മലിനീകരണം
മലിനീകരണം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയൊരു ഭീകരപ്രശ്നമാണ് മലിനീകരണം. പുതിയ ലോകത്തിലും വന്‍ വ്യവസായങ്ങളും വാഹനബാഹുല്യവും മറ്റും ഉണ്ടാകുമല്ലോ. എന്താണൊരു പോംവഴി?
ഉത്തരം: പുതിയ വാഹനങ്ങളും വ്യവസായശാലകളും, ശബ്ദവും പുകയും ഇല്ലാത്തവ ആയിരിക്കും. പുതിയ ലോകത്തിലെ യന്ത്രങ്ങള്‍, ആകര്‍ഷണശക്തി, സൂര്യോര്‍ജ്ജം, കാറ്റ്, ഒഴുക്ക്, തിരമാല, മാനവശേഷി, മൃഗശക്തി തുടങ്ങിയവകൊണ്ട് പ്രവര്‍ത്തിക്കുന്നവ ആയിരിക്കും. പലതും ഗൃഹാന്തരീക്ഷത്തില്‍ ഒതുങ്ങും. ഇന്നത്തെക്കാള്‍ വലിയ വ്യവസായശാലകളും ഉണ്ടായെന്നു വരും. പ്രകൃതിക്ക് ദോഷം ചെയ്യുന്ന അവശിഷ്ടങ്ങള്‍ അതിലുണ്ടാവില്ല. മനുഷ്യന്റെ ചലനം പ്രകൃതിയുടെ താളത്തിനൊത്തായാല് മലിനീകരണപ്രശ്നം തീര്‍ന്നു. ഒന്നാലോചിച്ചുനോക്കൂ. അനന്തജീവരാശികളും കാടും കടലും എല്ലാം ഉണ്ടായിരുന്നിട്ടും അവയിലെ മലിനീകരണം ഭൂമിയില്‍ പ്രശ്നമാകാന്‍ പ്രകൃതി ഇട വരുത്തുന്നില്ലല്ലോ. തീ തുപ്പുന്ന ബ്രഹ്മാണ്ഡകോടികള്ക്കും ഒരു താളക്രമം ഉണ്ട്. എല്ലാം പരസ്പരം ശ്രദ്ധിക്കുന്നു. മനുഷ്യന് മാത്രമാണ് തന്റെ കൂടെയുള്ളവരെ ചൂഷണം ചെയ്ത് തനിക്കും പ്രകൃതിക്കും ഹാനി വരുത്തുന്ന ഏക ജന്തു. മനുഷ്യന് പരസ്പരം ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ പ്രകൃതിയിലെ ഏറ്റവും കൂടുതല്‍ ആനന്ദമനുഭവിക്കുന്ന ജീവി ആയി ഉയരും. ശാസ്ത്രം നമുക്കു കൂട്ടുണ്ട്. ആയുധനിര്‍മാണശാലകള്‍ വേണ്ടെന്നാകുമ്പോള്‍ തന്നെ ഭൂമിയുടെ ഭാരം പാതിയും തീരും. ലളിതസുന്ദരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതോടു കൂടി ബാക്കി മാലിന്യങ്ങളും ഇല്ലാതാകും. വനങ്ങളും പുഴകളും മൃഗങ്ങളും മത്സ്യങ്ങളും പണ്ടേപ്പോലെ സമ്പന്നമാകും.
മലിനവസ്തുക്കളെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന ഒരു ചാക്രികശൈലി പ്രകൃതിക്കുണ്ട്. മനുഷ്യന്റെ സമൂഹജീവിതത്തില്‍ ആ ഗതി സ്വീകരിക്കുന്നതോടു കൂടി പ്രശ്നം പരിഹൃതമാകും. സന്തോഷമായി ജീവിച്ചാല്‍ പോരേ. എന്തിനീ ആര്‍ത്തി കാട്ടി ജീവിതം ദുഃഖമയമാക്കുന്നു. മനുഷ്യര്‍ തമ്മില്‍ അകലുമ്പോള്‍ ഉണ്ടാകുന്ന വിടവില്‍ നിന്നാണ് മലിനീകരണങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. അടുക്കുമ്പോള്‍ തീരാനുള്ളതേയുള്ളു. മനുഷ്യര്‍ തമ്മില്‍ അടുക്കുമ്പോള്‍ മനുഷ്യന് പ്രകൃതിയോടും അടുത്തുവരും. മനുഷ്യര്‍ തമ്മില്‍ അകലുമ്പോള്‍ പ്രകൃതിയില്‍നിന്നും അകലും. ഇന്ന് ലോകം അകലത്തിന്റെ ചാലിലായിപ്പോയി. ഇത് മനസ്സിലാക്കി അടുപ്പത്തിന്റെ ചാലിലേക്ക് തിരിയാന്‍ നമുക്കു കഴിഞ്ഞാല്‍, മാനസികമാലിന്യം, പരിസരമാലിന്യം, അന്തരീക്ഷമാലിന്യം, ശബ്ദമലിനീകരണം തുടങ്ങിയവ എല്ലാം മാറി, സ്വസ്ഥത കൈവരും.
|