close
Sayahna Sayahna
Search

വിമര്‍ശനം


വിമര്‍ശനം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

രാജു: നാം പുതിയ ലോകത്തെപ്പറ്റി ഭാവന ചെയ്തുവല്ലോ. ഇനി അതിന്റെ സാക്ഷാത്കാരം എങ്ങനെ സാധിക്കാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഞാന്‍: അതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്ന് വിമര്‍ശനം. രണ്ട് ഭാവന. മൂന്ന് കര്‍മം.

നവന്‍: ഒന്നാം ഘട്ടം ഇന്ന് ശരിക്ക് അരങ്ങേറിയിട്ടുണ്ട്. എവിടെയും നിശിതവിമര്‍ശനത്തിന്റെ രൂക്ഷ ശബ്ദമേ കേള്‍ക്കാനുള്ളു.

മിനി: ഇന്നിനെ വിമര്‍ശിക്കുന്നതില്‍ അഹമഹമികയാ എല്ലാവരും മുന്നിലാണ്.

കബീര്‍: ഈ വിമര്‍ശന ശൈലിയാണോ നമുക്കു വേണ്ടത്? എല്ലാവരും ഇങ്ങനെ പരസ്പരം തള്ളിപ്പറഞ്ഞാല്‍ ഇതു മാറുമോ?

ഞാന്‍: ഇല്ല. പുതിയ ലോകത്തെ ഭാവനയില്‍ കണ്ടുകൊണ്ട് അതിനെ സാക്ഷാത്കരിക്കുവാന്‍വേണ്ടി ഇന്നിനെ വീണ്ടും വിമര്‍ശിക്കേണ്ടിവരുന്ന ഒരു ഘട്ടമുണ്ട്. അതാണ് ഞാനുദ്ദേശിച്ചത്.

രാജു: വിമര്‍ശിക്കുന്നതെന്തിന് എന്ന് നോക്കണം. ബ്രിട്ടീഷ് ഭരണത്തെ വിമര്‍ശിച്ചത് ആ സ്ഥാനത്ത് ഇന്ത്യക്കാരന്‍ കയറിപ്പറ്റാനായിരുന്നുവോ? രാജഭരണത്തെ വിമര്‍ശിച്ചത് കൊട്ടാരം ജനങ്ങള്‍ക്ക് സ്വന്തമാക്കാനായിരുന്നുവോ? ആണെങ്കില്‍ ആ വിമര്‍ശനവും സമരവും നമ്മെ നിന്നേടത്തുനിന്ന് മുന്നോട്ടു കൊണ്ടുപോവില്ല.

കേശു: അതാണിന്ന് സംഭവിച്ചിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ജനാധിപത്യം വന്നു. എന്നൊക്കെ പറയുന്നത് വലത്തുകാലിലെ മന്ത് ഇടത്തു കാലിലായി എന്നു പറയുന്നതുപോലെ ആയിത്തീര്‍ന്നിരിക്കുന്നു.

ഞാന്‍: എന്റെ നോട്ടത്തില്‍ പ്രശ്‌നം ഇതാണ്. സ്വകാര്യമാത്ര ജീവിതാസക്തി മാറുന്നുണ്ടോ? അപരന്‍ എന്റെ ശത്രുവാണ് എന്ന വിചാരം മാറി എന്റെ മിത്രമാണ് എന്നു വിചാരിക്കാന്‍ കഴിയുന്നുണ്ടോ? ഇതു സാധിക്കാതെ ഭരണം മാറിയാലും സമ്പത്ത് ഏകീകരിച്ചാലും ശാസ്ത്രം പുരോഗമിച്ചാലും വേണ്ടതൊന്നും സംഭവിക്കുകയില്ലെന്ന് ഇതുവരെയുള്ള ലോകചരിത്രം വ്യക്തമാക്കുന്നുണ്ട്. സമ്പത്ത് ഏകീകരിച്ച രാഷ്ട്രങ്ങളില്‍പോലും പരാര്‍ത്ഥതാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയാതെവന്നതിന്റെ പ്രശ്‌നങ്ങള്‍ ഇന്ന് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിമര്‍ശനത്തിന് പുതിയ അര്‍ത്ഥവ്യാപ്തി ഉണ്ടാകണം.

മിനി: എന്തായിരിക്കണം വിമര്‍ശനത്തിന്റെ പൊരുള്‍?

ഞാന്‍: മനുഷ്യവര്‍ഗം ആകെ അപകടത്തിലായിരിക്കുന്നു. ഈ അപകടാവസ്ഥയ്ക്ക് നമുക്കെല്ലാവര്‍ക്കും പങ്കുണ്ട് എന്ന ബോധം വിമര്‍ശകനു വേണം. ഒരു കൂട്ടര്‍ അപകടകാരികളാണെന്ന ബോധത്തില്‍ വിമര്‍ശനം നടക്കുമ്പോള്‍ ആ കൂട്ടരുടെ പിടിയില്‍നിന്ന് മറ്റുള്ളവരെ രക്ഷിക്കാനാവും ശ്രമം. അവര്‍ മാറിയാല്‍ കാര്യം ശരിയായി എന്നു തോന്നും. ഇതു ശരിയായ പാതയല്ല. മുതലാളിത്തത്തെ വിമര്‍ശിക്കുമ്പോള്‍ തൊഴിലാളിയിലെ മുതലാളിത്ത മനോഭാവംകൂടി കാണണം. ചൂഷണത്തെ എതിര്‍ക്കുമ്പോള്‍ ഇന്നത്തെ ചൂഷിതര്‍ക്ക് സാഹചര്യം കിട്ടിയാല്‍ അവരും ചൂഷകരാവില്ലേ? ചൂഷണത്തിനവസരം നല്‍കുന്ന സാഹചര്യമല്ലേ ഉള്ളത് എന്നതുകൂടി കണക്കിലെടുക്കണം. അതായത് ഓരോ വിമര്‍ശനത്തിനും രണ്ടു കണ്ണുവേണം. ഒന്ന് മറ്റുള്ളവരിലേക്കും മറ്റൊന്ന് അവരവരിലേക്കും. അകത്തേക്കുള്ള കണ്ണ് അടച്ചുകൊണ്ടാണ് ഇന്ന് വിമര്‍ശനം പലതും നടക്കുന്നത്. ഗവണ്മെന്റ് ഇന്നകാര്യം ചെയ്തില്ല എന്ന് കുറ്റപ്പെടുത്തുന്നവര്‍ തങ്ങള്‍ക്ക് ആ സ്ഥാനം ലഭിച്ചിരുന്നപ്പോള്‍ എന്തുകൊണ്ട് കഴിഞ്ഞില്ല; ഇനിയും ലഭിച്ചാല്‍ കഴിയുമോ എന്നു നോക്കണം. എന്തുകൊണ്ട് നാമെല്ലാം ഇങ്ങനെ ആയി എന്നും ചിന്തിക്കണം.

മിനി: ഇന്ന് വിമര്‍ശനം മുഴുവന്‍ വോട്ടുനേടുന്നതിനുവേണ്ടി ആയിപ്പോയി. മറ്റൊന്ന് നമ്മുടെ ബുദ്ധിമാന്മാരെല്ലാം ഒന്നുകില്‍ കക്ഷികളിലായി അല്ലെങ്കില്‍ ഉദ്യോഗത്തിലായിപ്പോയി എന്നതാണ്. രണ്ടുകൂട്ടര്‍ക്കും വസ്തുതകള്‍ ബോദ്ധ്യമായാല്‍പോലും സ്വതന്ത്രമായ വിമര്‍ശനം സാദ്ധ്യമാവില്ലല്ലോ.

കേശു: ഞാന്‍ അല്പം നാടകീയമായി ഒന്നു ചോദിച്ചോട്ടെ. നമുക്ക് ഇന്നത്തെ സമ്പദ്‌വ്യവസ്ഥയെയോ വിദ്യാഭ്യാസത്തെയോ നാം ഉദ്ദേശിക്കുന്ന പുതിയ അടിസ്ഥാനത്തില്‍ ഒന്നു വിമര്‍ശിച്ചു നോക്കാം.

കബീര്‍: ഓഹോ. അതുകൊള്ളാം.

ഞാന്‍: ഞാനും അതിനോടു യോജിക്കുന്നു. നവന്‍ ആദ്യം തുടങ്ങിയാല്‍ കൊള്ളാം. വിഷയം സമ്പദ്‌വ്യവസ്ഥ തന്നെ ആകട്ടെ.