close
Sayahna Sayahna
Search

പരസ്പര രൂപീകരണം


പരസ്പര രൂപീകരണം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ജീവികളെല്ലാം ജന്മവാസനകള്‍ക്കനുസരണമായി സാഹചര്യത്തോടിണങ്ങി രൂപപ്പെടുമ്പോള്‍ മനുഷ്യന്‍മാത്രം പരസ്പര രൂപീകരണത്തിലൂടെ രൂപപ്പെടുന്ന ഒരു സവിശേഷജീവിയാണ്. ഒരാള്‍ ഏതുതരം ഷര്‍ട്ടു ധരിക്കണം എന്നു നിശ്ചയിക്കുന്നത് സ്വന്തം ആവശ്യത്തെപ്പറ്റി ചിന്തിച്ചിട്ടല്ല; മറ്റുള്ളവര്‍ ധരിക്കുന്നവ കണ്ടിട്ടാണ്. വീട്, വീട്ടുപകരണങ്ങള്‍, അടിയന്തിരങ്ങള്‍ എല്ലാം എങ്ങനെവേണം എന്നു നിശ്ചയിക്കുന്നതും ഇത്തരത്തില്‍ തന്നെ. മാര്‍ക്കറ്റും പരസ്യങ്ങളും ഇടുന്ന താളത്തിനൊപ്പിച്ചാണ് ജനം ചുവടുവയ്ക്കുന്നത് എന്നത് മാറ്റത്തിനു ശ്രമിക്കുന്നവരുടെ മുമ്പില്‍ വലിയൊരു പ്രതിബന്ധമാണ്.

നവ: ഈ പ്രവണത മാറ്റത്തിനനുകൂലമായി തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നതിലാണ് നാം ബുദ്ധി കാട്ടേണ്ടത്. അതുകൊണ്ടാണ് ഏകാന്ത പരീക്ഷണങ്ങള്‍ പോരാ; സമൂഹജീവിതതലത്തില്‍തന്നെ മാറ്റത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കണം എന്നു നാം കരുതുന്നത്. പരസ്പര രൂപീകരണം വിശ്വമൈത്രീഭാവത്തിന്റെ ചാലില്‍ വരണം. ഓരോ കരയും കൂടുമ്പോള്‍ മറ്റ് ഓരോ കരയും കൂടാന്‍ തുടങ്ങും.