close
Sayahna Sayahna
Search

സ്വാര്‍ത്ഥതയും സ്വകാര്യപരതയും


സ്വാര്‍ത്ഥതയും സ്വകാര്യപരതയും
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ഈ പുളി എവിടെനിന്നു ഊറിവന്നു. എങ്ങനെ ലോകം നിറഞ്ഞു എന്നറിഞ്ഞാലല്ലേ പരിഹാരം കണ്ടെത്താനാവൂ?

ഉത്തരം: സ്വാര്‍ത്ഥത തളംകെട്ടിപ്പോയതില്‍നിന്ന് ഊറി വന്നതാണ് സ്വകാര്യമാത്രപരത. മനുഷ്യന്‍ ഒറ്റപ്പെടുന്തോറും സ്വകാര്യത വര്‍ദ്ധിച്ചുവന്നു. അങ്ങനെ ലോകം നിറഞ്ഞുവെന്നാണ് എന്റെ ധാരണ. അന്യവത്കരണമാണ്; സ്വാര്‍ത്ഥതയല്ല സ്വകാര്യപരതയുടെ ഉറവിടം.

ചോദ്യം: സ്വാര്‍ത്ഥതയും സ്വകാര്യമാത്രപരതയും തമ്മിലുള്ള അന്തരം എന്താണ്?

ഉത്തരം: വ്യക്തമാക്കാം. പ്രകൃതി, വികൃതി, സംസ്‌കൃതി എന്ന മൂന്നു തലങ്ങള്‍ മനസ്സിലുണ്ട്. ‘സ്വാര്‍ത്ഥത ’ പ്രകൃതിയാണ്. ‘സ്വകാര്യമാത്രപരത ’ വികൃതിയാണ്. ‘നിസ്വാര്‍ത്ഥത ’ സംസ്‌കൃതിയും. നിസ്വാര്‍ത്ഥതയിലേക്കു വളരാന്‍ ശ്രമമില്ലാതെ വന്നാല്‍ സ്വാഭാവികമായി സ്വാര്‍ത്ഥത സ്വകാര്യമാത്രപരതയായി താണുപോകും.

ചോദ്യം: ആ പോയന്റ് ഒന്നുകൂടി വ്യക്തമാക്കണം?

ഉത്തരം: എന്റെ കുട്ടി ജയിക്കണം. ഇത് സ്വാര്‍ത്ഥ വിചാരമാണ്. എല്ലാ കുട്ടികളും ജയിക്കണം ഇത് നിസ്വാര്‍ത്ഥ വിചാരമാണ്. മറ്റുകുട്ടികള്‍ എന്റെ കുട്ടിയുടെ ഒപ്പം വരരുത് ഇതാണ് സ്വകാര്യമാത്രപരത. എനിക്കു ഗുരുവായൂരപ്പന്റെ ദര്‍ശനം കിട്ടണം. ഇത് സ്വാര്‍ത്ഥത. എല്ലാവര്‍ക്കും ദര്‍ശനം കിട്ടണം. ഇത് നിസ്വാര്‍ത്ഥത. മറ്റുള്ളവരെ തള്ളിമാറ്റി തിക്കിക്കയറുമ്പോള്‍ സ്വകാര്യമാത്രപരത വന്നു. മനസ്സിന്റെ അവസ്ഥകളാണിതെല്ലാം. സ്വാര്‍ത്ഥതയുണ്ടായിരുന്നാലേ അത് നിസ്വാര്‍ത്ഥതയായി വികാസം പ്രാപിക്കൂ.

വ്യക്തിയില്‍ സ്വാഭാവികമായുള്ള സ്വാര്‍ത്ഥത നശിപ്പിക്കപ്പെടേണ്ടതല്ല. വ്യക്തികള്‍ തമ്മില്‍ അടുക്കുമ്പോള്‍ ഈ സ്വാര്‍ത്ഥതകള്‍ പരസ്പര പൂരകപ്രക്രിയയില്‍ പെട്ട് ഒരു പ്രവാഹഗതിയില്‍ ഒന്നിക്കും, ഒഴുകും. സ്വാര്‍ത്ഥത അന്യോന്യം കണ്ണില്‍ചേര്‍ന്ന് സമൂഹമെന്ന വലിയ സ്വാര്‍ത്ഥത ആയാല്‍ അത് ഒരു പ്രവാഹമാകും. പിന്നെ കെട്ടിക്കിടന്ന് പുളിച്ചു സ്വകാര്യമാത്രപരതയാകാനിടവരില്ല. ഇന്ന് കെട്ടിക്കിടക്കുകയാണ്. പരസ്പരബന്ധത്തിന്റെ ഒഴുക്ക് ഇല്ലാതായിപ്പോയി. തന്റെ പ്രശ്‌നങ്ങളെല്ലാം മറ്റുള്ളവര്‍ക്കും ഉള്ളതാണെന്നും, തന്റേതുമാത്രമായി പരിഹരിക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നം വര്‍ദ്ധിപ്പിക്കുമെന്നും, ഒന്നിച്ചു പരിഹരിക്കുവാന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ താനെ ഒഴിഞ്ഞുമാറുമെന്നും നാം മനസ്സിലാക്കുന്നില്ല. ഓരോരുത്തരും അവരവരുടെ കള്ളിയിലെ വെള്ളം മറ്റു കള്ളിയിലേക്ക് തേകിക്കളഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണ്.

രാജു: ‘നമ്മുടെ വ്യാപാരശാലകളുടെ വര്‍ദ്ധനവിന്റെ വേഗത നോക്കിയാല്‍ ഇതറിയാം. എല്ലാവരും വ്യാപാരികളാകുകയാണ്. വീടുകളൊക്കെ ഏതെങ്കിലും തരത്തില്‍ വ്യാപാരശാലകളായി മാറുകയാണ്. സ്വകാര്യത വര്‍ദ്ധിക്കുന്നതിന്റെ തെളിവാണിത്.

കേശു: ‘പാര്‍ട്ടികള്‍ പിളരുന്നതും, പെരുകുന്നതും ഇതിന്റെ ഫലമാണ്. ഞാനിപ്പോള്‍ കാണുന്നതു പറയട്ടെ. ആകെ പ്രളയം. സ്വകാര്യമാത്ര ജീവിതമോഹത്തിന്റെ പുളിവെള്ളത്തില്‍ വിദ്യാഭ്യാസവും, ഭരണവും, കൃഷിയും, സാഹിത്യവും, കലകളും, പ്രാര്‍ത്ഥനപോലും മുങ്ങിപ്പോയിരിക്കുന്നു. എവിടെ നോക്കിയാലും ഒന്നേ കാണാനുള്ളു. തന്‍കാര്യം മാത്രം.

മിനി: ‘ഇന്നു പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന് നാം അറിയുന്ന ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലിന്റെയും പിന്നില്‍ ഭരണകൂടങ്ങളുടെ സ്വകാര്യമോഹം പ്രവര്‍ത്തിക്കുന്നു. മറ്റൊരു സത്യം പറഞ്ഞാല്‍ നിസ്വാര്‍ത്ഥരായ വ്യക്തികളുടെ കണ്ടെത്തലുകള്‍പോലും വളരെ വേഗം കച്ചവടച്ചരക്കായി മാറ്റാന്‍ കഴിയുന്നൊരു സമൂഹത്തിലാണ് നാം വന്നുപെട്ടിരിക്കുന്നത്.

നവ: ‘ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണ്. ഒന്നിച്ചുള്ള പുരോഗതിയാണ് യഥാര്‍ത്ഥ പുരോഗതി എന്നു ദര്‍ശനം ആവര്‍ത്തിച്ചു പറയാറുള്ളതിന്റെ അടിസ്ഥാനം ഇപ്പോള്‍ ഒന്നുകൂടി തെളിഞ്ഞുവന്നു.