അവസാന കവിള്‍കൂടി ഊറ്റി
റോഡിലേക്ക് വലിച്ചെറിഞ്ഞ
മിനറല്‍ വാട്ടര്‍ കുപ്പിയുടെ തുറന്ന വായിലേക്ക്
ഇരച്ചുകയറി;
ഓരോന്നോരോന്നായ്–
പടിഞ്ഞാറോട്ടൊഴുകിയ
നാല്പത്തിഒന്നും
കിഴക്കോട്ടൊഴുകിയ മൂന്നും.
ആരും കണ്ടില്ല
ഞാനൊഴികെ.
പതുക്കെ ചെന്ന്
തിരിച്ചെടുത്ത്
അടച്ച്
അനങ്ങാതെ
അടുക്കളയിലെ ഫ്രിഡ്ജില്‍
സൂക്ഷിച്ചുവെച്ചു.
രാത്രി:
സി.എഫ്.എൽ.ലാമ്പിന്റെ പൂവെളിച്ചത്തിലിരുന്ന്
മകൻ കേരളത്തിന്റെ ഭൂപടം നോക്കുന്നു.
ശ്രദ്ധിച്ചുനോക്കി -
നീല ഞരമ്പുകൾ പാഞ്ഞിടത്തെല്ലാം
കാലിയായ വാട്ടർ കുപ്പികൾ.
ഫ്രിഡ്ജില്‍നിന്നും കുപ്പിയെടുത്ത്
നെഞ്ചൊടു ചേര്‍ത്ത് പതുക്കെ പറഞ്ഞു:
‘പാവം പുഴകളേ
ഇനി നിങ്ങള്‍
എന്റെ സ്വന്തം.’