close
Sayahna Sayahna
Search

ദര്‍ശനത്തിന്റെ സമീപനം


ദര്‍ശനത്തിന്റെ സമീപനം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ഇതു സംഭവിക്കുമെന്നറിഞ്ഞു തന്നെ പ്രവര്‍ത്തനം തുടങ്ങണം. ഒന്നാമത് സ്വന്തം പാര്‍ട്ടിയില്‍ നിന്നോ ജാതിമത സംഘടനകളില്‍ നിന്നോ വിട്ടുപോരാനാരോടും ആവശ്യപ്പെടരുത്. പ്രവര്‍ത്തകര്‍ ആരും നില്ക്കുന്ന ഗ്രൂപ്പുകളില്‍ നിന്നു സ്വയം വിട്ടുപോരികയും അരുത്. അതോടൊപ്പം പുതിയൊരു പരീക്ഷണമെന്ന നിലയില്‍ പ്രാദേശിക സമൂഹ രചനയ്ക്കുവേണ്ടി ശ്രമമാരംഭിക്കണം.

മിനി: പാര്‍ട്ടിക്കുപുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് നേതൃത്വം വിലക്കിയാലോ?

ഞാന്‍: പാര്‍ട്ടിപ്രവര്‍ത്തകര്‍ അതനുസരിക്കണം. പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കരുത്. പാര്‍ട്ടി നേതാക്കന്മാരെ പുതിയ പരീക്ഷണത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കണം.

ചോദ്യം: ഭരണകൂടങ്ങളോടുള്ള നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം?

ഉത്തരം: ഭരണകൂടം കൈയിലെടുത്ത് ശക്തമായ ഒരു ഉപകരണമാക്കി ബഹുജനങ്ങളുടെമേല്‍ പ്രയോഗിച്ച് പുത്തന്‍ വ്യവസ്ഥിതി സാധിക്കാം എന്നു കരുതരുത് എന്നാണെന്റെ അഭിപ്രായം. ഭരണകൂടങ്ങളെ സാവധാനം ഒഴിവാക്കുകയാണ് വേണ്ടത്. അതിന് ഗവണ്മെന്റിനെതിരായുള്ള സമരങ്ങള്‍ നിറുത്തിവയ്ക്കണം. ആവശ്യങ്ങള്‍ ഉന്നയിക്കാം. തരുന്നതു വാങ്ങാം. സര്‍ക്കാരിലേക്ക് കൊടുക്കേണ്ടതു കൊടുക്കാം. ഗവണ്മെന്റുകളെ ജനം സഹിക്കണം. എതിര്‍ക്കരുത്. എന്തിന്? ഗവണ്മെന്റില്‍നിന്ന് മോചനം നേടാന്‍വേണ്ടി. തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കുമുള്ള ജാഥകള്‍ നാട്ടിന്‍പുറങ്ങളിലേക്കു തിരിച്ചുവിടണം. അധികാരത്തിലൂന്നിയുള്ള നോട്ടം വിട്ട് ജനങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. സര്‍ക്കാര്‍ ജനങ്ങള്‍ക്കും പ്രകൃതിക്കും ഹാനികരമായ പലതും ചെയ്‌തെന്നുവരും. പലതിനും കൂട്ടുനിന്നെന്നും വരും. എങ്കിലും എതിര്‍ക്കാന്‍ നില്ക്കാതെ ഇടതുകൈകൊണ്ട് വിലക്കിയിട്ട് വലതുകൈ ജനങ്ങളിലുറപ്പിക്കണം. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സമരം തുടങ്ങിയാല്‍ നാട്ടില്‍ മനുഷ്യബന്ധം വളര്‍ത്തുന്ന ജോലി നടക്കില്ല.

സര്‍ക്കാരിനെതിരായി ഇന്നു നടക്കുന്ന ഭൂരിഭാഗം സമരങ്ങളും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ നാമെന്നും തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണുള്ളത്. സമരവും സഹായവും പ്രകടനവുമെല്ലാം വോട്ടില്‍ കണ്ണുനട്ടുകൊണ്ടാണ് ചെയ്യുന്നത്. വോട്ടും തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പു സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ നമുക്കു വോട്ടു ചെയ്യാം. അതിന് അമിത പ്രാധാന്യം നല്‍കാതിരുന്നാല്‍ മതി. പ്രധാനവും പ്രഥമവുമായ കാര്യം ഏതെന്നു തിരിച്ചറിയണം. പ്രാദേശിക സമൂഹ നിര്‍മാണം തന്നെയാണ് ലോകത്തിന് ഇനി ആവശ്യം. ജനപ്രതിനിധികളെയല്ല. നാട്ടിലെ കാര്യങ്ങള്‍ നാട്ടുകാരാണ് നോക്കേണ്ടത്. മനുഷ്യന്റെ നിത്യജീവിതത്തില്‍ സദാ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കേന്ദ്രാധികാരം മനുഷ്യനാവശ്യമാകരുത്. മനുഷ്യന്‍ അന്യോന്യജീവിതത്തിന് തയ്യാറാകുന്നില്ല എന്നതാണ് ഗവണ്മെന്റുകളെ ആവശ്യമാക്കിത്തീര്‍ത്തിരിക്കുന്നത്. നമുക്കു പുതിയൊരു ഗവണ്മെന്റല്ല; പുത്തന്‍ സമൂഹജീവിതമാണാവശ്യം. ഈ ബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ തടസ്സമായേ വരൂ. അഭിപ്രായം പറയരുതെന്നല്ല; അതു പറയണം. എന്നാല്‍ പുതിയ നിയമനിര്‍മാണത്തിനും നിരോധനങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നതിനു പകരം നാട്ടില്‍ പുതിയ ജീവിതത്തിനു കളമൊരുക്കുകയാണ് ബുദ്ധി. ഇതിന് തടസ്സമാകാത്ത തരത്തിലായിരിക്കണം ഗവണ്മെന്റിനോടുള്ള സമീപനം.

ഏതാവശ്യവും സമരരൂപത്തില്‍ അവതരിപ്പിക്കപ്പെടണം, എന്നാണ് ഇന്ന് മന്ത്രിസഭകള്‍പോലും ആഗ്രഹിക്കുന്നത്. സമരം സര്‍ക്കാരിന്റെ നിലനില്പിന്റെ-ശക്തികേന്ദ്രീകരണത്തിന്റെ-അനിവാര്യ ഘടകമായിത്തീര്‍ന്നിട്ടുണ്ട്. സെക്രട്ടറിയേറ്റിനെയും, നിയമസഭകളേയും ശല്യം ചെയ്യാതെ നമുക്കിനി ജനങ്ങളെ ശല്യം ചെയ്യാം. ഗവണ്മെന്റിനെ ഉണര്‍ത്തുന്നതിനു പകരം ജനങ്ങളെ ഉണര്‍ത്താം. പ്രശ്‌നങ്ങളുടെ നേരെ സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കുന്നതിനു പകരം നാടിന്റെ ശ്രദ്ധ തിരിക്കണം. പാര്‍ലമെന്റും നിയമസഭകളും പഞ്ചായത്തുകളും രൂപീകരിക്കുന്നതുകൊണ്ടു നിറുത്താതെ പ്രാദേശികസഭകള്‍കൂടി രൂപീകരിക്കണം. പ്രതിനിധി സഭകളില്‍ മാത്രം പോരാ നാട്ടിലും നാട്ടുകാര്‍ നിയമങ്ങള്‍ ഉണ്ടാക്കണം. നാടിന്റെ തീരുമാനം പാര്‍ലമെന്റിന്റെ തീരുമാനങ്ങളേക്കാള്‍ എത്രവേഗം നടപ്പിലാക്കാം, എത്ര ഉചിതമായിരിക്കും അവ. ഈ പ്രാദേശിക സമൂഹങ്ങളിലൂന്നിയുള്ള പുത്തന്‍ സംവിധാനം പരക്കെ ഉണ്ടാകുന്നതു വരെ ഗവണ്മെന്റുകള്‍ നിലനില്‌ക്കേണ്ടത് ആവശ്യമാണ്. ഇത് ബലപ്പെടുമ്പോള്‍ അത് ദുര്‍ബലമായിക്കൊള്ളും. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങളെ പരസ്പരം കണ്ണിചേര്‍ക്കുന്നതിനു പകരം വേര്‍തിരിച്ചു നിര്‍ത്തിക്കൊണ്ട് കേന്ദ്രാധികാരത്തെ ബലപ്പെടുത്തുവാനാണ് ഇനിയും നാം ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രങ്ങള്‍ സദാ ലഹളബാധിത പ്രദേശങ്ങളായി മാറുകയല്ലാതെ സ്വസ്ഥജീവിതം ഒരിടത്തും ഉണ്ടാവുകയേ ഇല്ല. ജനങ്ങള്‍ ചെയ്യേണ്ടതിനു പകരം നില്ക്കാന്‍ ഒരു ഗവണ്മെന്റിനും സാധ്യമല്ല. പുതിയ ലോകം പുതിയ മനുഷ്യനിലൂടെ സംഭവിക്കേണ്ടതാണ്. പുതിയ സര്‍ക്കാരിലൂടെ സാധിക്കേണ്ടതല്ല.