close
Sayahna Sayahna
Search

വിപ്ലവകാരി എന്തിനുവേണ്ടി നിലകൊള്ളണം?


വിപ്ലവകാരി എന്തിനുവേണ്ടി നിലകൊള്ളണം?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഈ അന്ധവിശ്വാസം മാറി ഭൂമിയില്‍ മനുഷ്യജീവിതം അന്യത്വത്തില്‍നിന്ന് അന്യോന്യതയുടെ തലത്തിലേക്ക് ഉയരണം. ലോകത്തിന്റെ ആകെ പുരോഗതിയുടെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കും ഉണ്ടെന്ന് ഓരോരുത്തരും അറിയണം. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികസമൂഹങ്ങള്‍ ലോകമാകെ വിരിഞ്ഞു വരണം. ഭരണമുക്തലോകമാണ് വിപ്ലവകാരിയുടെ ലക്ഷ്യം. ആ ലോകത്ത് ചൂഷണം സംഭവിക്കാതെ സൂക്ഷിക്കുന്നത് ഒരു പിടി ഉദ്യോഗസ്ഥന്മാരല്ല; സാഹചര്യമാണ്. ഈ സാഹചര്യം നിലനിറുത്തുന്നത് ബഹുജനങ്ങളാണ്. നാടുതോറും നിത്യബന്ധമുള്ള ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് വേണ്ടത് ആലോചിച്ച് ചെയ്യുന്നു. അവരുടെ ജീവിതത്തെ തന്നിഷ്ടംപോലെ തിരിക്കാന്‍ ഒരു മേല്‍ഘടകം ഉണ്ടായിരിക്കുകയില്ല. ലോകത്ത് ഒരു മനുഷ്യനും അങ്ങനെ ഒരു ഘടകം ആവശ്യമില്ല. അതാവശ്യമായി വന്നത് പരസ്പരധാരണ വളര്‍ത്താന്‍ വേണ്ടത്ര ശ്രമം നടത്തുവാന്‍ കഴിയാതെ വന്നതുകൊണ്ടാണ്. പരസ്പരം ആശ്രയിച്ചേ നമുക്ക് ജീവിക്കാന്‍ കഴിയൂ. അങ്ങനെയാണ് ജീവിക്കുന്നതും. ആ ജീവിതം സ്വസ്ഥമായിരിക്കുന്നതിനാവശ്യമായ പരസ്പരബന്ധ ബോധം വളര്‍ത്തിയെടുക്കാതിരുന്നതുകൊണ്ട് ഗവണ്മെന്റുകള്‍ ഒരിടനിലക്കാരന്‍ എന്ന നിലയില്‍ വേണ്ടിവന്നു. ആദ്യമാദ്യം വല്ല യുദ്ധമോ മൃഗങ്ങളുടെ ശല്യമോ വല്ലതും ഉണ്ടാകുമ്പോള്‍ മാത്രമേ ഭരണാധികാരി ആവശ്യമായി വന്നിരുന്നുള്ളു. ഇന്നിപ്പോള്‍ വീടുവച്ചു താമസിക്കണമെങ്കില്‍ വീടിന്റെ രൂപത്തിന് സര്‍ക്കാരിന്റെ അനുവാദം വേണമെന്നും പുരയ്ക്ക് കരം കൊടുക്കണമെന്നും വരെ വന്നു. എന്തൊരു ഗതികേടാണിത്. ലോകത്തുള്ള സകല ഭരണകൂടങ്ങളേയും ഒഴിവാക്കിക്കൊണ്ട് ജനങ്ങള്‍ പരസ്പരം ചെറുസമൂഹങ്ങളായി ബന്ധപ്പെട്ടു ജീവിക്കുകയാണിനി ആവശ്യം. അതിന് വിപ്ലവകാരികള്‍ അതതു രാഷ്ട്രങ്ങളില്‍ നിലനിന്നു പോരുന്ന ഗവണ്മെന്റുകളുടെ സഹകരണം തേടണം. അധികാരം കൈയിലെടുക്കരുത്. അധികാരം കൈയില്‍ വന്നാല്‍ അതില്‍ പിടിമുറുക്കേണ്ടിവരും. വളരെ ബലമായി പിടിച്ചില്ലെങ്കില്‍ അതു മറുകൈയില്‍ പോകും. അതുകൊണ്ട് വിപ്ലവകാരി അധികാരത്തില്‍ വരാതെ അധികാരത്തിന്റെ തണലില്‍ നാടുതോറും സമൂഹജീവിതത്തിന്റെ വിത്തുകള്‍ മുളപ്പിച്ചുകൊണ്ടുവരണം. അവ ബലപ്പെട്ടു വരുമ്പോള്‍ ഗവണ്മെന്റുകള്‍ കൊഴിഞ്ഞുപോകും. ആവശ്യമില്ലാതാകും. അതുവരെ ഭരണകൂടങ്ങളെ എതിര്‍ക്കരുത്. ഉദ്യോഗസ്ഥന്മാരുടേയും സൈനികരുടേയും ഭരണാധികാരികളുടേയും കൂടി ആവശ്യമാക്കിത്തീര്‍ക്കണം വിപ്ലവം.

മിനി: ഇതിനു സമയമെടുക്കും. കാത്തിരിക്കാന്‍ ആളുകള്‍ തയ്യാറാകുമോ?