close
Sayahna Sayahna
Search

അഭിപ്രായം


അഭിപ്രായം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതരം വിചാരങ്ങള്‍ കൊണ്ട് അസ്വസ്ഥതയനുഭവിക്കുന്ന ഒരു നൂറുപേര്‍ കേരളത്തിലും ഒരായിരംപേര്‍ ഭാരതത്തിലും ഉണ്ടായാല്‍ ഈ നാട് രവീന്ദ്രനാഥ ടാഗോറിന്റെ ‘സ്വാതന്ത്ര്യ സ്വര്‍ഗം’ ആയിത്തീരാന്‍ ഒട്ടും വൈകില്ലെന്ന് ഞാന്‍ കരുതുന്നു. എന്നെങ്കിലും അതു നടക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതുപോലൊരു പുസ്തകം എഴുതുവാന്‍ ഒരാളും വായിച്ച് വിമര്‍ശിക്കാനും അനുമോദിക്കാനും കുറച്ചുപേരും ഉണ്ടായെങ്കില്‍തന്നെ നമ്മുടെ നാടിന്റെ ഭാവിയെപ്പറ്റി പ്രത്യാശയോടെ ചിന്തിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രയ്ക്കും അസാധാരണമാണ് ഈ കൃതി. ശൈലിയിലോ, രചനയിലോ, ഭാഷയിലോ ഈ കൃതിക്ക് ദോഷമുണ്ടായേക്കാം. എന്നാല്‍ ഭാവനയുടെ മേന്മയിലും ഉദ്ദേശ്യത്തിന്റെ വെണ്മയിലും ഈ കൃതി അന്യൂനമാണെന്നാണ് എന്റെ വിശ്വാസം.

ശ്രീ. ഡി. പങ്കജാക്ഷനേയും അദ്ദേഹത്തിന്റെ സ്ഥിരവ്രതമായ പരീക്ഷണത്തെയും ഞാന്‍ നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ കര്‍മപരിപാടിയുടെ പിന്നില്‍ വളരെക്കാലത്തെ സൂക്ഷ്മമായ ചിന്തയും ഭാസുരമായ സങ്കല്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ‘പുതിയലോകം പുതിയ വഴി ’ എന്ന ഈ ഗ്രന്ഥം തെളിയിച്ചിരിക്കുന്നു. വളവോ, കളവോ, മങ്ങലോ ഇല്ലാത്ത ചിന്തകള്‍ ഗ്രന്ഥത്തിലുടനീളം നമ്മെ നേരിടുന്നു. നാളെ ഒരു നവലോകം എങ്ങാനും ഉടല്‍ പൂകുമ്പോള്‍ അതിന്റെ അവതാരത്തിനുവേണ്ടി അമ്പലപ്പുഴയില്‍ തറക്കൂട്ടത്തിന്റെ നടുവില്‍ മനോവാക്കര്‍മ്മങ്ങള്‍കൊണ്ട് അര്‍ച്ചന നടത്തിയ ശ്രീ. പങ്കജാക്ഷനേയും ഈ ഗ്രന്ഥത്തേയും ഓര്‍ക്കാന്‍ ആളുണ്ടാകാതിരിക്കില്ല.

നമ്മില്‍ പലര്‍ക്കും ഏറ്റവും പരിചിതനായ ഈ മനുഷ്യനില്‍, അധികംപേര്‍ക്കും പരിചയമില്ലാത്തൊരു ‘വിശ്വമാനവപ്രേമി’ ഉണ്ടെന്ന് ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്ലേറ്റോവും, തോമസ് മൂറും, ഫ്രാന്‍സീസ് ബേക്കണും തൊട്ട് എച്ച്. ജി. വെല്‍സും, ആള്‍ഡസ് ഹക്‌സിലിയും, ഗാന്ധിജിയും വരെയുള്ള മഹാത്മാക്കളുടെ വരിയുടെ പിന്നില്‍ നിന്നുകൊണ്ടാണ് ഈ വ്യക്തി ഈ വിചാരസാഹസം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളും ഈ ലോകത്തിന്റെ ഇന്നത്തെ വ്യവസ്ഥയില്‍ സമ്പൂര്‍ണ സംതൃപ്തരായിരിക്കെ അതില്‍ അസംതൃപ്തനായി ഒരു പുതുലോകം ഭാവനചെയ്യുകയും അത് പ്രയോഗത്തില്‍ വരുത്താന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നതു പോലെയുണ്ടോ വേറെ അവിവേകം! ‘യുട്ടോപ്പിയ’ എന്ന സാഹസമാണ് ഇത്. ‘എങ്ങുമില്ല’ എന്നാണ് ആ വാക്കിനര്‍ത്ഥം. പക്ഷേ അത് എവിടെയോ ഉള്ളതാണ് എന്നതാണ് സത്യം. ആ സത്യത്തിലുള്ള വിശ്വാസമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. അത് നല്ല മനുഷ്യരുടെ നന്മയാണ്. ശ്രീ. പങ്കജാക്ഷന്റെ നന്മയുടെ നാവാണ് ഈ ഗ്രന്ഥം.

തോമസ് മൂറിന്റെ ഗ്രന്ഥവും മറ്റു ചില ആദര്‍ശ രാഷ്ട്രഗ്രന്ഥങ്ങളും ചില സത്യാന്വേഷണ കുതുകികള്‍ നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് നമുക്ക് കൈവന്നിട്ടുള്ളത്. ഇതും രൂപത്തില്‍ സദൃശമാണ്. മൂറിനെപ്പോലെ മറ്റെങ്ങോ ഉള്ള ദ്വീപോ ഒന്നുമല്ല ഇവിടെ രംഗം. അമ്പലപ്പുഴ ഗ്രാമക്കൂട്ടപ്രദേശം തന്നെ ഈ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ നടക്കുന്ന രംഗം. ലോകത്തിന്റെ സ്വാര്‍ത്ഥമൂര്‍ച്ചയില്‍ വ്യഥിതരായ കുറച്ചു ചെറുപ്പക്കാര്‍ ഗ്രന്ഥകാരനുമായി നടത്തുന്ന ഉള്ളു തുറന്ന ചര്‍ച്ചയാണ് ഇതിലെ ഉള്ളടക്കം. പഴയ ലോകത്തെ വിമര്‍ശിക്കുകയും പുതിയതിനെ ഭാവന ചെയ്യുകയും ഭാവനയെ പ്രയോഗസിദ്ധമാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ വ്രതമെടുത്തവരുടെ ഒരു സംഗമമാണ് ഈ പുസ്തകം തരുന്ന കാഴ്ച.

മൂന്നു കൂടങ്ങള്‍ ഇന്ന് മനുഷ്യന്റെ തല അടിച്ചു പിളര്‍ക്കുന്നൂ എന്ന വിചാരം വളരെ സരസമായിട്ടുണ്ട്. അതിലെ ശ്ലേഷം ഏതു കവിക്കും അഭിമാനിക്കാവുന്നതാണ്. ഭരണകൂടം, പള്ളിക്കൂടം, പണമടിക്കുന്ന അച്ചുകൂടം എന്നീ കൂടങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടുമ്പോള്‍ ആധുനിക സംസ്‌കൃതിയുടെ വിമര്‍ശനം പൂര്‍ത്തിയായി.

ഈ ഗ്രാമക്കൂട്ട ‘യുട്ടോപ്പിയ’ പ്രായോഗിക ബുദ്ധിയോടെ രചിക്കപ്പെട്ടതാണ്. സ്വാര്‍ത്ഥമേവര്‍ജ്ജ്യം എന്ന് ഗ്രന്ഥകാരനില്ല. സ്വകാര്യ പരതയെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. സ്വാര്‍ത്ഥം ഇല്ലെങ്കില്‍ മനുഷ്യനില്ല. അതിന്റെ മര്യാദ കവിയലാണ് സ്വകാര്യപരത. അതിനെ നശിപ്പിക്കാനാണ് ഗ്രന്ഥകാരന്റെ ആഹ്വാനം. വിവാഹം, വിദ്യാഭ്യാസം, ആരോഗ്യം, ആരാധന തുടങ്ങി ജീവിതത്തിന്റെ ഇഴകള്‍ ഓരോന്നും പിരിച്ചെടുത്ത് നവലോകത്തില്‍ അതിന് ഉണ്ടാകേണ്ട ചായക്കൂട്ട് ഗ്രന്ഥകാരന്‍ നിര്‍ണയിക്കുന്നു. അദ്ദേഹത്തിന്റെ പല വാക്യങ്ങളും ചിന്താസാന്ദ്രങ്ങളും ചിരസ്മരണീയങ്ങളുമാണ്. “ഈശ്വരനില്ലാത്ത ഈശ്വര വിശ്വാസമാണ് വര്‍ഗീയ ലഹളകളുടെ കാരണം.“ “മാറ്റം പൊട്ടിത്തെറിക്കലല്ല; ഉണ്ടായി വരലാണ്” തുടങ്ങി അസംഖ്യം വാക്യങ്ങള്‍ പൂത്തുലഞ്ഞു നിന്നുകൊണ്ട് ഈ ഗ്രന്ഥത്തെ പുണ്യപ്രദമായ ഒരു പുഷ്പവാടിയാക്കി തീര്‍ത്തിരിക്കുന്നു.

രാഷ്ട്രീയക്കാരനും ഭരണാധികാരിയും പഞ്ചായത്തുബില്ലു കൊണ്ടു വരാന്‍ ഭരണഘടന ഭേദഗതി ചെയ്യുകയും പ്രതിപക്ഷങ്ങള്‍ ആ ശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന കാലമാണിത്.

ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജ്യം ഇവര്‍ അറിയുന്നുണ്ടോ ആവോ? അതറിയാന്‍ ഈ പുസ്തകത്തിലെ ഓരോ പുറവും അതിലെ ഓരോ പദവും സഹായിക്കും. ഗ്രാമസ്വരാജിന്റെ വഴിയിലൂടെ പങ്കജാക്ഷന്‍ എത്ര കാലമായി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്.

ഞാന്‍ അദ്ദേഹത്തെ ലോകപൗരന്‍ എന്നു വിളിക്കട്ടെ. ഞങ്ങളുടെ എല്ലാ കൈകളിലും കാലുകളിലും നാക്കിലും ആത്മാവിലും പഴയ ചങ്ങലകള്‍ പലതും കെട്ടിതൂങ്ങിക്കിടപ്പുണ്ട്. എന്റെയുള്ളില്‍ എത്രയോ ഉണ്ട് എന്ന് എനിക്കറിയാം. മനുഷ്യനെ വിഭജിക്കുന്ന ജീര്‍ണ സംഘങ്ങള്‍ അത്തരം ശൃംഖലകളാണ്. അവയില്‍ നിന്നുകൊണ്ട് നവലോകം സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ മദ്യപാനം ചെയ്തുകൊണ്ട് മദ്യനിരോധം വരുത്താനും കഴിഞ്ഞേക്കും! ഞാന്‍ ഒരു സാമുദായിക സംഘടനയില്‍ അംഗമാണെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. ആ ആര്‍ജ്ജവത്തെ നമുക്കാദരിക്കുക. പക്ഷേ സാമുദായിക സംഘടനയിലെ അംഗത്വവും മനുഷ്യമുക്തിക്കു വേണ്ടിയുള്ള നവലോക ദിദൃക്ഷയും പൊരുത്തക്കുറവില്ലാത്തതാണെന്ന് അദ്ദേഹം വാദിക്കുമ്പോള്‍ എനിക്കു ദുഃഖം തോന്നുന്നു. സെര്‍കിയേവ് എന്ന ചിന്തകന്‍ പറഞ്ഞതുപോലെ ‘വൃത്തചതുരം’ എന്നൊന്നില്ല. വൃത്തം വേറെ, ചതുരം വേറെ. അതുപോലെ സമുദായ — വിശ്വവീക്ഷണം എന്നൊന്നില്ല. സമുദായം വേറെ വിശ്വം വേറെ.

ഈയൊരു അഭിപ്രായഭിന്നതയല്ലാതെ എനിക്ക് ഈ പുസ്തകത്തില്‍ എന്‍േറതല്ലെന്നു പറയാന്‍ പറ്റാത്ത മറ്റൊരു വിചാരവും കണ്ടെത്താന്‍ പറ്റിയില്ല. എല്ലാവരും വായിക്കേണ്ട ഒരു ഗ്രന്ഥമാണിത്. നേരത്തെ പറഞ്ഞതുപോലെ എത്ര അപ്രായോഗികമായാലും ഇതിലെ വിചാരങ്ങള്‍ കലരാതെ നവലോകപ്രസ്ഥാനം നടത്താന്‍ ആര്‍ക്കും സാധ്യമല്ല. ഈ ഗ്രന്ഥത്തിന്റെ ഭാവനാപരിമളം അനേകം യുവഹൃദയങ്ങളുടെ ദളവികാസം വരുത്തുന്ന ഒരു ശക്തിയായി തീരട്ടെ എന്ന് ഞാന്‍ ആശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

തൃശ്ശൂര്‍

പ്രൊഫ. സുകുമാര്‍ അഴീക്കോട്