വിപ്ലവം സ്വന്തം ആവശ്യമാകണം
വിപ്ലവം സ്വന്തം ആവശ്യമാകണം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
മിനി: മനസ്സിന്റെ ഗതി ആര്‍ക്കും നിശ്ചയിക്കാനാവില്ല. നമ്മള് ആറുപേരും കൂടി നാളെ രാവിലെ ഇവിടെ പത്തു വീടുകളില്‍ കയറി ഒന്നു സംസാരിച്ചു നോക്കാം എന്ന് ഇപ്പോള്‍ നിശ്ചയിച്ചുവെന്നിരിക്കട്ടെ. നമ്മില്‍ ഓരോരുത്തരുടേയും മനസ്സിന് അത് സ്വയം തീരുമാനമായിട്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ രാവിലെ ഒരാള്‍ക്ക് വീട്ടില്‍ പോകേണ്ട ഒരത്യാവശ്യം ഓര്മ വരും. മറ്റൊരാള്‍ക്കു തലവേദന വരും. ഒന്നുകൂടി ചിന്തിച്ചിട്ട് മറ്റൊരു ദിവസം മതി ഭവന സന്ദര്‍ശനം എന്നൊരാള്‍ പറയും. “കഞ്ഞിപ്പാടമല്ലേ. ഇവിടെ ഇതൊക്കെ എല്ലാവര്ക്കും അറിയാം. നമുക്കിനി ഒരുദിവസം വേറൊരിടത്ത്...” ഇങ്ങനെയൊക്കെ പറഞ്ഞ് വിചാരമുള്ളവര്‍പോലും പിന്മാറിക്കളയും. മനസ്സിനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ക്ക് മനുഷ്യനെ കിട്ടാന്‍ പ്രയാസമാണ്.
രാജു: മനസ്സിനിഷ്ടപ്പെടണമെങ്കില്‍ എന്തു ചെയ്യണം.
ഞാന്‍: മനസ്സിനിഷ്ടപ്പെടണമെങ്കില്‍ ശരീരത്തിനാവശ്യമാകണം. അതായത് ഇന്ദ്രിയങ്ങള്‍ക്ക് ആവശ്യമായതാണ് മനസ്സിനിഷ്ടമാകുക. ബുദ്ധി കണ്ടെത്തിയതെല്ലാം മനസ്സ് ഇഷ്ടപ്പെട്ട് നടപ്പിലാക്കി എന്നു വരികയില്ല. വിവേകപൂര്‍വമായ തീരുമാനങ്ങളേയും മനസ്സ് തള്ളിക്കളയും. ശരീരവുമായിട്ടാണ് മനസ്സിനടുപ്പം. മനസ്സ് ശരീരമാസകലം വ്യാപിച്ചുനില്ക്കുന്നു. നാം ഇക്കാണുന്ന സ്ഥൂലശരീരത്തെ കൊണ്ടു നടക്കുന്നത് സൂക്ഷ്മശരീരമായ ഈ മനസ്സാണ് എന്നു തോന്നുന്നു. ഞാന്‍ സാധാരണക്കാരുടെ മനസ്സിനെപ്പറ്റിയാണ് പറയുന്നത്. നവന്റെ അഭിപ്രായം കേള്‍ക്കട്ടെ.
നവ: സാറിന്റെ വിശദീകരണത്തോട് ഞാന്‍ യോജിക്കുന്നു. കാണാം, രുചിക്കാം, ആസ്വദിക്കാം, തൊടാം എന്നൊക്കെ വരുന്ന കാര്യത്തില്‍ സാധാരണ മനസ്സ് കുതിച്ചുനില്ക്കും. അതുകൊണ്ടാണ് മഹാഭാരതം കാണാന്‍ സമയമാകുമ്പോള്‍ ആളുകള്‍ ടി.വിയുടെ മുന്നിലേക്ക് ഓടുന്നത്. വീട്ടില്‍ വര്‍ഷങ്ങളായി നേരെ ഇരിക്കുന്ന മഹാഭാരതം ഇതുവരെ വായിച്ചുകാണുകില്ല. അത് ബുദ്ധിയുടെ കാര്യമാണ്. കാണല്‍ അങ്ങനെയല്ല. മനസ്സും ദേഹവും മാത്രം മതി. മൂല്യങ്ങള്‍ ഒന്നും ഉണര്‍ത്തേണ്ട കാര്യം വരുന്നില്ല.
പുതിയ ലോകം ബഹുജനങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ഇഷ്ടമായി വന്നാലേ സാക്ഷാത്കരിക്കാനാവൂ. വിവേകവും ബുദ്ധിയും യുക്തിയും ഒന്നും വിചാരവികാരങ്ങളുടെ വേഗതയുടെ ഒപ്പം വരില്ല.
മിനി: പുതിയ ലോകം ബഹുജന വികാരമാകണം. നമുക്കും ഇന്ന് അതൊരു വികാരമല്ല. ബുദ്ധിയുടെ മേഖലയിലെ കാര്യമാണ്.
കബീര്‍: ഒരു യഥാര്‍ത്ഥ വിപ്ലവകാരിക്ക് പുതിയലോകം സ്വന്തം കാര്യമാണ്.
മിനി: സ്വന്തം എന്ന ബോധം വന്നാല്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആളുകള്‍ മടിക്കുകയില്ല.
ഞാന്‍: വാസ്തവത്തില്‍ നവസമൂഹരചന സ്വന്തകാര്യമല്ലേ?
നവ: അതേ. എന്നാല്‍ സ്വന്തകാര്യമാണെന്ന ബോധം പ്രവര്‍ത്തകരില്‍പോലും ഉണര്‍ന്നിട്ടില്ല. ഒരു പുതിയ വീട് വേണമെന്നു കരുതുന്നപോലെ പുതിയ സമൂഹം ആവശ്യമായി തോന്നണം. കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ചെയ്യുന്ന ത്യാഗമല്ല, എന്റെ ജീവിതകാര്യമാണ്. ഈ തോന്നല്‍ ഉണ്ടായാല്‍ മനസ്സും ശരീരവും ഒന്നിച്ചു രംഗത്തുവരും. വിപ്ലവം വിശാലസ്വാര്‍ത്ഥതയുടെ പരിധിയില്‍ വേണം.
ഞാന്‍: ശരീരവും മനസ്സും തമ്മിലുള്ള അടുപ്പം ജന്തുക്കളിലും ഉണ്ട്. ഈ ബന്ധത്തെ ബുദ്ധിക്കും യുക്തിക്കും വിവേകത്തിനും അനുസരിച്ച് ഉയര്‍ത്തിക്കൊണ്ടു വരുമ്പോഴാണ് നാം മനുഷ്യത്വത്തിലേക്ക് കടക്കുന്നത്. ജന്തുത്വത്തില്‍നിന്ന് മനുഷ്യത്വത്തിലേക്കുള്ള ഈ ഉല്‍ഗതി അതിനുവേണ്ടിയുള്ള സാധനകൊണ്ടേ സാധിക്കൂ. ഈ സാധന ബാല്യത്തിലേ ശീലിക്കാന്‍ വേണ്ടിയാണ് മനുഷ്യന് വിദ്യാഭ്യാസഘട്ടം പ്രത്യേകം നിഷ്കര്‍ഷിച്ചത്. എന്നാല്‍ കൂലിവേലയ്ക്കുള്ള തയ്യാറെടുപ്പുഘട്ടമായി വിദ്യാഭ്യാസത്തെ നാം ദുരുപയോഗപ്പെടുത്തിക്കളഞ്ഞു.
നവ: വളരെ ശരിയായ ഒരു കണ്ടെത്തലാണിത്. ഇതില്‍നിന്നുള്ള രക്ഷാമാര്‍ഗവും കണ്ടെത്തണമല്ലോ.
ഞാന്‍: വിപ്ലവത്തെ വിദ്യാഭ്യാസത്തോടു ബന്ധപ്പെടുത്തിയാല്‍ വിപ്ലവാനന്തര സമൂഹം ഇന്നത്തെ വൈകൃതങ്ങളില്‍നിന്നു രക്ഷപ്പെട്ടേക്കുമെന്ന് എനിക്കു തോന്നുന്നു. മാറ്റത്തിനുള്ള ശ്രമം വെറുപ്പിന്റേയും ബലത്തിന്റേയും തലത്തിലായിപ്പോയാല്‍ കലങ്ങിയ വെള്ളത്തില്‍നിന്ന് ചെളിക്കുണ്ടിലേക്കു മാറിയ അനുഭവമേ ഉണ്ടാകൂ. രാജഭരണമായിരുന്നു ഭേദം എന്നു തോന്നിപ്പോകുന്നതതുകൊണ്ടാണ്.
മിനി: വിപ്ലവം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി രൂപപ്പെടുത്തുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഞാന്‍: നാം അതാണ് ചിന്തിക്കുന്നത്. പ്രാദേശികസമൂഹമാതൃകകള്‍ക്കുവേണ്ടിയുള്ള ശ്രമം വിപ്ലവാത്മക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്, തന്റെ ചുറ്റുവട്ടത്തിലുള്ളവരുമായി തുറന്നു ബന്ധപ്പെട്ടുകൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നതുതന്നെ മനുഷ്യത്വത്തിലേക്കുള്ള ചുവടുവയ്പാണ്. തറക്കൂട്ടം, അയല്‍ക്കൂട്ടം, ഗ്രാമക്കൂട്ടം തുടങ്ങിയ വൃത്തങ്ങളുടെ വ്യാപ്തി ഓരോരുത്തരേയും വിടര്‍ത്തി വിടര്‍ത്തി കൊണ്ടുവരും. ഒരു ഗ്രാമമാകെ വിടരുമ്പോള്‍ അതെത്ര ശോഭനമായിരിക്കും. അതിന്റെ സുഗന്ധം ലോകമാകെ പരക്കാതിരിക്കില്ല.
നവ: അധികാരമുക്ത ഗ്രാമങ്ങള്‍ മത്സരമുക്തഗ്രാമങ്ങള്‍, നാണയമുക്തഗ്രാമങ്ങള്‍, രോഗമുക്തഗ്രാമങ്ങള്‍, സ്നേഹജീവിതവേദികള്‍ ഇങ്ങനെ ഭാവന ചെയ്യുകതന്നെ എത്ര സന്തോഷപ്രദമാണ്.
കേശു: ലോകത്ത് ലക്ഷോപലക്ഷം പേര് സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്നുണ്ട്. രാഷ്ട്രീയരംഗത്തും ആദ്ധ്യാത്മികരംഗത്തും, അങ്ങനെ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നവസമൂഹരചന തങ്ങളുടെ പരിപാടിയില്‍ ഒരിനമാക്കണം. സര്‍വകലാശാലകള്‍ ഇത് ഗവേഷണ വിഷയമാക്കണം. സെമിനാരികളില്‍ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് അയല്‍വക്കബന്ധത്തിന്റെ പരിശീലനത്തിന് ഒരു പ്രദേശം ഉണ്ടായിരിക്കണം. പത്രപ്രവര്‍ത്തനരംഗത്തും, കലാരംഗത്തുമെല്ലാം ഉള്ള പ്രവര്‍ത്തകര്‍ക്ക് ഒരു പ്രവര്‍ത്തനപ്രദേശം കൂടി വേണം. ഓരോ ആനുകാലിക പ്രസിദ്ധീകരണവും മാതൃകാസമൂഹനിര്മാണത്തിന് ഓരോ പ്രദേശം കണ്ടെത്തണം. പ്രവര്‍ത്തനശൈലി സേവനത്തിന്റെതായാല്‍ പോരാ. പുതിയൊരു പ്രവര്‍ത്തനശൈലി ഉരുത്തിരിഞ്ഞുവരണം.
|