close
Sayahna Sayahna
Search

ഒററ രാത്രിപോലെ ഋതുക്കള്‍


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

ഒരു രാത്രപോലെ ഋതുക്കള്‍

തുലാം
ജനിക്കുന്ന നിമിഷത്തില്‍
ദൈവദൂതര്‍ ശിരസ്സില്‍ രണ്ടിടത്ത്
ഒരേ വാക്കുകള്‍ ഒരേ നിമിഷത്തില്‍ ഓതി
ആ നിമിഷം അവള്‍ക്ക് കാതുകളുണ്ടായി
നല്ലതുമാത്രം കേള്‍ക്കുവാന്‍
ദൈവദൂതരുടെ ശബ്ദത്തില്‍ ഉണ്ടായതിനാല്‍
സൌന്ദര്യമുളളവയായി.
പുലരിയിലെ ചെറുകിളിസ്വരം
സൌരയൂഥത്തിലെ ഗ്രഹയാത്രകളുടെ നിഗൂഢശബ്ദം
പൂവിരിയുന്നത്
പാതിരാക്കൂട്ടിനുളളിലെ കിളിവാക്കുകള്‍
പല്ലി ചിലച്ചതിനുശേഷം പറയുന്ന ആത്മഗതങ്ങള്‍
എല്ലാം കേള്‍ക്കാന്‍.
പ്രണയത്തിന്റെ അന്തമില്ലാത്ത വച്ചസ്സുകള്‍
അവളുടെ കാതുകളെ ഒരുക്കിയിരിക്കുന്നു
സൂക്ഷ്മമായ ഒച്ചകളിലേക്ക്.

വൃശ്ചികം
പിന്‍തുടരുന്നു കണ്ണുകള്‍
കഴുത്തിന്റെ ഭംഗി അളക്കുവാന്‍
അന്തരീക്ഷത്തിലൂടെ ഇഴയുന്ന അത്
താലിത്തലയുളള മഞ്ഞസര്‍പ്പമാകാന്‍ കൊതിച്ചു
ഏററവും കനംകുറഞ്ഞ
ജിജ്ഞാസ പറ്റിയിരുന്നു
അവളുടെ സ്വരം പിറക്കുന്ന കുരലിന്റെ ആഴം കാണാന്‍
ഉച്ഛ്വാസ നിശ്വാസങ്ങളാല്‍ പച്ചകുത്തി
പ്രിയങ്കരമായ കഴുത്ത് അലങ്കരിക്കുവാന്‍
ഒരു മുഖം ചിറകടിച്ച് പറന്നുകൊണ്ടേയിരുന്നു.


ധനു
ഇരട്ടകളോട്
അവളുടെ ഹൃദയം
കൊഞ്ചുന്നതെന്താണ്?
കുതിക്കുന്ന അവയോട് എന്താണ് പറയുന്നത്
അവയുടെ ഇരുമിഴികള്‍ക്കു ചുററിനുമുള്ള
ഇളം കറുവൃത്തങ്ങള്‍
ഏത് ദേവത അരച്ചിട്ട മൈലാഞ്ചി
ചാഞ്ഞുനില്‍ക്കുന്ന മേഘക്കീറു–
കള്‍ക്ക് താഴെയായ്
തിളങ്ങുന്നു
രണ്ടു താരകം.

മകരം
നീണ്ട വിരലുകള്‍
ധ്യായനമഗ്നരായ മേഘങ്ങളെ
വാനില്‍നിന്നും മോഷ്ടിച്ച്
ദേഹകാന്തിയാക്കുന്നു
നിറങ്ങളെല്ലാം എടുത്ത്
ജീവനുള്ള രുപങ്ങള്‍ വരയ്ക്കാന്‍
പുലരിയും സന്ധ്യയും നന്നെന്ന്
അവളുടെ വിരലുകള്‍ക്കറിയാം
നഗ്നമായ കൈകള്‍ ചക്രവാളത്തി–
ലേക്ക് നീര്‍ത്തി
ദിക്കുകളെ പറത്തിവിടുന്നു
അംബരാന്തം വിരലുകളുടെ മസൃണതയാല്‍
പുതുനിറങ്ങളായ് പ്രത്യക്ഷമാകുന്നു.

കുംഭം
പനിനീര്‍പ്പൂവ് ഉദരം
മുലത്തടങ്ങളില്‍ ഉദ്ഭവിച്ച
ശൈത്യത്തിന്റെ ചെറുകാററ്
പൂവിനു താഴെയായ് മറയുന്നു.
ഒന്നും കാണുന്നില്ല
അവളുടെ പോക്കിള്‍ മാത്രമല്ലാതെ
എങ്ങനെ ഞാനകപ്പെട്ടു
നിര്‍മലമായ ഈ ഋതുവില്‍.
വിശുദ്ധതടാകത്തിനാഴത്തില്‍
ചന്ദ്രഗ്രഹണമാണ്
വാനം മഞ്ഞുകണങ്ങൾ വിതറി
ഉദരത്തിന്റെ തിരകളില്‍
അവ ഒന്നൊന്നായ് കോര്‍ത്തെടുക്കുവാന്‍
പരതി നടന്നു
എന്റെ കണ്ണിമകള്‍.

മീനം
മണല്‍ത്തിട്ടയില്‍
ഈറന്‍ ശംഖ്
അതിന്റെ ചര്‍മ്മടക്കുകളില്‍
ഊതിയുണര്‍ത്തുന്ന കാററ്.
കടല്‍ത്തിരയുടെ തളളലാല്‍ ചീര്‍ക്കുന്നു
ഇറുകിയ താളക്രമങ്ങള്‍
ഘ്രാണനം കണ്ടുപിടിച്ചില്ല
ശരീരത്തിലെ മററു നിശ്ശൂന്യതകള്‍.
അവളുടെ ഉദ്യാനം ശ്രേഷ്ഠമായ
ഒരേയൊരു ഇടം
അതില്‍ തുഴയുന്നു ഇച്ഛയുടെ
കൊടുങ്കാററ്
ഈറന്‍ ശംഖിന്റെ ശിരസ്സിലൂടെ
കവാടങ്ങള്‍ കടന്ന്
നിര്‍വാണത്തിന്റെ ഒലിയിലേക്ക്
ശലഭമായ് മാറുംവരെ.
അവളുടെ അരക്കെട്ടില്‍
ഒരു ശലഭം നൃത്തം ചെയ്യുന്നു
ഏഴ് നൂറ്
നിറങ്ങളുളളത്.

മേടം
മുഴുപൂവിന്‍ മാംസളമായ
നിമ്നോന്നത
സ്വച്ഛം മോഹനം
തളിരിന്‍ സമൃദ്ധതല്പം
മറ്റെല്ലാ സൌന്ദര്യവും മറക്കുന്നു
നിഗൂഢതയിലെ സുന്ദരവടിവ്
ഇളകളില്‍ പറക്കുന്നു
വസന്തപതംഗങ്ങള്‍
നടന ചുവടുകള്‍ക്കൊപ്പം പുളയുന്നു
വെണ്ണക്കുന്നുകള്‍
ചുററിത്തിരിയാന്‍
പ്രേമത്താലൂതിയ
തുടലായ് മാറാന്‍
ഒരു വനചാരി.

ഇടവം
നെരിപ്പോടിനടുത്ത് തീ കായുന്നു
കാലുകള്‍
വളവുകള്‍ മടക്കുകള്‍ നോക്കി വിതുമ്പുന്നു,
തീനാളങ്ങള്‍.
ഭദ്രമായ കാത്തുവെക്കുന്നു
മിനുത്ത കുളിര്‍മയില്‍
അഗ്നിയുടെ പ്രഭ.
അകററിയും ചേര്‍ത്തും
വെണ്മയുടെ വാതില്‍ ബന്ധിക്കരുതേ
അനുസ്യുതം നടക്കുക
ചിറകടിക്കട്ടെ തീയുടെ പ്രചണ്ഡതകള്‍.
പ്രത്യക്ഷമാവട്ടെ
മോഹനമായ ശരീരരീതികള്‍
കണങ്കാല്‍ മുട്ടുകളിലെല്ലാം
സൂക്ഷ്മധൂളിയായി പററിയിരുന്നു
പ്രേമാശ്രു.

മിഥുനം
പാദങ്ങല്‍ പൂവിതള്‍
അവയെ ചുംബിച്ചാഹ്ലാദിക്കുന്നു
കുറുകി വിരിയുന്നു അവ
പൂജയില്‍
രാഗപൂര്‍വം കുടിക്കുന്നു അവയെ
അവയിലണിയിക്കുന്നു
മുത്തങ്ങളാല്‍
വിരലാഭരണങ്ങള്‍.
സ്പര്‍ശിക്കു
കാല്‍വെളളയാല്‍
ഉമ്മകളുടെ മുകുളങ്ങൾ.

കര്‍ക്കടകം
രഹസ്യാനുഭൂതിയുടെ മഴക്കാടുകള്‍
പൂത്തു
നറുഗന്ധം
നിമ്നോന്നതകളില്‍ എവിടെ?
എത്ര വശ്യം
വിയര്‍ത്ത തേന്‍ പുവുകള്‍ വിടര്‍ത്തുന്ന
ഘ്രാണതര്‍പ്പണം
ചൂടേറിയ സിരകളില്‍ മുക്രയിട്ട്
അറിയാത്ത ആദിമ വാസന.
മദനഗന്ധം സ്രവിക്കും
അടരുകളില്‍
മൃദുവായ ഇഴഞ്ഞു നാസാഗ്രം
ആ സൌരഭ്യത്താല്‍ മുക്തനാകട്ടെ
അനന്തമാം
സമാധിയിലേക്ക്.