close
Sayahna Sayahna
Search

മാറ്റം സംഭവിക്കാതിരിക്കുന്നതിന്റെ കാരണം


മാറ്റം സംഭവിക്കാതിരിക്കുന്നതിന്റെ കാരണം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഉത്തരം: അല്ല; ഈ ബോധതലം മനുഷ്യര്‍ വേണ്ടവിധം ഇതുവരെ വളര്‍ത്തിയെടുത്തിട്ടില്ല.

ചോദ്യം: അങ്ങനെയെങ്കില്‍ ഇന്നത്തെ വ്യവസ്ഥിതി രൂപപ്പെട്ടത് എങ്ങനെയായിരിക്കും?

ഉത്തരം: മനുഷ്യമനസ്സ് സങ്കോചിച്ച് സ്വകാര്യമാത്രപരതയുടെ തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്നതില്‍ നിന്നുണ്ടായ സംഭവവികാസങ്ങളുടെ പരിണാമങ്ങളാണ് ഇന്നു പരക്കെ കാണുന്നതില്‍ ഏറിയകൂറും. മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയിലും ഇത്ര വ്യത്യസ്തമായ സ്വഭാവമഹിമയും ഇത്ര ഹീനതയും വ്യക്തികള്‍ക്കിടയിലും തലമുറകള്‍ക്കിടയിലും സംഭവിപ്പിക്കുന്നതായി കാണുകില്ല. മനുഷ്യമനസ്സിന്റെ പ്രത്യേകസ്വഭാവമാണിതിനു കാരണം. മറ്റു ജീവികളുടെ മനസ്സ് നിയതമായ ഓരോരോ ചാലില്‍കൂടി തലമുറ തലമുറയായി ചലിക്കുന്നതുകൊണ്ട് നമുക്കവയെ മനസ്സിലാക്കാം. അതതിന്റെ ജന്മസിദ്ധസ്വഭാവങ്ങളില്‍ നിന്ന് അവ ഉയരുകയോ, താഴുകയോ ചെയ്യാറില്ല. മനുഷ്യമനസ്സാകട്ടെ വളരെ ഉയരാനും ഏറെ താഴാനും കഴിവുള്ളതാണ്. മനുഷ്യമനസ്സിന്റെ മറ്റൊരു പ്രത്യേകത ഉയര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ അതു താണുകൊണ്ടിരിക്കും എന്നതാണ്. മനസ്സിന്റെ ഈ സ്വഭാവഗതിയുടെ വിശേഷം മനസ്സിലാക്കിയിരുന്നതുകൊണ്ട് മഹാപുരുഷന്മാര്‍ മനുഷ്യന് വിദ്യാഭ്യാസം, സാധന, പ്രാര്‍ത്ഥന തുടങ്ങി മനസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള വിവിധ പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഭരണാധികാരികള്‍ ജീവിതാവശ്യങ്ങള്‍ നേടിക്കൊടുത്ത് ജനങ്ങളെ തങ്ങളുടെ അധികാരത്തിന്‍കീഴില്‍ നിലനിര്‍ത്താനാണ് ശ്രമിച്ചത്. ക്രമേണ വിദ്യാഭ്യാസം സര്‍ക്കാറിന്റെ ഉപകരണമായി. പ്രാര്‍ത്ഥനാലയങ്ങളും ഭരണാധികാരികളുടെ നിയന്ത്രണത്തില്‍ വരുത്തിക്കൊണ്ടിരുന്നു. മഹാത്മാക്കള്‍ നിര്‍ദ്ദേശിച്ചിരുന്ന മാര്‍ഗങ്ങളേക്കാള്‍ ഭരണാധികാരികളുടെ വോട്ടും നോട്ടും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. മനസ്സിന്റെ ഗതി കീഴോട്ടായി. ഓരോരുത്തരും മറ്റുള്ളവരെ അന്യരായി കരുതി സ്വന്തം ജീവിതം തുരുത്തുകളിലേക്ക് ഒതുക്കിനിറുത്തി. തന്നെ സഹായിക്കാന്‍ ഭരണകൂടം ഉണ്ട്. അയല്‍ക്കാരന്റെ ബന്ധം വേണ്ട. ഭരണകൂടം തരുന്ന നോട്ട് തന്റെ സകല ആവശ്യങ്ങള്‍ക്കും ഉപകരിക്കും. വ്യക്തിബന്ധത്തേക്കാള്‍ ശ്രേഷ്ഠം പണമാണ്. പണം സമ്പാദിക്കാനുള്ള ത്വരയിലാണ് മനുഷ്യവര്‍ഗം. മാര്‍ക്കറ്റുകള്‍ ഉണ്ടായി. മാര്‍ക്കറ്റ് വ്യാപകമാക്കാന്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. നിരവധി ചൂഷണപ്രക്രിയകള്‍ കണ്ടെത്തി. നാം ഇന്നു കാണുന്ന ഓരോന്നും വിശകലനം ചെയ്തു നോക്കിയാല്‍ മറ്റുള്ളവരെ ചൂഷണം ചെയ്ത് അധികാരവും പണവും സമ്പാദിക്കാനുള്ള തന്ത്രത്തില്‍നിന്നുണ്ടായി വന്നതാണിതെല്ലാം എന്നു മനസ്സിലാകും.

മഹാത്മാക്കളേയും അവരുടെ തത്വസംഹിതകളേയുംപോലും സ്വകാര്യമാത്രവ്യഗ്രത പൊതിഞ്ഞുകളഞ്ഞു. ആശ്രമങ്ങള്‍പോലും പണത്തിന്റെ മോഹവലയത്തില്‍ വീണുപോയി. മനസ്സ് താഴോട്ടൊഴുകിയാല്‍ എന്തെല്ലാം സംഭവിക്കാമോ അതൊക്കെയാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാന്തരം വിത്തുകള്‍ പുളിനിലത്തില്‍ വിതച്ചാല്‍ എന്നപോലെ മൂല്യങ്ങളെ എല്ലാം സ്വകാര്യപരത എന്ന പുളി പൊതിഞ്ഞുകളഞ്ഞു. ഇതാണ് മാറ്റത്തിന്റെ മുഖ്യ തടസ്സക്കല്ല്. ഈ പുളി മാറിയാല്‍ ഇനിയും നേര്‍മുള പൊട്ടാവുന്നതേയുള്ളൂ.