close
Sayahna Sayahna
Search

അല്പം സ്വകാര്യം


അല്പം സ്വകാര്യം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

രാജു: നമ്മുടെ ചിന്താഗതി അപ്രായോഗികം എന്നുപറഞ്ഞ് തള്ളുന്നവരായിരിക്കും ഭൂരിപക്ഷവും.

മിനി: ഇതൊന്നും കേള്‍ക്കാന്‍ ആളുകള്‍ നിന്നു തരില്ല. ഏതു നിമിഷവും താന്‍ പിന്‍തള്ളപ്പെട്ടുപോകും എന്നുള്ളതുകൊണ്ട് ഓരോരുത്തരും സ്വയം കണ്ടെത്തിയ മാര്‍ഗങ്ങളിലൂടെ ഓടുന്നതിനിടയില്‍ അവരോടു പറയാന്‍പോലും നമുക്കു മടിവരും. നാം പറയുന്നതു കേട്ടാല്‍ അവരുടെ ചുണ്ടില്‍ പുച്ഛഭാവം വിടര്‍ന്നുവരുമെന്ന് നമുക്കറിയാവുന്നതുകൊണ്ട് സമീപിക്കുവാന്‍ പലര്‍ക്കും വളരെ പ്രയാസം തോന്നും. പ്രവര്‍ത്തനരംഗത്തുനിന്ന് ആളുകള്‍ പിന്മാറുന്നത് ഈ മനഃപ്രയാസം നിമിത്തമാണ്. എന്തിന് മറ്റുള്ളവരുടെ പരിഭവം ഏറ്റുവാങ്ങണം.

്യുഞാന്‍: ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ടാണെന്നു പറയട്ടെ. എന്റെ ആത്മപരിശോധനാഫലമാണ് ഞാന്‍ നിങ്ങളോടു തുറന്നുപറയുന്നത്. (ഞാനിതു പറഞ്ഞപ്പോള്‍ എല്ലാ മുഖത്തും പ്രത്യേകമായ ശ്രദ്ധാഭാവം സ്ഫുരിച്ചു.) ഞാന്‍ പറഞ്ഞു.

ഞാന്‍: ഒറ്റയ്ക്ക് എത്ര ശ്രമിച്ചാലും എന്റെ കുടുംബകാര്യങ്ങളും കൃഷിയും ഭംഗിയായി നടത്തിക്കൊണ്ടുപോകുവാന്‍ എനിക്കാവില്ല. എനിക്കു നിയന്ത്രിക്കാനാവാത്ത നിരവധി പേരുടെ സ്വകാര്യ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് എന്റെ വീട്ടുകാര്യങ്ങളും കൃഷിപ്പണികളും ഇന്നു നടന്നുപോരുന്നത്. വിപരീതശക്തികള്‍ ബലപ്പെട്ടാണു വരുന്നത്. ഏതു നിമിഷവും എന്റെ കൃഷിയും വീടും തകരാം.

രണ്ടാമതൊരു സ്ഥിതി വ്യക്തമാക്കട്ടെ. ഞാനും എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ വീട്ടുമുറ്റത്ത് വെട്ടും കുത്തുമേറ്റ് വീണുപിടഞ്ഞു മരിച്ചെന്നുവരാം. ഞങ്ങള്‍ക്കു യാതൊരു പങ്കുമില്ലാത്ത ഒരു ലഹള എവിടെ നിന്നോ പൊട്ടിപ്പുറപ്പെട്ടു വന്നാല്‍ മതി.

പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്ന മൂന്നാമതൊരു വശം പറയട്ടെ. നമ്മളെല്ലാവരും ഇന്നനുഭവിക്കുന്ന ക്ലേശങ്ങള്‍ പരിഹരിക്കാവുന്നവയാണെന്ന് എനിക്കു തോന്നുന്നു. ഓരോ ദിവസവും കൃത്രിമമായ ഈ ദുരിതങ്ങള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ പോംവഴി എന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു വരികയും കഴിവതു ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നാലാമത്, ഒരു മതവും ഒരു ഭരണസമ്പ്രദായവും, ഒരു പ്രത്യയശാസ്ത്രവും മനുഷ്യരാശിയെ രക്ഷിക്കാന്‍ ഇന്നത്തെനിലയില്‍ പ്രാപ്തമല്ല എന്ന തോന്നല്‍ ബലപ്പെടുന്നു. മറ്റൊരു വഴി കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നു തോന്നുന്നു. ആ വഴി മനസ്സില്‍ തെളിഞ്ഞുവരുന്നു. ഈ അപകടാവസ്ഥ വരുത്തിവച്ചതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. എല്ലാവരുംകൂടി ശ്രമിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു എന്നു തോന്നുന്നു.

അഞ്ച്, സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യയതി തുടങ്ങിയ മനുഷ്യസ്‌നേഹികളായ എത്രയോ ചിന്തകന്മാരുമായി ഞാന്‍ അയല്‍ക്കൂട്ട പരീക്ഷണങ്ങളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. അവരെല്ലാം പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ സാധാരണക്കാരുടെ വീടുകളിലും നല്ല സ്വാഗതമാണ് ലഭിക്കുന്നത്. എന്റെ ഒരു വിശ്വാസമാണ് ഞാന്‍ ആറാമതായി പറയുന്നത്.

ആറ്, ലോകത്തെയാകെ സ്പര്‍ശിച്ച് എല്ലാറ്റിനേയും നവീകരിക്കുന്ന ഒരു പുതിയ ജീവിതമാണല്ലോ നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാന്‍ യാതൊരു ഭരണകൂടത്തിനും സാദ്ധ്യമല്ലെന്ന് ഞാന്‍ കരുതുന്നു. അതുപോലെതന്നെ ഒരവതാരപുരുഷന്‍ സാധിച്ചുതരേണ്ട കാര്യവുമല്ലിത്. പുതിയ സമൂഹനിര്‍മാണം സാധാരണജനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നടക്കേണ്ട കാര്യമാണ്. ഭരണകൂടങ്ങള്‍ക്കും മഹാപുരുഷന്മാര്‍ക്കും, മഹാസംഘടനകള്‍ക്കും സാധിക്കാത്ത ഈ കാര്യം ഇവരുടെയെല്ലാം സഹായത്തോടുകൂടി യഥാകാലം ബഹുജനങ്ങള്‍ സാധിച്ചെടുക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനു കാലമായെന്നും ഞാന്‍ വിശ്വസിക്കുന്നു. ധാര്‍മികമോ, സാമ്പത്തികമോ സംഘടനാപരമോ, വിജ്ഞാനപരമോ ആയ യാതൊരു ബലവും എനിക്കില്ലാതിരുന്നിട്ടും ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഈ കാഴ്ചപ്പാടുള്ളതുകൊണ്ടുമാത്രമാണ്. നടക്കുമോ ഇല്ലയോ എന്നത് നമ്മുടെ പ്രശ്‌നമല്ല. കഴിവതു ചെയ്യുകയാണ് നമ്മുടെ ധര്‍മം.