പുതിയ ലോകത്തില്‍ പ്രതിഫലം
പുതിയ ലോകത്തില്‍ പ്രതിഫലം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: പുതിയ ലോകത്തില്‍ ജോലിക്ക് പ്രതിഫലം ഏതു തരത്തിലായിരിക്കും?
ഉത്തരം: സ്വന്തം കുടുംബത്തില്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ? പ്രതിഫലം ജോലിയില്‍ ലയിച്ചു നില്ക്കും. ദാഹിക്കുന്ന ഒരാള്‍ക്ക് മറ്റൊരാള്‍ വെള്ളം കൊണ്ടുവന്നുകൊടുക്കുന്നു. ദാഹശമനമാണതിന്റെ പ്രതിഫലം. പ്രതിഫലത്തിനു വിലയെന്ന രൂപത്തില്‍ സ്ഥാനം വരുന്നത് അന്യത്വം നിലനില്ക്കുമ്പോള് മാത്രമാണ്. നാണയത്തിനു സര്‍വാധികാരമുള്ള ഇക്കാലത്തുപോലും സുഹൃത്തുക്കളുടെ ഇടയില്‍ അതിനു സ്ഥാനം ഇല്ലാതായി പോകാറില്ലേ? പുതിയ ലോകത്തില്‍ വില, കൂലി, പലിശ, മൂലധനം തുടങ്ങിയ ശബ്ദങ്ങള്‍തന്നെ ഉണ്ടാവില്ല. ഓരോ പ്രവൃത്തിയും അതിന്റെ പ്രതിഫലവും കൂടി ആയിരിക്കും. ബുക്കുതുന്നുന്ന ഒരാളിന്റെ പ്രതിഫലം ബുക്കുണ്ടാവുന്നു എന്നതാണ്. നെയ്ത്തിന്റെ പ്രതിഫലം വസ്ത്രം. കിണര്‍ കുഴിക്കുന്നതിനുള്ള പ്രതിഫലം തെളിനീര്. ഒന്നുകൂടി വ്യക്തമാക്കാം. മരംകയറ്റമറിയാവുന്നവര്‍ മരം കയറുന്നു. മരംകയറ്റം ആരോഗ്യമുള്ള എല്ലാവരും പഠിച്ചിരിക്കും. അവര്‍ക്ക് ക്ഷീണം തോന്നുമ്പോള്‍ ഏതു വീട്ടില്‍ നിന്നും ആഹാരം കഴിക്കാം. നെയ്ത്തുശാലയില്‍ ചെന്ന് ആവശ്യമുള്ള വസ്ത്രം എടുക്കാം. സോപ്പുനിര്‍മാണ സ്ഥലത്തുനിന്ന് സോപ്പെടുക്കാം. ഇരുമ്പുപണി അറിയാവുന്ന ആരും നല്ല വെട്ടുകത്തി ഉണ്ടാക്കി കൊടുക്കും. അവര്‍ക്ക് വീടുവയ്ക്കാനും അതില്‍ ആവശ്യമായ ഉപകരണങ്ങള്‍ കൊടുക്കുവാനും ആളുണ്ട്. പിന്നെ പ്രത്യേക പ്രതിഫലം തെങ്ങു കയറുന്നവര്‍ക്ക് വേണമോ?
പ്രതിഫലം കൊടുത്ത് നാം ഇന്ന് ബന്ധം മുറിക്കുകയാണ്. പഠിപ്പിക്കുന്ന അദ്ധ്യാപകന് വിദ്യാര്‍ത്ഥി മാസം ഇരുനൂറുരൂപാ കൊടുക്കുമ്പോള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥിബന്ധം തീര്‍ന്നു. ഈ ഇരുനൂറുരൂപയ്ക്കു വേണ്ടിയാണ് ഈ അദ്ധ്യാപകന് വീട്ടില്‍ വന്ന് എന്നെ പഠിപ്പിക്കുന്നതെന്നറിയാവുന്നതുകൊണ്ട് വിദ്യാര്‍ത്ഥിയുടെ മനസ്സ് അദ്ധ്യാപകന്റെ നേരെ വേണ്ടത്ര അടുക്കുന്നില്ല. മറിച്ച് പുതിയ സമൂഹത്തില്‍ ഓരോ കൊടുക്കല്‍ വാങ്ങലിലും മനുഷ്യബന്ധം തിളങ്ങിക്കൊണ്ടിരിക്കും; ദൃഢമായിക്കൊണ്ടിരിക്കും. പകരത്തിനു പകരം എന്നൊരേര്‍പ്പാടേ ആവശ്യമായി വരില്ല. കൊടുക്കലിനും വാങ്ങലിനുമിടയില്‍ പ്രതിഫലം എന്നൊരു ഇടനിലക്കാരന് വരാഞ്ഞതുകൊണ്ട് കൊടുക്കല്‍ വാങ്ങലില്‍നിന്ന് സ്നേഹാദരങ്ങള്‍ ഊറിവന്ന് മനുഷ്യബന്ധത്തെ ആര്‍ദ്രമാക്കാനിടവരുന്നു.
ചോദ്യം: മറ്റു രാഷ്ട്രങ്ങളുമായുള്ള വിനിമയ ബന്ധം എങ്ങനെ ആയിരിക്കും?
ഉത്തരം: പുതിയ ലോകത്തില്‍ രാഷ്ട്രാതിര്‍ത്തികള്‍ ഉണ്ടാവില്ലല്ലോ. ദേശീയബോധം നഷ്ടപ്പെടുമെന്ന് പറയുന്നില്ല. എന്നാല്‍ ദേശീയാതിര്‍ത്തികള്‍ ജീവിതത്തെ ഒട്ടും ബാധിക്കുകയില്ല. ഭൂമിയുടെ ഏതുകോണിലും ഏതൊരു വ്യക്തിയും വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത് ഭൂമിയിലുള്ള എല്ലാവര്ക്കും വേണ്ടി ആയിരിക്കും.
ചോദ്യം: നാണയം തീരെ വേണ്ടെന്നു വയ്ക്കാനാവുമോ?
ഉത്തരം: ആവും. ജോലിക്ക് കൂലി അടിമത്തമല്ലേ. ആലോചിക്കുന്തോറും എനിക്കങ്ങനെയാണു തോന്നുന്നത്. ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ജോലി മറ്റൊരാള്‍ ചെയ്യുക, അതിനുള്ള കൂലി വാങ്ങുക. എന്തിന്? ഉപജീവനത്തിന്. ഒരാളിന്റെ കൈവശമിരിക്കുന്ന പണം എന്റെ കൈയില്‍ വന്നാലേ മറ്റൊരാളിന്റെ കൈവശത്തിലുള്ള സാധനം എനിക്ക് കിട്ടൂ എന്നു വരുന്നതിനര്‍ത്ഥം പരസ്പരം ആര്‍ക്കും ആരേയും വേണ്ട എന്നല്ലേ. ഒരാള്‍ ജീവിക്കേണ്ടത് മറ്റൊരാളുടെ ആവശ്യമല്ലെന്നു വരുന്നതാണിതിനു കാരണം. ഒരു വ്യക്തിയെ എനിക്കു ബന്ധുവായി കിട്ടുന്നതിനേക്കാള്‍ വിലപ്പെട്ടതാണ് പണം കിട്ടുന്നത് എന്നു വരുന്നത് എത്ര ലജ്ജാകരമാണ്. മനുഷ്യനാണ് ഏറ്റവും വിലപ്പെട്ടത് എന്നു വരുമ്പോള്‍ നാണയം വേണ്ടാതായിക്കൊള്ളും. ഇപ്പോള്‍ നാണയത്തെ എതിര്‍ത്ത് ബഹളമുണ്ടാക്കിയിട്ടു കാര്യമില്ല. പുതിയ ലോകത്തില്‍ മനുഷ്യര്‍ തമ്മില്‍ അടുക്കുമ്പോള്‍ നാണയം ആവശ്യമില്ലാതായിക്കൊള്ളും.
|