close
Sayahna Sayahna
Search

അമ്പലപ്പുഴയിലെ സ്ഥിതി


അമ്പലപ്പുഴയിലെ സ്ഥിതി
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: മുന്നൂറു വീടുകള്‍ക്കിടയില്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം ഈ പ്രവര്‍ത്തനം നടത്തീട്ട് ഇപ്പോള്‍ അമ്പലപ്പുഴ ഏതു ഘട്ടത്തിലാണ് എത്തിയത്?

ഉത്തരം: ആശയം എല്ലാ വീടുകളിലും എത്തി. പലേടത്തും അത് അറിവായിപ്പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. ആശയം കേട്ടതുകൊണ്ട് അറിവാകുകയില്ലല്ലോ. അറിവാകണമെങ്കില്‍ ശ്രദ്ധ വേണം. ആ അറിവു സൂക്ഷിക്കണമെങ്കില്‍ അത്യാവശ്യമാണെന്നു തോന്നണം. കുറേപ്പേര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അവരുടെ ഇടയില്‍ സംസാരവിഷയമാകാന്‍ തുടങ്ങിയിട്ടുണ്ട്.

ചോദ്യം: എതിര്‍ക്കുന്നവരുണ്ടോ?

ഉത്തരം: ഉണ്ട്. അയല്‍ക്കൂട്ടത്തെപ്പറ്റി പഠിച്ച് അറിവാക്കി, ആ അറിവിനെ വിമര്‍ശിച്ച് തെറ്റാണെങ്കില്‍ തള്ളിക്കളയുന്ന മട്ടിലുള്ള അടിസ്ഥാന എതിര്‍പ്പ് ഒരുത്തരില്‍നിന്നും ഉണ്ടായിട്ടില്ല. തങ്ങളുടേതല്ല എന്നു തോന്നി തള്ളിക്കളയുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇത് ഒരു ബദ്ധപ്പാടാണെന്നു കരുതി തള്ളിക്കളയുന്നവരുണ്ട്. ഇതിലൊക്കെ വീണാല്‍ കൈയിലെ പണം നഷ്ടമാകാനിടവരും എന്നു കരുതി ഒഴിഞ്ഞുമാറുന്നവരുണ്ട്. സമയക്കുറവും ആരോഗ്യക്കുറവും കൊണ്ട് മുന്നോട്ടു വരാന്‍ കഴിയാത്തവരുമുണ്ട്.

രാജു: ഞാന്‍ ഈയിടെ ഒരാളുടെ സംസാരം കേട്ടു. അദ്ദേഹം സന്തോഷമായി ജീവിക്കുന്നു. കുടുംബാംഗങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ ഓരോ ലക്ഷം രൂപാവീതം നിക്ഷേപമുണ്ട്. വളരെ സൗകര്യമായൊരു വീടുണ്ട്. കൃഷി, വ്യവസായം ഒന്നുമില്ല. പ്രതിമാസം കിട്ടുന്ന പലിശ ജീവിതച്ചെലവിനു വേണ്ട. മക്കള്‍ക്കെല്ലാം ജോലിയുണ്ട്. ഒരു പ്രശ്‌നവും ഇല്ല. അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്വസ്ഥനും സന്തുഷ്ടനുമാണ്. സന്തോഷമായി ജീവിക്കാമെന്നിരിക്കെ പുതിയൊരു നാളേയ്ക്കുവേണ്ടി എന്തിനു കഷ്ടപ്പെടണം എന്നാണദ്ദേഹം ചോദിക്കുന്നത്.

നവ: പലരും ഇന്നീ മനോഭാവത്തിലാണ്. ആരോടും ബന്ധപ്പെടാതെ വീടിനുള്ളില്‍ പുത്രകളത്രങ്ങളോടുകൂടി നല്ല സാധനങ്ങള്‍ പാകപ്പെടുത്തി യഥേഷ്ടം കഴിച്ച്, ടി.വി, ഫോണ്‍, കാര്‍ എല്ലാ ഉപകരണങ്ങളോടും കൂടി സ്വസ്ഥമായി ജീവിക്കുന്നു. ഇതിലുപരി എന്തുവേണം.

കേശു: ഇതു സാധിക്കാത്തവരുടെ നിലയോ?

കബീര്‍: വിദ്യാസമ്പന്നനായ ഒരാള്‍ ഈയിടെ പറയുകയുണ്ടായി ഇതിനുത്തരം. “ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് ഇതൊക്കെ നേടിയത്. എല്ലാവര്‍ക്കും ഇതിനുള്ള സ്വാതന്ത്ര്യമുണ്ട്. കണ്ടമാനം പണം ചെലവാക്കാതെ സൂക്ഷിച്ചുവച്ച് അദ്ധ്വാനിച്ച് ഉയരണം. ഓരോരുത്തരും അതിനു ശ്രമിച്ചാല്‍ മതി. ആരെങ്കിലും അതിനു പ്രാപ്തരല്ലെങ്കില്‍ അവരുടെ വിധി അവരനുഭവിക്കട്ടെ. അതിനു നമുക്ക് കാര്യമൊന്നുമില്ല. നേരവുമില്ല. നാം കഷ്ടപ്പെട്ടുണ്ടാക്കിയത് അലസന്മാര്‍ക്കുവേണ്ടി ചെലവിടാനില്ല. നമുക്ക് അനുഭവിക്കാനാണ്. മറിച്ച് ചെലവിടുന്നത് അലസത വര്‍ദ്ധിപ്പിക്കുകയേയുള്ളു.”

മിനി: ഈ വാദത്തിന് എന്തു മറുപടി പറയും?

ഞാന്‍: പ്രൊഫ: മുരളീധരമേനോന്‍സാര്‍ ഒരിക്കല്‍ ഒരു കഥ പറയുകയുണ്ടായി. ഒരാള്‍ ഒരു കാട്ടിലൂടെ നടന്നുപോയപ്പോള്‍ പിന്നില്‍ ഒരനക്കം കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പുലി വരുന്നതായി കണ്ടു. അയാള്‍ ഓടി. പുലിയും പിന്നാലെ ഓടി. പുലി അടുത്തുവെന്നു കണ്ടപ്പോള്‍ അരികില്‍ കണ്ട കുഴിയിലേക്ക് അയാള്‍ ചാടി. ഇടയ്ക്ക് ഒരു വള്ളിയില്‍ പിടികിട്ടി. അതിലയാള്‍ മുറുകെ പിടിച്ചു. തൂങ്ങിക്കിടന്നുകൊണ്ട് മേലോട്ടു നോക്കിയപ്പോള്‍ പുലി പല്ലിളിച്ചു കരയ്ക്കു നോക്കിനില്ക്കുന്നു. കരകയറിയാല്‍ കഥ കഴിഞ്ഞതു തന്നെ. താഴോട്ടിറങ്ങാം എന്നു കരുതി കീഴോട്ടു നോക്കിയപ്പോള്‍ രണ്ടു പാമ്പുകള്‍ പത്തി വിരിച്ചു നില്ക്കുന്നു. ഭയന്നുവിറച്ച് പിടിവള്ളിയില്‍ മാത്രം അഭയംതേടി കിടക്കുമ്പോള്‍ ഒരു ചെറിയ ശബ്ദം കേട്ടു. അയാള്‍ പരതി. താന്‍ പിടിച്ചിരുന്ന വള്ളിയുടെ മൂട് ഒരെലി ഇരുന്നു കരളുകയാണ്. അപ്പോഴേ അയാള്‍ ജീവിതാന്ത്യം കണ്ടു. ഭയപരവശനായി മേലോട്ടു വീണ്ടും നോക്കി. ഒരു പൂ വിടര്‍ന്ന് അതില്‍ നിന്ന് തേന്‍ ഇറ്റു വീഴുന്നു തന്റെ നേരെ മുകളില്‍. അയാള്‍ നാക്കു നീട്ടി തുള്ളിതുള്ളിയായി ഊറി വീണുകൊണ്ടിരുന്ന തേന്‍തുള്ളികള്‍ നുണഞ്ഞു കുടിച്ചു. ഹാ! എന്തു രസം! സാഹചര്യബോധം കെട്ടടങ്ങി ഉണ്ടാകുന്ന ഇത്തരം നൈമിഷികസുഖമനുഭവിക്കുന്നവരുടെ അവസ്ഥ വ്യക്തമാക്കാന്‍ ഇതില്‍പരം നല്ലൊരുദാഹരണം ആവശ്യമില്ല.

മിനി: എല്ലാവരും നശിക്കുന്ന കൂട്ടത്തില്‍ ഞാനും പോകട്ടേന്ന്. അതുവരെ സുഖമായി കഴിയാമല്ലോ എന്നവര്‍ പറയും.