close
Sayahna Sayahna
Search

സ്വകാര്യപരതയുടെ പരിണാമങ്ങള്‍


സ്വകാര്യപരതയുടെ പരിണാമങ്ങള്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

രാജു: വളരെ ശരിയാണത്. വളരെ വിശാലമായി സംസാരിക്കുമ്പോഴും നാം വളരെ ചെറുതാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. നായര്‍ക്ക് നായരായി നിന്നുകൊണ്ടുതന്നെ വിഭാഗീയതകളില്ലാത്ത മാനുഷികതയെപ്പറ്റി ഒത്തിരിയൊത്തിരി പറയാനാവും. അവ നമ്മില്‍നിന്നു പുറത്തേക്കുപോകുന്ന വാക്കുകളാണ്. നമ്മിലേക്ക് ഒരിക്കലും തിരിച്ചുവരുന്നതേയില്ല.

ഞാന്‍: തലമുറ തലമുറയായി തുടര്‍ന്നുപോരുന്ന ഈ സ്വകാര്യ ജീവിതശൈലി നമ്മുടെ മനസ്സിനെയാകെ വികൃതമാക്കിയിരിക്കുകയാണ്. നമ്മുടെ മനസ്സില്‍ മാനുഷികമൂല്യങ്ങള്‍ക്കു വളരാന്‍ തരപ്പെടാത്ത ഒരവസ്ഥ ഇവന്‍ സൃഷ്ടിച്ചുകഴിഞ്ഞു. ചിലതു പറയാം; പൊതുവഴിയില്‍ നിന്ന് നമ്മുടെ പറമ്പിലേക്ക് കഴിയുന്നത്ര മണ്ണ് കോരിയെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മനസിക ഘടന പൊതുവില്‍ ഉണ്ടായിപ്പോയിട്ടുണ്ട്. അടുത്ത പറമ്പിലെ മരം നമ്മുടെ വേലിക്കകത്തായിരുന്നുവെങ്കില്‍ എന്ന് ആശിക്കും. വേലി സാവധാനം അല്പം വളച്ചുകൊണ്ട് ഒരവകാശവാദം ഉന്നയിക്കാന്‍ നമുക്കു മടിയില്ല. നമ്മെക്കാള്‍ മോശപ്പെട്ടൊരു വീട് നമ്മുടെ ഒപ്പം വരുവാന്‍ നാം ഇഷ്ടപ്പെടുന്നില്ല. നമ്മേക്കാള്‍ താഴെയാണെന്നു കരുതപ്പെടുന്ന ഒരു ജാതിക്കാരന്‍ നമ്മോടു തുല്യതയില്‍ നിന്നു സംസാരിക്കുമ്പോള്‍ എന്തോ ഒരു ക്രമക്കേട് സംഭവിച്ചതുപോലെ തോന്നിപ്പോകുന്നു. നമ്മുടെ വീട്ടിലെ മാവില്‍നിന്ന് ഒരു മാങ്ങ നമ്മുടെ വീടിന്റെ പുറത്തു വീണാലത്തെപ്പോലെയുള്ള അനുഭവമല്ല അയല്‍വീട്ടിലെ മാങ്ങ നമ്മുടെ പുരപ്പുറത്തു വീണാല്‍ തോന്നുക. നമ്മുടെ വീട്ടിലെ ഇല്ലി വളര്‍ന്നു ചാഞ്ഞ് അടുത്ത വീട്ടുകാര്‍ക്ക് അസഹ്യമാകുന്നത് നാം ശ്രദ്ധിക്കുന്നില്ല; അവരുടെ വീട്ടിലെ റേഡിയോ നമ്മുടെ കുട്ടിയുടെ പഠിത്തത്തെ ബാധിക്കുമ്പോള്‍ നമുക്കു വെറുപ്പുതോന്നുന്നു. നമ്മുടെ കൃഷിയേക്കാള്‍ മെച്ചമാണ് അയല്‍നിലത്തിലെ കൃഷിയെന്നു കാണുമ്പോള്‍ അസൂയ തോന്നുന്നു. അടുത്ത വീട്ടില്‍ ഒരു കാര്യം മംഗളമായി നടക്കുമ്പോള്‍ നമുക്കതില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ല. അയല്‍വീട്ടുകാരന്‍ കോടാലി ഉണ്ടോ എന്നു ചോദിച്ചാല്‍ ‘ഇതാ ഉണ്ട് കൊണ്ടുപോകാം ’ എന്നു പറയാനല്ല ‘ഇല്ല ’ എന്നു പറയാനാണ് തോന്നുക. തന്റെ കുട്ടി പഠിക്കുന്ന ഒരു ക്ലാസ്സില്‍ എല്ലാ കുട്ടികളും ജയിച്ചു എന്നു കേള്‍ക്കുന്നതിനേക്കാള്‍ നമുക്കു സന്തോഷം തോന്നുക വളരെപ്പേര്‍ തോറ്റപ്പോള്‍ തന്റെ കുട്ടി ജയിച്ചു എന്നു കേള്‍ക്കുന്നതിലാണ്. അന്യമതസ്ഥന്, അന്യകക്ഷിക്കാരന്, അന്യരാഷ്ട്രത്തിന് ഒക്കെ നേരിടുന്ന വിപത്തുകളില്‍പോലും മാനുഷികമായ സഹതാപം ഉണ്ടാവാനാകാത്തതരത്തില്‍ പലരുടേയും മനസ്സ് സങ്കോചിച്ചുപോയിരിക്കുന്നു. സ്വകാര്യപരതയുടെ ചൂടില്‍ മനുഷ്യമനസ്സാകെ വരണ്ട് കട്ടിയായിപ്പോയി. ആര്‍ദ്രത വറ്റിപ്പോയി. പെട്ടെന്നു ദേഷ്യം വരും. എന്തു കഠിന കൃത്യവും ചെയ്യും. ദീര്‍ഘകാലമായി ഇണങ്ങിക്കഴിഞ്ഞവരോട് ഒരു ചെറിയ കാരണം കൊണ്ട് പെട്ടെന്നു പിണങ്ങും. മനസ്സിന് പൊരുത്തപ്പെടുവാനുള്ള അയവ് വളരെ കുറഞ്ഞുപോകുന്നതാണിതിന് കാരണം. സ്വകാര്യജീവിതാസക്തി കൂടുന്നതനുസരിച്ച് നമ്മുടെ ജീവിതശൈലി വളരെ തരംതാണുപോകും. അയല്‍ക്കാരെന്നോ, സഹോദരനെന്നോ ഒന്നും പരിഗണിക്കാതെ കഴിയുന്നതും മറ്റുള്ളവരില്‍നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത കൂടിക്കൂടിവരും. ഈ ഗതിയിലാണിന്നു ലോകം. സ്വകാര്യതയിലേക്കുള്ള ഈ സങ്കോചം മറ്റേതിനേക്കാളും വിശാലഭാവനയെ തടസ്സപ്പെടുത്തിക്കൊണ്ടാണിരിക്കുന്നത്.