close
Sayahna Sayahna
Search

ചെറുതായ് തുടങ്ങുക


ചെറുതായ് തുടങ്ങുക
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: പ്രകൃതിയില്‍ നാം കാണുന്ന എല്ലാ വലുതുകളും വലുതായി തുടങ്ങിയതല്ല. പുതിയ ലോകവും ചെറുതായ് തുടങ്ങാനേ പറ്റൂ എന്നാണ് എനിക്കു തോന്നുന്നത്. വിശ്വത്തോളം പടര്‍ന്നു വളരേണ്ട ഒരു ചെറിയ സംവിധാനമാണു “തറക്കൂട്ടം.” സാധാരണക്കാരായ ചെറിയ മനുഷ്യര്‍ക്ക് ഇതാണുചിതം. ഇതവരുടെ കൈയിലൊതുങ്ങും. ഇന്ത്യ ആകെ ഒന്നിച്ചു തുടങ്ങണം എന്നു പറഞ്ഞാല്‍, അതിന്റെ സാക്ഷാത്കാരത്തിന് നാടുതോറുമുള്ള ഈ മുളകള്‍ ആവശ്യമാണെന്നുകൂടി പറയേണ്ടിവരും. പക്ഷെ, എന്തുകൊണ്ടോ നമ്മുടെ മനസ്സില്‍ ഇത്ര ചെറുതിന് സ്ഥാനമുറയ്ക്കുന്നില്ല. ലക്ഷംപേരെങ്കിലും കൂടാത്ത ഒരു കാര്യവും ഇന്നിപ്പോള്‍ തുടങ്ങാനാവില്ല എന്നായി. പത്തുപൈസയ്ക്കു വിലയില്ലാതായതുപോലെ പത്തുവീടുകള്‍ ചേരുന്നതിനേയും നിസ്സാരമായി തള്ളിക്കളയുന്നു പലരും.

നവ: സമകാലീനചിന്ത തറക്കൂട്ടത്തിനു അനുകൂലമല്ല. കാരണം സ്വതന്ത്രചിന്തയില്‍ നിന്നുണ്ടാവേണ്ടതാണ് പുതിയ ഈ സങ്കല്പം. ചിന്താരംഗത്തും കര്‍മരംഗത്തും നാം ഇന്ന് അടിമകളാണല്ലോ.

രാജു: മോചനത്തിനെന്താണൊരു വഴി?

ഞാന്‍: ഇന്നിന്റെ വിമര്‍ശനം, നാളെയുടെ ഭാവന, അതു പ്രത്യക്ഷമാക്കാനുള്ള കര്‍മശക്തി. ഇതു മൂന്നും സാധാരണജനങ്ങളിലുണ്ടാവാതെ മോചനം സംഭവിക്കില്ല.

കേശു: ഈ സ്വതന്ത്രചിന്ത സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അഥവാ ഉണ്ടായാല്‍തന്നെ അതിനെ വളരാന്‍ അനുവദിക്കുകയുമില്ല. മനുഷ്യസ്‌നേഹികളായ പലരും ഇതിന് ശ്രമിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മനസ്സ് സ്വകാര്യപരതയുടെ തലങ്ങളില്‍ നിന്നുയരാന്‍ അനുവദിക്കാതെ അമര്‍ത്തിയിട്ടിരിക്കുകയാണ്. പല കൂടങ്ങള്‍ മാറിമാറി ശിരസ്സില്‍ പ്രയോഗിച്ചാണ് വളര്‍ച്ചയെ തടഞ്ഞുകൊണ്ടിരിക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്. ലോകമാകെയുള്ള സഞ്ചാരത്തിനിടയില്‍ ഞാന്‍ കണ്ടെത്തിയതാണിത്. മനുഷ്യന്റെ വ്യക്തിത്വം അന്യരിലേക്കു പടരാന്‍ അനുവദിക്കാതെ അവന്റെ തലയില്‍ നിരന്തരമായി മുട്ടിക്കൊണ്ടിരിക്കുന്ന മൂന്നുകൂടങ്ങള്‍ ഇതില്‍ മുഖ്യങ്ങളാണ്.

രാജു: എന്താണീ മൂന്നു കൂടങ്ങള്‍?

കേശു: ഒന്ന് ഭരണകൂടം തന്നെ. ജനാധിപത്യഭരണകൂടങ്ങളെന്നോ, ഏകാധിപത്യഭരണകൂടങ്ങളെന്നോ, സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെന്നോ ഏതു പേരില്‍ ആയിരുന്നാലും മനുഷ്യന്റെ വളര്‍ച്ചയെ ഭരണകൂടങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ഭരണകൂടത്തിലുള്ള വിശ്വാസം മാറാനിടകൊടുക്കാത്ത തരത്തില്‍ സര്‍വശക്തനാണ് ഭരണകൂടം എന്നൊരു ധാരണ ഉറച്ചുപോയി. ചൈന ഇപ്പോള്‍ ജനാധിപത്യഭരണകൂടത്തില്‍ വിശ്വാസം അര്‍പ്പിക്കുകയാണ്. രണ്ടാമത്തേത് പള്ളിക്കൂടങ്ങളാണ്. നമ്മുടെ പള്ളിക്കൂടങ്ങള്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ മനുഷ്യരാശിയോട് ചെയ്യുന്ന ദ്രോഹം അതിഭയങ്കരമാണ്. വളരെ ശൈശവത്തില്‍തന്നെ മനുഷ്യന്റെ തലച്ചോറിന്റെ മേല്‍ ഇവന്‍ പിടിമുറുക്കുന്നു. കലകളും ടെലിവിഷനുകളുമെല്ലാം വിദ്യാഭ്യാസമാദ്ധ്യമങ്ങളായിട്ടാണ് അവതരിപ്പിക്കപ്പെടുക. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനുമായി ബന്ധിപ്പിച്ചു അങ്ങനെ ആഗോളമനുഷ്യനായി വളരാന്‍ വ്യക്തികളെ തയ്യാറാക്കുന്നതിനു പകരം കൂടെയുള്ളവനെ തോല്പിക്കുകയാണ് വേണ്ടതെന്ന് പഠിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു വന്നിരിക്കുന്നു. വിദ്യാഭ്യാസം സര്‍ക്കാര്‍ അധീനതയില്‍ വച്ചിരിക്കുന്നത് അധികാരികള്‍ ചിന്തിക്കുന്നതുപോലെ ജനങ്ങള്‍ ആയിത്തീരാന്‍ വേണ്ടിയാണ്, സ്വതന്ത്രചിന്ത വളര്‍ത്താന്‍ വേണ്ടിയല്ല. ഒരു ഗവണ്മെന്റും അതാഗ്രഹിക്കുകയില്ല. മറ്റേജന്‍സികളും ഇതു തന്നെ ലക്ഷ്യമാക്കുന്നു. മറ്റുള്ളവരുടെ മനസ്സിനെ തന്നിഷ്ടംപോലെ ചലിപ്പിക്കുവാന്‍ കഴിയുന്ന ഒരുപകരണം താമസിയാതെ ഭരണത്തലവന്മാരുടെ കൈകളില്‍വരും എന്നു കേള്‍ക്കുന്നു. അതിനു മുമ്പ് ലോകം പൊട്ടിത്തെറിച്ചുപോയെങ്കില്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഞാനൊഴിച്ച് വ്യക്തിത്വമുള്ള മറ്റാരും ഭൂമിയില്‍ വേണ്ട, എനിക്കുവേണ്ടി പണിയെടുക്കുന്നവര്‍ മതി എന്നു കരുതുന്നത് എത്ര ഭീകരമാണ്. മുമ്പ് അടിമയുടെ കാലിലെ ചങ്ങല നമുക്ക് പ്രത്യക്ഷമായി കാണാമായിരുന്നു. ഇന്ന് മനുഷ്യരാശിയുടെമേല്‍ ഭരണകൂടങ്ങള്‍ ചെലുത്തുന്ന നിയന്ത്രണം അത്ര സ്പഷ്ടമായി കാണാനാവുകയില്ല. വികാരം കൊണ്ടിട്ട് കാര്യമില്ലെന്ന് എനിക്കറിയാം. ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനപരമായി ശരിയല്ലെന്നും എനിക്കറിയാം. ഒരിക്കലും പരസ്പരം അംഗീകരിക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടുജീവിക്കുവാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന നമ്മള്‍ ഓരോരുത്തരും തന്നെയാണ് കുറ്റക്കാര്‍ എന്നും എനിക്കറിയാം. എങ്കിലും ഈ ബീഭത്സചിത്രത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആരും വികാരം കൊണ്ടുപോകും.

രാജു: വളരെ ശരിതന്നെ. നമ്മളെന്തു ചെയ്താലും ഫലമില്ലെന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഭരണകൂടങ്ങളുടേയും പള്ളിക്കൂടങ്ങളുടേയും സ്വാധീനവലയത്തിലാണ് ലോകം. മൂന്നാമതൊരു കൂടംകൂടി കേശു കണ്ടെത്തിയതെന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

കേശു: നോട്ടടിക്കുന്ന അച്ചുകൂടമില്ലേ, അതുതന്നെ! രണ്ടു മനുഷ്യര്‍ തമ്മിലുള്ള കടപ്പാട് നാണയം കൊണ്ട് മുറിച്ചുകളയാനുള്ള പ്രതിഫലമെന്ന ഈ ഏര്‍പ്പാട് സംസ്‌കാരമുള്ള മനുഷ്യരാശിക്കു സഹിക്കാനാവുന്നതല്ല. എന്തിനും പ്രതിഫലം! പ്രതിഫലം കൂടാത്ത ഒരു പ്രവൃത്തിയും സങ്കല്പിക്കാനേ കഴിയുകയില്ല. മനുഷ്യബന്ധങ്ങളില്‍ നാണയം വരുത്തിക്കൊണ്ടിരിക്കുന്ന വിടവ് ബന്ധുത്വബോധം കൊണ്ട് നാം നികത്തിയില്ലെങ്കില്‍ അന്യത്വം എന്ന വിഷയം മനുഷ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വ്യാപിച്ചുപോകും പ്രതിഫലം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴെല്ലാം ബന്ധം മുറിയുകയാണ്. മനുഷ്യന്റെ ജീവരക്തത്തില്‍ നിന്ന് പ്രതിഫലം എന്ന ഈ വിഷയം മാറ്റുന്നതിനുള്ള ഏറ്റവും പറ്റിയ ഒരു മരുന്ന് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

ഞാന്‍: ഇതിനൊരു പോംവഴി കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ഞങ്ങള്‍ കുറച്ചുകാലമായി ഏര്‍പ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ കണ്ടെത്തിയ ഒരു മറുമരുന്നാണ് ‘തറക്കൂട്ടം ’.

നവ: ഇന്നത്തെ ജനങ്ങളുടെ ഇടയില്‍ എങ്ങനെയിതു നടപ്പിലാക്കും?