ജനാഭിമുഖ്യം
ജനാഭിമുഖ്യം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
കേശു: ബഹുജനങ്ങള്‍ അത്രയും ഉന്നതമായി ചിന്തിക്കുമെന്ന് ആരും കരുതാറില്ല.
ഞാന്‍: തങ്ങളുടെ നാട്ടുകാര്‍ ഒന്നിച്ചുകൂടി തെറ്റായ തീരുമാനങ്ങളും എടുക്കട്ടെ. അതില്‍ ആരെങ്കിലും ഒരാള്‍ കണ്ടെന്നു വരും അത് തെറ്റാണെന്നു പറയുവാന്‍. ഓരോ ഗ്രാമവും ലോകത്തിനു വേണ്ടി കൂടുകയും ജീവിക്കുകയും ചെയ്യുന്നൊരു തലത്തിലേക്കു ക്രമേണ ഉയരുമ്പോള്‍ തെറ്റുകള്‍ കുറഞ്ഞുവരും.
കേശു: ഒരു ഗ്രാമക്കൂട്ടത്തിന് വലിയ ഒരു തെറ്റുപറ്റിയെന്നിരിക്കട്ടെ. അത് അവരെയല്ലെ ബാധിക്കൂ. ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന് ഒരു തെറ്റുപറ്റിയാല്‍ ലോകത്തെ മുഴുവന്‍ ബാധിക്കുമല്ലോ.
മിനി: ഇത്ര വ്യക്തമായ ഒരു വസ്തുത എന്തുകൊണ്ട് നമ്മുടെ നേതാക്കന്മാര്‍ക്കുപോലും ബോധ്യമാകുന്നില്ല. നാടുതോറും ജനങ്ങള്‍ കൂടിയാലോചിച്ച് ജീവിക്കുന്ന ഒരു ജനരാജിനെപ്പറ്റി നേതാക്കന്മാരാരും ചിന്തിക്കുകപോലും ചെയ്യുന്നില്ലല്ലോ.
ഞാന്‍: വിഭാഗീയതയാവാം ഇതിനു കാരണം. നമ്മുടെ നേതാക്കന്മാര്‍ പലരും ഏതെങ്കിലും ജാതിയിലോ, മതത്തിലോ, പാര്‍ട്ടിയിലോ കൂടി നേതൃനിരയില്‍ എത്തിയവരാണ്. മാനുഷികതലം ഇല്ലാത്തതുകൊണ്ട് മാനുഷികനേതൃത്വവും ഇല്ലാതായിപ്പോയി. ആദ്ധ്യാത്മിക നേതാക്കന്മാരില്‍പോലും വളരെ അപൂര്‍വം പേരേ ലോകത്തെ ഒന്നായി കാണാനുള്ള മഹത്വം ആര്‍ജിച്ചവരായി കാണുന്നുള്ളു. ആ മഹാത്മാക്കളുടെ ശാന്തമായ ശബ്ദമാകട്ടെ ഈ ബഹളത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. വിശ്വവിശാലമായ കാഴ്ചപ്പാട് തടസ്സപ്പെടുത്തിക്കൊണ്ട് സങ്കുചിത കാഴ്ചപ്പാടുകള്‍ മുന്നേറി നില്ക്കുന്ന കാലഘട്ടമാണിത്.
കബീര്‍: കുറച്ചുപേര്‍ ചുറ്റുമുണ്ടായാല്‍ ഒരു വക ശക്തിബോധം ഉണ്ടാവുക സ്വാഭാവികമാണ്. തങ്ങള്‍ക്കപ്പുറമുള്ള ലോകം നിസ്സാരമാണെന്ന് തോന്നിപ്പോകും. മറ്റുള്ളവരെ തള്ളിക്കളയാമെന്നു തോന്നും. തങ്ങളുടെ ആളുകളെ തെരുവില്‍ നിരത്തി ആ ശക്തി കണ്ട് സന്തോഷിക്കുവാനും മറ്റുള്ളവരെ ഭയപ്പെടുത്താനും ഓരോ കൂട്ടരും ശ്രമിക്കുന്നു. മനുഷ്യരാകെ ഒരു ശക്തിയായി തീര്‍ന്നാലുള്ള നേട്ടങ്ങളെപ്പറ്റി ചിന്തിക്കാന്‍ സങ്കുചിത ശക്തിയിലുള്ള ഭ്രമം തടസ്സമായി നില്ക്കുന്നു. അതുകൊണ്ട് മാനുഷികമായി ചിന്തിക്കാന്‍ കഴിയാതെ പോകുന്നു.
ഞാന്‍: തന്റെ കൂടെ അഭിപ്രായം അന്വേഷിക്കാതെ നാട്ടില്‍ ഒന്നും സംഭവിക്കുകയില്ലെന്ന് ഓരോരുത്തര്‍ക്കും ബോദ്ധ്യം വരണം. ലോകത്തില്‍ വ്യക്തിയുടെ സ്ഥാനം അതോടെ മഹത്തരമായിത്തീരുന്നു. ഈദൃശവ്യക്തികളുടെ സമൂഹം ലോകത്തിനെത്രമാത്രം ഗുണപ്രദമായിരിക്കും.
കബീര്‍: കേരളം ഒട്ടുക്ക് ഗ്രാമക്കൂട്ടങ്ങള്‍ ഉണ്ടായാല്‍ അവ ഒറ്റയ്ക്കും കൂട്ടായും എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്തുകൊള്ളും. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ കൂടുതല്‍ അധികാരം എന്ന പ്രശ്‌നം ഉണ്ടാവില്ല. ഓരോ ഗ്രാമക്കൂട്ടവും വിശ്വാധികാരം ഉള്ളവ ആകും.
|