രാജഹംസമെന്നപോലെ
രാജഹംസമെന്നപോലെ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
കേരളത്തിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഭാരതത്തിന്റെ മഹാന്മാരായ പുത്രന്‍മാരില്‍ സുപ്രധാനനായ ഒരാള്‍ — വൈയ്ക്കം മുഹമ്മദ് ബഷീര്‍ — അന്ത്യവിശ്രമമായി. മലയാള സാഹിത്യത്തെയും മലയാള ഭാഷയെയും സ്നേഹിക്കുന്ന എല്ലാവരും ഈറനണിഞ്ഞ കണ്ണുകളോടുകൂടി, വിവര്‍ണ്ണവദനരായി, മൂകരായി ഇരിക്കുന്നു. ഇതില്‍ വിസ്മയിക്കാനൊന്നുമില്ല. മണ്‍മറഞ്ഞ ആ മഹാവ്യക്തി അവരുടെയെല്ലാം ജീവിതങ്ങളെ സമ്പന്നതയിലേക്കു നയിച്ച അപ്രമേയ പ്രഭാവനായിരുന്നല്ലോ. ഷെക്സ്പിയര്‍ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടു കൂടി ശയിക്കുന്ന ദേവാലയത്തില്‍ ‘In Judgment a Nestor, in Genius a Socrates, in Art a Virgil: the earth covers him, the people weep for him, Olympus holders him’ എന്നൊരു ശിലാലിഖിതമുണ്ടത്രേ. കലയില്‍ അനശ്വരനും മനുഷ്യത്വത്തില്‍ സമുന്നതനുമായ ബഷീറിനെ ഭൂമി അതിന്റെ അഗാധതയില്‍ സൂക്ഷിക്കുന്നു. ജനത കരയുന്നു. അവരോടൊപ്പം കണ്ണീരൊഴുക്കിക്കൊണ്ട് ഞാനീ വരികള്‍ കുറിക്കുന്നു.
മനുഷ്യജീവിതത്തിന് ഒരു ലയമുണ്ട്. പ്രകൃതിക്ക് ഒരു കലയുണ്ട്. സാഹിത്യത്തിനും ലയമുണ്ട്. സാഹിത്യത്തിലെ ആ ലയം ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു ലയം കൊണ്ടു വരുവാന്‍ പ്രതിഭാശാലിക്കേ കഴിയൂ. ആ നൂതന ലയാനുവിദഗ്ധത ഉള്ള കൃതി ആവിര്‍ഭവിക്കുമ്പോള്‍ അതിനെ യുഗനിര്‍മ്മാണ രചനയെന്ന് അഭിജ്ഞന്‍മാര്‍ വിളിക്കും. സി.വി. രാമന്‍ പിള്ളയുടെ‘രാമരാജാബഹദൂര്‍’ എന്ന് നോവല്‍ മലയാള സാഹിത്യത്തില്‍ നവീനലയം നിര്‍മ്മിച്ച യുഗനിര്‍മ്മാണ നോവല്‍ എന്ന വിശേഷണത്തിനു അര്‍ഹമായി. ബഷിറിന്റെ ‘ബാല്യകാല സഖി’ നവീനതമായ ലയം ഉള്‍ക്കൊള്ളിച്ചു രചിച്ചതു കൊണ്ട് അതിന്റെ ആവിര്‍ഭാവത്തോടെ മറ്റൊരു യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ നിലയില്‍ മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ആ കൃതി ഒരു യുഗനിര്മ്മാണനോവലായി പരിലസിക്കുന്നു. ‘ബാല്യകാല സഖിയുടെ ആവിര്‍ഭാവത്തിനു ശേഷം, കാമുകിയുടെ പ്രേമലേഖനം പ്രതീക്ഷിച്ച് പോസ്റ്റാഫീസില്‍ എന്നും പോകുന്നവരെപ്പോലെ സഹൃദയര്‍ ബഷീറിന്റെ മറ്റു നോവലുകള്‍ക്ക് കാത്തിരിപ്പായി. കാമുകനും പലപ്പോഴും നിരാശതയായിരിക്കും അനുഭവം. കത്തുകള്‍ കിട്ടിയാല്‍ത്തന്നെ എല്ലാം ഒരേ മട്ടിലായിരിക്കും. ‘ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.’ ‘അങ്ങില്ലെങ്കില്‍ ഞാന്‍ മരിച്ചുകളയും.’ എന്നൊക്കെയായിരിക്കും പ്രസ്താവങ്ങളും ആവര്‍ത്തനങ്ങളും പുനരാവര്‍ത്തനങ്ങളും. ബഷീര്‍ സഹൃദയനെ നിരാശപ്പെടുത്തിയില്ല. പ്രതീക്ഷിക്കുന്ന സമയത്തുതന്നെ ഒരോ നോവലും ഓരോ ചെറുകഥാ സമാഹാരവും പ്രത്യക്ഷപ്പെട്ടു. ഒന്നും ആവര്‍ത്തനമായിരുന്നില്ല താനും. അദ്ദേഹത്തിന്റെ കൃതികള്‍ ഓരോന്നുമെടുത്തു പരിശോധിക്കൂ. കലാപ്രചോദനം നൂതനങ്ങളായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതു കാണാം. ‘ന്റുപ്പുപ്പാ’യിലെ ആശയ പ്രപഞ്ചമല്ല ‘പാത്തുമ്മയുടെ ആടി’ ലുള്ളത് അതില്‍ നിന്നും വിഭിന്നം വേറൊരു നോവല്‍. അദ്ദേഹത്തിന്റെ ആന്തരചൈതന്യം ഓരോ നോവലിനെയും കൂട്ടിയിണക്കുന്നുമുണ്ട്. വിഷയങ്ങളില്‍ വിഭിന്നത പുലര്‍ത്തിക്കൊണ്ട് ആന്തര ചൈതന്യംകൊണ്ട് രചനകളെ കൂട്ടിയിണക്കുമ്പോഴാണ് ‘ഇതാ വ്യക്തിത്വമുള്ള കലാകാരന്‍’ എന്നു സഹൃദയന്‍ ഉദ്ഘോഷിക്കുക. അങ്ങനെ വ്യക്തിത്വവും സ്വത്വവുമുള്ള എഴുത്തുകാര്‍ വിരളം. അതുകൊണ്ടാണ് ബഷീര്‍ ധ്രുവനക്ഷത്രം പോലെ അകന്നു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചരമം ഇത്രയേറെ ദുഃഖത്തിനു കാരണമായി ഭവിച്ചതും.
സാഹിത്യകാരന്‍ ആരല്ലയോ അതിന്റെ ആവിഷ്കാരമാണ് അയാളുടെ സാഹിത്യമെന്നു ക്രോചെ പറഞ്ഞിട്ടുണ്ട്. അധാര്‍മ്മികമായി പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മികങ്ങളായ രചനകള്‍ ലോകത്തിനു നല്കുന്നു. ഭീരുവായ കലാകാരന്‍ തന്റെ കൃതികളുടെ ധൈര്യത്തെ വാഴ്ത്തുന്നു. ലൈംഗികാസക്തി കൂടിയ എഴുത്തുകാരന്‍ സദാചാരതല്‍പ്പരനായി ഗ്രന്ഥങ്ങളുടെ പുറങ്ങളില്‍ നിന്ന് എഴുന്നേറ്റു വരുന്നു. ഇതു സത്യമാവാം. ക്രോചെയെന്ന ധിഷണാശാലി പറഞ്ഞതല്ലേ? പക്ഷേ ബഷീറിന്റെ കാര്യത്തില്‍ ആ ഇറ്റലിക്കാരന്റെ മതം ശരിയല്ല. പ്രതിപാദ്യവിഷയത്തിന്റെ അര്‍ത്ഥനകള്‍ക്കു യോജിച്ച വിധത്തില്‍ ‘ശബ്ദങ്ങളി’ല്‍ ലൈംഗിക വര്‍ണ്ണനകളുണ്ടെങ്കിലും മറ്റു നോവലുകളിൽ ധര്‍മ്മത്തിനും മനുഷ്യത്വത്തിനുമാണ് പ്രാധാന്യം മനുഷ്യത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു ബഷീര്‍. കലാകാരനായ ബഷീറും വിഭിന്നനല്ല. പ്രതികൂല വിമര്‍ശനം കൊണ്ട് അദ്ദേഹത്തെ ക്ഷോഭിപ്പിച്ച ഞാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ഭവനത്തില്‍ ചെന്നപ്പോള്‍ ഒരനുജനോടെന്ന രീതിയിലാണ് എന്നോടു പെരുമാറിയത്; വിശിഷ്ടാതിഥി എന്ന മട്ടില്‍ സ്വീകരിച്ചത്. ഞാന്‍ ബഷീറിന്റെ സഹധര്‍മ്മിണിയോടു പറഞ്ഞു: ‘ഞാന്‍ അദ്ദേഹത്തെ അതിരു കടന്ന രീതിയില്‍ ഭര്‍ത്സിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എന്നോടു എത്ര വാത്സല്യത്തോടെയാണ് പെരുമാറിയത്. ശ്രീമതി വിനയത്തോടു പറഞ്ഞു. ഞങ്ങള്‍ക്ക് വിശേഷിച്ച് അദ്ദേഹത്തിന് അതിലൊന്നുമില്ല സാര്‍’. ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ സത്യത്തിന്റെ നാദമുയര്‍ത്തിക്കൊണ്ട് എന്റെ അഭിവന്ദ്യ സുഹൃത്ത് രണ്ടു കൈകളും എന്റെ ശിരസ്സില്‍വച്ച് ‘ദൈവം അനുഗ്രഹിക്കും’ എന്ന് ആശംസിച്ചു. അതു ഭംഗിവാക്കുകളായിരുന്നില്ല. പ്രകടനമായിരുന്നുല്ല ബഷീറിന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുയരുന്ന ആശംസയായിരുന്നുവെന്ന് എന്റെ ഹൃദയമറിഞ്ഞു. ബഷീറിന്റെ സുദീര്‍ഘവും ആര്ജ്ജവമാര്ന്നതുമായ ഒരു കത്ത് എന്റെ കൈയിലുണ്ട്. സ്വകാര്യകത്തുകള്‍ വ്യക്തിയുടെ മരണത്തിനു ശേഷം പരസ്യപ്പെടുത്തുന്നത് മാന്യതയുടെ ലക്ഷണമല്ല. അതുകൊണ്ട് അതിലെ ഒരു വാക്യം പോലും ഞാന്‍ ഇവിടെ എഴുതുന്നില്ല. മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ നാദങ്ങള്‍ കൊണ്ട് അതു തരംഗിതമാണെന്നു മാത്രം എഴുതട്ടെ.
ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ രചനകളിലേക്കു വരികയാണ്. അസാധാരണമായ അന്യാദൃശമായ ഭംഗിയുണ്ട് അവയ്ക്ക്. ഇംഗ്ലീഷില്‍ charm എന്നു പറയുന്ന സവിഷേതയും ആ രചനയ്ക്കുണ്ട്. തരുണിക്കു സൗന്ദര്യം മാത്രം പോരാ. ‘ചാം’ കൂടി വേണം. ‘ചാം’ ഇല്ലാത്ത, ആകര്‍ഷകത്വമില്ലാത്ത ഭംഗി ചൂടില്ലാത്തദീപം പോലെയാണ്. ബഷീറിന്റെ കലാദീപം സൗന്ദര്യം ഉള്‍ക്കൊള്ളുന്നു. അതു ഉഷ്മളവുമാണ് ധിഷണാപരമായതിനെപ്പോലും ലളിതവും മനോഹരവുമായ ബിംബങ്ങളാക്കി അദ്ദേഹം അവതരിപ്പിക്കുന്നു. ഈ കഴിവ് മറ്റു കഥാകാരന്‍മാര്‍ക്കില്ല.
പൂര്‍ണ്ണചന്ദ്രനുദിച്ചു നിലക്കുന്ന വേളയില്‍ ഞാന്‍ കളിവഞ്ചിയിലേറി വേമ്പനാട്ടു കായലിന്റെ മദ്ധ്യത്തില്‍ നിശ്ചലനായി ഇരുന്നിട്ടുണ്ട്, നിലാവ് ഒഴുകുന്നു. പക്ഷേ നിശ്ശബ്ദമായിട്ടാണ് അതിന്റെ പ്രവാഹം. കായലിലെ ചിറ്റോളങ്ങള്‍ ചലിക്കുന്നു. എങ്കിലും ചലനങ്ങളില്‍ നിന്നു ശബ്ദമുയരുന്നില്ല. അകലെ മരങ്ങളിലെ ഇലകള്‍ ചെറുതായി ചലനം കൊള്ളുന്നു. അവയ്ക്കും ശബ്ദമില്ല. എങ്കിലും എന്തൊരു സൗന്ദര്യമേളം. നിശ്ചലതയിലൂടെ സൗന്ദര്യമേളം നിര്‍മ്മിച്ച കവിയാണ് ബഷീര്‍ എന്ന നോവലിസ്റ്റ്. അദ്ദേഹം മരിച്ചോ? ഇല്ല. സൗന്ദര്യത്തിന്റെ നിശ്ചല തടാകത്തില്‍ രാജഹംസമെന്നപോലെ അദ്ദേഹം മെല്ലെ നീങ്ങുന്നു. ഞാന്‍ മാത്രമല്ല മറ്റു സഹൃദയരും അന്തര്‍നേത്രം കൊണ്ട് ആ ചലനം കൊള്ളല്‍ കാണുന്നുണ്ട്.
|
|