close
Sayahna Sayahna
Search

പുതിയ ശ്രമം


പുതിയ ശ്രമം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ഈ വസ്തുത അംഗീകരിച്ചാല്‍ മാറ്റത്തിന് വിഭാഗീയശ്രമം പോര; സര്‍വസ്പര്‍ശിയായ സമീപനമാണ് ആവശ്യം എന്ന് ബോദ്ധ്യമാകും. അപ്പോള്‍ വിമര്‍ശനം ഒരു വിഭാഗത്തെ മാത്രം പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വയ്യ എന്നുവരും. ഡോ. യു.ആര്‍. അനന്തമൂര്‍ത്തി അമ്പലപ്പുഴയിലെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതുപോലെ ഉള്ളില്‍ നിന്നുകൊണ്ടുള്ള വിമര്‍ശകരാകേണ്ടിവരും എല്ലാവരും. ഉള്ളില്‍നിന്ന് എന്നുവച്ചാല്‍ ഏതിനെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കുന്നുവോ അതിന്റെ തന്നെ ഭാഗമായി നിന്നുകൊണ്ട് എന്നര്‍ത്ഥം.

മിനി: ഒരു ജാതീയ സംഘടനയില്‍ അംഗമായിരുന്നുകൊണ്ട് ജാതിവ്യത്യാസത്തെ വിമര്‍ശിക്കുന്നത് ആത്മവഞ്ചന ആവില്ലേ? അതു ഫലപ്രദമാകുമോ?

ഞാന്‍: ഞാന്‍ കഞ്ഞിപ്പാടം 854-ആം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിലെ ഒരംഗമാണ്. നായന്മാരുടെ ഈ സംഘടനയില്‍ അംഗമായിരുന്നുകൊണ്ട് മാനുഷികതയെപ്പറ്റി പറഞ്ഞുനടക്കുന്നത് ശരിയാണോ എന്ന ചോദ്യം പലര്‍ ഉന്നയിച്ചിട്ടുണ്ട്. ആ സംഘടനയില്‍ ഞാന്‍ ഇന്നും തുടരുന്നു. രാജിവയ്ക്കുവാന്‍ ഉദ്ദേശിച്ചിട്ടേ ഇല്ല.

മിനി: സാറിന് ഈ വൈരുദ്ധ്യത്തെ കൊണ്ടുനടക്കാന്‍ പ്രയാസം തോന്നാറില്ലേ?

്യുഞാന്‍: ഇല്ല. എന്തുകൊണ്ടെന്നു പറയട്ടെ. വിഭാഗീയതകളില്ലാത്ത ഒരു മനുഷ്യസമൂഹം ഇന്നുള്ള വിഭാഗീയ വ്യവസ്ഥിതിയില്‍ നിന്നാണല്ലോ വിരിഞ്ഞു വരേണ്ടത്. വിഭാഗീയ ഗ്രൂപ്പുകളില്‍നിന്ന് രാജിവച്ചു പിരിഞ്ഞു പോരുന്നവരെ ആ ഗ്രൂപ്പില്‍ നില്ക്കുന്നവര്‍ പിന്നീട് ശ്രദ്ധിക്കാതെ വരും. പരസ്പരം പിന്‍തള്ളിക്കൊണ്ട് ഉയര്‍ന്ന ഒരു മേഖലയിലേക്ക് കുതിച്ചുചാടിയ ഒരനുഭവമായിരിക്കും ഇരുകൂട്ടര്‍ക്കും ഉണ്ടാവുക. ഒന്നിച്ചുള്ള മാറ്റം പിന്നീട് ഏറെ പ്രയാസമാകും. ഒരു പുതിയ അകല്‍ച്ചകൂടി സൃഷ്ടിക്കുകയാവും ഫലം.

ഇന്നിപ്പോള്‍ ഞങ്ങളുടെ കരയോഗ മന്ദിരത്തില്‍ അയല്‍ക്കൂട്ടത്തെപ്പറ്റി ഒരു ചര്‍ച്ചായോഗം സംഘടിപ്പിക്കാന്‍ പ്രയാസമില്ല. കരയോഗത്തിന്റെ പൊതുയോഗത്തില്‍ വേണ്ടപ്പോള്‍ ഈ വിഷയം അവതരിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്.

ജാതി, മതം, രാഷ്ട്രീയകക്ഷികള്‍, തൊഴില്‍ യൂണിയനുകള്‍, ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നവരാരും രാജിവച്ച് അയല്‍ക്കൂട്ടപ്രവര്‍ത്തനത്തിലേക്ക് വരരുതെന്ന് ഞങ്ങള്‍ പറയാറുണ്ട്. ഓരോ കരയിലും എല്ലാവരും ഒന്നിച്ചുകൂടി തുടങ്ങുമ്പോള്‍, ക്രമേണ മറ്റോരോന്നിനേക്കാളും പ്രയോജനം ഈ പുതിയ ഒന്നിച്ചുള്ള കൂട്ടങ്ങളിലൂടെ സംഭവിക്കുമെന്ന ധാരണ തെളിഞ്ഞു വരും. അന്ന് വിഭാഗീയതകള്‍ കൊഴിഞ്ഞുപോകും. ഉള്ളില്‍നിന്നുള്ള വിമര്‍ശനത്തിനേ ഇതു കഴിയൂ. വിഭാഗീയതകള്‍ വേണ്ടെന്ന ബോധം വിഭാഗീയതകള്‍ക്കുള്ളില്‍നിന്നു വളര്‍ന്നു വരണം. അതിനു പുറത്ത് മറ്റൊരു ഗ്രൂപ്പുണ്ടാക്കിയാല്‍ സംഘട്ടനത്തിന് വഴിതെളിക്കാമെന്നല്ലാതെ ഒരിക്കലും പുത്തന്‍സമൂഹം ഉണ്ടാവില്ല. മദ്യപന്മാര്‍ മദ്യപാനത്തിന് എതിരാകണം. “ഞങ്ങളോ ഇങ്ങനെ ആയി. ഭാവി തലമുറ എങ്കിലും രക്ഷപ്പെടണം” എന്നവര്‍ പറയണം. അതിനുമുണ്ട് ഒരു ഫലം. തന്നെയല്ല ആ വഴിയാണ് എതിര്‍പ്പിന്റെയോ രാജിവയ്ക്കലിന്റെയോ വഴിയല്ല, ശരിയായ വഴി എന്നെനിക്കു തോന്നുന്നു. നാം എല്ലാം ചേറിലായിപ്പോയി. കഴുത്തറ്റം ചേറില്‍ കുളിച്ചവര്‍, അതു മനസ്സിലാക്കി, ഒന്നിച്ചു കരകയറാന്‍ ശ്രമിക്കുന്ന ഒരു ശൈലിയാണ് നവസമൂഹ രചനയ്ക്ക് ഇനി ആവശ്യം. ഇത്തരത്തില്‍ പോകണം പുതിയ വിമര്‍ശനം.