പുതിയ ലോകത്തില്‍ തൊഴില്‍
പുതിയ ലോകത്തില്‍ തൊഴില്‍ | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: ആ പുതിയ ലോകത്തില്‍ തൊഴില്‍ സംവിധാനം എങ്ങനെ ആയിരിക്കും?
ഉത്തരം: ചെറുവാണ്ടൂരില്‍ നിന്ന് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥി ഇതേ ചോദ്യം എഴുതി ചോദിച്ചിരുന്നു. ഇന്നത്തേതില്‍നിന്ന് വളരെ വ്യത്യസ്തമായിരിക്കും പുതിയ തൊഴില്‍ സങ്കല്പം. തൊഴിലിന് തൊഴിലെന്ന നിലയില്‍ ഇന്നുകാണുന്ന മാതിരി ഒരു ഭാരം അന്നുണ്ടാവുകയേ ഇല്ല. ജീവിതത്തോട് ഇണങ്ങിച്ചേര്‍ന്നുനില്ക്കും തൊഴിലുകളെല്ലാം. നെയ്ത്ത് അന്ന് വെറും ഒരു തൊഴിലല്ല; യജ്ഞമാകും. കൃഷിയും അങ്ങനെതന്നെ. ആ പുതിയ ലോകത്തില്‍ ഒരു വ്യക്തി പണിയെടുക്കുന്നത് ഒരു വിശ്വകുടുംബ ജീവിതകാര്യം എന്ന നിലയ്ക്കായിരിക്കും. അമ്മ അടുക്കളത്തോട്ടത്തില്‍ ചീര നടുമ്പോള്‍ മനസ്സില്‍ തൊഴില്‍ എന്നൊരു ഭാവന ഉണ്ടാകുന്നുണ്ടോ? തൊഴിലാളി, മുതലാളി, മൂലധനം, ലാഭം ഈ വക ചിന്തകളൊന്നും അമ്മയിലില്ല. വീട്ടിലുള്ളവര്‍ക്ക് കൂട്ടാന്‍ വയ്ക്കാന്‍ ചീരവേണം. അതവരുടെ കുടുംബജീവിത കാര്യമാണ്. വേണ്ടത് അധികം ഉണ്ടായാല്‍ അയല്‍വീടുകള്‍ക്ക് പങ്കിടുന്നു. ചിലപ്പോള്‍ കുറവാണെങ്കില്‍ പോലും അതിന്റെ പങ്ക് അയല്‍ക്കാര്‍ക്കും കൊടുക്കുന്നു. ഇവിടെ വിതരണ ചിന്തയൊന്നും ഇല്ല. ഇതുപോലെ മനുഷ്യരാശി വിശ്വകുടുംബ ബോധത്തില്‍ വരുമ്പോള്‍ എല്ലാത്തരം തൊഴിലുകളും ജീവിതത്തില്‍ ലയിച്ച് ആര്‍ക്കും പ്രത്യേക ഭാരം ഇല്ലാതായിത്തീര്‍ന്നുപോകും. തൊഴില്‍ ജീവിതമാകും. സന്തോഷമാകും. തൊഴിലില്‍നിന്ന് വിട്ടൊരു ജീവിതമില്ലെന്നാകും.
ചോദ്യം: അപ്പോള്‍ തൊഴിലിന്റെ പ്രേരണ എന്തായിരിക്കും?
ഉത്തരം: ആവശ്യബോധം. കുടുംബാവശ്യം എന്നു കണ്ടാല്‍ എത്ര കഠിന ജോലിയും ചെയ്യുവാന്‍ ആരും മടിക്കില്ല. തൊഴില്‍പ്രേരണ എന്നൊരു പ്രത്യേക പ്രേരണതന്നെ ഉണ്ടാവില്ല. ഞാന്‍ ജീവിക്കുന്നത് എന്നെ ഉള്‍ക്കൊള്ളുന്ന എന്റെ സമൂഹത്തിനും കൂടിയാണ്. അന്യ ഒരാള്‍ക്കുവേണ്ടി പണി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് പ്രത്യേക പ്രേരണ വേണ്ടത്. പുതിയ ലോകത്തില്‍ അന്യത്വം അവസാനിക്കുന്നു. എന്റെ നിലനില്പ് എല്ലാവരുടേയും ആവശ്യമാണ്. എല്ലാവരുടേയും നിലനില്പ് എന്റേയും ആവശ്യമാണ്. അപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നത് ഒരു വയര്‍ അല്ലെങ്കില്‍ മൂന്നുവയര്‍ എന്ന കാഴ്ചപ്പാടിലല്ല ലോകത്തിനു വേണ്ടിയുള്ള യജ്ഞം എന്ന നിലയ്ക്കാണ്. എനിക്കു ഡ്രൈവിംഗറിയാം എന്നിരിക്കട്ടെ. ഞാന്‍ വാഹനമോടിക്കുന്നത്, ആര്‍ക്കൊക്കെ ആ യാത്ര ഉപകരിക്കുമോ അവര്‍ക്കെല്ലാം വേണ്ടിയാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ യാത്ര ചെയ്യുന്നത് എനിക്കുകൂടി വേണ്ടിയിട്ടാണെന്നുള്ള ഒരറിവ് എനിക്കുണ്ട്. ഡ്രൈവിംഗ് പഠിപ്പിക്കുമ്പോള്‍ എന്നെ ആ വഴിക്കാണ് ഗുരു ചിന്തിപ്പിക്കുന്നത്. പുതിയ ലോകത്തില്‍ സാമൂഹ്യബോധം കേവലം ഒരറിവായിരിക്കുകയില്ല. അനുഭവമായിരിക്കും. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഞാന്‍ വണ്ടിയോടിക്കുന്നതും, യാത്രക്കാര്‍ യാത്ര ചെയ്യുന്നതും എല്ലാവര്‍ക്കും വേണ്ടിയാണെന്ന് എല്ലാവരും അറിയുന്നു. തൊഴില്‍രംഗത്ത് ഇന്നുള്ള ഉച്ചനീചത്വം ഇതോടെ ഇല്ലാതാകുന്നു. ആവശ്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് ഓരോ തൊഴിലും ഉച്ചസ്ഥാനത്തുവരും. കടത്തു കടക്കേണ്ടി വരുമ്പോള്‍ കടത്തുകാരനാണ് പ്രഥമസ്ഥാനം. ജീവിക്കുക എന്നാല്‍ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുകയാണ്. എല്ലാവരും തൊഴിലാളികളായിരിക്കും. തൊഴിലില്ലാത്തവരാരും ഉണ്ടാവില്ല. ജീവിക്കാനുള്ള പ്രേരണയും തൊഴില്‍ പ്രേരണയും വേര്‍തിരിക്കേണ്ട ആവശ്യമേ വരില്ല.
|