close
Sayahna Sayahna
Search

ടെഡ് സീരിയോസ്


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

ടെഡ് സീരിയോസ്[1]

അകലെയുളള നിന്നെ
പിടിച്ചെടുത്തു എന്റെ കണ്ണുകള്‍
പകല്‍വെളിച്ചത്തില്‍ നക്ഷത്രങ്ങള്‍
കാണുവാന്‍ കഴിയുന്ന കണ്ണുകള്‍
എന്നപോലെ.
മൈലുകള്‍ക്ക് ദൂരെ
നീ സംസാരിക്കുന്നത്
എന്റെ കേള്‍വി പിടിച്ചെടുത്തു;
വിദൂരമായ റേഡിയോ സ്റ്റേഷനില്‍
നിന്നുളള വീചികള്‍
നേരിട്ട് സ്വീകരിക്കുന്നതു പോലെ.
അദ്ഭുതകരവും
അസാധാരണവുമായ നിന്റെ
ചായക്കൂട്ടുകളാല്‍ തടവിലായും
കവിതകളില്‍ ആണ്ടിറങ്ങിയും
സൌന്ദര്യത്താല്‍ തീനാളമായും
കൂട്ടിനാല്‍ രൂപാന്തരപ്പെട്ടും.
സ്ഥലകാല പരിധികള്‍ക്കപ്പുറത്ത്
നിന്നെ കാണുവാന്‍ കേള്‍ക്കുവാന്‍
കഴിവുളളനായിരിക്കുന്നു ഞാന്‍.
എന്റെ കണ്ണുകള്‍ സൂര്യപ്രകാശത്തെ കടന്നു കയറുന്നു.
ശ്രവണേന്ദ്രിയങ്ങള്‍ ദൂരെയുളള നിന്റെ
ശബ്ദങ്ങള്‍ സ്വീകരിക്കുന്നു.
അങ്ങനെ
നിന്റെ അനുരാഗാണുക്കള്‍
എന്നെ അമാനുഷികനാക്കി
ഒരു നിമിഷംപോലും
കൈവിടാതിരിക്കാനുളള
ഉള്‍ബോധത്തിന്റെ
ഉയരങ്ങളില്‍.


  1. ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറമുള്ളത് കാണുവാൻ കഴിയുന്ന കഴിവുകളുള്ള അമേരിക്കക്കാരൻ. (ഓഷോ ഗീതാ പ്രഭാഷണം)