close
Sayahna Sayahna
Search

രേഖാചിന്തനം ഒരു തടസ്സം


രേഖാചിന്തനം ഒരു തടസ്സം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: സ്വതന്ത്ര ചിന്താപദ്ധതി സാധാരണ ജനങ്ങള്‍ക്ക് സാദ്ധ്യമാകുമോ?

ഉത്തരം: ഗൗരവമായി ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമാണിത്. ആരോ വരച്ച വഴിയിലൂടെ നേരേ നടന്നാല്‍ മതി എന്ന ചിന്താശൈലി നമ്മെ എറുമ്പുകളുടെ വര്‍ഗത്തിലേക്കു താഴ്ത്തുകയാവും ഫലത്തില്‍. ഒറ്റയ്ക്കും കൂട്ടായും ചിന്തിച്ചുതന്നെ മുന്നേറണം. അപ്പോള്‍ എല്ലാ ചിന്തകന്മാരും മനുഷ്യസ്‌നേഹികളും നമുക്ക് മാര്‍ഗദര്‍ശനം തരും. മറിച്ച് ഒരാളുടെ കണ്ടെത്തലിനെ അവലംബിച്ചാല്‍ മറ്റുള്ളവര്‍ നമുക്ക് നഷ്ടമാകും. മഹത്‌വ്യക്തികള്‍ ലോകത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവരുടെ എണ്ണത്തിനനുസരിച്ച് പ്രസ്ഥാനങ്ങളും ഉണ്ട്. അവ ഒന്നിനൊന്ന് സഹകരിക്കാതെ വരുന്നതിന്റെ ഒരു കാരണം രേഖാചിന്തന ശൈലിയാണ്. വരച്ചവഴിയേ പോവുക. മറിച്ച് സ്വതന്ത്ര ചിന്താശൈലി സ്വീകരിച്ചാല്‍ ഈ മഹത്തുക്കളുടെ എല്ലാം പിന്‍ബലത്തോടു കൂടി ഒന്നിച്ചു മുന്നേറാന്‍ കഴിയും. ‘ഞങ്ങള്‍ ഗാന്ധിയന്‍ ലൈനിലാണ്. ’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അണിചേര്‍ന്നാല്‍ മാര്‍ക്‌സിയന്‍ ലൈന്‍കാര്‍ അടുക്കുകയില്ല. ഫലമോ ഗാന്ധിജിയും മാര്‍ക്‌സും ഇരുകൂട്ടര്‍ക്കും നഷ്ടപ്പെടും. പുതിയൊരു ലോകമാണ് നമ്മുടെ ലക്ഷ്യം എന്നുവരുമ്പോള്‍ മാനുഷികമായ ഒരു വഴി തുറക്കപ്പെടുകയും ഗാന്ധിജിയും മാര്‍ക്‌സും ആഗ്രഹിച്ച ഭരണമുക്ത സമൂഹത്തിലേക്ക് നീങ്ങാന്‍ കഴിയുകയും ചെയ്യും. ഒരു വ്യക്തിയുടേയും പേരിലാവരുത് പുതിയ വഴി. ജനം തങ്ങളെ പിന്‍പറ്റണമെന്നല്ല. ലക്ഷ്യത്തെ പിന്‍പറ്റണമെന്നാണ് മഹാത്മാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അവരുടെ ലക്ഷ്യം മറന്നിട്ട് അവരെ ആരാധിക്കുകയും അവര്‍ക്കുവേണ്ടി പരസ്പരം പോരാടുകയും ചെയ്യുന്ന ദയനീയാവസ്ഥയിലേക്ക് ലോകം പാളിപ്പോയിട്ടുണ്ടെന്ന് നാം കാണാതിരുന്നുകൂടാ. ഇന്നുണ്ടായിപ്പോയിട്ടുള്ള രേഖാശൈലികളെല്ലാം പുതിയൊരു ജീവിതരേഖയോട് ചേര്‍ത്തുകൊണ്ടുവരുവാന്‍ കാലമായി. ഓരോ വിഭാഗവും ഇതേപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

നവ: എനിക്കൊരു അനുഭവമുണ്ടായി. ഒരിക്കല്‍ ഞാന്‍ ഒരു മഹാത്മാവിന്റെ സംഭാഷണം കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചെന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാള്‍ എന്റെ കൈയിലിരുന്ന ഒരു പുസ്തകം വാങ്ങിനോക്കിയിട്ട് എന്നോടു ചോദിച്ചു: “എന്ത്? നിങ്ങള്‍ ഈ പുസ്തകംകൊണ്ട് ഇവിടെയോ?” ആ പുസ്തകം അദ്ദേഹത്തിന്റെ ഗുരുവിന്റെ ആശ്രമത്തില്‍ ചെല്ലുന്ന ഒരാള്‍ക്ക് ആവശ്യമുള്ളതല്ലെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി കരുതുന്നു. അവിടെ അത്ര പൂര്‍ണമാണ്. ഞാന്‍ പുസ്തകം തിരികെ വാങ്ങിയിട്ട് പറഞ്ഞു: “നിങ്ങളുടെ ഗുരുവും ആദരിക്കുന്ന മഹാപുരുഷനാണിദ്ദേഹം.” പക്ഷെ പറഞ്ഞിട്ട് പ്രയോജനമുണ്ടായിരുന്നില്ല. ശ്രീരാമകൃഷ്ണവചനാമൃതം എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു പുസ്തകമാണെന്ന് അദ്ദേഹത്തെ കൊണ്ടംഗീകരിപ്പിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഞാന്‍: സ്വകാര്യ ഉടമാഭ്രമം പോലെ ഒരു ഭ്രമമാണിത്. താന്‍ ആദരിക്കുന്ന മഹത്‌വ്യക്തിയെ പിന്‍ പറ്റുകയല്ലാതെ തനിക്കു കരണീയമായിട്ടില്ല എന്ന ധാരണ ആദ്ധ്യാത്മികരംഗത്തുള്ളതുപോലെ രാഷ്ട്രീയ രംഗത്തുമുണ്ട്. പരസ്പരം ബന്ധപ്പെടാന്‍ ഈ രേഖാവിശ്വാസശൈലി തടസ്സം സൃഷ്ടിക്കുന്നുണ്ട്.