close
Sayahna Sayahna
Search

നടക്കാത്ത കാര്യത്തിന് എന്തിനു ശ്രമിക്കുന്നു?


നടക്കാത്ത കാര്യത്തിന് എന്തിനു ശ്രമിക്കുന്നു?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: അപ്രായോഗികമെന്നു തോന്നാവുന്ന ഒരു പരിഹാരമാര്‍ഗം എന്തുകൊണ്ട് ദര്‍ശനം മുന്നോട്ടുവയ്ക്കുന്നു? ഇത് ആലോചിക്കേണ്ട ചോദ്യമാണ്. നമ്മുടെ നേതാക്കന്മാരും സംഘടനകളും ഇന്ന് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ എല്ലാം ഗവണ്മെന്റ് അംഗീകരിച്ചു നടപ്പിലാക്കി എന്നിരിക്കട്ടെ. 16 വയസ്സ് തികഞ്ഞവര്‍ക്കെല്ലാം വോട്ടവകാശം കൊടുത്തു. സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ചുമതല സംസ്ഥാന ഗവണ്മെന്റിനു കൊടുത്തു. പെന്‍ഷന്‍കാര്‍ക്കെല്ലാം അവര്‍ പിരിയുന്ന സമയത്തെ ശമ്പളം സ്ഥിരം പെന്‍ഷനായി അനുവദിച്ചു. തൊഴിലില്ലാത്തവര്‍ക്കെല്ലാം അര്‍ഹമായ തൊഴില്‍ കൊടുത്തു. ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയാല്‍ ജീവിതം സ്വസ്ഥമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇതൊക്കെ സാധിച്ച കുടുംബങ്ങളെ നോക്കൂ. രാഷ്ട്രങ്ങളെ നോക്കൂ. സ്വസ്ഥതയുണ്ടോ? ഇല്ലെന്നു സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ് അപ്രായോഗികമെന്നു തോന്നാവുന്ന വഴി നമുക്ക് നിര്‍ദ്ദേശിക്കേണ്ടി വരുന്നത്. “നാട്ടിലാകെ ബന്ധുത്വബോധം വളര്‍ത്തണം, എല്ലായിടത്തും പ്രാദേശികസമൂഹങ്ങള്‍ ഉണ്ടാകണം. എല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാണെന്നറിയണം. ആവശ്യങ്ങളേയും പ്രശ്‌നങ്ങളേയും ഒന്നിച്ചു നേരിടണം, ഉള്ളത് എല്ലാവരുംകൂടി അനുഭവിക്കുകയും പോരാത്തത് എല്ലാവരും ചേര്‍ന്നുണ്ടാക്കുകയും വേണം. നാണയം ഒഴിവാക്കണം. ഭരണകൂടങ്ങള്‍ ആവശ്യമില്ലാതാകണം.” എന്നെല്ലാം ഉച്ചത്തില്‍ പറയേണ്ടി വരുന്നത് അതില്‍ കുറഞ്ഞ ഒന്നുകൊണ്ടും നാം രക്ഷപ്പെടില്ല എന്ന ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണ്. റോഡും, ട്രെയിനും, അണക്കെട്ടും, പള്ളിക്കൂടവും, ആശുപത്രിയും, ദേവാലയങ്ങളും എല്ലാം എത്രയധികം ഉണ്ടാക്കിയാലും അതുവഴി ജീവിതം സ്വസ്ഥമാകുകയില്ല. ഡല്‍ഹിയില്‍ ഇതെല്ലാം ആവശ്യത്തിലധികം ഇപ്പോള്‍തന്നെ ഉണ്ടല്ലോ. സ്വസ്ഥതയുണ്ടോ? എത്ര വ്യക്തമായ കാര്യമാണിത്.

ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയട്ടെ. മനുഷ്യനെ ഒഴിച്ചുനിര്‍ത്തി മറ്റെല്ലാം നാം സ്വന്തമാക്കിയാലും നാം സമ്പന്നരാകുകയില്ല. മനുഷ്യന്‍ അന്യോന്യം സ്വന്തമായാല്‍ മറ്റെല്ലാം സ്വന്തമായിക്കൊള്ളും. ഈ മനുഷ്യനെ സ്വന്തമാക്കല്‍പ്രക്രിയ നിത്യപരിചിത സമൂഹത്തില്‍ തന്നെ തുടങ്ങണം. ഭാവനയിലതു വിശ്വവ്യാപകമായിരിക്കണം. ബന്ധുക്കളാണ് നാം ഏവരും എന്നു ഭാവന മതങ്ങളുടേയോ രാഷ്ട്രങ്ങളുടേയോ വര്‍ഗങ്ങളുടേയോ നന്മതിന്മകളുടേയോ മതിലില്‍ മുട്ടി തടയപ്പെട്ടുകൂടാ. മനുഷ്യനിലൂടെ വളര്‍ന്ന് പ്രകൃതി ആകെ പടരണം. എന്നാല്‍ പ്രവര്‍ത്തനം ചുറ്റുവട്ടത്തില്‍നിന്നു തുടങ്ങിയാല്‍മതി. അതാണ് സ്വാഭാവികം.

മിനി: ഒന്നു ചോദിച്ചുകൊള്ളട്ടെ. ദര്‍ശനം ഇറങ്ങുന്ന ഈ കഞ്ഞിപ്പാടം ഈ ബോധത്തിലേക്ക് പതുക്കെ എങ്കിലും വരുന്നുണ്ടോ?

ഞാന്‍: ഇല്ല മിനി. എന്റെ വീടില്ല. ഞാനില്ല. ഒരേ ഒരു വ്യത്യാസമുള്ളത് ഞാനിതാഗ്രഹിക്കുന്നു. സ്വപ്നം കാണുന്നു. യഥാശക്തി ശ്രമിക്കുന്നു. എന്റെ വീട്ടിലുള്ളവരാകട്ടെ ഇതൊരു പാഴ്‌വേലയാണെന്നു കരുതുന്നു. എന്റെ സമയം വൃഥാ കളയുന്നുവല്ലോ എന്ന് ദുഃഖിക്കുന്നു. എന്നാല്‍ നല്ലതെന്നു സമ്മതിച്ച് എനിക്ക് വീട് പിന്തുണ തരുന്നുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്ന കഞ്ഞിപ്പാടത്ത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടുകൂടി, ഒരിക്കലും നടക്കാത്ത ഒരു നല്ലകാര്യം എന്നു നാട്ടുകാര്‍ എഴുതിത്തള്ളിയും കളഞ്ഞു. അമ്പലപ്പുഴ ഒരുവിധം മുന്നോട്ടുവന്നാല്‍ കഞ്ഞിപ്പാടത്തു വീണ്ടും തുടങ്ങാവുന്നതേയുള്ളു.

മിനി: ഇത്ര പകലുപോലെ തെളിഞ്ഞ ഒരു സത്യം എന്തുകൊണ്ട് ആളുകളുടെ ശ്രദ്ധയില്‍ വരുന്നില്ല.

ഞാന്‍: എത്രതവണ ചര്‍ച്ചചെയ്താലും തീരാത്ത ഒരു വിഷയമാണിത്. പിടികിട്ടാന്‍ പ്രയാസം തന്നെ. ‘മനുഷ്യമനസ്സിന്റെ മഹാത്ഭുതം ’, ‘ഈശ്വരലീല ’ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുകയാണ് പലരും. നമുക്കതു പോരല്ലോ. സുകൃതം വേണം, സാധന വേണം, എന്നൊക്കെ പറയാന്‍ തോന്നുന്നു. നിരന്തര പ്രേരണ, കൂട്ടായ പ്രേരണ നല്‍കിക്കൊണ്ടിരുന്നാല്‍ അറിയാം. പ്രേരിപ്പിക്കാന്‍ ആള്‍ വേണ്ടേ? ്യുഞങ്ങളെ ഏറെ വേദനിപ്പിക്കുന്നകാര്യം മാറ്റം ആഗ്രഹിക്കുന്നവര്‍ ഒന്നിച്ചു നില്ക്കുന്നില്ല എന്നതാണ്. പ്രാദേശികസമൂഹനിര്‍മാണമാണ് പരിവര്‍ത്തന പ്രക്രിയകളുടെ മുന്നേ വരേണ്ടതെന്നു ഞങ്ങള്‍ക്കു തോന്നുന്നു. സാക്ഷരതയാണ് മുന്നില്‍ വരേണ്ടതെന്നു മറ്റു ചിലര്‍ക്കു തോന്നുന്നു. ഉപഭോക്താക്കള്‍ക്കു ജാഗ്രതയുണ്ടായാല്‍ വേഗം മാറ്റം സംഭവിപ്പിക്കാമെന്ന് ചിലര്‍ക്കു തോന്നുന്നു. പ്രകൃതിനിരീക്ഷണത്തിന് മനുഷ്യനെ പ്രേരിപ്പിച്ചാല്‍ അവര്‍ സത്യം മനസ്സിലാക്കുമെന്ന് വേറെ ചിലര്‍ക്കു തോന്നുന്നു. ശാസ്ത്രീയനേട്ടങ്ങള്‍ സാധാരണക്കാരിലെത്തിച്ച് ശാസ്ത്രബോധം വളര്‍ത്തിയാല്‍ വിപ്ലവം സംഭവിപ്പിക്കാമെന്ന് വേറെ കുറേപ്പേര്‍ കരുതുന്നു. അന്യായങ്ങള്‍ക്കെതിരായ സമരമുഖങ്ങള്‍ നാടുനീളെ പൊട്ടിപ്പുറപ്പെട്ടുവന്നാലേ യഥാര്‍ത്ഥവിപ്ലവം സംഭവിക്കൂ എന്ന് കരുതുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജനപ്രതിനിധികള്‍ക്കും നേതാക്കന്മാര്‍ക്കും ഒരു പെരുമാറ്റച്ചട്ടം ഉണ്ടായാല്‍ അതു ജനങ്ങളിലേക്കു വന്ന് പുത്തന്‍ സംസ്‌കാരമായി തീരുമെന്നു കരുതി പ്രവര്‍ത്തിക്കുന്നു ചിലര്‍. ഇതുപോലെ മാറ്റം ആഗ്രഹിക്കുന്ന വളരെ ഗ്രൂപ്പുകള്‍ ഉണ്ട്. കൂടാതെ ഭരണമാറ്റത്തിനു ശ്രമിക്കുന്ന പാര്‍ട്ടികള്‍ ധാരാളം. ഇവരെല്ലാം ഇടയ്ക്കിടെ ഒന്നിച്ചുകൂടി ആശയവിനിമയം ചെയ്യേണ്ടതാവശ്യമാണ്. അതുകൊണ്ട് കാര്യം പരിഹൃതമാകുമെന്നല്ല; സത്യം കണ്ടെത്താന്‍ കഴിഞ്ഞേക്കാം. അകന്നു പോകാതിരുന്നേക്കാം. അടിസ്ഥാനപരമായ നല്ലൊരു തുടക്കത്തിനിട വന്നേക്കാം.

അടുത്ത പത്തുവര്‍ഷം കേരളത്തിന് അതിന്റെ സര്‍വ കഴിവുകളും അന്യോന്യ ജീവിതരചനയിലേക്ക് തിരിച്ചുവിടാന്‍ ഇടവരുന്നെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന് ലോകോത്തരമായ ഒരു മാര്‍ഗദര്‍ശനദീപമാകുമായിരുന്നു കേരളം. നമുക്ക് ആശിക്കുക. കേരളത്തില്‍ ഒരാള്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നുവെന്നറിഞ്ഞാല്‍ അറിയുന്നവര്‍ അറിയുന്നവര്‍ അതിന്റെ കാരണവും പരിഹാരവും അന്വേഷിക്കുന്നവരാകണം. ഒരാള്‍ക്ക് ഒരു ചൊറി വന്നാല്‍ ആ നാട് അതിന്റെ കാരണം അന്വേഷിക്കണം.

മിനി: ഇത്രയും നല്ല ഒരു വിപ്ലവചിന്ത വേറെ ഞാന്‍ കാണുന്നില്ല. നമുക്കു പരിശ്രമിച്ചു നോക്കാം. അമ്പലപ്പുഴയിലെപ്പോലെ ആലപ്പുഴ നഗരത്തിലും ഞങ്ങളൊന്നു ശ്രമിച്ചുനോക്കാം.

കബീര്‍: തീര്‍ച്ചയായും നമ്മുടെ നഗരത്തിലെ ഒരന്‍പതു വീട്ടിലെങ്കിലും ഒരു പ്രാരംഭസന്ദര്‍ശനം നടത്തുന്നതിനെപ്പറ്റി ഞങ്ങള്‍ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഉടനെ ആലോചിക്കാം.

നവ: നടുവട്ടത്തു ഞങ്ങളും ശ്രമമാരംഭിക്കാം. കേരളത്തില്‍ സാമൂഹ്യമാറ്റം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരെ നമുക്കു താമസിയാതെ ഒന്നു വിളിച്ചുകൂട്ടേണ്ടതാവശ്യമല്ലേ?

ഞാന്‍: പലരും ഇപ്പോള്‍ ഇത്തരം കൂടിച്ചേരലുകള്‍ക്ക് ശ്രമിക്കുന്നുണ്ട്. വേണ്ടതുപോലെ ആകുന്നില്ല. സമാനചിന്താഗതിയുള്ളവര്‍ മാത്രമേ കുറച്ചെങ്കിലും കൂടാറുള്ളു. മനുഷ്യമനസ്സ് അത്ര അകന്നുപോയി.