close
Sayahna Sayahna
Search

പുതിയ സമരമുറ


പുതിയ സമരമുറ
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: അനീതികള്‍ക്കെതിരായി നടക്കുന്ന സമരങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? ഒരുണര്‍വുണ്ടാക്കാന്‍ അതൊരു വഴിയാവില്ലേ?

ഉത്തരം: ഏറ്റവും വലിയ അനീതി ഏതാണ്? ഈ വ്യവസ്ഥിതിയാണെന്നാണ് എന്റെ പക്ഷം. വ്യക്തമായി പറഞ്ഞാല്‍ സ്വകാര്യമാത്രനിഷ്ഠമായ ഇന്നത്തെ ജീവിത വ്യവസ്ഥയാണ് ഏറ്റവും വലിയ അനീതി. അനീതികള്‍ക്കെതിരായുള്ള ഇന്നത്തെ സമരങ്ങള്‍ പലതും വ്യവസ്ഥിതി ആകെ മാറ്റുവാനല്ല, ഈ വ്യവസ്ഥിതി നിലനില്‌ക്കെ ഇതിലെ ചില അനീതികളെ മാറ്റുവാനുള്ളതായിത്തീരുകയാണ് ഫലത്തില്‍. എന്നാല്‍ ലക്ഷ്യം ആകെ മാറ്റം തന്നെയാണ്. പിന്നെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? എല്ലാ അന്യായങ്ങളും അന്യോന്യം കൈകോര്‍ത്തു നിന്നാണ് ഈ സ്വകാര്യപര അധര്‍മ്മ വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നത്. അതില്‍നിന്ന് ഒന്നിനെ മാത്രമായി ഒരു കൂട്ടര്‍തന്നെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതാണ് വിഫലതയുടെ കാരണം. സമരം ഏതെങ്കിലും ഒരു പ്രശ്‌നത്തിനെതിരായിട്ടായിരിക്കും എന്നുള്ളതുകൊണ്ട് ജനം ആ പ്രശ്‌നത്തെ മുന്‍നിറുത്തിയാകും സമരത്തില്‍ പങ്കെടുക്കുക. പുതിയ സമൂഹം അവരുടെ മനസ്സിലില്ല. സ്വകാര്യത അവിടെ അവരോടൊന്നിച്ചുണ്ടാകും. കൂടാതെ അനുകൂല പ്രതികൂല ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടും. അവര്‍ തമ്മിലുള്ള സമരമാകും പിന്നെ. മറ്റൊന്ന് സമരത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ സമരകാലത്തുണ്ടാകുന്ന അടുപ്പം, വിജയത്തിനു ശേഷം സാമൂഹ്യ ജീവിതരംഗത്തേക്ക് ഫലപ്രദമായി തിരിച്ചുവിടാന്‍ കഴിയാതെ വരുന്നു എന്നതാണ്. എന്തുകൊണ്ടെന്നാല്‍ സ്വകാര്യ പ്രേരണകള്‍ കൊണ്ട് ഈ പ്രത്യേക പ്രശ്‌നത്തിലേക്ക് അവര്‍ വന്നവരാണ്. പുത്തന്‍ സമൂഹത്തിന്റെ സ്വപ്നംപോലും അവരുടെ മനസ്സിലില്ല. എതിര്‍ ഗ്രൂപ്പിനോടുള്ള വൈരാഗ്യവും ജനിച്ചു. വൈരാഗ്യവും സ്വകാര്യാസക്തിയും കൂടിച്ചേര്‍ന്ന് കലുഷമായ മനസ്സ് പുതിയ സമൂഹരചനയ്ക്ക് ഉതകുകയില്ല. മൂന്നാമത്തേത് ഈ ഒരു അനീതി മാത്രമായി പരിഹരിക്കപ്പെട്ടാല്‍ അതിനെ മാത്രം ആശ്രയിച്ചു നില്ക്കുന്നവരുടെ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാകും. അവര്‍ സമരത്തിനെതിരാകും. ഏറ്റവും മുഖ്യമായ മറ്റൊരു കഷ്ടം മാറ്റം ആഗ്രഹിക്കുന്നവര്‍ വിവിധ ഗ്രൂപ്പുകളിലായി വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതു കാരണം അവരൊന്നിച്ച് ഒരു ബഹുജന ശക്തിയായി പുത്തന്‍ വ്യവസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇടവരാതാകുന്നു എന്നതാണ്. ഇത്തരത്തില്‍ എത്ര തീവ്രശ്രമം നടന്നാലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ പരിഹൃതമാകാനിടവരില്ല. ഉപരിചിന്തനം വേണ്ട ഒരു മുഖ്യ വിഷയമാണിത്.

മിനി: പുതിയ സമരമുറയുടെ സ്വഭാവം എന്തായിരിക്കണം?

ഞാന്‍: പുതിയ സമരമുഖങ്ങള്‍ കഴിയുന്നത്ര പ്രദേശങ്ങളില്‍ കഴിയും വേഗം തുറക്കണം. ഈ മുഖങ്ങള്‍ സമരത്തിന്റെ ഭാവത്തിലല്ല; ജീവിതത്തിന്റെ ഭാവത്തിലാണ് തുറക്കപ്പെടേണ്ടത്. അമ്പലപ്പുഴയിലെ ഗ്രാമക്കൂട്ടം അത്തരത്തിലൊരു സമരമുഖമാണ്. അരിയില്‍ മായംചേര്‍ക്കുന്ന കേശുവിന്റെ കുടുംബത്തിനു ചുറ്റും മറ്റെല്ലാ വീടുകളും രക്ഷയ്ക്കുണ്ട് എന്നുവരുമ്പോള്‍ കേശു മായംചേര്‍ക്കില്ല. ഓരോ വ്യക്തിയുടേയും ഓരോ കുടുംബത്തിന്റേയും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് എന്നുവരട്ടെ. എന്റെ മകളുടെ വിവാഹം എന്റെ നാട്ടിലുള്ള എല്ലാവരുടേയും അന്വേഷണ വിഷയമായിട്ടുണ്ട് എന്നു വരുമ്പോള്‍ അവള്‍ക്കു 30 വയസ്സു കഴിഞ്ഞാലും അവള്‍ക്കോ എനിക്കോ ഇത്ര ഉത്കണ്ഠ ഉണ്ടാവുകയില്ല. ഇന്ന് ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്.

എന്റെ കാര്യം നോക്കാന്‍ ഞാനേ ഉള്ളു എന്നതൊരവസ്ഥ. എന്റെ ആവശ്യങ്ങളെന്തെല്ലാം എന്നു നിശ്ചയിക്കാന്‍ എനിക്കു സ്വാതന്ത്ര്യം ഇല്ല എന്നുള്ളത് മറ്റൊരവസ്ഥ. ടെലിവിഷന്‍ ആവശ്യമില്ലെന്നെനിക്കറിയാം. പക്ഷെ വീട്ടില്‍ ടെലിവിഷന്‍ വാങ്ങിയില്ലെങ്കില്‍ വീട്ടിനുള്ളില്‍ സ്വസ്ഥത കിട്ടുകയില്ല. വീടു കാണാന്‍ വരന്‍ വരുമ്പോള്‍ ടെലിവിഷന്റെ പോരായ്മ ഏറെ അനുഭവപ്പെടും. അടിസ്ഥാനാവശ്യങ്ങളില്‍ പെട്ടതല്ലെന്ന് എനിക്കറിയാമെങ്കിലും കറവപ്പശുവിനെ വിറ്റ് ടെലിവിഷന്‍ വാങ്ങാന്‍ ഞാന്‍ തയ്യാറാകും. അങ്ങനെ ഒരു വശത്ത് എന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഞാനേയുള്ളു എന്നു വരികയും മറുവശത്ത് എന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എന്റെ നിയന്ത്രണത്തിലല്ലാതെ പെരുകി വരികയും ചെയ്യുമ്പോള്‍ ഞാനെന്തുചെയ്യും? ഞാന്‍ ആദരിക്കുന്ന മൂല്യങ്ങളെല്ലാം ആരാധനാവേദിയിലേക്കു മാറ്റി പ്രതിഷ്ഠിച്ചിട്ട് നിലനില്പിന് എന്താവശ്യമോ അതു ഞാന്‍ ചെയ്യും. ഈ സാഹചര്യം മാറ്റാതെ എന്നെ മാത്രം തിരുത്താന്‍ ശ്രമിച്ചാല്‍ തൂമ്പിന്റെ മുഖം അടയ്ക്കാന്‍ ശ്രമിച്ചാലത്തെപ്പോലെ ചിറ പൊട്ടാന്‍ ഇടവരുത്തുകയേ ചെയ്യു.

നവ: സമീപനത്തില്‍ വിവേകം വേണം. മാറ്റത്തിന്റെ കുത്തക ഏറ്റെടുക്കരുത്. നടക്കുന്നില്ലെങ്കില്‍ വേണ്ട. അതായത് നാട്ടുകാരില്‍ ആവശ്യബോധം ഉളവാക്കാന്‍ ആവുന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കുവേണ്ടി അവരുടെമേല്‍ പ്രവര്‍ത്തകര്‍ നല്ല ഭാവി വച്ചുകെട്ടരുത്. മാറ്റത്തിന് ധൃതി പറ്റില്ല. ഒരു മുട്ട നമുക്ക് ഒരു നിമിഷംകൊണ്ട് അടിച്ചു പൊട്ടിക്കാം. എന്നാല്‍ വിരിയാന്‍ അതിനാവശ്യമായ ചൂട് ശാസ്ത്രീയമായി കൊടുത്തേപറ്റൂ.

നാടുകൂടി സഹകരിച്ചു തുടങ്ങേണ്ട കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കു തന്നെ തുടങ്ങാന്‍ കഴിഞ്ഞാല്‍ പോലും അതു ചെയ്യരുത്. ഒരു നാട്ടില്‍ സര്‍വോദയ സംഘത്തിന്റെ സഹായത്തോടെ ഒരു ഖാദി നെയ്ത്തു ശാല തുടങ്ങാന്‍ ഏതാനുംപേര്‍ വിചാരിച്ചാല്‍ മതി. നാടിന് പ്രയോജനപ്രദമായ കാര്യമാണിത്. ഒരു വരുമാനവും ഇല്ലാത്ത കുറച്ചു സ്ത്രീ പുരുഷന്മാര്‍ക്ക് ജോലി കിട്ടും. അവരെ പൊതുരംഗത്തേക്കു കൊണ്ടുവരാം. ഇങ്ങനെയൊക്കെ കരുതി നെയ്ത്തുശാല തുടങ്ങിയത് പലതും പിന്നീടടഞ്ഞുപോയി.

മിനി: എന്താണ് കാരണം?

ഞാന്‍: നെയ്ത്തുശാലയിലേക്ക് ജനം ആകര്‍ഷിക്കപ്പെട്ടത് അതു തുടങ്ങാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച ലക്ഷ്യത്തിലായിരുന്നില്ല. ജനം കൂലിക്കുവേണ്ടി വന്നു. പിന്നീടെന്തെല്ലാം പറഞ്ഞാലും കൂടുതല്‍ എന്ന പ്രശ്‌നം മനസ്സില്‍നിന്നു മായില്ല. മറിച്ച് നാട്ടില്‍ വേണ്ട വസ്ത്രം നമുക്കുണ്ടാക്കാം, നമുക്ക് പരസ്പരം ബന്ധപ്പെട്ടു ജീവിക്കാം. ഇന്നത്തെ ഭീകര ലോകപ്രശ്‌നങ്ങള്‍ക്ക് നമുക്ക് നമ്മുടെ നാട്ടില്‍ ഒരു പരിഹാര കര്‍മം നോക്കാം. ഈ ബോധത്തില്‍ ജനത്തെ കൊണ്ടുവന്ന് അവര്‍ ആലോചിച്ച് സഹകരിച്ച് നെയ്ത്തുശാല തുടങ്ങിയാല്‍ അവിടെ കൂലി എന്നൊരു പ്രശ്‌നമേ ഉണ്ടാവില്ല. വിലയ്ക്ക് എന്തെല്ലാം വാങ്ങേണ്ടി വന്നുവോ അതിന്റെ അനുപാത വിലയേ വസ്ത്രത്തിനു വരൂ. പണി സന്തോഷമായിരിക്കും. അതോടു കൂടി പുതിയ സമൂഹത്തിലേക്കു ഒരു പടി വച്ചുകഴിഞ്ഞു.