സത്യമോ സ്വപ്നമോ
സത്യമോ സ്വപ്നമോ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
ഇറ്റലിയിലെ ആന്താന്യോ താബൂക്കി (Antonio Tabuchi 1943) ‘Requiem’ എന്ന നോവലെഴുതി വിശ്വപ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. വായിച്ചു കഴിഞ്ഞയുടനെ വീണ്ടും വായിക്കണമെന്ന അഭിലാഷമുളവാക്കിയ ഈ നോവല്‍ അസാധാരണമാണെന്ന് ഇറ്റലിയിലെ നിരൂപകനായ ഗൂല്‍യെല്‍മി; Guglielmi) ഹൃദയസ്പര്‍ശിയും ഹോണ്‍ടിങ്ങുമായ നോവലാണ് ഇതെന്ന് പീററ്ച്ചിയോണി (Piccioni) എന്ന നിരൂപകന്‍ പരസ്യമാണിതെല്ലാമെന്ന പൂര്‍വകല്പനയോടെ അത്യുക്തിക്ക് വലിയ മാര്‍ജിന്‍ ഇട്ടുകൊണ്ടാണ് ഞാന്‍ ഈ നോവല്‍ വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോള്‍ നിരൂപകര്‍ പറഞ്ഞത് സമ്പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്കു ഗ്രഹിക്കാന്‍ കഴിഞ്ഞു.
ഇന്‍ഡ്യയിലും പോര്‍ടുഗലിലും താമസിച്ചിട്ടുള്ള ഈ നോവലിസ്റ്റ് പടിഞ്ഞാറന്‍ ഇററലിയില്‍ അദ്ദേഹത്തിന്റെ ജന്മദേശമായ തസ്കനിയില്‍ ഇപ്പോള്‍ പാര്‍ക്കുന്നു. അവിടത്തെ സീയെന സര്‍വകലാശാലയില്‍ സാഹിത്യ വകുപ്പിന്റെ അധ്യക്ഷനാണ് അദ്ദേഹം. ഇററലിയിലെ P. E. N. ക്ളബിന്റെ സമ്മാനം ‘Requiem’ എഴുതിയതിന്റെ പേരില്‍ താബൂക്കിക്കു നല്കുകയുണ്ടായി. പോര്‍ടുഗീസ് സാഹിത്യത്തിന്റെ ആരാധകനാണ് ഈ ഇറ്റാലിയെന്‍ നോവലിസ്റ്റ്. പോര്‍ടുഗീസ് സാഹിത്യത്തിന്റെ അധുനാതന മണ്ഡലത്തിലെ നായകനായിരുന്ന ഫെര്‍നാന്‍ദു പെസുആ (Fernando Pessoa 1888–1935) എഴുതിയ ‘The Book of Disquiet’ എന്ന അത്യുജ്ജ്വലമായ ഗദ്യകാവ്യഗ്രന്ഥം സ്വന്തം ഭാഷയിലേക്കു തര്‍ജ്ജമ ചെയ്ത ആളാണ് അദ്ദേഹം. പെസുആയോടും പോര്‍ടുഗലിനോടും പോര്‍ടുഗീസ് സാഹിത്യത്തോടുമുള്ള സ്നേഹംകൊണ്ട് Requiem അദ്ദേഹം പോര്‍ടുഗീസ് ഭാഷയിലാണ് എഴുതിയത്.
Margaret JillCosta ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്ത ഈ നോവല്‍ ഗ്രെയ്റ്റ് ബ്രിട്ടനിലെ Harvill Publishers പ്രസാധനം ചെയ്തിരിക്കുന്നു.
റെക്വീം — Requiem — മരണാനന്തര ശുശ്രൂഷ. അതിനെക്കുറിച്ചു നോവലിസ്റ്റ് പറയുന്നു ‘സൊണാററ (ഒന്നോ രണ്ടോ സംഗീതോപകരണത്തിനു വേണ്ടിയുള്ള പാട്ട്) എന്നതിനു പുറമേ എന്റെ ‘റെക്വിം’ എന്ന നോവല്‍ സ്വപ്നവും കൂടിയാണ്. എന്റെ കഥാപാത്രം (കഥ പറയുന്ന ആള്‍) ജീവിച്ചിരിക്കുന്നവരും മരിച്ചുവരുമായ വ്യക്തികളെ സദൃശമായ രീതിയില്‍ കാണും.’ ഇതാണ് നോവലിന്റെ മര്‍മ്മം പ്രകാശിപ്പിക്കുന്ന പ്രസ്താവം. ഇതിലെ ഒരു കഥാപാത്രമാണ് ഒരു ജിപ്സി സ്‌ത്രി. അവര്‍ കഥ പറയുന്ന ആളിനോടു പറയുകയാണ്: ‘പ്രിയപ്പെട്ടവനെ കേള്‍ക്കൂ. ഇങ്ങനെ പോകാന്‍ ഒക്കുകയില്ല. ഒരേസമയം നിങ്ങള്‍ക്കു രണ്ടു ലോകങ്ങളില്‍ ജീവിക്കാന്‍ സാദ്ധ്യമല്ല; വാസ്തവികതയുടെ ലോകത്തും സ്വപ്നങ്ങളുടെ ലോകത്തും. അങ്ങനെ ജീവിച്ചാൽ മതിവിഭ്രമങ്ങളിൽ ചെല്ലും.(A Hallucination, എന്നും കൂടി നോവലിനു പേരുണ്ട്) കൈകള്‍ രണ്ടും ഇരുവശങ്ങളിലേക്കും വിടര്‍ത്തി ഭൂവിഭാഗത്തിലൂടെ നടക്കുന്ന നിദ്രാടനക്കാരനെ പോലെയാണ് നിങ്ങള്‍. നിങ്ങള്‍ സ്പര്‍ശിക്കുന്നതെന്തും നിങ്ങളുടെ സ്വപ്നത്തിന്റെ ഭാഗമായി മാറും. വൃദ്ധയും വണ്ണം കൂടിയവളും പത്രണ്ടര സ്റ്റോണ്‍ ഭാരമുള്ളവളും ആയ ഞാന്‍ പോലും സ്വപ്നത്തിന്റെ ഭാഗമാകും. നിങ്ങളുടെ കരതലസ്പര്‍ശംകൊണ്ട് ഞാന്‍ വായുവില്‍ അലിഞ്ഞു ചേരുന്നത് എനിക്കനുഭവിക്കാനാവും; നിങങളുടെയും സ്വപ്നത്തിന്റെ ഭാഗമായിത്തീരുന്നതുപോലെ.’
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒക്കുകയില്ല എന്ന തത്വത്തിനു ലോകത്തോളം പഴക്കമുണ്ട്. എങ്കിലും അതിന് ഊന്നല്‍ നല്‍കി കഥകളൂടെ പ്രതിപാദിച്ചത് ലാറ്റിനമേരിക്കന്‍ കവിയും കഥാകാരനുമായ ബോര്‍ഹെസാണ്. അദ്ദേഹത്തിന്റെ കലയെക്കുറിച്ച് എഴുതുന്ന ഒരു നിരൂപകന്‍ വ്യക്തമാക്കുന്നത് കഥകള്‍ സാങ്കല്‍പികങ്ങളാണെങ്കില്‍ അവ വായിക്കുന്ന നമ്മള്‍ക്കും ആ സാങ്കല്പിക സ്വഭാവം വരമെന്നാണ്. ഷെയ്ക്സ്സ്പിയറിന്റെ ‘ഹാംലെററ്’ എന്ന നാടകത്തില്‍ ഒരന്തര്‍നാടകമുണ്ട്. നാടകവേദിയിലിരിക്കുന്ന കഥാപാത്രങങള്‍ ആ അന്തര്‍നാടകം കണ്ടുകൊണ്ടിരിക്കുന്നു, നാടകവേദിയുടെ താഴെയിരുന്നു ഹാംലെററ് നാടകം കാണുന്ന നമ്മള്‍ വേറൊരു നാടകത്തിലെ കഥാപാത്രങ്ങളല്ലെന്ന് ആരു കണ്ടു? നിരൂപകന്‍ തുടര്‍ന്നു ചോദിക്കുന്നു: ഞാന്‍ ഒരുത്തനെ സ്വപ്നം കണ്ടാല്‍ ഞാന്‍ തന്നെ മറ്റൊരാളിന്റെ സ്വപ്നമായിക്കൂടേ? അയാള്‍ വെറൊരാളിന്റെ സ്വപ്നവുമാകാമല്ലോ. ഞാന്‍ ചതുരംഗം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വേറൊരു ചതുരംഗപ്പലകയിലെ കലാളല്ല ഞാനെന്ന് എങ്ങനെ പറയാന്‍ കഴിയും? ഉണര്‍ന്നിരിക്കുമ്പോഴുള്ള ജീവിതവും സ്വപ്നജീവിതവും തമ്മില്‍ അതിരില്ലന്നാണ് ബോര്‍ഹെസിന്റെ മതം. താബൂക്കിയും തന്റെ നോവലിലൂടെ ഇതു തന്നെ പറയുന്നു. ചൂടുപിടിച്ച, വിജനമായ ലിസ്‌ബന്‍ പട്ടണത്തില്‍ (Lisbon പോര്‍ട്ടുഗലിലെ സമുദ്രതീരനഗരം) ജൂലൈമാസത്തില്‍ ഒരു ഞാറാഴ്‌ചയാണ് കഥനടക്കുന്നത്. മധ്യാഹ്ന സൂര്യന്‍ കഥപറയുന്നയാളിന്റെ ഒരു ചെറിയ നിഴല്‍ വീഴ്‌ത്തിയിരിക്കുന്നു. അയാള്‍ കണ്ട ഒരു ചെറുപ്പക്കാരന്‍ ‘പന്ത്രണ്ടു മണി’ എന്നുപറഞ്ഞു. പറഞ്ഞപ്പോള്‍ രാത്രി പന്ത്രണ്ടു മണിയെന്നല്ലേ അയാള്‍ ഉദ്ദേശിച്ചത് എന്നാണ് കഥ പറയുന്നയാളിന്റെ സംശയം. അപ്പോഴാണ് — അര്‍ദ്ധരാത്രിയാണ് — പ്രേതങ്ങള്‍ വരുന്നത്. ഈ പ്രസ്താവത്തോടെ നോവലിസ്റ്റ് തന്റെ തത്ത്വചിന്തയ്ക്ക് യൊജിച്ച അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞു. യുവാവിനെ കണ്ടതിനുശേഷം അയാള്‍ സമയം പോകുന്നതിനുവേണ്ടി മുടന്തനായ ഒരു ഭാഗ്യക്കുറി വില്‍പനക്കാരന്‍, ടാക്സി ഡ്രൈവര്‍, ശവപറമ്പു സൂക്ഷിക്കുന്നവന്‍ ഇങ്ങനെ ഇരുപതിലധികം പേരെ കാണുന്നു. സംസാരിക്കുന്നു. മരിച്ച അച്ഛന്‍ യുവാവായി അയാളുടെ മുന്‍പിലെത്തുന്നു. അവര്‍ സംസാരിക്കുന്നു. ഒടുവില്‍ മകന്‍ പറഞ്ഞു: അച്ഛാ ഇപ്പോഴത്തെപ്പോലെ ഇനിയും വീണ്ടും വരല്ലേ. ഈ ആഗമനം പേടിപ്പിക്കുന്ന എന്നെ. അസഹനീയമാണിത്. അപ്പോള്‍ അച്ഛന്‍ മറുപടി നല്‍കി: ഒരു കാര്യം നീ മനസ്സിലാക്കണം. ഈ മുറിയില്‍ വരാന്‍ ഞാനല്ല തീരുമാനിച്ചത്. നിന്റെ ഇച്ഛാശക്തിയാണ് എന്നെ ഇവിടെ വിളിച്ചു വരുത്തിയത്. നിന്റെ സ്വപ്നത്തില്‍ നീ ആഗ്രഹിച്ചു ഞാന്‍ വരണമെന്ന്. ഇപ്പോള്‍ ഗുഡ്ബൈ എന്നു പറയാനുള്ള സമയമേയുള്ളൂ. മകനെ ഗുഡ്ബൈ. പരിചാരിക വാതിലില്‍ തട്ടി ശബ്ദം കേള്‍പ്പിക്കാനുള്ള സമയമായിക്കഴിഞ്ഞു. എനിക്കു പോകേണ്ടിയിരിക്കുന്നു. വാതിലില്‍ തട്ടുന്ന ശബ്ദം കേള്‍ക്കാറായി. വാതില്‍ തുറന്നു. പരിചാരിക അകത്തേക്കു വരികയും ചെയ്തു. പ്രേതം വരുന്നതിന്റെ ഭയജനത്വം ഈവര്‍ണ്ണനയിലില്ല. അതിന്റെ ആഗമനം അസ്വാഭാവികവുമല്ല. ധിഷണയുടെയും അതില്‍ നിന്ന് ജനിക്കുന്ന യുക്തിയുടെയും പരിമിതികള്‍ സൂചിപ്പിച്ച് നിത്യ ജീവിത യാഥാര്‍ത്ഥ്യത്തെയും സ്വപ്നജീവിത യാഥാര്‍ത്ഥ്യത്തേയും ഒന്നാക്കിക്കാണിക്കുകയാണു നോവലിസ്റ്റ്.
ബോര്‍ഹെസിന്റെ The Other Tiger എന്ന കാവ്യം ഓര്‍മ്മയിലെത്തുന്നു. ചെളിനിറഞ്ഞ നദീതീരത്തിലൂടെ കാലുകളുടെ പാടുകള്‍ പതിപ്പിച്ച് ബംഗാളിലെ കടുവ നടക്കുകയാണ്. പ്രഭാതത്തിന്റെയും മാനിന്റെയും ഗന്ധം മൂക്കുകൊണ്ടു പിടിച്ചെടുത്തുകൊണ്ടാണ് നടത്തം. തെക്കേയമേരിക്കയിലിരുന്നു കവി ഗംഗാനദിയുടെ തീരത്തു സഞ്ചരിക്കുന്ന ആ കടുവയെ സ്വപ്നം കാണുന്നു. എന്നാല്‍ ആ കടുവയെ കാവ്യത്തിലാക്കിയാലോ? അതു പ്രതീകങ്ങളുടെ കടുവ മാത്രമായി മാറുന്നു. യഥാര്‍ത്ഥ മൃഗവും കവിതയിലെ മൃഗവും വിഭിന്നം. കാവ്യത്തിലെ കടുവ വെറും ഫിക്ഷന്‍; വനത്തില്‍ അലഞ്ഞു തിരിയുന്ന മൃഗമല്ല അവന്‍. അക്കാരണത്താല്‍ കാവ്യത്തിലെ വ്യാഘ്രം സംസ്‌കൃതത്തില്‍ സാസാരിക്കുന്നുവെന്നു പറഞ്ഞാല്‍ തെറ്റെന്താണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞ നിരൂപകന്‍ ചോദിക്കുന്നു. ബംഗാളിലെ കടുവ യാഥാര്‍ത്ഥ്യം. കാവ്യത്തിലേത് കള്ളം. സംസ്‌കൃതം സംസാരിക്കുന്നുവെന്ന കടുവയും കള്ളം. നിത്യജീവിത സത്യത്തെ ഒരിക്കലും അതേ രീതിയില്‍ സാഹിത്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്നാണ് ബോര്‍ഹെസ് നമ്മെ അറിയിക്കുന്നത്. ഈ സങ്കല്പത്തില്‍ നിന്ന് വിഭിന്നമായി സാഹിത്യത്തിലെ വാസ്തവവികതയെ ആളുകള്‍ സ്വന്തം ജിവിതത്തിലേക്കു പകര്‍ത്തുന്നുവെന്ന് നോവലിസ്റ്റ് മറ്റൊരു കഥാപാത്രത്തെക്കൊൻട് പറയിക്കുന്നു. ആ കഥാപാത്രം — കഥാകാരന്‍ — കഥയെഴുതി. ആരോ അത് സ്വന്തംജീവിതത്തില്‍ അനുകരിച്ചു. അപ്പോള്‍ കടലാസ്സിലെ കഥാപാത്രങ്ങളല്ല മാംസവും മജ്ജയുമുള്ള മനുഷ്യർ നിത്യജീവിതത്തിലുണ്ടായി.
സ്വപ്നവും ജീവിതവും തമ്മില്‍ വ്യത്യാസമില്ല. കലയും ജീവിതവും വിഭിന്നമല്ല എന്നൊക്കെയാണ് താബൂക്കിയുടെ അഭിപ്രായം. ഇതു നിസര്‍ഗ്ഗസുന്ദരമായി അദ്ദേഹം പ്രകാശിപ്പിക്കുന്നു. ആരോടാണ് എന്നറിയാതെ കഥ പറയുന്ന ആള്‍ ഗുഡ്ബൈ എന്നു പറഞ്ഞു. നിങ്ങള്‍ക്കു ഗുഡ്ബൈ, ഗുഡ്നൈററ് എന്നു വീണ്ടും. എന്നിട്ടു തല പിറകോട്ടാക്കി അയാള്‍ ചന്ദ്രനെ നോക്കി. അതും ഒരു മതിവിഭ്രമംതന്നെ. ജീവിതം സ്വപ്നമാണോ? അതു വെറും ഫിക്ഷനാണോ? ആലോചിക്കൂ. അനന്തരം അനുധ്യാനത്തിന്റെ പ്രശാന്തതയിലെത്തൂ. പോര്‍ടുഗീസ് സാഹിത്യത്തിലെ ഒരു മാസ്റ്റര്‍ പീസാണ് ഈ നോവല്‍.
|
|