close
Sayahna Sayahna
Search

അവതാരിക - ഡോ. എ.ടി.മോഹന്‍രാജ്


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64


അവതാരിക

കവിത പാഴാവാത്ത ശ്രമം — ഡോ. എ.ടി.മോഹന്‍രാജ്

കവിത പാര്‍ശ്വവത്കൃതമായ ആവിഷ്കാരരൂപമായി മാറിക്കഴിഞ്ഞ സാംസ്കാരിക സന്ദര്‍ഭമാണിത്. യൌവനത്തിന്റെ ആവിഷ്കാരങ്ങള്‍ കാവ്യേതര മാധ്യമങ്ങളിലൂടെയായിത്തീരുന്നതുകൊണ്ട് കവിതയെ സ്വജീവിതം പ്രതിഫലിക്കുന്ന ഒരിടമായി പുതുതലമുറ പരിഗണിക്കുന്നില്ല. അച്ചടിയെന്ന മാധ്യമത്തെപ്പോലും അവര്‍ വിശ്വാസത്തിലെടുക്കുന്നില്ല. അച്ചടിക്കാതെയും ഭാവിക്കുവേണ്ടി സൂക്ഷിച്ചുവെക്കാതെയും ആവിയായിപ്പോകുന്ന ആവിഷ്കാരങ്ങള്‍ (കവിതകള്‍?) മൊബൈല്‍ ഹാന്‍ഡ്സെററുകളിലും ഇന്റര്‍നെററിലും ജന്മം സഫലമാക്കുന്നു. എങ്കിലും ‘മലയാളകവിത’ ഇപ്പോഴും അച്ചടിമാധ്യമത്തെ ആശ്രയിച്ചു തന്നെയാണു നില്‍ക്കുന്നതു്. മലയാളകവിതയുടെ പൂര്‍വകാല വ്യവഹാരങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടു് അത് ഒരു ആനുസ്യൂതിയുടെ ഭാഗമായിത്തീരുന്നു. അതോടൊപ്പം ചരിത്രത്തിന്റെ വിച്ഛേദങ്ങളും അതില്‍ മുദ്രിതമാകുന്നു. നവേത്ഥാനകാലം തൊട്ട് വലിയ സാമൂഹ്യോത്കണ്ഠകളാണ് ഇവിടെ കവിതയില്‍ ആവിഷ്കൃതമായത്. കവിതയിലെ ചില പരീക്ഷണഘട്ടങ്ങലിലൊഴികെ അതു തുടര്‍ന്നുപോരുകയും ചെയ്തിരുന്നു. നവോത്ഥാന കാലത്തില്‍ ചരിത്രത്തിനു സംഭവിച്ച വിച്ഛേദത്തിനു സമാനമായ ഒന്നാണ് ആഗോളവത്കരണത്തോടെ നമ്മുടെ സംസ്കാരത്തിലും സംഭവിച്ചത്. നവോത്ഥാനത്തിന്റെ ഊര്‍ജം ചരിത്രത്തെ ആധുനികവത്കരിച്ചപ്പോഴാണ് പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ആധുനികത ഇവിടെ രൂപപ്പെട്ടത്. ആഗോളവത്കരണത്തോടുകൂടി നവോത്ഥാനത്തിന്റെ ഈടുവെപ്പുകളെല്ലാം നഷ്ടപ്പെട്ടു തുടങ്ങി. വലിയ സ്വപ്നങ്ങള്‍ ശിഥിലമായപ്പോള്‍ സമുദായത്തിലെ അടിസ്ഥാന ഏകകങ്ങളിലേക്കു പിന്‍മടങ്ങുവാന്‍ പണമുതലാളിത്തത്തിന്റെ യുക്തികള്‍ മനുഷ്യരെ പ്രേരിപ്പിച്ചു. ചെറിയ ചെറിയ അഭയകേന്ദ്രങ്ങളിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോയി അതുതന്നെ സ്വര്‍ഗം എന്നു വിശ്വസിപ്പിക്കുവാന്‍ പുതുസമ്പദ്ക്രമത്തിന്റെ മന്ത്രവാദങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ സാധ്യമാവുകയും ചെയ്തു. സ്വപ്നങ്ങളുടെ ചക്രവാളങ്ങള്‍ അങ്ങനെ സങ്കുചിതമായിത്തീര്‍ന്നു. മനുഷ്യഭാഗധേയങ്ങളെപ്പററി പാടാതാവുമ്പോള്‍ കവിത ദുര്‍ബലമാവുകതന്നെ ചെയ്യും. ചെറിയ കൂട്ടങ്ങളെപ്പററിയുളള ഉത്കണ്ഠകള്‍ മോശമല്ല. പക്ഷേ, സര്‍വമനുഷ്യരെപ്പററിയുളള ഉത്കണ്ഠകളോളം അത് വരില്ല എന്നതുതന്നെ അതിന്റെ പരിമിതി. ആഗോളവത്കരണകാലത്തെ കവിതകളില്‍ വന്‍കരകള്‍ തെളിയുന്നില്ല; മിന്നിമായുന്നത് ചില കൊച്ചുപ്രദേശങ്ങള്‍ മാത്രം. (സെബാസ്റ്റ്യന്റെ കവിതകള്‍ ഏതെങ്കിലും ചെറിയ കൂട്ടങ്ങളിലെ മനുഷ്യരെപ്പറ്റിയുള്ള ഉത്കണ്ഠകളല്ല ആവിഷ്കരിക്കുന്നത്. ഭൂമിക്കും മനുഷ്യര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കന്ന വിഭ്രമകരമായ പരിണാമങ്ങളെ പിന്‍തുടരുന്ന കണ്ണുകള്‍ അവയില്‍ തുറന്നിരിക്കുന്നു. ജീവിത്തില്‍നിന്നും കവിതയില്‍നിന്നും അകന്നുപോകുന്നവരെ പിന്‍തുടര്‍ന്ന് പ്രണയത്തിന്റെ മാന്ത്രികദ്രവം കണ്ണുകളിലെഴുതി രാക്കിനാക്കള്‍ക്ക് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.) മലയാളിജീവിതത്തിന്റെ വര്‍ത്തമാനം പരമദയനീയമായിരിക്കുന്നു. നവോത്ഥാനകാലത്തിലെ തേജോരൂപിയായ സ്വത്വത്തില്‍നിന്നും വ്യത്യസ്തമായി പണമുതലാളിത്തത്തിന്റെ വാഹകം മാത്രമായ ഒരു നപുംസകസ്വത്വം മനുഷ്യരില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധിനിവേശ കാലം മുതല്‍ ആര്‍ജിച്ച രാഷ്ട്രീയബോധം ദുര്‍ബലമാവുകയും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളെയും സര്‍ഗാത്മകാവിഷ്കാരങ്ങളെയും നിര്‍വികാരമായി സമീപിക്കുവാന്‍ മലയാളിക്ക് ഇപ്പോള്‍ ഒരു വിഷമവുമില്ല. മതം, ആത്മീയത, രാഷ്ട്രീയം തുടങ്ങിയവയൊക്കെ പുതുമുതലാളിത്തത്തിന്റെ അകമ്പടിസേവക്കാരായി പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ പരിഹസിക്കുവാന്‍ പോലും ആളുകള്‍ ഇല്ലാതാവുന്നു. വിമോചനപ്രക്ഷോഭങ്ങളില്‍ പോരാടി വിജയിച്ച മഹാപ്രസ്ഥാനങ്ങള്‍ പലതും ഇപ്പോള്‍ ആലസ്യത്തിലും നിഷ്ക്രിയതയിലുമാണ്. ആരാണ് നായകന്‍, ആരാണ് പ്രതിനായകന്‍ എന്നു തിരിച്ചറിയാന്‍ പററാത്ത അവസ്ഥയാണ് ഇപ്പോള്‍. നായകനും പ്രതിനായകനും ഒരാള്‍ തന്നെയാവുന്നതാണ് സമകാലീന വൈരുധ്യം. താരനിബിഡമായ സിനിമകളില്‍ മാത്രമല്ല, രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ഇതുതന്നെ തിരക്കഥ. ആരാണ് ശത്രു? ആരാണ് മിത്രം? ആരേയാണ് എതിരിടേണ്ടത്? ശത്രുവിനെ തിരിച്ചറിയാന്‍ പററാത്ത അവസ്ഥയില്‍ ആരോടാണ് പോരാടുക? ആരോടും ഏററുമുട്ടാതെ വിശ്രമിക്കുകയാണ് മലയാളികള്‍. കവിതയ്ക്കു മാത്രമായി ഒന്നിനെയും കടന്നാക്രമിക്കുവാന്‍ കഴിയുകയില്ല. ആര്‍ത്തിയും ആസക്തിയുംകൊണ്ടു വിറളിപിടിച്ച ഊ മനുഷ്യനെ (നമ്മളെ) മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ പററില്ല. മനുഷ്യന്റെ ഊ സ്വത്വപകര്‍ച്ച സെബാസ്റ്റ്യന്റെ കവിതകള്‍ മുന്‍പുതന്നെ അടയാളപ്പെടുത്തിയിരുന്നു. കാലത്തിന്റെ രൂപകല്പനകളാണ് മനുഷ്യരുടെ ആത്മാവിനെയും ശരീരത്തെയും രൂപപ്പെടുത്തുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ മനുഷ്യര്‍ ആത്മാവില്ലാത്ത പൊളളമനുഷ്യ (Hollow man) രായിത്തീര്‍ന്നത് വക്രിച്ച ഹാസ്യത്തോടെ ടി. എസ്. എലിയററ് ചിത്രീകരിച്ചിരുന്നു. പൊളളയായിത്തീര്‍ന്നപ്പോഴും അവര്‍ മനുഷ്യര്‍ തന്നെയായിരുന്നു. യുദ്ധാനന്തര ദശകങ്ങളിലെ ശീതയുദ്ധാന്തരീക്ഷത്തിലെ മനുഷ്യരെ പ്ലവരൂപങ്ങള്‍ നിറഞ്ഞ അവ്യക്തതകളായിട്ടാണ് ജര്‍മ്മന്‍ ചിത്രകാരനായ ജോര്‍ജ് ബാസലിററ്സ് വരച്ചത്. കര്‍തൃത്വശൈഥില്യം സംഭവിച്ച മനുഷ്യരെ ശിഥിലരൂപങ്ങളായി മാത്രമേ വരയ്ക്കാന്‍ കഴിയുകയുള്ളുവെന്നാണ് ചിത്രകാരന്‍ അഭിപ്രായപ്പെട്ടത്. നമ്മുടെ കാലത്തെ മനുഷ്യര്‍ ദേഹം മാത്രമായി പരിണമിച്ചിരിക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ കണ്ടെത്തുന്നു.

ഒന്നും തരുന്നില്ല
ഒന്നും ഉണ്ടാക്കുന്നില്ല
ഒരു ചലനവും ഉണര്‍ത്തുന്നില്ല.
ഒരു ദേഹമുണ്ട് അത്രമാത്രം

(അ-ദേഹം)

മനുഷ്യാവസ്ഥയെപ്പററിയുളള അസുഖകരമായ ഈ തിരിച്ചറിവ് മററു രീതികളിലും ആവിഷ്കൃതമായിട്ടുണ്ട്. സര്‍ഗാത്മകമായി സാക്ഷാത്കരിക്കാന്‍ പററാതാവുന്ന ചോദനകള്‍ പ്രകൃതിയിലേക്കുതന്നെ തിരിച്ചുനല്‍കി.

‘നിശ്ചലമായ
ആശ്ചര്യചിഹ്നംപോലെ
ഒന്നുമറിയാതെ
ഇപ്പോള്‍’

(ജീവച്ഛവം)

ജീവച്ഛവമായി മാറിക്കഴിഞ്ഞവരെ കവി സഹതാപത്തോടുകൂടി അവതരിപ്പിക്കുന്നു. ജീവിതത്തെയും ചരിത്രത്തെയും പരിവര്‍ത്തിപ്പിക്കാനുള്ള കരുത്തില്ലാത്തവരുടെ ജീവിതം ശവജീവിതമല്ലാതെ മറ്റെന്താണ്. ഈ ശരീരം വിഘടിച്ചുപോകാനാഗ്രഹിക്കുന്ന അവയവങ്ങളുടെ കൂട്ടായ്മ മാത്രമാവുന്നതിനെപ്പററിയും ഈ കവി വേവലാതിയോടുകൂടി പരാമര്‍ശിക്കുന്നു. സംസ്കാരപരിണാമം വിഭ്രമജനകമായി തുടരുമ്പോള്‍ കവിതയ്ക്ക് കാലത്തെ പ്രതിരോധിക്കുവാന്‍ പററാതാവുമെന്ന വസ്തുത പുതിയ കവിതകള്‍ തെളിയിക്കുന്നു. പ്രവാചകശബ്ദത്തില്‍ ഭാവികാലജീവിതത്തെ ആവിഷ്കരിക്കുവാന്‍ ഇന്ന് കവിതയ്ക്ക് കഴിയുകയില്ല. പ്രവചനാതീതമായ വേഗത്തില്‍ ജീവിതം കുതിക്കുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാവും. ഭാഷയുടെ ജീവന്‍പോലും അപകടപ്പെട്ടുകാണ്ടിരിക്കുമ്പോള്‍ കവിമൊഴികളില്‍ ഭാവനാലോകങ്ങള്‍ ജന്മംകൊളളുകയില്ല. വേട്ടക്കാരെ ഭയപ്പെടുത്തുന്ന ആക്രോശങ്ങളാകാനും പുതിയ കവിതയ്ക്കു കഴിയുകയില്ല. നെറികേടുകളെ പിളര്‍ക്കുന്ന അസ്ത്രമായിത്തീരാനുളള കരുത്ത് വാക്കിനു നഷ്ടപ്പെട്ടിരിക്കുന്നു. വിമര്‍ശ ബുദ്ധി മരവിച്ച ഒരു ‘സംതൃപ്തസമൂഹ’ത്തില്‍ വാക്കിനുമാത്രം ആ ദൌത്യം നിര്‍വഹിക്കാനാവില്ല, എങ്കിലും പുതിയ കവിത പാതാളത്തില്‍ ഓടിയൊളിക്കുന്നില്ല. എല്ലാ നൃശംസകളും കണ്ടറിയാന്‍ കവിത ഉണര്‍ന്നിരിക്കുന്നു.

വിററും വാങ്ങിയും
തീര്‍ന്നുപോയ ഭൂമിയുടെ
ഇടപാടുകാരെ
കണ്ണുവെക്കല്ലേ
ഈ മുതലിനെ.

(റിയല്‍ എസ്റ്റേററ്)

ഇങ്ങനെ കനിവിനായി യാചിക്കുവാന്‍ മാത്രമേ ഇപ്പോള്‍ കവിതയ്ക്ക് കഴിയൂ. ഇത് തിരിച്ചറിയുമ്പോഴും കവിത അതിന്റെ സഹജദൌത്യം നിര്‍വഹിക്കുന്നു. ഇരുട്ട് ഇല്ലാതാക്കുവാന്‍ പാടുപെട്ടുകൊണ്ടേയിരിക്കുന്നു. പഴന്തുണിയില്‍ മുക്കി വീട്ടിനു പിന്നിലെ ടാങ്കില്‍ പിഴിഞ്ഞൊഴിച്ച ഇരുട്ട് അടുത്ത ദിവസം വീണ്ടും ഒഴുകിപ്പരക്കുന്നത് നിസ്സഹായനായി നേക്കിനില്‍ക്കുവാന്‍ മാത്രമേ സാമൂഹ്യബോധമുളള ഒരാള്‍ക്ക് കഴിയൂ. തമസ്സില്‍ നിന്നും ജ്യോതിസ്സിലേക്ക് നയിക്കുവാന്‍ വാക്കിനും വിശ്വാസത്തിനും പണ്ട് ശക്തിയുണ്ടായിരുന്നു. ‘ഇരുട്ടുപിഴിഞ്ഞുകളയുവാന്‍ വീണ്ടും പഴയ പഴന്തുണിക്കായി തപ്പിനടക്കുകയാണ് പുതിയ കവി.’ ഭൂമി ഇന്ന് അനുഭവങ്ങളുടെ കേന്ദ്രമേ അല്ലാതായിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെ സ്പര്‍ശിക്കുവാന്‍ മടിക്കുന്നവരാണ് പുതുതലമുറയധികവും. മണ്ണുമാന്തിയന്ത്രങ്ങള്‍ക്കു വിശപ്പുമാററാനുള്ള വസ്തുക്കളായി കുന്നും മലകളും. മണ്ണിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. അറിവുകള്‍ ഒക്കെ കമ്പ്യൂട്ടറുകള്‍ നല്‍കും. ഒന്നും ഭൂമിയില്‍ അന്വേഷിക്കേണ്ടതില്ല. ഇന്റര്‍നെററിലൂടെ തുറന്നുകിട്ടുന്ന ‘സൈബര്‍ മായ’യിലേക്കു പറന്നു പോയവര്‍ക്കു ഭൂമി ഒരു അലോസരം മാത്രമാകുന്നു:

മണ്ണു വെറുത്തപ്പോള്‍
മരത്തില്‍ കയറി
കൊമ്പുകളിലൂടെ
മുകളിലേക്കു പോയി
ചില്ലകളില്‍ നിന്നും
അന്തരീക്ഷത്തില്‍ ചവിട്ടി
വായുവിന്റെ വഴുക്കുന്ന
പടവുകളിലൂടെ
മേഘത്തിന്റെ തട്ടുകളിലേക്ക് കയറി
അവിടെനിന്ന്
ശൂന്യമായ അന്തരീക്ഷത്തില്‍ എത്തി
അവിടെ
ഉന്മാദത്താലും പ്രണയത്താലും
നിറങ്ങളാലും പോരാട്ടങ്ങളാലും അക്ഷരങ്ങളാലും
ജീവിക്കുന്ന
കൂട്ടുകാരെ കണ്ടു
അവര്‍ നീന്തിക്കളിക്കുന്നു.

(എന്തിന്?‍)

ആകാശത്തില്‍ യാത്ര ചെയ്യുന്ന ഇവര്‍ പുതിയ ജനുസ്സിലുളള ദേവന്മാര്‍ തന്നെ. ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഇപ്പോള്‍ മലയാള കവിതകളില്‍ അപൂര്‍വതയല്ലാതാവുന്നു. ഭൂമിയില്‍ സ്നേഹം വററിവരണ്ടതുകൊണ്ടാവാം മറ്റൊരു പ്രപഞ്ചത്തിലേക്ക് ആളുകളെ കൊണ്ടുപോകാന്‍ ഈ കവി ‘ചില്ലുതൊലിയുളള തവള’യെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.

ഇതാ
ചില്ലുതൊലിയുളള തവള!
അതിനുളളില്‍ ഒളിക്കാം
പിന്‍കാലുകള്‍ ഭൂമിയില്‍ ഉറപ്പിച്ച്
മുന്‍കാലുകള്‍ നക്ഷത്രങ്ങളില്‍ സ്പര്‍ശിച്ച്
ഉടനെ അത് ചാടും;
മറ്റൊരു പ്രപഞ്ചത്തിലേക്ക്

(ചില്ലുതൊലിയുളള തവള)

സ്നേഹം നിറഞ്ഞ ആ പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുകയാണ് കവിതയുടെ ദൌത്യമെന്ന് കവി കരുതുന്നു. ഭൂമിയില്‍നിന്നും ആകാശത്തിലേക്കുളള ഭാവനയുടെ ഈ സ്ഥാനാദേശം എഴുത്തിനെയും ബാധിക്കുന്നു. കവിതയുടെ പ്രഭവസ്ഥാനവും ആകാശത്തേക്ക് ഉയര്‍ന്നുപോയിരിക്കുന്നു:

ആകാശത്തൊരു
കിണര്‍ പ്രത്യക്ഷമായി
ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍
അതിലെ വെളളം
കടുംനീല

കിണററില്‍
വെളളത്തില്‍
ആണ്ടുകിടന്ന
കവിത
പൊങ്ങിവന്നു.

(എഴുത്ത്)

ഉപഭോഗത്തിന്റെ നുരയുന്ന ലഹരിയില്‍ പ്രണയം അപ്രസക്തമായിത്തീരുന്നു. അത് പീഡനത്തിലേക്കും വാണിഭത്തിലേക്കും നരകവാതില്‍ തുറന്നിടുകയും ചെയ്യുന്നു. ഈ കാലത്തും ഈ കവി മടുപ്പില്ലാതെ പ്രണയത്തെപ്പററി എഴുതുന്നു. തരുണസഹജമായ നിഷ്കളങ്കപ്രണയം ആ കവിതകളില്‍ തിളയ്ക്കുന്നു. ശലമോന്റെ ഉത്തമഗീതത്തിലൂളളതുപോലെ പ്രണയം ചരാചര പ്രകൃതിയുമായി ബന്ധപ്പെട്ട് അത്യന്തം ജൈവമായിത്തീരുകയാണ് അവയില്‍. സമകാലിക കവിതയില്‍ ഈ സുഗന്ധം ഒററപ്പെട്ടുനില്‍ക്കുന്നു. കവി ഭാവഗ്രസ്തനെപ്പോലെ വെറുതെ പാടുകയല്ല; ഒരു അപരലോകത്തിന്റെ ബ്ലൂപ്രിന്റ് മുന്നോട്ടു വെക്കുകയാണ്:

ഉറങ്ങാന്‍ കിടക്കുമ്പോള്‍
നീ അതിനെ
കണ്ണില്‍ എഴുതണം
പെട്ടെന്നു കാണാറാവും
മഴ വിത്തുകള്‍ വിതയ്ക്കുകയും
മുളച്ചു വളരുകയും ചെയ്യുന്ന
ആകാശനിലങ്ങള്‍
അവ വലുതായി മരമായി പുവായ് കായായ്,
പൊട്ടിത്തുളുമ്പുമ്പോള്‍
പെറുക്കിയെടുത്തു
ഭൂമിയിലേക്കെറിയുന്ന മാലാഖമാര്‍

(കണ്ണിലെഴുതാന്‍)

ഈ പുതിയ പ്രണയകല (Art of Loving) യിലൂടെ തന്റെ കാലത്തെ സ്വപ്നം കാണാന്‍ പഠിപ്പിക്കാമെന്നുളള പ്രത്യാശ ഈ കവിതകളിലൂടെ. ഈ സമാഹാരത്തിലെ ദീര്‍ഘമായ കവിതയില്‍ (ഒററ രാത്രിപോലെ ഋതുക്കള്‍) പ്രണയം രതിഭാവത്തില്‍ വിജൃംഭിതമാകുന്നുണ്ട്. പെണ്‍ശരീരത്തെ പ്രണയാരതികൊണ്ട് പവിത്രമാക്കുമ്പോള്‍ ചൂടേറിയ സിരകളില്‍ ആദിമവാസനയുടെ മുക്രയിടല്‍ ഉയരുന്നു. ഈ ‘ഋതുസംഹാര’ത്തിന്റെ പരിസമാപ്തി സമാധിയിലാണെന്നത് യാദൃച്ഛികമല്ല. ജഡതുല്യമായ ജീവിതം കാമത്തിലൂടെ (eros) ‘മാനുഷിക’മായിത്തീരുന്നു — കവിത പാഴാവാത്ത ശ്രമമായിത്തീരുകയും ചെയ്യുന്നു.

ഡോ. എ.ടി.മോഹന്‍രാജ്