close
Sayahna Sayahna
Search

ചില്ലുതൊലിയുളള തവള - അന്വേഷണം


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

അന്വേഷണം

മഴ ഏററവും അധികം പാടിയ ദിനം
പ്രണയത്തിന്റെ ആദ്യമുദ്ര തന്നവളുടെ വിവാഹം.
തുളളുന്ന മഴയിലൂടെ ഒരു മരക്കുതിരപ്പുറത്ത്
എന്റെ യാത്ര.
കല്യാണവണ്ടി കടന്നുപോയ
നനഞ്ഞുകുതിര്‍ന്ന വഴികളില്‍
കനകാംബരങ്ങളും മുല്ലകളും ചതഞ്ഞുകിടന്നിരുന്നത്–
മരക്കുതിര കാണിച്ചുതന്നു.
ഇനി ജന്മാന്ത്യംവരെ അവള്‍
ഒരപരിചിതന്റെ കുതിരപ്പുറത്ത് യാത്ര ചെയ്യും
അയാള്‍ അവളില്‍ സ്നാനം ചെയ്ത്
വിശുദ്ധരില്‍ വിശുദ്ധനായ് മാറും
എന്റെ മഠയന്‍ മരക്കുതിര
ഒരു ശരത്കാലത്ത്
ഒരപരിചിതയെ കണ്ടുമുട്ടുവോളം
അവള്‍ തന്ന ഹംസത്തിന്റെ പട്ടുതൂവലുമായ്
വിദൂരഗ്രാമങ്ങളിലേക്ക് പോകും
ദേശാന്തരങ്ങളിലേക്ക് പറന്നുപോകുന്ന പറവകള്‍ക്കൊപ്പം.