സാംസ്‌കാരിക വിപ്ലവം
സാംസ്‌കാരിക വിപ്ലവം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
നവ: സാമ്പത്തിക ഭരണരംഗങ്ങളില്‍ വേഗം വിപ്ലവം സാധിച്ചിട്ട് ആ ശക്തികള്‍ ഉപയോഗിച്ച് സാംസ്‌കാരിക വിപ്ലവം പിന്നാലെ നടത്താന്‍ ശ്രമിച്ച രാഷ്ട്രങ്ങളുടെ അനുഭവപാഠം നമ്മുടെ മുമ്പിലുണ്ട് അതു പറ്റില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. സാംസ്‌കാരിക വളര്‍ച്ചയ്ക്കനുസരിച്ച് ജീവിതത്തിന്റെ സകല തുറകളിലും മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും എന്ന നിഗമനമാണ് കൂടുതല്‍ ശരി എന്ന് എനിക്കു തോന്നുന്നു.
കേശു: ഈ സാംസ്‌കാരിക വിപ്ലവം സാധിക്കാന്‍ സാഹിത്യത്തിനും കലകള്‍ക്കും എത്രമാത്രം കഴിയും എന്നു നാം ആലോചിക്കണം.
നവ: അടിസ്ഥാന പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അതിന്റെ കൂടെ സാഹിത്യാദികലകള്‍ക്ക് പ്രോത്സാഹനം നല്‍കാനാവും എന്നതില്‍ കവിഞ്ഞ് അവയ്ക്ക് തനതായി മാറ്റം വരുത്താന്‍ കഴിയുകയില്ല. വ്യക്തിപരമായ സമീപനം വേണം. ഓരോരുത്തരെയായി കാണുക. എവിടെയെങ്കിലുമുള്ള ഏതെങ്കിലും കുറെ വ്യക്തികളെയല്ല; ഒരു പ്രദേശത്തുള്ള എല്ലാ ഭവനങ്ങളിലേയും എല്ലാവ്യക്തികളേയും സമീപിക്കുക. ആ പ്രദേശത്തുള്ള സകല സ്ഥാപനങ്ങളിലേയും ആള്‍ക്കാരെ കാണുക. വേണ്ടത്ര സമയമെടുത്ത്, വ്യക്തിബന്ധം പുലര്‍ത്തി, ആശയവിനിമയം സാധിച്ചതിനുശേഷം കൂട്ടായ ചര്‍ച്ചകള്‍ തുടങ്ങണം.
കബീര്‍: ഇവിടെയാണ് പ്രശ്‌നം ആരംഭിക്കുന്നത് വിളിച്ചാലാരും കൂടില്ല. വ്യക്തിപരമായും സംസാരിക്കുമ്പോള്‍ ശരിയെന്ന് എല്ലാവരും പറയും വരാമെന്നും പറയും. എന്നാല്‍ വരില്ല.
മിനി: അവിടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ആകര്‍ഷണ ബിന്ദുവാക്കുന്നതില്‍ തെറ്റില്ലെന്നെനിക്കു തോന്നുന്നു. ഒരു പൊതുവായ ആവശ്യം മുന്നോട്ടുവയ്ക്കണം. പോസ്റ്റാഫീസില്ലാത്തൊരു നാട്ടില്‍ പോസ്റ്റാഫീസ് മുന്നോട്ടുവയ്ക്കാവുന്ന ഒരു കാര്യമാണ്. വഴികള്‍, പൈപ്പ്, വൈദ്യുതി, കക്കൂസ് ഇതൊക്കെ ജാതിമത വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും വേണ്ട കാര്യങ്ങളാണ്. അതുപോലെ ചില പ്രശ്‌നങ്ങള്‍ മുന്നിലേക്കു കൊണ്ടുവരാം. അതാതു നാട്ടിലെ സാഹചര്യാനുസരണം ഇതേതും മുന്നോട്ടുവയ്ക്കാം.
രാജു: അറിവിന്റെ വഴിയും ആകര്‍ഷണ ബിന്ദുവാക്കാം. ഒരു ദൂരദര്‍ശിനി കൊണ്ടുവന്ന് അന്തരീക്ഷത്തിലെ ഗ്രഹങ്ങളെ കാണിച്ച് വിശദീകരിക്കുക. ഒരു സൂക്ഷ്മദര്‍ശിനി കൊണ്ടുവന്ന് ബഹുജനങ്ങള്‍ക്കു രോഗാണുക്കളെ കാണിച്ചുകൊടുത്ത് രോഗകാരണം വിശദീകരിച്ചു കൊടുക്കുക. നല്ല സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തുക. തെരുവു നാടകങ്ങള്‍, ഗാനമേളകള്‍ എന്നിവ ആളുകളെ കൂട്ടുന്നതിനു സഹായകമാകും. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതു ചെയ്യാറുണ്ട്. നല്ല പ്രതികരണം ഉണ്ടാകുന്നുണ്ട്.
കബീര്‍: തൊഴിലിന്റെ അടിസ്ഥാനത്തിലുമാകാം. പപ്പടനിര്‍മാണം, നെയ്ത്ത്, ഫോട്ടോഗ്രാഫി തുടങ്ങിയുള്ള തൊഴിലുകള്‍ സൗജന്യമായി പഠിപ്പിച്ചുകൊടുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാക്കി അതുവഴിയും കൂട്ടായ്മബോധം വളര്‍ത്താം.
രാജു: ദേവാലയങ്ങളില്‍ എല്ലാമതസ്ഥരും കൂട്ടങ്ങള്‍ നടത്താറുമുണ്ടല്ലോ. ചിലര്‍ ഒന്നാംതിയതി തോറും കൂടുമായിരുന്നു. എല്ലാവര്‍ക്കും ഉച്ചയൂണ് അന്ന് ക്ഷേത്രത്തിലായിരിക്കും. അതൊരാകര്‍ഷണമാണ്. ക്ഷേത്രകലകള്‍ എല്ലാം ഈ ആകര്‍ഷണ ബിന്ദുക്കളാണ്. ഒന്നിച്ചു കൂട്ടിയിട്ട് ആദര്‍ശമുള്ള കഥ പറഞ്ഞുകൊടുക്കുന്നു.
മിനി: ഇന്നും സാമുദായിക രാഷ്ട്രീയ സമ്മേളന സ്ഥലങ്ങളിലെല്ലാം നാടകാദികലകള്‍ക്ക് നല്ല സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതുതന്നെയാണ് അതിന്റെ ലക്ഷ്യം.
|