ഇടനേരം
ഇടനേരം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ശബരി ഓടിവന്ന് എല്ലാവരേയും ഊണുകഴിക്കാന്‍ വിളിച്ചു. രാധികയും പിന്നാലെ ഉണ്ടായിരുന്നു. “മണിയപ്പന് മാമ്മന്‍ ഇലവച്ചു” ശബരി പറഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ അകത്തേക്കു വരാന്‍ അവന് മടിച്ചു. “എല്ലാവരും ചേട്ടന്മാരാണ്.” മോന് അപ്പൂപ്പന്റെ മടിയിലിരുന്ന് എല്ലാവരേയും കാണാം.“ ശബരി മടിയിലിരുന്ന് എല്ലാവരേയും നോക്കി. നവനെക്കണ്ട് അവന് ചിരിച്ചു. വെള്ളത്താടിയിലെ കറുത്ത രോമങ്ങള്‍ അവനില്‍ കൗതുകമുണര്‍ത്തിയിരിക്കാം. നവന് നിമിഷംകൊണ്ട് ശബരിയെ സ്വന്തമാക്കി. മിനിയും രാധികയും ചേര്‍ന്നു. ഞങ്ങള്‍ കിഴക്കുവശത്തു ചെന്ന് കൈകഴുകി ഹാളിനോടു ചേര്‍ന്നുള്ള മുറിയില്‍ ഒന്നിച്ച് ഊണുകഴിക്കാനിരിക്കുന്നതിനിടയില്‍ നവന് വീട്ടിലെല്ലാവരുമായി പരിചയപ്പെട്ടു. തങ്കമ്മഅമ്മ ചോദിച്ചു: ”ആലപ്പുഴക്കാരുണ്ടെന്നു പറഞ്ഞല്ലോ. രവിക്കുട്ടന്‍സാറിനെ അറിയുമോ?“ അവരാരും സാറിനെ അറിയില്ല. ഞാന്‍ പറഞ്ഞു. ”ദര്‍ശനം വാരികയ്ക്ക് ‘ദര്‍ശനം ’ എന്നു പേര് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. എസ്.ഡി. കോളേജില്‍ പ്രൊഫസറായിരുന്നു.“ മുരളീധരമേനവന്‍ സാറിനെ അറിയുമോ എന്ന് മണിയപ്പന് ചോദിച്ചപ്പോള്‍ മിനി ഉത്സാഹത്തോടെ പറഞ്ഞു: ”എസ്.ഡി.വി. ബസന്റ് ഹാളില്‍ രംഗനാഥാനന്ദ സ്വാമികള്‍ വന്നു പ്രസംഗിച്ചുവല്ലോ. അന്നാണ് ഞാന്‍ മുരളീധരമേനോന്‍സാറിനെ ആദ്യമായി കാണുന്നത്.“
ഞാന്‍: മേനവന് സാറായിരുന്നു ദര്‍ശനത്തിന്റെ ആദ്യത്തെ പത്രാധിപര്‍. ഗാന്ധിജിയുടെ ആത്മരേഖ സര് തയ്യാറാക്കിയതാണ് അന്ന് എഡിറ്റോറിയലായി കൊടുത്തുകൊണ്ടിരുന്നത്. രണ്ടാമത്തെ പത്രാധിപര്‍ ശ്രീധരന്‍മച്ചൂനായിരുന്നു. ഇപ്പോള്‍ വരും. ശാന്തിയെ അങ്ങോട്ടയച്ചിട്ടുണ്ട്.” ശാന്തി ഓടിവന്നു പറഞ്ഞു: “അപ്പൂപ്പന് അവിടെ ഇല്ല. വണ്ടാനത്തു പോയിരിക്കുകയാണ്.”
ഊണുകഴിഞ്ഞ് ഞങ്ങള്‍ അടുത്തുള്ള വട്ടപ്പായി ക്ഷേത്രത്തിലെ കളിത്തട്ടില്‍ കൂടി ക്ഷേത്രത്തിന്റെ പഴമകളെപ്പറ്റി സംസാരിച്ചു.
നവന്: ഈ വെള്ളക്കുഴിയില്‍ അന്ന് ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടായല്ലോ. അന്നത്തെ ആളുകളുടെ സങ്കല്പശക്തി വിലമതിച്ചേ പറ്റൂ.
കബീര്‍: വേണ്ടതെന്തോ അതേപ്പറ്റി ഭാവനചെയ്യുമ്പോള്‍ സാദ്ധ്യാസാദ്ധ്യതകളുടെ സീമ കടക്കുന്ന ഒരു പ്രകൃതം പണ്ടുള്ളവര്‍ക്ക് നമ്മേക്കാള്‍ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. കാണാത്ത ലോകം കണ്ടെത്തുവാന്‍ അവരെത്ര സാഹസങ്ങള്‍ കാട്ടി. നമുക്കിന്നുപോലും സ്വപ്നം കാണാനാവാത്തവ അവര്‍ രൂപപ്പെടുത്തിയിരുന്നു.
മിനി: പുഷ്പകംപോലൊരു വിമാനം നമുക്കിന്നും സങ്കല്പിക്കാന് പ്രയാസമാണ്. ലങ്കയില്‍നിന്ന് അയോദ്ധ്യയിലേക്ക് മടങ്ങുമ്പോള്‍ അതില്‍ ലക്ഷക്കണക്കിന് യാത്രികരുണ്ടായിരുന്നു. കിഷ്ക്കിന്ധയില്‍നിന്ന് എത്രയോ പേരെ കൂടെക്കയറ്റി. കാട്ടില്‍ ഭരദ്വാജാശ്രമത്തില്‍ ഇറങ്ങാനും പ്രയാസമുണ്ടായില്ല.
രാജു: പുഷ്പകം ദൂരെനിന്നു വരുന്നത് അയോദ്ധ്യാനിവാസികള്‍ കാണുന്ന രംഗമുണ്ടല്ലോ രാമായണത്തില്‍. ആകാശത്തുകൂടി വിമാനം വരുമ്പോള്‍ത്തന്നെ അതിന്റെ മുന്‍വശത്ത് ശ്രീരാമന് ഇറങ്ങിനിന്നിരുന്നു. അത്ഭുതകരമായ ഒരു ദര്‍ശനമാണത്. ഭരതന് താഴെനിന്ന് ശ്രീരാമനെക്കണ്ട് നമസ്കരിച്ചതിനുശേഷമാണ് മെല്ലെ വിമാനം താണു വരുന്നത്.
കേശു: നമുക്കും സങ്കല്പിക്കുക നല്ലൊരു നാളെയെപ്പറ്റി. സങ്കല്പിക്കുമ്പോള് പ്രായോഗികതാ വാദത്തിനല്ല; ആവശ്യത്തിനാണ് നാം മുന്‍തൂക്കം നല്‍കേണ്ടത്. പ്രായോഗികതയെ ഭയന്ന് സ്വപ്നം കാണാന്‍ പോലും മടിക്കുന്നു എന്നതാണ് നമുക്കു സംഭവിച്ചിരിക്കുന്ന മാന്ദ്യത്തിനു കാരണം.
|