close
Sayahna Sayahna
Search

അനുബന്ധം - മുഴുധ്യാനത്തിന്റെ കവിതകള്‍ - സുനില്‍ സി.ഇ.


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

Eye’s roundness between the bars.
Vibratile monad eyelid
propels itself upward
releases a glance.

Paul Celan

മുഴുധ്യാനത്തിന്റെ കവിതകള്‍

സുനില്‍ സി.ഇ.

ഭൂമി രണ്ടായി പിളരും
ഒരു ദിക്കില്‍ നീയും
മറുദിക്കില്‍ ഞാനുമാകും.
നഷ്ടപ്പെടുമോ എന്ന ഭയത്താല്‍
ഒരു വടം നിന്നിലേക്ക് എറിയും
അതില്‍ കുടുങ്ങാതെ
ഒരമ്പായി മാറി നീ
എന്നില്‍ വന്നു തറയ്ക്കും.

(മുറിവ്/സെബാസ്റ്റ്യ‌ന്‍)

കവിതയുടെ പഴയ രൂപങ്ങള്‍ മരിക്കുകയും റിയലിസത്തെ സംബന്ധിക്കുന്ന പ്രധാന ആന്തരികവിക്ഷോഭങ്ങള്‍ മറന്നുപോകാതെ കുറിക്കുകയും ചെയ്യുന്നുവെന്നതാണ് സെബാസ്റ്റ്യനിലെ കവിയെ നിര്‍വചിക്കുന്നത്. കവിതയിലേക്ക് ഇന്ന് അനേകം വാതിലുകളുണ്ടെന്നും അതു ഭാഷകൊണ്ട് നിര്‍മിക്കുന്ന പുതുഭാവകത്വത്തിന്റെ സ്മാരകശിലകളാണെന്നും ഇത്തരം ധ്യാനത്തിന്റെ കവിതകള്‍ നമ്മെ ബോധിപ്പിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിന്റെ പതിവുകളെക്കാള്‍ കവിതയുടെ പ്രാഥമിക പതിവുകള്‍ പുതിയ ലിപികള്‍കൊണ്ട് അടയാളപ്പെടുത്തുന്നു. കവിതയില്‍ ഇനിയും ക്ഷീണിക്കാത്ത കാവ്യപ്രതിഭയുണ്ടെന്ന് നാം തിരിച്ചറിയുന്നതുപോലും അനുഭവത്തെ തുളച്ച് ധ്യാനത്തിലേക്കും ജ്ഞാനത്തിലേക്കും പ്രവഹിക്കുന്ന ഇത്തരം കവിതകളില്‍ നിന്നാണ്. അതുകൊണ്ടാണ് പഴയ കാവ്യതലമുറയ്ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് സെബാസ്റ്റ്യന്‍ ചെയ്യുന്നത്. സൌന്ദര്യബോധപരമായ ഉപകരണങ്ങളുടെയും നവ റിയലിസത്തിന്റെയും ദര്‍പ്പണശൈലിയില്‍ പുതുകവിതയുടെ ആവിഷ്കാരസ്വാതന്ത്ര്യം അന്വേഷിക്കുന്ന സേബാസ്റ്റ്യനിലെ കവി കവിതയുടെ വൈകാരികമായ പൂര്‍വപാപങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുന്നു. കാവ്യശാസ്ത്രത്തില്‍നിന്നും കിട്ടിയ അറിവുകള്‍ കൊണ്ടല്ല ഈ കവി കവിത തീര്‍ക്കുന്നത്. മറിച്ച് ജീവിതത്തിന്റെ തര്‍ക്കവിചാരത്തിനപ്പുറമുളള ജീവിതനീരീക്ഷണങ്ങളില്‍ നിന്നാണ്. പുതുകവിതയുടെ രോഗാവസ്ഥകളെ മാനസികമായ മാററങ്ങള്‍ക്കു വിധേയമാക്കുകയും ഭാഷയുടെ അമിത വൈകാരികത്വത്തെയും ദുഷിച്ച അവസ്ഥയെയും അട്ടിമറിക്കുകയും ചെയ്യുന്നു. സാമാന്യജ്ഞാനത്തിനു പിടികൊടുക്കുന്ന കലാപരമായ ചിഹ്നങ്ങളാണ് സെബാസ്റ്റ്യന്റെ കവിതകള്‍. അവ സമാനതകളില്ലാത്ത ഭാഷയുടെ തുറന്ന സദാചാരബോധങ്ങളാണ്. ഇന്നുള്ള പുതുകവിതയുടെ അപസ്മാരത്തെ പുതുശൈലിയുടെ മര്‍ദനമുറകള്‍ കൊണ്ടാണ് സെബാസ്റ്റ്യന്‍ നേരിടുന്നത്.

അങ്ങനെ
നിന്റെ അനുരാഗാണുക്കള്‍
എന്നെ അമാനുഷികനാക്കി
ഒരു നിമിഷം പോലും
കൈവിടാതിരിക്കാനുള്ള
ഉള്‍ബോധത്തിന്റെ
ഉയരങ്ങളില്‍.

(ടെഡ് സീരിയോസ്)

ഉൾബോധത്തിന്റെ ആരോഗ്യക്കുഴപ്പങ്ങളെക്കുറിച്ച് സൌന്ദര്യം നിറഞ്ഞ കിറുക്കുകള്‍ കവിതയില്‍ ആവിഷ്കരിക്കുമ്പോള്‍ ഭാഷയുടെ പഴയ ജയിലറകളെയാണ് സെബാസ്റ്റ്യന്‍ ഭേദിക്കുന്നത്. കവിതയുടെ ഇന്നുള്ള രഹസ്യദുരന്തങ്ങളെ കാവ്യ ഉൾബോധങ്ങൾകൊണ്ടേ മറികടക്കാനാകൂ എന്നുള്ള ഭയാനകമായ ഭാവനയാണ് ‘ടെഡ് സീരിയോസ്’ എന്ന കവിത. അങ്ങനെയാണ് സെബാസ്റ്റ്യന്റെ കവിതകള്‍ പുതുകവിതയുടെ ചികിത്സാലയമായി മാറുന്നത്. സെബാസ്റ്റ്യന് കവിത ധ്യാനത്തില്‍ മുളപ്പിച്ചെടുത്ത യാതനായന്ത്രമായി മാറുന്നതു പോലും കവിതയെ ഒരു രഹസ്യംപോലെ അവതരിപ്പിക്കാവുന്നതുകൊണ്ടാണ്. ആര്‍ഭാടരഹിതമായ പുതുമൊഴിക്കവികളുടെ കവിതകള്‍ ഭാഷയ്ക്ക് വ്രണങ്ങൾ തീര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ അതിവാസ്തവിക ധ്യാനങ്ങള്‍കൊണ്ട് കവിതയുടെ ഇതുവരെയുള്ള ആപത്കരമായ അറപ്പുകളെ പുറത്തുതളളുകയാണ് ഇത്തരം കവിതകള്‍. കണ്ണിനെ മലിനമായ അക്ഷരക്കാഴ്ചകളില്‍ നിന്നു സംരക്ഷിക്കാനും, കരങ്ങളെ വ്യാജകവിതകള്‍ തൊട്ടിരിക്കുന്ന പേപ്പറുകളില്‍ നിന്നും സംരക്ഷിക്കാനും കാവ്യപുസ്തകങ്ങളൊടൊപ്പം കണ്ണടയും ഗ്ലൗസുമൊന്നു മില്ലാതെ നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ പക്വതയുളളതാണീ നോണ്‍–അക്കാഡമിക് പൊയട്രികള്‍ (Non–Academic Poetry)

അവിടെ നിന്ന്
ഒരരുവി
ഒഴുകുമെങ്കില്‍
അതിലൂടെ
ഒഴുകിവരുമോ?
ഒന്നു മാത്രം ഓര്‍ത്ത്
ഇവിടെനിന്ന് ഒരരുവി
ഒഴുകുന്നു നിന്നിലേക്ക്…

(അരുവി)

പുതുകവിതയ്ക്ക് പുതിയ ഒരു അളവും വ്യാപ്തിയും നല്‍കുന്ന കവിതയാണ് ‘അരുവി’. പുതുകവിതയിലെ കളളച്ചിരികളെ ദര്‍ശനങ്ങള്‍കൊണ്ട് ശിക്ഷിക്കുന്ന രീതിയാണിത്. സൌന്ദര്യബോധപരമായ ഊര്‍ജത്തെ വഹിക്കുന്ന ഇതുപോലെയുളള കവിതകള്‍ പഴയ കവിതയുടെ എതര്‍വശത്തേക്ക് യുക്തി ബോധപരമായ ദീര്‍ഘസഞ്ചാരം നടത്തുന്നു. ഈ അരുവി ഒരേസമയം ശ്വാസത്തിന്റെയും പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയുമൊക്കെ സമ്മിശ്രമാണ്. കവിതയിലെ ധ്യാനത്തിന്റെ ഈ അദൃശ്യമുറി കവിതയുടെ പുതിയ പ്രവര്‍ത്തനശൈലികളെയാണ് വെളിപ്പെടുത്തുന്നതും ധ്വനിപ്പിക്കുന്നതും.

ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത്
ചവണയാക്കി
അടുത്തിരിക്കുന്നവന്റെ പോക്കററിലേക്ക്
നീട്ടുന്നതെന്തിന്?

(കൈയടക്കം)

വിരലുകള്‍ ചില നേരങ്ങളില്‍ ഇറങ്ങിപ്പോകുമെന്നും മൌനമായി ചൂളം അടിക്കുമെന്നും ഒക്കെയുള്ള പ്രത്യക്ഷദര്‍ശനങ്ങള്‍ക്കപ്പുറം വര്‍ത്തമാനകാലത്തിന്റെ പ്രതിഷേധങ്ങളെ മറന്നുകൊണ്ടു് ഒരു പ്രബല സംസ്കാരം രൂപപ്പെടുത്തുമെന്നുളള അതിദര്‍ശനമാണിത്. ‘കൈയടക്കം’ വിരലുകളുടെ പേടിപ്പിക്കുന്ന നിയമമായി ഈ കവിതയില്‍ വളരുന്നു.

വണ്ടി നിന്നപ്പോള്‍
ഒരു ചെറു താളമിട്ട്
ഇറങ്ങിനടന്നു.
എന്റെ രണ്ടു കൈവിരലുകള്‍.

വിരലുകള്‍ ഉത്പാദിപ്പിക്കുന്ന ഈ പേടി ഉല്‍വലിഞ്ഞകത്തേക്കു കയറി ഇരിപ്പുറപ്പിക്കുന്നതു ദര്‍ശനത്തിന്റെ മൂര്‍ച്ചയെ വെളിപ്പെടുത്തുന്നു. കവിതയുടെ പഴയ രൂപങ്ങള്‍ നിരാകരിക്കുന്നതിന്റെ തെളിവുകളാണ് ‘സ്വന്തം’, ‘പ്രാണഭയം’, ഒഴുക്ക് എന്നീ കവിതകള്‍. പുതിയ ആന്തരികപ്രത്യക്ഷങ്ങള്‍ക്ക് ഭാഷകൊണ്ട് മാനസികാരോഗ്യം പകരുകയാണ് ഈ കവിതകളില്‍. മലയാളകവിതയുടെ മലയാളവ്യക്തിത്വമാണ് ഈ കവിതകളിലുടനീളമുളളത്. ജീവിക്കുന്ന കാലത്തിന്റെ പരിഭാഷയാണ് ‘പ്രാണഭയം.’ മാനസികാവസ്ഥകളുടെ വിചാരപ്രവാഹമാണ് ‘സ്വന്തം.’ ജ്ഞാനത്തിന്റെ രേഖകളെ മറികടക്കുന്ന ബോധനരേഖയാണ് ‘ഒഴുക്ക്’. പഴയ കവിതയുടെ ബാധ ഒഴിപ്പിക്കുന്ന ആഭിചാരക്രിയകളായി ഇത്തരം കവിതകളെ നമുക്ക് വായിച്ചെടുക്കാം.

അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ
എന്റെ ദേഹം
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.

(ധ്യാനം)

മനുഷ്യന്റെ ജീവിതമെന്ന പ്രതിഭ കൈമോശം വരുമ്പോള്‍ പരിസ്ഥിതിയുടെ അകംമുറികളിലേക്ക് കയറി മുഴുധ്യാനത്തിന്റെ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുന്ന സെബാസ്റ്റ്യനിലെ കവി ഒരു ഫ്യൂച്ചറിസ്റ്റിക് മനസ്സ് സംരക്ഷിക്കാനുള്ള തിടുക്കങ്ങള്‍ ഈ കവിതയില്‍ ആവിഷ്കരിക്കുന്നു. കാവ്യകലയിലെ നിരന്തര തിന്മകളുടെ ഓര്‍മപ്പെടുത്തലുകളെ അടിച്ചിറക്കിവിടുന്ന താര്‍ക്കികമായ ഈ മൂന്നാംഭാഷ മുഴുധ്യാനത്തിന്റെ ഇന്‍പുട്ടും ഔട്ട് പ്രൊഡക്ററുമൊക്കെയായി വായനക്കാരനെ പിന്‍തുടരുക തന്നെ ചെയ്യും. കവിതയുടെ ഇതുവരെയുളള ക്രമങ്ങളെ ചെറുത്തുനില്‍ക്കുന്ന പുതുകവിതയിലെ ഒരു വലിയ ആളനക്കമായി ഈ കവി മാറുന്നു. ‘ഡിജിററല്‍’, ‘മറുക്’, ‘പ്രതിസഞ്ചാരം’, ‘സായൂജ്യം’ ഒക്കെയും പുതുദര്‍ശനങ്ങളുടെ എഴുന്നുനില്‍പ്പുകളാണ്. സത്യസന്ധമായ കവിതകളുടെ സുഖഭാോഗങ്ങളാണിത്തരം കവിതകളിലുടനീളം നാം അനുഭവിക്കുന്നത്. അറിയാത്തിടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ മാന്ത്രികഭാഷ പുതുക്കവിതയുടെ പ്രയാസവഴികളെ നികത്തുകതന്നെ ചെയ്യും. പാരമ്പര്യ പൂജകള്‍ക്കെതിരെയുളള സൌന്ദര്യപരമായ കലാപമാണ് ഈ കവിതകള്‍. ഉത്സാഹരിഹിതമായ ഒരു വായനയല്ല ഈ കവിതകള്‍ക്കു പിന്നിലാവിഷ്കരിക്കേണ്ടത്. മറിച്ച് മുഴുധ്യാനത്തിന്റെ കലഹങ്ങളാണ്. പുതുകവിതയിലെ ആരോഗ്യകരമായ സ്വാധീനത്തിന്റെയും മുഴുധ്യാനത്തിന്റെയും സംഹിതയായി ഈ കവിതകളെ നമുക്ക് ചേര്‍ത്തുപിടിക്കാം.