close
Sayahna Sayahna
Search

നവാഗതര്‍


നവാഗതര്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കിഴക്കുവശത്തുനിന്ന് ആരൊക്കെയോ നടന്നുവരുന്നുണ്ടായിരുന്നു. കുടിലിന്റെ ഇറ താഴ്ന്നതാണ്. കാണാന്‍ വയ്യ. കുടിലിന്റെ ദര്‍ശനം വടക്കോട്ടാണ്. രാധിക കാട്ടിക്കൊടുത്ത വഴിയിലൂടെ അവര്‍ കുടിലിനു മുന്‍പിലെത്തിയപ്പോഴാണ് ഞങ്ങള്‍ കാണുന്നത്. രണ്ടുപേരും എന്റെ പരിചയക്കാരാണ്; മിനിയും, കബീറും. ആലപ്പുഴക്കാര്‍. കൂട്ടത്തില്‍ കൂടാന്‍ പറ്റിയവര്‍. ഞങ്ങള്‍ എല്ലാപേരും എഴുന്നേറ്റ് അകത്തുവരുവാന്‍ അവരെ ക്ഷണിച്ചു. നവനും മറ്റും അവരെ അറിയില്ല. അകത്താണെങ്കില്‍ സ്ഥലം കുറവ്. അവരെല്ലാം മടിച്ചു. പൂര്‍വകാലബന്ധുക്കളെ മാതിരി നവന്‍ അവരെ രണ്ടുപേരേയും അകത്തേക്കു പിടിച്ചിരുത്തി. നവനും രാജുവും കസേരയില്‍നിന്നും ഞങ്ങളുടെ കട്ടിലിലേക്കു മാറി. കബീറും, മിനിയും കസേരകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായി. നല്ല ദിവസം. ഞാന്‍ വിചാരിച്ചു. മനസ്സടുപ്പമുള്ളവര്‍ ഒന്നിച്ചുചേരുക, താത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുക, പുതിയ കണ്ടെത്തലുകളിലേക്ക് ഒന്നിച്ചുയരുക. ഇതില്‍പരം ആനന്ദകരമായി മറ്റെന്തുണ്ട്? പരിചയപ്പെട്ടശേഷം കബീര്‍ വിഷയത്തിലേയ്ക്കു വന്നു.

കബീര്‍: ഈയിടെ ആലപ്പുഴയില്‍ അഖിലേന്ത്യാതലത്തില്‍ ഒരു സ്‌കൗട്ട്ക്യാമ്പ് നടന്നു. ആ ക്യാമ്പില്‍ കുട്ടികളുടെ ഭാവനയെ പുതിയ ലോകത്തിന്റെ രൂപഭാവങ്ങളിലേക്ക് കൊണ്ടുവരുവാന്‍ ഒരു ലേഖന മത്സരം നടക്കുകയുണ്ടായി. ‘പുതിയ ലോകം ’ ആയിരുന്നു വിഷയം. അതേസമയം തന്നെ നവസമൂഹരചനയെപ്പറ്റി അമ്പലപ്പുഴയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തുകയായിരുന്നു.

മിനി: ഞങ്ങള്‍ ആലപ്പുഴയില്‍ ഏതാനും സുഹൃത്തുക്കള്‍ ഇതേ വിഷയം ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. ഞങ്ങള്‍ ഒരു ചോദ്യാവലി തയ്യാറാക്കി തിരഞ്ഞെടുത്ത കുറച്ചുപേരെ സമീപിച്ച് ഇതിനവര്‍ക്കുള്ള ഉത്തരം അറിയുവാന്‍ നിശ്ചയിച്ചു. സാറിനോടും സംസാരിക്കണം എന്നു കരുതിയാണിങ്ങോട്ടു വന്നത്.

നവ: ആ ചോദ്യാവലി നിങ്ങളുടെ കൈവശം ഉണ്ടോ?

“ഉണ്ട്, ഇതാ നോക്കണം.” എന്ന് പറഞ്ഞ് മിനി ബാഗില്‍നിന്നും ഒരു ഡയറിയെടുത്തടയാളം വച്ച് നവനു നല്‍കി. വളരെ ജിജ്ഞാസയോടെ നവനതു വാങ്ങി ആകെയൊന്നു നോക്കിയിട്ടു പറഞ്ഞു.

നവ: ഞങ്ങള്‍ ഇന്നു സംസാരിക്കാനുദ്ദേശിച്ചുവന്ന പലേ പോയിന്റുകളും ഇതിലുണ്ട്. അത്ഭുതകരമായ ഒരു സഹയോഗമാണ് ഇവിടെ സംഭവിച്ചത്. നിങ്ങള്‍ക്കും ഇന്നിവിടെ വരാന്‍ തോന്നിയല്ലോ?

മിനി: നമ്മുടെ ചര്‍ച്ച ഈ ടേപ്പിലെടുക്കാന്‍ വിരോധമില്ലല്ലോ?

ഞാന്‍: ടേപ്പില്‍ വന്നുകൊള്ളട്ടെ. എന്താണ് രാജുവിന്റെ അഭിപ്രായം?

രാജു: എനിക്കല്പമൊരു തിരുത്തുണ്ട്. ഇവര്‍ ഒരു ചോദ്യാവലി തയ്യാറാക്കി സാറിന്റെ അഭിപ്രായം അറിയുവാന്‍ വന്നിട്ടുള്ളവരാണ്. അത് ഓരോന്നായി വായിക്കുക. സാര്‍ ഉത്തരം പറയുക. ഞങ്ങള്‍ കേട്ടിരിക്കാം. അതിനുശേഷം പോരെ ചര്‍ച്ച?

കബീര്‍: ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അതാണെങ്കിലും, നമ്മളിത്രയും പേര്‍ ഒരേകാര്യം ഉദ്ദേശിച്ചുകൂടിയവരാണല്ലോ? പല അഭിപ്രായങ്ങളും വരുന്നത് ഞങ്ങള്‍ക്കു പ്രയോജനമാകും. ഈ ടേപ്പിന്റെയടിസ്ഥാനത്തില്‍ ഞങ്ങള്‍ ആലപ്പുഴയില്‍ ചര്‍ച്ച തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.