close
Sayahna Sayahna
Search

തടസ്സം നീക്കാന്‍ ദര്‍ശനം ചെയ്യുന്ന ശ്രമങ്ങള്‍


തടസ്സം നീക്കാന്‍ ദര്‍ശനം ചെയ്യുന്ന ശ്രമങ്ങള്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: നമ്മുടെ രാഷ്ട്രീയകക്ഷികള്‍ ലക്ഷ്യമാക്കുന്നതെന്തോ അതാണ് ദര്‍ശനവും ലക്ഷ്യമാക്കുന്നത് എന്നവര്‍ക്ക് മനസ്സിലാകണം. ചൂഷണമില്ലാത്ത, വിഭാഗീയതകളില്ലാത്ത ഒരു ലോകം എല്ലാ കക്ഷികളും ഇഷ്ടപ്പെടുന്നുണ്ടല്ലോ. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഭരണകൂടം വഴി നിര്‍മിക്കാവുന്നതല്ലെന്നേ ദര്‍ശനം പറയുന്നുള്ളു. പുതിയ സമൂഹ രചന പുതിയൊരു ജീവിതമാണ്. അതൊരു സംഘടനയോ ഗവണ്മെന്റോ അല്ല. ജീവിതം സ്വസ്ഥമാകണമെങ്കില്‍ ബന്ധപ്പെട്ടവരുടെയെല്ലാം സൗഹൃദം വേണം. പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കുചേരണം. 1983-ല്‍ ദര്‍ശനം സര്‍വരോടും സഹകരണം അഭ്യര്‍ത്ഥിക്കുന്ന ഒരു നിവേദനം തയ്യാറാക്കി. 1400-ല്‍ പരം പേര്‍ കൈയൊപ്പുവച്ച് ആ നിവേദനം കേരളത്തിലെ ഇരുപത്തിയൊന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ജാതിമത സംഘടനകള്‍ക്കും ഗവണ്മെന്റിനും കൊടുക്കുകയുണ്ടായി. നേതാക്കന്മാരെ നേരില്‍ കണ്ടു സംസാരിക്കുന്നതിനുവേണ്ടി തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് മുതലായ നഗരങ്ങളില്‍ ചെന്നു താമസിച്ച് നേരില്‍കണ്ടു സംസാരിച്ചു. ആരും തന്നെ തള്ളിപ്പറഞ്ഞില്ല. ക്രിയാത്മകമായ സഹകരണം വേണ്ടത്ര ഉണ്ടായില്ലെങ്കിലും, എതിര്‍ക്കുന്നില്ല എന്നതുതന്നെ വലിയൊരു കാര്യമാണ്.

മിനി: കക്ഷികളെ കവച്ചുവച്ച് ജനങ്ങളെ സ്വാധീനിക്കുവാന്‍ നമുക്കുദ്ദേശ്യമില്ലല്ലോ?

ഞാന്‍: തീര്‍ച്ചയായുമില്ല. ഒരു ചെറുപ്രദേശം നിശ്ചയിച്ച് അവിടെയുള്ള എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ ചെന്ന് വീട്ടിലെ സ്ത്രീപുരുഷന്മാരും കുട്ടികളുമായി സംസാരിച്ചു നോക്കുക. “ഇത്ര കാലവും നാം വീടുതിരിഞ്ഞും ജാതിതിരിഞ്ഞും കക്ഷിതിരിഞ്ഞും ഒക്കെ ജീവിച്ചു. അതിന്റെ സുഖവും ദുഃഖവും നാം അനുഭവിക്കുന്നു. ഇനി നമുക്ക് എല്ലാപേര്‍ക്കും ഒന്നിച്ചു ജീവിച്ചുനോക്കാം.” ഇതു പറഞ്ഞാല്‍ നല്ല പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് എന്റെ അനുഭവം.

മിനി: ആ വഴിയിലും തടസ്സമുണ്ടാകാറില്ലേ?

ഞാന്‍: ഉണ്ട്. അയല്‍ക്കാര്‍ തമ്മിലുളള കലഹം മുന്നോട്ടുള്ള ഗതിയെ ബാധിക്കും. കുടുംബത്തിനകത്തുള്ള കലഹം തടസ്സമായി വരും. പ്രവര്‍ത്തകരുടെ ഇടയിലുള്ള കുറവുകള്‍ ആളുകള്‍ എടുത്തുയര്‍ത്തി കാണിച്ചെന്നു വരും. ‘ഇത്തരക്കാരുടെ കൂടെ ഞങ്ങളില്ല ’ എന്നു പറഞ്ഞു പരത്തും. ഇതിന്റെയൊക്കെ ഫലമായി പ്രവര്‍ത്തകര്‍ നിരാശപ്പെട്ട് പിന്‍വാങ്ങാന്‍ ഇടവരും. ജനങ്ങള്‍ക്കു വേണ്ടാത്തത് ഞങ്ങള്‍ക്കും വേണ്ട എന്നു പറഞ്ഞ് പ്രവര്‍ത്തകര്‍ പിന്‍മാറും.

നവ: ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും?