസ്തകങ്ങള്‍, സ്ലൈഡുകള്‍ തുടങ്ങിയ പ്രചരണ മാധ്യമങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. മൈക്കുവച്ചുള്ള കവലപ്രസംഗങ്ങള്‍ കൂടാതിരിക്കുകയാണ് നല്ലത്. വീടുകളില്‍ ചെന്ന് ശാന്തമായിരുന്ന് സംസാരിക്കുകയാണ് ഏറ്റവും നല്ല വഴി. ജാഥയും വന്‍ സമ്മേളനങ്ങളും നടത്തി ഓളം സൃഷ്ടിച്ചാല്‍ ചിന്താശക്തി ഉണരുകില്ല. വ്യക്തിബന്ധം ആശയവിനിമയത്തിലൂടെ ഉറപ്പിക്കണം. ജനങ്ങളുമായി അടുത്തു പരിചയപ്പെടണം. പരസ്പരധാരണ ഉറച്ചുകഴിഞ്ഞാല്‍ ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കാം. ലഘുലേഖകളും പുസ്തകങ്ങളും പിന്നീട് പ്രയോജനപ്പെടും. വ്യക്തിപരസമീപനത്തിലൂടെ ഒരു പ്രദേശത്ത് പശ്ചാത്തലം ഒരുക്കിയതിനുശേഷം വിവിധ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പണച്ചിലവുള്ള കാര്യങ്ങള്‍ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടേ ആവിഷ്‌കരിക്കാവൂ. പ്രവര്‍ത്തകര്‍ ഒരു പ്ലാന്‍ തീരുമാനിച്ചിട്ട് അത് നടപ്പാക്കാന്‍ പണപ്പിരിവ് നടത്തുന്നത് ദോഷമേ ചെയ്യൂ. പണംതരുമ്പോള്‍ തരുന്നവര്‍ക്ക് ആവശ്യബോധം വന്നിരിക്കണം. ആവശ്യബോധം വരാതെ പണം പിരിച്ചാല്‍ വ്യക്തികള്‍ പണം തന്നിട്ട് ഒഴിഞ്ഞു മാറി എന്നുവരും. പണം കൊണ്ടുവന്നു തരാനിടയാകണം. മാറ്റം സംഭവിപ്പിക്കാന്‍ ആളുകളാണ് വേണ്ടത്. പണത്തിന് സമൂഹജീവിതമാതൃക സൃഷ്ടിക്കാന്‍ കഴിയില്ല. ആളുകള്‍ മുന്നോട്ടുവന്ന് സഹകരിക്കാന്‍ സന്നദ്ധരായാല്‍ ആ ബഹുജനശക്തി സമൂഹജീവിതരചനയിലേക്കായിരിക്കണം തിരിഞ്ഞു വരേണ്ടത്. എതിര്‍ത്തുപോയാല്‍ ഏറ്റുമുട്ടലിനല്ലാതെ ജീവിതമാതൃക സൃഷ്ടിക്കുന്നതിന് അവസരം കിട്ടാതെ വരും. ഏറ്റുമുട്ടേണ്ട കാര്യങ്ങള്‍ ധാരാളമുണ്ടാകും. എന്റെ അഭിപ്രായം അത്യന്താധുനികമായ യുഗരചനയ്ക്കുവേണ്ടി തിന്മകളോട് ഇപ്പോള്‍ ഏറ്റുമുട്ടാതെ പ്രവര്‍ത്തകര്‍ ഒഴിഞ്ഞു മാറണമെന്നാണ്. പ്രാദേശികസമൂഹങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവരുടെ കൂട്ടായ ജീവിതം തന്നെ പല തിന്മകള്‍ക്കും മറുപടിയായിക്കൊള്ളും. ഇപ്പോള്‍ പ്രവര്‍ത്തകര്‍ ഒഴിഞ്ഞുമാറാന്‍ തക്ക വിവേകം പുലര്‍ത്തണം. സമൂഹരൂപമുണ്ടായാല്‍ അതതു സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ മുന്നോട്ട് നീങ്ങിക്കൊള്ളും. പ്രവര്‍ത്തകര്‍ അവരെ സമരമുഖരാക്കരുത്.

വീടുകളിലേക്ക് കടന്നുചെല്ലുമ്പോള്‍ ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ ഉള്ളിലേക്ക് കയറിച്ചെന്ന് ആളുണ്ടോ എന്ന് അന്വേഷിക്കരുത്. വീടുകളില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍പോലും അത് ശരിയല്ല. സംഭാഷണം തുടങ്ങുമ്പോള്‍ നമ്മളെ വീട്ടുകാര്‍ക്ക് പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുക്കണം. തിരക്കുള്ള സമയമാണെന്നറിഞ്ഞാല്‍ ബദ്ധപ്പെടുത്തരുത്. പണപ്പിരിവിന് വന്നവരല്ലെന്ന് വീട്ടുകാരോട് ആവശ്യമെങ്കില്‍ പറയണം. ആദ്യമാദ്യം രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ഒരു ഗ്രൂപ്പില്‍ വേണമെന്നില്ല. ഒരാളായാലും അപാകതയില്ല. ശാന്തമായ അന്തരീക്ഷത്തില്‍മാത്രമേ മനസ്സ് ആശയ സംവാദത്തിന് സന്നദ്ധമാകൂ. വീട്ടുകാരോട് അവരുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചു ശല്യം ചെയ്യരുത്. നമുക്കു പറയാനുള്ളത് അവരെ ധരിപ്പിച്ച് അവരുടെ ചിന്ത ഉണര്‍ത്തുകയും പരസ്പരം ബന്ധപ്പെടുകയുമാണ് നമുക്കാവശ്യം. വീട്ടിലെ എല്ലാ അംഗങ്ങളേയും സംഭാഷണത്തില്‍ പങ്കെടുപ്പിക്കാന്‍കഴിയുമോ എന്നു നോക്കണം. അനുകൂല സാഹചര്യമാണെങ്കില്‍ അയല്‍വീട്ടുകാരെക്കൂടി ഒരു വീട്ടില്‍ സംഘടിപ്പിച്ച് പറയുകയും ആകാം. ആദ്യഘട്ടത്തില്‍ ഒരു ലഘുലേഖപോലും കൊടുക്കാതെ, ഒന്നും ആവശ്യപ്പെടാതെ ഒന്നു ചിന്തിപ്പിക്കുകമാത്രം സാധിച്ചു പോരികയാണ് ഭേദം. സംഭാഷണം അവസാനിപ്പിച്ചു യാത്ര പറയുന്നത് നമ്മളായിരിക്കണം. വീട്ടുകാര്‍ അതു പറയാന്‍ ഇടവരുത്തരുത്. ഭവനസന്ദര്‍ശനത്തിനുപോകുമ്പോള്‍ ഒരു സ്ത്രീപ്രവര്‍ത്തകകൂടി ഉണ്ടായിരിക്കുന്നതു കൊള്ളാം. കുട്ടികളെയും കൂട്ടാം. ചില വീടുകളിലെ അംഗങ്ങള്‍ ഏതെങ്കിലും സംഘടനകളിലെ പ്രമുഖസ്ഥാനം വഹിക്കുന്നവരാകാം. അവര്‍ക്ക് വ്യക്തമായ വേറെ കാഴ്ചപ്പാട് ഉണ്ടായിരിക്കും. അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ പൂര്‍ണമായി തള്ളിപ്പറയുക മാത്രമല്ല, അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളില്‍ നമുക്ക് ദേഷ്യം വരിക സ്വാഭാവികമാണ്. ധാര്‍മിക പിന്‍ബലമുള്ളവര്‍ക്ക് വേഗം ദേഷ്യം വരും. മുന്നോട്ടുള്ള നീക്കത്തിന് അതു വളരെ ദോഷം ചെയ്യും. സ്വയം ദേഷ്യം വരുന്നു എന്നു തോന്നിയാല്‍ യാത്ര പറഞ്ഞ് പോരൂ. ചിലര്‍ അമിതമായി മദ്യപിച്ചിരിക്കുന്ന സമയമായിരിക്കും. വാദപ്രതിവാദത്തിന് അത്തരക്കാര്‍ ചിലപ്പോള്‍ കൂടുതല്‍ ഉത്സാഹം കാട്ടി എന്നുവരും. ഒഴിഞ്ഞുപോരികയാണ് അപ്പോള്‍ ഉത്തമം. തക്കസമയത്ത് അവരെ വീണ്ടും കാണണം.

അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ അറിയാന്‍ വയ്യെന്നു പറയണം. ചിലര്‍ക്ക് വെറുതെ സംസാരിച്ചിരിക്കാന്‍ ഇഷ്ടമായിരിക്കും. അവര്‍ കാടുകയറും. അവിടെ വിഷയവ്യതിയാനം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പുതിയ ഒരു സമൂഹജീവിതത്തെപ്പറ്റി സംസാരിക്കാനാണ് നാം ചെല്ലുന്നത്. വളരെ അകന്നുപോകാനനുവദിക്കരുത്.

ആതിഥ്യ മര്യാദയില്‍ നല്ല ശ്രദ്ധയുള്ള വീടുകള്‍ ഉണ്ടാകും. എങ്കിലും നമ്മുടെ ആരോഗ്യനില സൂക്ഷിച്ചു മാത്രമേ തരുന്നതു വാങ്ങി കഴിക്കാവൂ. സൗഹൃദം പാലിക്കാന്‍ മാത്രമായി ആവശ്യം തോന്നാത്ത സമയത്ത് ഒന്നും സ്വീകരിക്കരുതെന്നാണ് എന്റെ പക്ഷം.

ചിലര്‍ ഇരിക്കാന്‍പോലും പറയുക ഇല്ല. വെളിയില്‍ വരാന്തയില്‍ നിന്ന് സംസാരിക്കേണ്ടി വരും. മടിക്കരുത്. ഒരു വീട്ടുകാര്‍ പറയുന്നതില്‍ പല വിവരങ്ങളും മറ്റൊരു വീട്ടില്‍ പറഞ്ഞുകൂടാത്തതായിരിക്കും. അതില്‍ ചിലത് പറയാന്‍ രസമുള്ളതുമായേക്കാം. എങ്കിലും പറയരുത്. നാം കയറിച്ചെല്ലുന്ന സമയത്ത് നമ്മുടെ സഹായം അവിടെ ആവശ്യമുള്ള ഒരു സമയമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നിയാല്‍ അതിന് തയ്യാറാകാണം. അതു സാധിച്ചു പോരിക. അടുത്തൊരവസരത്തില്‍ കാര്യം പറയാം. ഒരുദിവസം ഇത്ര വീടു തീര്‍ക്കും എന്നൊന്നും നിര്‍ബന്ധം പാടില്ല. ആര്‍ക്കും റിപ്പോര്‍ട്ടൊന്നും അയക്കാന്‍വേണ്ടിയാവരുത് പ്രവര്‍ത്തനം.

നവസമൂഹരചന എന്ന ഒരേ ഒരു പ്രവര്‍ത്തനത്തിന്റെ ശൈലിയെപ്പറ്റി മാത്രമാണ് എന്റെ അഭിപ്രായം പറയുന്നത്. സാമൂഹ്യരംഗത്ത് പലരും പ്രതിഫലം പറ്റിയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കുന്നുണ്ടാവും. അതൊക്കെ അത്തരത്തില്‍തന്നെ പോകണം. അവര്‍ ഈ അയല്‍ക്കൂട്ട പ്രവര്‍ത്തനത്തെ പാര്‍ട്ടൈം പ്രവര്‍ത്തനമായി കരുതിയാല്‍ മതി. പ്രവര്‍ത്തനരംഗത്തു വരുമ്പോള്‍ പുതിയ അനുഭവങ്ങള്‍ ഉണ്ടായിക്കൊള്ളും.

മിനി: ഈ രംഗത്ത് സാറിനുള്ള അനുഭവങ്ങള്‍ പറഞ്ഞുകേട്ടാല്‍ കൊള്ളാമെന്നുണ്ട്.

മിനി ഇതുപറഞ്ഞപ്പോള്‍ എല്ലാവരും അതേറ്റുപറഞ്ഞു. പുതിയൊരുത്സാഹം എല്ലാ മനസ്സുകളിലും നിറഞ്ഞുവരുന്നത് മുഖങ്ങളില്‍ പ്രത്യക്ഷമായി കണ്ടു. ഞാന്‍ പറഞ്ഞു.

ഞാന്‍: എന്റെ അനുഭവങ്ങള്‍ നേരേ പറയാന്‍ പ്രയാസമുണ്ട്. അതിലെ കഥാപാത്രങ്ങള്‍ എല്ലാം ചുറ്റുമുള്ളവരാണ്. അവരറിയുമ്പോള്‍ പ്രയാസം തോന്നി എന്നു വരും. നിങ്ങള്‍ ഇത് ടേപ്പില്‍ എടുക്കുകയാണല്ലോ. നാം ഇതൊരു പുസ്തകമാക്കി എന്നിരിക്കട്ടെ. സംഭവത്തില്‍ പങ്കുള്ള കഥാപാത്രങ്ങള്‍ തന്നെ അതു വായിക്കാനിടയായി എന്നു വരും. അവര്‍ക്ക് പ്രയാസംതോന്നും. പലതും പറയുവാന്‍ തന്നെ പ്രയാസമുണ്ട്. എന്നാല്‍ ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രവര്‍ത്തനം നവീകരിക്കപ്പെട്ടുവരുന്നത്. സേവനപ്രവര്‍ത്തനങ്ങള്‍ പരിവര്‍ത്തനോന്മുഖമല്ലെങ്കില്‍ പുതിയ സമൂഹരൂപീകരണത്തിന്റെ കാര്യത്തില്‍ ദോഷം ചെയ്യും എന്ന ബോദ്ധ്യംവന്നത് അനുഭവം കൊണ്ടാണ്.

നവ: സര്‍, അതിലെ അനുഭവരസം ഞങ്ങള്‍ക്കു പകര്‍ന്നുതരണം. അത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന് വളരെ പ്രയോജനപ്പെടും. വ്യക്തികളെ അറിയേണ്ട; സംഭവങ്ങളെപ്പറ്റി പറഞ്ഞാല്‍ മതി.