കൈയടക്കം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
കൈയടക്കം
‘ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത്
ചവണയാക്കി
അടുത്തിരിക്കുന്നവന്റെ പോക്കറ്റിലേക്ക്
നീട്ടുന്നതെന്തിന്?’
‘അപ്പുറത്തിരിക്കുന്ന അഴകിനെ നോക്കി
വെറുതെയിരിക്കുന്ന എന്നോട്
ഇങ്ങനെ ചോദിക്കാന്‍ തോന്നിയില്ലോ അന്തര്‍ഗതമേ’
എന്നും ചോദിച്ചില്ല.
‘ഉറക്കം തൂങ്ങുന്ന
സഹയാത്രികനെ
തുമ്പിയെക്കൊണ്ട് എടുപ്പിക്കുന്നത്
എന്നോടുപോലും മിണ്ടല്ലേ’
എന്നു പറഞ്ഞതുമില്ല.
വണ്ടി നിന്നപ്പോള്‍
ഒരു ചെറു താളമിട്ട്
ഇറങ്ങിനടന്നു
എന്റെ രണ്ടു കൈവിരലുകള്‍.
|