ഇന്ത്യന്‍ മഹാസമുദ്രത്തില്‍
വടക്കുപടിഞ്ഞാറായി
ഒരേക്കര്‍ സ്ഥലം വാങ്ങി.
നല്ല നിലം
അടിത്തട്ടും ആഴവും സമൃദ്ധം
തിരമാലകളില്ല
കപ്പലുകളുടെ ശല്യമില്ല
ഇടയ്ക്ക് വരുന്ന കടല്‍ക്കിളികളും
ചെറുകാററും.
വേലികെട്ടിത്തിരിച്ച് ചില ബോര്‍ഡുകള്‍ എഴുതിവെച്ചു;
‘ഇത് പൊതുവഴിയല്ല.
ഇതിലൂടെയുളള സഞ്ചാരം നിരോധിച്ചിരിക്കുന്നു.’
ഇപ്പോള്‍ വഴിമാറിയാണ് ജലജീവികളുടെ പോക്കുവരവ്.
ഒരു നാള്‍
അവിടത്തെ സ്വച്ഛതയില്‍ ഉലാത്തുമ്പോള്‍
ആഴങ്ങളില്‍ നിന്നും ഒരു സീല്‍ക്കാരം കേട്ടു.
അടിത്തട്ടിലെ പാറയിലിരുന്ന്
വെളളം കുടിക്കുന്നു ചെറുതവള.
അതിന്റെ വായ ധൃതിയില്‍ തുറയുന്നു അടയുന്നു.
അതിക്രമിച്ചു കടന്നതാകണം
അതിനെ തുരത്തുവാനായുമ്പോള്‍
ഞൊടിയിടയില്‍
വെലികെട്ടിത്തിരിച്ചു ഒരേക്കര്‍ കൃത്യമായി ഛേദിച്ചെടുത്തതുപോലെ
അത്രയും വെളളം കുടിച്ചുവററിച്ച് അത്
ഒററച്ചാട്ടത്തിന് അതിര്‍ത്തി കടന്നു.
നാലതിരുകളിലും ഭീമാകാരമായ ജലഭിത്തികളുളള
കാരാഗ്രഹത്തിന്‍
കിടങ്ങിലായി ഞാന്‍.