പുതിയ ലോകസംവിധാനം
പുതിയ ലോകസംവിധാനം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: സമൂഹങ്ങളുടെ സംവിധാനം എങ്ങനെ ആയിരിക്കും?
ഉത്തരം: തൊട്ടടുത്തുള്ള 10-15 വീടുകള്‍ ചേര്‍ന്നുള്ള തറക്കൂട്ടങ്ങളായിരിക്കും. അടിസ്ഥാന സമൂഹജീവിത ഘടകം. ഓരോ തറക്കൂട്ടവും ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ഓരോ തറയും കൂടുന്നത് ലോകത്തിനാകെ വേണ്ടിയായിരിക്കും എന്നതുകൊണ്ട് തറക്കൂട്ടയോഗത്തില്‍ ആര്‍ക്കും സംബന്ധിക്കാം. അഭിപ്രായം പറയുകയും ചെയ്യാം. അഞ്ചുതറകള്‍ ചേരുന്നതാണ് ഒരയല്‍ക്കൂട്ടം. 50-60 വീടുകള്‍ കാണും. അഞ്ചയല്‍ക്കൂട്ടത്തില്‍ പെട്ട 250-300 വീടുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും കൂടിയാണ് പുത്തന്‍ സമൂഹത്തിന് താങ്ങായി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നു ഘടകത്തിലും വ്യക്തികള്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കും. ഇതിനു മേലോട്ട് പ്രതിനിധി സഭകളാണ്. അഞ്ച് ഗ്രാമക്കൂട്ടക്കാര്‍ ഓരോരുത്തരെ വീതം നിശ്ചയിച്ച് അഞ്ചുപേരടങ്ങുന്ന വാര്‍ഡുകമ്മറ്റി ഉണ്ടാകുന്നു. വാര്‍ഡുകമ്മറ്റി യോഗങ്ങളില്‍ ആര്‍ക്കും പങ്കെടുത്ത് അഭിപ്രായം പറയാം. അഞ്ചുവാര്‍ഡു കമ്മറ്റികളില്‍ ഓരോന്നും നിശ്ചയിക്കുന്ന അഞ്ചുപേര്‍ ചേര്‍ന്ന് പഞ്ചായത്തു സമിതി രൂപപ്പെടുന്നു. ജനപ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥന്മാരാരും പ്രതിനിധി സഭകളിലൊന്നിലും ഉണ്ടായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥരെന്നൊരു വര്‍ഗമേ ഉണ്ടാവില്ലെന്നോര്‍ക്കണം. എല്ലാവരും ഉദ്യോഗസ്ഥര്‍. മേലോട്ടു ചെല്ലുന്തോറും വാര്‍ത്താവിനിമയ ഘടകം എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഈ പ്രതിനിധി സഭകള്‍ക്ക് ഉണ്ടാവില്ല. ഏതുതലത്തിലെ യോഗത്തിലും ഏതൊരാള്‍ക്കും പങ്കെടുക്കാം. സംഭവിച്ചു കണ്ടാലല്ലാതെ ഇപ്പോള്‍ ഇത് രൂപകല്പനചെയ്യാന്‍ എനിക്കാവില്ല. തറകള്‍ ഉറച്ചാല്‍ നല്ല അടിസ്ഥാനമായി.
|