പയ്യെ ചെരിഞ്ഞ് ചെരിഞ്ഞ്
ആകാശങ്ങളിലേക്ക് ഉയര്‍ന്നുനിന്നിരുന്ന മിനാരങ്ങളും
താഴികക്കുടങ്ങളും ഗോപുരങ്ങളും മണ്ണില്‍ കുത്തി–
മലര്‍ത്തിയിട്ട ആമകളെപ്പോലെ കീഴ്മേലായി.
മണ്ണും ചെളിയും കല്ലും
ഇത്തളും ഉണങ്ങിയ വേരുകളും ചിതല്‍പ്പുററും കുഴഞ്ഞ
തറയുടെ നഗ്നത മലര്‍ക്കേ കാണിച്ച്.
വിശ്വാസികള്‍ പരക്കംപാഞ്ഞു,
തെരുവ് കൊലക്കളമായി.
നിശാനിയമം, പട്ടാളം.
വെറുതെ മലര്‍ന്നുകിടന്ന അവററകള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല.
വിശ്രാന്തിയില്‍ നിന്നുണര്‍ന്നപ്പോള്‍
പരസ്പരം കുശലം പറഞ്ഞ്
ഒരുമയോടെ, നിവര്‍ന്ന്
പുര്‍വരൂപത്തിലായി.
പെരുവഴിയിലെ ചോരയില്‍
ചവുട്ടി നില്ക്കുന്നവരോട്
അവ ഒററസ്വരത്തില്‍ പറഞ്ഞു–
‘നിവര്‍ന്നുളള ഈ നില്പ് തുടങ്ങിയിട്ട്
കാലം കുറേയായി
നടുനിവര്‍ത്താന്‍ ഒന്നു മലര്‍ന്നു കിടന്നതാണ്
അപ്പോഴേയ്ക്കും?’