close
Sayahna Sayahna
Search

സാമൂഹ്യബോധം ഉണര്‍ത്താനുള്ള വഴി


സാമൂഹ്യബോധം ഉണര്‍ത്താനുള്ള വഴി
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ശരി. അദ്ദേഹത്തെ ബദ്ധപ്പെടുത്താതിരിക്കൂ. സന്തോഷമായി ജീവിക്കുന്നവര്‍ ജീവിച്ചുകൊള്ളട്ടെ. എങ്കിലും നമുക്ക് അദ്ദേഹത്തോട് ചിലത് ചോദിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായു ശുദ്ധമാണെന്നു കരുതുന്നുണ്ടോ? കുടിക്കുന്ന ജലം മലിനമല്ലെന്നു തോന്നുന്നുണ്ടോ? മാര്‍ക്കറ്റില്‍ നിന്നു വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിങ്ങള്‍ തൃപ്തനാണോ? ആരാലും വഞ്ചിക്കപ്പെടാറില്ലെന്നാണോ വിശ്വസിക്കുന്നത്? നിങ്ങളുടെ കുടുംബാംഗങ്ങള്‍ നല്ല നിലയിലാണോ തമ്മില്‍ തമ്മില്‍ പെരുമാറുന്നത്? നിങ്ങള്‍ക്ക് അവരില്‍നിന്ന് സ്‌നേഹം കിട്ടുന്നുണ്ടോ? നിങ്ങള്‍ക്കു ചുറ്റുപാടും നിന്നുള്ള ശബ്ദം കേട്ടിട്ട് അസ്വസ്ഥത തോന്നാറുണ്ടോ? നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ അപകടം വരുത്തുകില്ലെന്ന് ഉറപ്പുണ്ടോ? അതൊക്കെയിരിക്കട്ടെ, നിങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടോ? നിങ്ങള്‍ ദൂരെയായിരിക്കുമ്പോള്‍ പുത്രകളത്രാദികളെപ്പറ്റി ഉത്കണ്ഠ തോന്നാറുണ്ടോ? നിങ്ങള്‍ക്കു നീതി ലഭിക്കുമെന്നു തോന്നുന്നുവോ? നിങ്ങളുടെ സന്താനങ്ങള്‍ ഈ വ്യവസ്ഥിതിയില്‍ നിങ്ങളുടെ മാതിരി സന്തോഷത്തില്‍ കഴിഞ്ഞുകൂടുമെന്ന് കരുതുന്നുണ്ടോ? നിങ്ങളുടെ പടിക്കല്‍ വന്ന് തെണ്ടികള്‍ മുട്ടിവിളിക്കുമ്പോള്‍ അസഹ്യത തോന്നാറില്ലേ? ഏതുനിമിഷവും എന്തും സംഭവിക്കാം എന്നൊരവസ്ഥയല്ലേ ഇന്നുള്ളത്?

സ്‌നേഹിതാ, സ്വസ്ഥത ഒറ്റപ്പെട്ട ഒരവസ്ഥയല്ല. മനുഷ്യമനസ്സ് അസാധാരണമായ സംക്രമണശേഷിയുള്ളതാണ്. പരിസരം സംസ്‌കാരശൂന്യമാണെങ്കില്‍ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും അത് ബാധിക്കും. ആരോഗ്യവും നിങ്ങള്‍ക്കു മാത്രമായി നിലനിറുത്താവുന്നതല്ല. ജീവിതം പരസ്പരം കെട്ടുപിണഞ്ഞതാണ്. പുരോഗതി ഒറ്റപ്പെട്ട ഒന്നല്ല. ആകെ പുരോഗതി സംഭവിച്ചാലേ നിങ്ങളുടെ പുരോഗതിയുടെ വേരാവൂ. ഒറ്റപ്പെട്ട പുരോഗതി അധോഗതിയാണ്. ഒന്നിച്ച് സഹകരിച്ച് പുരോഗമിക്കുന്നതിലെ ആനന്ദം നാം അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടാണ് പ്രശ്‌നങ്ങളുടെ നടുവില്‍ അല്പസുഖം ആവിഷ്‌കരിച്ച് അതില്‍ തൃപ്തരാകാന്‍ നമുക്ക് കഴിയുന്നത്. ഇനി അതു സാധിക്കുകയില്ല. ഒരാള്‍ അസംതൃപ്തനായാല്‍ അയാള്‍ക്കു ചിലപ്പോള്‍ ലോകത്തെ ആകെ കലക്കാന്‍ കഴിഞ്ഞെന്നു വരാവുന്നൊരു കാലമാണിത്.

നവ: ഇതിനു മറ്റൊരു വശമുണ്ട്. എന്തിനിങ്ങനെ ഒറ്റയ്ക്കു സുഖം അനുഭവിക്കണം. ചുറ്റുപാടുള്ള മനുഷ്യരോടും പ്രകൃതിയോടും ഇണങ്ങാതെ വേര്‍പിരിഞ്ഞുള്ള ജീവിതം മനുഷ്യോചിതമാണോ? ഒരു ശ്വാസംമുട്ടലല്ലേ അത്. ഗത്യന്തരമില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ വേര്‍പിരിഞ്ഞ് ദുഃഖം അനുഭവിച്ചു കഴിഞ്ഞുകൂടുന്നത്. ഇത് മാറ്റാവുന്നതാണ്. മറ്റൊരാളുടെ ജിവിതം ധന്യമാക്കുന്നതില്‍ നമുക്കു പങ്കാളികളാവാന്‍ കഴിയുമ്പോളാണ് നാം ധനികരാകുന്നത്. മറ്റുള്ളവരില്‍ നിന്ന് കഴിയുന്നതും അകന്ന് സ്വന്തം ജീവിതം സ്വസ്ഥമാക്കാമെന്ന ആത്മഹത്യാപരമായ ധാരണ ഉപേക്ഷിച്ച് എല്ലാവരും പരസ്പരം ഉപയോഗപ്പെട്ടു ജീവിക്കുന്ന സഹകരണ സമൂഹ ജീവിതശൈലി സ്വീകരിക്കുകയാണ് ഇനി ലോകത്തിനുള്ള ഏക രക്ഷാമാര്‍ഗം എന്ന് ഇത്തരക്കാരെ ബോദ്ധ്യപ്പെടുത്താന്‍ കഴിയും; കഴിയണം.

മിനി: എനിക്ക് ഈയിടെ ഒരു കുടുംബത്തിന്റെ അനുഭവ കഥ അറിയാനിടയായി. അച്ഛനും അമ്മയും ഒരു മകനും. നല്ല വരുമാനമുള്ള കുടുംബം. വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യോഗസ്ഥരും. രണ്ടുപേരും പെന്‍ഷന്‍പറ്റി. മകന്‍ മുഴുക്കുടിയനായി. കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ കൂട്ടി വീട്ടിലെത്തി. അടി പേടിച്ച് അച്ഛനുമമ്മയും ഒന്നും പറഞ്ഞില്ല. കരുത്തനാണ് മകന്‍. ആവശ്യപ്പെടുന്നതു കൊടുത്തില്ലെങ്കില്‍ ചീത്തപറയുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യും. ആ വീട്ടില്‍ എന്തു സംഭവിച്ചാലും അയല്‍ക്കാര്‍ തിരിഞ്ഞുനോക്കില്ല. അച്ഛനമ്മമാര്‍ ഒരിക്കല്‍പോലും അയല്‍വീട്ടില്‍ എത്തിനോക്കിയിട്ടില്ല. അങ്ങോട്ടാരും കടന്നുവരുന്നത് അവര്‍ക്കിഷ്ടവുമായിരുന്നില്ല. രണ്ടുപേരും വീടിനുവേണ്ടിത്തന്നെ സമ്പാദിച്ചു; ജീവിച്ചു.