close
Sayahna Sayahna
Search

കൂടിയാലോചനകളിലൂടെ സാമൂഹ്യ പരിവര്‍ത്തനം


കൂടിയാലോചനകളിലൂടെ സാമൂഹ്യ പരിവര്‍ത്തനം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: ദര്‍ശനം മുന്നോട്ടുവച്ചിട്ടുള്ള കൂടിയാലോചന എന്ന വഴി ഇവിടെയാണ് പ്രസക്തമാകുന്നത്. ഐക്യരാഷ്ട്രസഭയും കൂടിയാലോചനയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നുണ്ട്. ലോകം കൂടിയാലോചനയുടെ മാര്‍ഗത്തിലേക്കു വരുന്നുണ്ട്. ഗോര്‍ബച്ചേവ് ആ വഴിയില്‍ ശ്രദ്ധ ഊന്നുന്നതായി തോന്നുന്നു.

ഞാന്‍: ഇനിയങ്ങോട്ട് കൂടിയാലോചന നേതൃതലത്തില്‍ പോരാ. ജനകീയ കൂടിയാലോചനാവേദികള്‍ നാടുതോറും ഉണ്ടാകണം. ജീവിത വേദി എന്ന നിലയിലാണ് അത് രൂപപ്പെടേണ്ടത്. ഒന്നുകൂടി വ്യക്തമാക്കട്ടെ. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ അന്യോന്യം വേണ്ടപ്പെട്ടവര്‍ എന്ന ബോധത്തോടെ ചെറുസമൂഹങ്ങളായി ചേര്‍ന്ന് സാമൂഹ്യജീവിതമാരംഭിക്കണം. പരിവര്‍ത്തനത്തിനുള്ള കൂടിയാലോചന അവിടെ നടത്തണം. ശത്രുതാബോധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനാവേദി ഉണ്ടായാല്‍ മതിയാവില്ല. കൂടിയാലോചനയിലൂടെ സാമൂഹ്യപരിവര്‍ത്തനം സംഭവിക്കണമെങ്കില്‍ അത് മൈത്രിയുടെ അടിസ്ഥാനത്തില്‍ തുടങ്ങണം.

കേശു: നമുക്കത് ഒരു വസ്തുതാരൂപത്തില്‍ ചിന്തിച്ചുനോക്കാം. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും തറക്കൂട്ടങ്ങള്‍ ചേരാന്‍ ഇടയായി എന്നു വിചാരിക്കുക. അവരെന്താണ് ചെയ്യേണ്ടത്.

ഞാന്‍: ഓരോരുത്തരും ഇന്ന് എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ അവരെ അംഗീകരിച്ച്, പൊരുത്തപ്പെട്ട്, വേണ്ടപ്പെട്ടവരാണെന്നു കരുതാന്‍ എല്ലാവരും ശീലിക്കുകയാണാദ്യം വേണ്ടത്. ഇതൊരു ധ്യാനമായി എടുത്ത് പരിശീലിക്കണം.