പഠനം ചിന്തയ്ക്കു തടസ്സമോ?
പഠനം ചിന്തയ്ക്കു തടസ്സമോ? | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഞാന്‍: നവന്റെ അഭിപ്രായത്തോടു യോജിക്കാനാണ് എനിക്കു തോന്നുക. പഠനശാലകള്‍ക്കു പകരം ചിന്താശാലകള്‍ ഉണ്ടാകണമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്. ആരോ ചിന്തിച്ചു കണ്ടെത്തിയത് പഠിച്ച് പഠിപ്പിക്കുന്നതുകൊണ്ട് വ്യക്തിത്വം വികസിക്കാനിടയില്ല. ഭാവന വളരുകയില്ല. മൗലിക ചിന്ത തന്നെ ഇല്ലാതെ പോകും. അന്യരുടെ ചിന്തകള്‍ നമ്മുടെ ചിന്തകള്‍ക്കു പകരം നിന്നുകൊള്ളും.
രാജു: ജെ. കൃഷ്ണമൂര്‍ത്തിയുടെ സമീപനത്തില്‍ ഇങ്ങനെയൊരു വശമുണ്ട്. ഗുരുവും ശിഷ്യനും. രണ്ടുമാകാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
ഞാന്‍: ഉയര്‍ന്ന പഠനമുള്ള യുവ വിദ്യാര്‍ത്ഥി ഗ്രൂപ്പൂകള്ക്കിടയില് ഞാന്‍ അയല്‍ക്കൂട്ടമെന്ന ആശയം വച്ചിട്ട് അഭിപ്രായം അന്വേഷിച്ചിട്ടുണ്ട്. സ്വതന്ത്രമായ പ്രതികരണം ഞാന്‍ അധികം കേട്ടിട്ടില്ല.
രാജു: ചിന്തനവും പഠനവും ബന്ധമുള്ള രണ്ടു പ്രവര്‍ത്തനങ്ങളാണ്. ചിന്തിക്കുന്നതുകൊണ്ടാണ് പഠനം ആവശ്യമായി വരേണ്ടത്. പഠിച്ചതിനെപ്പറ്റി ചിന്തിക്കുകയുമാകാം. ഇപ്പോള്‍ പഠനം മാത്രമായി. പിന്നാലെ ചിന്ത വരുന്നില്ല.
ഞാന്‍: ജീവികളുടെ ഇടയിലും പഠനമുണ്ട്. പൂച്ചക്കുട്ടിയെ തള്ളപ്പൂച്ച എലിയെ പിടിക്കേണ്ട വിധം പഠിപ്പിക്കും. ചിന്തിപ്പിക്കാറില്ല. മനുഷ്യന്റെ പ്രത്യേക കഴിവാണ് മനനം. പഠനവും ചിന്തനവും തമ്മില്‍ എവിടെയാണ് വേര്‍തിരിയുന്നത് എന്നു നാം കണ്ടെത്തണം. ഒരുദാഹരണം പറയാം. നവസമൂഹത്തില്‍ നാണയത്തിനു സ്ഥാനമുണ്ടായിരിക്കുകയില്ല എന്ന് ദര്‍ശനം പറയുന്നു. അത് ഒരു വായനക്കാരന് മനസ്സിലാക്കുന്നു. ദര്‍ശനം ഭാവനചെയ്യുന്ന സമൂഹത്തില്‍ നാണയത്തിനു സ്ഥാനമുണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് ‘ഉണ്ടായിരിക്കില്ല ’ എന്നെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കിട്ടും. ഇതാണു പഠനം. എന്നാല്‍ ചിന്തനം ഒന്നു വേറെയാണ്. നാണയം ഇല്ലാതെ വന്നാല്‍ ടിക്കറ്റ് വേണ്ടിവരില്ല. വിലയും കൂലിയും ഇല്ലാതാകും. അപ്പോള്‍ ജോലിയും വിതരണവും എങ്ങനെ നടക്കും? ഇത്തരത്തില്‍ പഠിച്ചതിനെ മറികടക്കുന്നതാണ് ചിന്തനം. വിദ്യാഭ്യാസത്തിലെന്നല്ല ജീവിതത്തിലാകെ മനുഷ്യന് ചിന്തിക്കേണ്ട സാഹചര്യം കുറഞ്ഞുവരുന്നു. പഠിച്ച് ഓര്‍മിച്ചാല്‍ മതി. പരീക്ഷാരംഗം നോക്കൂ. ഒറ്റപദത്തിലാണുത്തരം. എന്റെ ചോദ്യത്തിനുത്തരം പറഞ്ഞാല്‍ മതി എന്നാണ് രോഗിയോട് ഡോക്ടറും പറയുന്നത്.
കേശു: അതുകൊണ്ട് ചിന്തനം ആവശ്യമില്ലാതെയായി. നമ്മുടെ വിദ്യാര്‍ത്ഥിലോകം ഇനി ചിന്തിച്ചുതുടങ്ങാന്‍ വളരെ പ്രയാസമാണ്. പുതിയ ലോകത്തെപ്പറ്റിയും അവരെ പഠിപ്പിക്കണം. സിലബസ്സില്‍ വരുന്നത്രയും കാര്യം നല്ല അദ്ധ്യാപകര്‍ പഠിക്കും, പഠിപ്പിക്കും. ഉത്സാഹമുള്ള കുട്ടികള്‍ കാണാതെ പഠിക്കും. അതിനപ്പുറം ഇരുകൂട്ടരും ചിന്തിക്കില്ല. ചിന്തിക്കേണ്ട ആവശ്യവുമില്ല. സ്വതന്ത്രചിന്തയും ഭാവനയും അത്ര മുരടിച്ചുപോയി.
നവ: അപ്പോള്‍ നവലോകത്തെപ്പറ്റി ബഹുഭൂരിപക്ഷം പേരും ചിന്തിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം ഇത്തരമൊരു പഠനപദ്ധതിയെ അടിയൂന്നിയുള്ള ഇന്നത്തെ വിദ്യാഭ്യാസം ആണെന്നു പറയാമല്ലോ.
രാജു: ആ അഭിപ്രായം ശരിയായിരിക്കുമെന്ന് എനിക്കു തോന്നുന്നു. ഒരു മതക്കാരനായി ജനിക്കുന്നത് പോലെയാണ് ഒരു ശിശു വിദ്യാര്‍ത്ഥിയാകുന്നത്. ഒരാള്‍ സ്വയം പഠിച്ചോ ചിന്തിച്ചോ സ്വീകരിക്കുന്നതല്ലല്ലോ അയാളുടെ മതം. അതുപോലെ കുട്ടികളുടെ വാസനയോ, മാനസികാവസ്ഥയോ കുട്ടി വളരുന്ന സാഹചര്യത്തില്‍ കുട്ടിക്കാവശ്യമുള്ള അറിവുകളെ അടിസ്ഥാനപ്പെടുത്തിയോ ഒന്നുമല്ല കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത്. അവിടെ പഠിക്കുന്നത് പഠിക്കാന്‍ ഓരോ കുട്ടിയും നിര്‍ബന്ധിതനാകുകയാണ്. കുട്ടിക്ക് സ്വയം അറിയാന്‍ അവസരം കിട്ടുന്നതേയില്ല. ഒടുവില്‍ അറിവുതന്നെ കുട്ടിക്ക് ഭാരമായി തീരുന്നു.
കേശു: വിദ്യാഭ്യാസം കഴിഞ്ഞാല്‍ താന്‍ ജീവിക്കുന്ന ലോകത്തെ വിമര്‍ശനബുദ്ധ്യാ കാണുവാനോ കൂടുതല്‍ ഉത്തമമായ മറ്റൊന്നിനെപ്പറ്റി ചിന്തിക്കുവാനോ യുവാക്കള്‍ക്ക് കഴിയുന്നില്ല. ഭാവന വിടരാനുള്ള പരിശീലനമേ കിട്ടിയിട്ടില്ലല്ലോ. നിത്യജീവിതത്തില്‍ ഒരുപയോഗവുമില്ലാത്ത അറിവിന്റെ ഒരു ഭാരിച്ച ഭാണ്ഡം തലയിലുണ്ട്. അത് വില്ക്കാന് ഒരു മാര്ക്കറ്റന്വേഷിക്കുകയാണ് പിന്നീട് യുവാക്കള്‍. അവര്‍ സ്വയം കണ്ടെത്തുന്ന മാര്‍ക്കറ്റുകളാണ് ട്യൂഷന്‍സെന്ററുകള്‍. പതിനാറുവര്‍ഷം നന്നായി പഠിച്ച് എം.എ പാസ്സായ ഒരു വിദ്യാര്‍ത്ഥിക്ക് ആദ്യം കണ്ടെത്താവുന്ന ജോലി പഠിപ്പിക്കുകയല്ലാതെ മറ്റെന്താണ്. കൃഷിഭൂമി സ്വന്തമായിട്ടുണ്ടായിരുന്നാലും അതിലേക്ക് തിരിയാന്‍ പറ്റുമോ? പാരമ്പര്യതൊഴിലുകള്‍ വശമാക്കിയിട്ടില്ല. വിദ്യാലയങ്ങള്‍ വര്‍ഷംതോറും ഉപരിപഠനം പൂര്‍ത്തിയാക്കിയ യുവാക്കളെ വ്യര്‍ത്ഥതയുടെ പെരുവഴിയിലേക്ക് കൊണ്ടുചെന്ന് വിടുന്നു.
ഞാന്‍: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ദയനീയമായ ഗതികേടിലേക്കാണ് കേശു വിരല്‍ചൂണ്ടുന്നത്. തെറ്റായ ദിശയിലേക്കാണ് തലമുറ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കണ്ടെത്താന്‍ അദ്ധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ, രാഷ്ട്രീയക്കാര്‍ക്കോ ആര്‍ക്കും സാധിക്കാത്ത ഒരവസ്ഥയില്‍ ലോകം അകപ്പെട്ടുപോയിരിക്കുന്നു. പാഠഭാഗം പഠിപ്പിച്ചുതീര്ക്കുന്നതിനുള്ള ബദ്ധപ്പാടിലാണ് ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകര്‍. മേലെനിന്നു വരുന്ന ഓര്‍ഡറുകള്‍ നടപ്പാക്കുകയാണ് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്റെ ചുമതല. നേതാക്കന്മാരുടെ അഭിപ്രായങ്ങളറിഞ്ഞ് അതു പ്രചരിപ്പിച്ചാല്മതി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്. സ്വതന്ത്രമായി ചിന്തിക്കുവാനോ തീരുമാനമെടുക്കുവാനോ പ്രവര്‍ത്തിക്കുവാനോ ആര്‍ക്കാണു കഴിയുക. ഇതിനിടയില്‍ ആരെങ്കിലും വ്യത്യസ്തമായി ചിന്തിച്ചുപോയാല്‍ പ്രോത്സാഹനം നല്‍കുന്നതിനുപകരം അടിച്ചമര്‍ത്താനാവും അധികാരികള്‍ ശ്രമിക്കുക. ആദ്ധ്യാത്മികരംഗംപോലും വ്യക്തിത്വവികസനത്തിന് അനുവദിക്കാത്ത ആചാരക്രമങ്ങളുടെ ഏടാകൂടത്തില്‍ പെട്ടുപോയിരിക്കുന്നു.
രാജു: ബഹുജനങ്ങളുടെ ഇന്നത്തെ മാനസികാവസ്ഥ ഒന്ന് വിശകലനം ചെയ്തു നോക്കേണ്ടതാണെന്നെനിക്കു തോന്നുന്നു.
കേശു: എന്റെ നോട്ടത്തില്‍ ബഹുജനങ്ങള്‍ സ്വതന്ത്രരാണ്. ഉദ്യോഗസ്ഥരുടെയോ, ജനപ്രതിനിധികളുടെയോ, പുരോഹിതന്മാരുടേയോ പരിമിതികള്‍ ജനങ്ങള്‍ക്കില്ല. അവര്‍ക്കു യഥേഷ്ടം ചിന്തിക്കാം. പറയാം. പ്രവര്‍ത്തിക്കാം. എന്നാല്‍ അവര്‍ ആത്മഹത്യയ്ക്കു തുല്യമായ ഒരു തെറ്റിദ്ധാരണയില്‍ പെട്ടിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിര്വഹിച്ചുതരേണ്ടത് ഗവണ്മെന്റാണ്, പുരോഹിതന്മാരാണ്, നേതാക്കന്മാരാണ് എന്നെല്ലാമുള്ള തെറ്റിദ്ധാരണയില്‍ പെട്ടുപോയി സാമാന്യജനത. നാട്ടുകാരുടെ ഉത്തരവാദിത്വം അവരറിയുന്നതേയില്ല. അപേക്ഷിക്കുക. സാധിച്ചില്ലെങ്കില്‍ സമരം നടത്തുക. ഇത്രയുമാണ് സാധാരണക്കാരുടെ ധര്‍മം എന്നൊരബദ്ധധാരണ പരക്കെ ഉണ്ട.് മാറ്റിത്തീര്‍ക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുള്ളതാണെന്നു കരുതുന്നില്ല. അതുകൊണ്ട് അവര്‍ ഭാവിയെപ്പറ്റി ചിന്തിക്കുവാനോ ഒരു വഴി കണ്ടെത്തുവാനോ തയ്യാറാകുന്നതേയില്ല. തന്നെയല്ല സ്വകാര്യജീവിതാവശ്യങ്ങള് സാധിക്കുവാനുള്ള ബദ്ധപ്പാടിലാണ് ഓരോരുത്തരും. അതിനിടയ്ക്ക് കിട്ടുന്ന നേരം സിനിമയ്ക്കോ ടെലിവിഷനോ പന്തുകളി കാണാനോ ചിലവാക്കും. അവര്‍ ലഹരികഴിച്ചും, വിനോദങ്ങളില്‍ ഏര്‍പ്പെട്ടും, അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി അലഞ്ഞും, ലൈംഗിക അരാജകത്വത്തില്‍ മുഴുകിയും, തമ്മില്‍ കലഹിച്ചു ജീവിച്ചുകൊള്ളട്ടെ എന്ന് നേതൃത്വവും കരുതുന്നതുപോലെ തോന്നുന്നു.
നവ: മറ്റൊരു കാരണം എനിക്കു തോന്നിയിട്ടുണ്ട്. ഈ വ്യവസ്ഥയില്‍തന്നെ പലരും സംതൃപ്തരാണ്. സൗകര്യമായ വീട്, ഉപകരണങ്ങള്‍, വാഹനങ്ങള്‍, പണം എല്ലാമുണ്ട്. ഒന്നിനും ഒരു കുറവുമില്ല. ഇനി പുതിയൊരു ലോകത്തെപ്പറ്റി എന്തിനു ചിന്തിക്കണം?
പ്രയാസമുള്ളവരാകട്ടെ അതിനൊരു പരിഹാരം ഇവിടെത്തന്നെ കണ്ടെത്താമെന്നുള്ള വിശ്വാസത്തിലും ശ്രമത്തിലുമാണ്. ധനികരും ദരിദ്രരും ഈ വ്യവസ്ഥിതിയില്‍തന്നെ സന്തോഷം കണ്ടെത്തുന്നുവെന്നു പറയാം. ദരിദ്രര്‍ക്ക് സ്വന്തം ക്ലേശങ്ങള്‍ മാറിക്കിട്ടണമെന്നല്ലാതെ ആ ക്ലേശം മറ്റൊരാള്‍ അനുഭവിക്കാനിടവരാത്ത ഒരു പുതിയ ലോകം ഉണ്ടാവണമെന്ന വിചാരമില്ല. അതുകൊണ്ട് പുതിയ ലോകം ആരുടേയും ചിന്താവിഷയമാകാനിടവരുന്നില്ല. ജീവിതവീക്ഷണം അത്രമാത്രം സങ്കുചിതമായിപ്പോയി. ഇന്ത്യയെ ചൈനക്കാരോ പാകിസ്താന്‍കാരോ ആരുവേണമെങ്കിലും ഭരിച്ചുകൊള്ളട്ടെ എനിക്കു സ്വസ്ഥത കിട്ടിയാല്‍ മതി എന്ന ഭാവത്തിലാണ് ഇന്ന് പല ഇന്ത്യന്പൗരന്മാരും. ആരു നിര്‍ദ്ദേശിക്കുന്ന ഏതു ജോലിയും; ചെയ്യുവാന്‍ തയ്യാറാണ്. പണം കിട്ടിയാല്‍ സന്തോഷമായി ജീവിക്കാം. അടിമത്തമാണ് സ്വാതന്ത്ര്യത്തേക്കാള്‍ സുഖമെന്നു കരുതുന്ന ഒരു ലോകമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മുമ്പിലുള്ളത്. സ്വാതന്ത്ര്യത്തിന്റെ കൂടെ വരുന്ന ഉത്തരവാദിത്തത്തെക്കേള് അടിമത്തത്തിന്റെ കൂടെവരുന്ന നിരുത്തരവാദിത്വമാണ് പലര്‍ക്കും ഇഷ്ടം.
ഞാന്‍: ഇതാരുടെയും ദോഷമല്ല. ഒരവസ്ഥയാണ്. ഒരു മനുഷ്യനില്‍ നാം കാണുന്നതു പലരിലും ഉള്ളതു തന്നെയാണ്. കാലഗതിക്കനുസരിച്ചാണ് ആകെ നീക്കം സംഭവിക്കുന്നത്. ആരെയും പ്രത്യേകമായി കുറ്റം പറയാനില്ല. മനുഷ്യര്‍ ആകെ നിരാശരും ഉദാസീനരും തന്‍കാര്യക്കാരുമായിപ്പോയ ഒരവസ്ഥാവിശേഷം ഈ കാലഘട്ടത്തിന്റേതായി തീര്‍ന്നിരിക്കുന്നു. എല്ലാ രംഗങ്ങളിലും അര്‍ത്ഥശൂന്യത വ്യാപിച്ചുപോയി.
|