സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും
സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
മിനി: നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നഗരസഭകളും പഞ്ചായത്തുകളും ഉണ്ടല്ലോ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് അതിലെ അംഗങ്ങള്‍. അവര്‍ മുഖേനയല്ലേ കാര്യങ്ങള്‍ നടക്കേണ്ടത്. അവരിലൂടെയല്ലാതെയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തില്‍ യുക്തമാണോ? ഇങ്ങനെ ഒരു ചോദ്യം ഈയിടെയായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്.
കബീര്‍: ഇത്തരം ചില പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ഒന്നിച്ചുപോകാതെ വരുമ്പോഴാണ് ഇത് പ്രശ്‌നമാകാറുള്ളത്.
രാജു: തിരഞ്ഞെടുപ്പു നടത്തി ജനപ്രതിനിധികളെ നിശ്ചയിച്ചിട്ട് അവരറിയാതെ അവിടെ പൊതുപ്രവര്‍ത്തനങ്ങള്‍ മറ്റാരെങ്കിലും സംഘടിപ്പിച്ചാല്‍ അതൊരു വെല്ലുവിളിപോലെ അവര്‍ക്കു തോന്നാവുന്നതാണ്.
നവ: പൊതു പുരോഗതിക്കുവേണ്ടി ആരു മുന്നോട്ടുവന്നാലും അതിനെ മറ്റുള്ളവര്‍ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുത്തകക്കാരന്‍ എന്ന നിലയ്ക്കാണോ ജനപ്രതിനിധിയുടെ സ്ഥാനം. മനുഷ്യരാശിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു വ്യക്തിയുടെ ജന്മാവകാശം മറ്റൊരാളില്‍ സമര്‍പ്പിക്കുന്ന കര്‍മമാണോ വോട്ട്? വോട്ട് നമ്മുടെ ജന്മാവകാശമല്ല. സര്‍ക്കാര്‍ തന്ന ഒരവകാശമാണ്. സര്‍ക്കാരിനതു പിന്‍വലിക്കാം. എനിക്കതു ഉപയോഗിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ ആര്‍ക്കും പിന്‍വലിക്കാന്‍ കഴിയാത്ത ജന്മസിദ്ധ അവകാശമാണ് — മറ്റുള്ളവര്‍ക്കുവേണ്ടി യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം. ഉദ്യോഗസ്ഥനോ, പ്രതിനിധിക്കോ ഈ സ്വാതന്ത്ര്യം സമര്‍പ്പിക്കാവുന്നതാണോ?
ഞാന്‍: വാര്‍ഡുതോറും സമൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ സമൂഹത്തിന്റെ നിയന്ത്രണത്തില്‍ ജനപ്രതിനിധി വരുമായിരുന്നു. സര്‍ക്കാര്‍ വ്യവസ്ഥ അനുസരിച്ച് രൂപപ്പെട്ടുവരുന്ന ജനപ്രതിനിധികളും ജനങ്ങളുടെ ഇടയില്‍നിന്ന് സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവര്‍ത്തകരും അന്യോന്യം ലയിക്കാന്‍ പ്രയാസമുണ്ട്. പ്രതിനിധി അധികാരിയും കൂടിയാണ്. ഗവണ്മെന്റിന്റെ അംഗീകാരം ഉണ്ട്. ഏതെങ്കിലും പാര്‍ട്ടിയുടെ പിന്‍ബലവും കാണും. സാമൂഹ്യപ്രവര്‍ത്തകര്‍ ഈ പ്രതിനിധികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്താതെ ഒറ്റയ്ക്ക് മുന്നേറാന്‍ ശ്രമിക്കുന്നത് നാട്ടില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
കബീര്‍: നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ ജനപ്രതിനിധികള്‍ ഉണ്ടാകുന്നതേ ഇല്ലെന്നതാണ് വസ്തുത. പാര്‍ട്ടികളുടെ പ്രതിനിധികളേ ഉള്ളൂ. ജനങ്ങളോടാവശ്യപ്പെടുന്നതുതന്നെ ഞങ്ങളുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്നാണ്. ജനപ്രതിനിധികള്‍ സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്കുമുപരി സ്വന്തം പാര്‍ട്ടിയെ പ്രതിനിധീകരിച്ചുപോയാല്‍ പാര്‍ട്ടി പരിപാടികളില്‍പെടാത്ത എല്ലാറ്റിനേയും നിരുത്സാഹപ്പെടുത്താന്‍ ബാദ്ധ്യസ്ഥരായിപ്പോകും, അതാണിന്നു കാണുന്ന അവസ്ഥ.
നവ: ഇവിടെ ഒരു പ്രശ്‌നമുണ്ട്. പാര്‍ട്ടിയുടെ അനുവാദം കൂടാതെ പാര്‍ട്ടി പ്രതിനിധികള്‍ക്കു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായി സഹകരിക്കുവാന്‍ പ്രയാസം വരും. ചിലപ്പോള്‍ പാര്‍ട്ടി ചോദ്യം ചെയ്‌തെന്നു വരും. സാമൂഹ്യപ്രവര്‍ത്തകര്‍ ക്ഷണിച്ചാലും ജനപ്രതിനിധികള്‍കള്‍ക്കു പങ്കെടുക്കുവാന്‍ കഴിയാതെ വരുന്നതതുകൊണ്ടാണ്.
ഞാന്‍: സാമൂഹ്യരംഗത്ത് സ്വതന്ത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ മുന്‍കാലങ്ങളിലെപ്പോലെ ഉണ്ടാകാറില്ല. നാടാകെ പാര്‍ട്ടിപ്രവര്‍ത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്നൊരു മൂടിയ അന്തരീക്ഷം സൃഷ്ടിച്ചുപോയിട്ടുണ്ട്. ഈ തണലില്‍ സ്വതന്ത്രപ്രവര്‍ത്തകര്‍ക്ക് മുളച്ചു വരാന്‍ പ്രയാസമുണ്ട്. അഥവാ മുളച്ചുവന്നാല്‍ പ്രോത്സാഹനം കിട്ടാതെ കരിഞ്ഞുപോകും. നാടിന് വലിയ നഷ്ടമാണത്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സാധിക്കാത്ത ചില അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ചെയ്യുവാന്‍ കഴിയും. ഒരു നാടിനെയാകെ സ്പര്‍ശിക്കാന്‍ കഴിയുന്ന വ്യക്തികള്‍ എന്നും ആവശ്യമാണ്. വിഭാഗീയതകളുടെ ഒന്നും പരിവേഷമില്ലാതെ സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവര്‍ത്തകരെ കണ്ടറിഞ്ഞ് അവര്‍ക്ക് പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരുവാന്‍ ജനപ്രതിനിധികള്‍ പ്രത്യേകം കണ്ണുള്ളവരായിരിക്കണം. ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്തിക്കൂടാ. പ്രതിനിധികളെയും ഉദ്യോഗസ്ഥന്മാരേയും നമുക്ക് നിയമിക്കാം. സ്വതന്ത്രപ്രവര്‍ത്തകരെ തിരഞ്ഞെടുത്തോ നിയമിച്ചോ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. മാനുഷികമായി ചിന്തിക്കുന്നവര്‍ക്ക് എല്ലാ കക്ഷികളും ഗവണ്മെന്റും പ്രോത്സാഹനം നല്‍കണം. അവരാകട്ടെ ഒന്നിനും എതിരാകാതെ പുതിയ സമൂഹനിര്‍മാണത്തില്‍ തത്പരരാകുകയും വേണം.
|