പഞ്ചായത്തുകളും അയല്‍ക്കൂട്ടങ്ങളും
പഞ്ചായത്തുകളും അയല്‍ക്കൂട്ടങ്ങളും | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
നവ: പഞ്ചായത്തീരാജ് ദേശമൊട്ടാകെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ഇക്കാലത്ത് ജനങ്ങള്‍ ഉണര്‍ന്ന് എല്ലായിടത്തും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിച്ചാല്‍ നല്ലൊരു സംയോഗം നടക്കാനിടയുണ്ട്.
മിനി: രണ്ടും പരസ്പര വിരുദ്ധങ്ങളാണ്. ഒന്ന് അധികാരത്തിന്റേയും മറ്റേത് ബന്ധുത്വത്തിന്റേതുമാണ്. അവ തമ്മില്‍ കൂട്ടിവിളക്കിയാല്‍ ചേരുമോ?
നവ: പഞ്ചായത്തീരാജില്‍ ബഹുജനങ്ങള്‍ക്കുള്ള സ്ഥാനം ജവഹര്‍ലാല്‍ നെഹ്രു അവസാന കാലത്ത് മനസ്സിലാക്കിയിരുന്നു. എസ്. കെ. ഡെ ഈ തലത്തില്‍ ഏറെ ചിന്തിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ രണ്ടുപേരും ഗാന്ധിജിയോട് വേണ്ടത്ര അടുത്തിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരമാധികാരത്തെ തങ്ങളുടെ ഉള്ളില്‍ നിന്ന് തൂത്തെറിയാന്‍ ഗാന്ധിജിയെപ്പോലെ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഗ്രാമസ്വരാജ് കേന്ദ്രാധികാരത്തിന്റെ കീഴിലുള്ള ഒരു സംവിധാനമായിട്ടല്ല ഗാന്ധിജി കണ്ടിരുന്നത്. ആ വഴിക്കാണ് നമുക്കിനി ചിന്തിക്കേണ്ടത്. എന്റെ അഭിപ്രായത്തില്‍ ഗവണ്മെന്റുകള്‍ക്ക് ചെയ്യാവുന്നത് അവര്‍ ചെയ്യട്ടെ. തടസ്സപ്പെടുത്തരുത്.
രാജു: ഉദ്യോഗസ്ഥന്മാര്‍, ശമ്പളം, നിയമനിര്‍മാണസഭ ഇത്തരത്തിലല്ലാതെ ഗവണ്മെന്റുകള്‍ക്ക് ചിന്തിക്കാനാവില്ല.
നവ: ജനങ്ങള്‍ ഗ്രാമത്തിലും നഗരത്തിലും ബന്ധുത്വബോധത്തോടെ ചേര്‍ന്ന് അന്യോന്യം ജീവിതത്തിനു തയ്യാറാകണം. അടിസ്ഥാനതല പ്രാദേശികസമൂഹങ്ങള്‍ നാടുതോറും ഉണ്ടായാല്‍ പഞ്ചായത്തീരാജിനുള്ള എല്ലാ കുറവുകളും പരിഹൃതമാകും.
മിനി: പ്രതിനിധിസഭകളെപ്പറ്റിയല്ലാതെ ഗ്രാമസഭകളെപ്പറ്റി പലരും ചിന്തിക്കുന്നില്ലെന്നത് മനഃപൂര്‍വമായിരിക്കുമോ എന്ന് സംശയിക്കുന്നു.
കേശു: ഇന്ത്യയൊട്ടാകെ പ്രാദേശികജനസഭകള്‍ ഉണ്ടായാല്‍ ചുവട് ഉറയ്ക്കും. പഞ്ചായത്തീരാജാകട്ടെ ഇന്നൊരു സര്‍ക്കാര്‍കാര്യമായി എല്ലായിടത്തും വ്യാപിച്ചുവരികയാണ്. ഗവണ്മെന്റുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പഞ്ചായത്തുകള്‍ പിരിച്ചു വിടാം.
രാജു: വികേന്ദ്രീകൃത പഞ്ചായത്തുകള്‍ എന്ന നിലയില്‍ ഇവയോട് ഒരു പരിധിവരെ യോജിക്കാം. എന്നാല്‍ പ്രതിനിധിസഭകള്‍ ഒരിക്കലും ജനങ്ങള്‍ അവരുടെ അധിവാസപ്രദേശങ്ങളില്‍ ഒന്നിച്ചുകൂടുന്നതിന് പകരമായിക്കൂടാ. നമുക്ക് വേണ്ടത് നിയമംകൊണ്ട് ഗവണ്മെന്റുകള്‍ നടപ്പിലാക്കുന്ന പഞ്ചായത്തല്ല ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന പഞ്ചായത്തുകളാണ്. അത് പിരിച്ചുവിടാന്‍ അവിടെ ജനവാസമുള്ള കാലത്തോളം ഒരു ഗവണ്മെന്റിനും സാധിക്കുകയില്ല.
കബീര്‍: ജനങ്ങളില്‍നിന്ന് അടിസ്ഥാനതലസമൂഹങ്ങള്‍ രൂപപ്പെട്ടുവന്നാല്‍ ജനങ്ങള്‍ക്ക് അവ നിലനിറുത്താനുള്ള ഉത്തരവാദിത്വവും വരും. ഗവണ്മെന്റിന് തലവേദന ഒഴിയും. ഇന്ന് പല പഞ്ചായത്തുകളിലും ശമ്പളംകൊടുക്കാന്‍ കരംപിരിവു തുക മതിയാകുന്നില്ല.
മിനി: ഈയിടെ ഒരു വില്ലേജാഫീസര്‍ ആ വില്ലേജിലെ കരം പൂര്‍ണമായി പിരിച്ചെടുത്താലും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പോലും ആകുക ഇല്ലെന്ന് എന്നോട് പറഞ്ഞു.
കബീര്‍: എന്തിന് ഗവണ്മെന്റുകള്‍ ഈ ആവാത്ത ഭാരം ഏറ്റെടുക്കുന്നു. ജനങ്ങളെ അവരുടെ ഹിതത്തിനു കുറച്ചുകാലം വിട്ടുനോക്കരുതോ. ഇത്രകാലവും അധികാരികള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. ഇനി ജനങ്ങള്‍ക്കു വിട്ടുകൊടുത്തു നോക്കട്ടെ. നാടുതോറും വീട്ടുകാര്‍ കൂടിച്ചേര്‍ന്ന് നാട്ടുകാര്യങ്ങള്‍ നോക്കട്ടെ. മന്ത്രിമാര്‍ മേല്‍നോട്ടം വഹിച്ചുകൊള്ളട്ടെ. ഇടപെടേണ്ട. അങ്ങനെവന്നാല്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ ഏതു ഗ്രാമത്തിലും സകുടുംബം ചെന്നു താമസിക്കാം.
|