close
Sayahna Sayahna
Search

തറക്കൂട്ടം


തറക്കൂട്ടം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

കാര്യം മനസ്സിലാക്കിയിട്ട് തറകള്‍ രൂപീകരിച്ചാല്‍ മതി എന്നതാണ് രണ്ടാമതു ശ്രദ്ധിക്കേണ്ടത്. പ്രവര്‍ത്തകര്‍ ധൃതിപ്പെടരുത്. ഭവന സന്ദര്‍ശനങ്ങളും, ചര്‍ച്ചായോഗങ്ങളും വേണ്ടത്ര നടത്തി കാര്യം മനസ്സിലാക്കണം. വീട്ടുകാര്‍ മനസ്സോടെ കൂടാന്‍ തുടങ്ങിയാല്‍ പിന്നീട് വേണ്ടത് അവര്‍ ആലോചിച്ചു ചെയ്തുകൊള്ളും. അമ്പലപ്പുഴയില്‍ ഇന്നും തറ വിളിച്ചുകൂട്ടുകയാണ്. വിളിച്ചില്ലെങ്കില്‍ കൂടില്ല. മുറ്റത്ത് ഒരു തൈവയ്ക്കുന്നതുപോലെ ഓരോ വീടിനും തറക്കൂട്ടത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട് ഒന്നിച്ചുകൂടാന്‍ കഴിയുമ്പോള്‍ മാത്രമേ തറകള്‍ക്ക് ജീവന്‍ വീഴു.

മിനി: സ്വന്തം ജീവിതാവശ്യങ്ങളെ മറ്റുള്ളവരുടെ ജീവിതാവശ്യങ്ങളോട് ചേര്‍ത്ത് കാണാന്‍ കഴിയുക ചെറിയൊരു കാര്യമല്ല. അതു സാധിച്ചാല്‍ മാത്രമേ തറകള്‍ക്ക് വളര്‍ച്ച ഉണ്ടാകൂ.

ഞാന്‍: മിനി പറഞ്ഞത് ശരിയാണ്. ഒരു വീട്ടുകാര്‍ക്ക് ഒരു വെട്ടുകത്തി വേണം എന്നു തോന്നുമ്പോള്‍ അയല്‍വീട്ടുകാര്‍ക്കാര്‍ക്കെങ്കിലും അതു വേണമോ എന്ന അന്വേഷണം ഒപ്പം വരണം. വേണമെങ്കില്‍ ഒന്നിച്ചുണ്ടാക്കാം. ഒരാള്‍ക്ക് തിരുവനന്തപുരത്ത് പോകേണ്ടി വന്നാല്‍ തന്റെ യാത്ര അയല്‍ക്കാരിലാര്‍ക്കെങ്കിലും കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നന്വേഷിക്കാന്‍ തോന്നണം. തിരുവനന്തപുരത്തുവച്ച് പുതിയ നല്ലയിനം പേന കുറഞ്ഞവിലയ്ക്കു കിട്ടുന്നുവെന്നു കണ്ടാല്‍ അയല്‍വീടുകളിലെ കുട്ടികള്‍ക്കുകൂടി ഓരോന്നു വാങ്ങാന്‍ തോന്നണം. ഒരു തറയിലെ എല്ലാ വീട്ടുകാരിലും ഇതുപോലെ പരസ്പര വിചാര വികാര ബന്ധം ഉണ്ടാകുമ്പോഴാണ് തറക്കൂട്ടം ഉണ്ടായി എന്നു പറയാവുന്നത്.

നവ: നിരവധി ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തര ഭാവനയിലൂടെയും സാവധാനം പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുത്താല്‍ മാത്രമേ വ്യക്തികളില്‍ ഈ പരിണാമം സംഭവിക്കൂ. പാര്‍ലമെന്റില്‍ ഒരു നിയമം പാസ്സാക്കി തറക്കൂട്ടം ഉണ്ടാക്കാം എന്നു കരുതരുത്.

രാജു: അടുത്ത വീട്ടുകാര്‍ ഇടയ്ക്കിടെ ഒന്നിച്ചുകൂടും എന്നു വന്നാല്‍ നല്ല തുടക്കമായി കരുതാം. പുതിയൊരു ജീവിതലക്ഷ്യം ഉള്ളതുകൊണ്ടായിരിക്കണം കൂടുന്നത്. ഓരോ തവണ കൂടുമ്പോഴും ലക്ഷ്യത്തിലേക്കുള്ള അകലം കുറഞ്ഞു കുറഞ്ഞു വരും. ക്രമേണ പരസ്പര അനുകൂലത വരുന്നതോടു കൂടി മനസ്സ് പിരിമുറുക്കങ്ങള്‍ എല്ലാംവിട്ട് സ്വസ്ഥമാകാന്‍ തുടങ്ങും. ഒത്തിരി അനുകൂല സാഹചര്യങ്ങള്‍ കൊണ്ടേ തറകള്‍ക്ക് യോജിച്ച മനസ്സ് ഉണ്ടായിവരൂ.