സാഹിത്യവാരഫലം 1984 01 29
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 01 29 |
ലക്കം | 437 |
മുൻലക്കം | 1984 01 22 |
പിൻലക്കം | 1984 02 05 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഞാനിപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ അങ്ങനെ കയറാറില്ല. ഓട്ടോറിക്ഷാക്കാരോ ടാക്സിക്കാറുകാരോ പണിമുടക്കിയാല്‍ മാത്രമേ ബസ്സിനെ ശരണം പ്രാപിക്കാറുള്ളൂ. ഒന്നുകില്‍ നടക്കും, അല്ലെങ്കില്‍ ഓട്ടോറിക്ഷയില്‍ കയറും. ഒരു ദിവസം (അന്നു് ഓട്ടോറിക്ഷയും കാറും പണിമുടക്കി കിടക്കുകയായിരുന്നു) ശാസ്തമംഗലത്തു നിന്നു സിറ്റി ബസ്സില്‍ കയറി. വെള്ളയമ്പലം, മ്യൂസിയം ജങ്ഷന്‍, പാളയം ഈ സ്ഥലങ്ങള്‍ കടന്നു് ബസ്സ് കിഴക്കേക്കോട്ടയിലേക്കു പോകും. എനിക്കു് ഇറങ്ങേണ്ടതു പാളയത്താണ്. എന്നാല്‍ ബസ്സ് മ്യൂസിയം ജങ്ഷനില്‍ എത്തിയപ്പോള്‍ ശ്രദ്ധയില്ലാത്ത ഞാന്‍ അവിടമാണു് പാളയമെന്നു കരുതി ഇറങ്ങിക്കളഞ്ഞു. ‘ഓ! തെറ്റിപ്പോയി’ എന്നു പറഞ്ഞു് വീണ്ടും ബസ്സില്‍ കേറാമായിരുന്നു എനിക്കു്. കണ്ടക്ടര്‍ എന്റെ ശിഷ്യന്‍ രാജശേഖരന്‍. എങ്കിലും ഇളിഭ്യനായി തിരിച്ചു കയറാന്‍ വൈഷമ്യം തോന്നി. അതുകൊണ്ടു് മ്യൂസിയം ജങ്ഷനില്‍ നിന്നു പാളയത്തേക്കു് ഞാന്‍ നടന്നു. മുക്കാല്‍ മൈലോളം വരും നടത്തം. പ്രയാസപൂര്‍ണ്ണമാണെങ്കിലും അഭിമാനസംരക്ഷണത്തെ കരുതി നടന്നു. ഇറങ്ങേണ്ട സ്ഥലത്തു തന്നെ ഇറങ്ങുന്നവനേ ഇന്നുവരെ വിജയം കൈവരിച്ചിട്ടുള്ളു. രാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ജയ പതാകയുമായി മുന്നേറുന്നതു നമ്മള്‍ കാണുന്നുണ്ടു്. അവര്‍ മ്യൂസിയം ജങ്ഷനില്‍ ഇറങ്ങിയവരല്ല. പാളയത്തു തന്നെ ബസ്സില്‍ നിന്നു കാലെടുത്തു കുത്തിയവരാണു്. മ്യൂസിയം ജങ്ഷനില്‍ ‘ആബ്സന്റ് മൈന്‍ഡഡാ’യി ഇറങ്ങിപ്പോയവര്‍ പലരുണ്ടു് സാഹിത്യത്തിന്റെ സാമ്രാജ്യത്തില്‍. ബോര്‍ഹേസ്, ഗ്യുന്തര്‍ ഗ്രാസ്സ്, ഗ്രേയം ഗ്രീന്‍, മീലാന്‍ കൂന്‍ഡേര ഇവര്‍ അക്കൂട്ടരില്‍ ചിലര്‍ മാത്രം. ഇറങ്ങേണ്ടിടത്തു തന്നെ ഇറങ്ങിയവരാണു് ചെസ്വാഫ് മീവാഷ്, വില്യം ഗോള്‍ഡിങ്, പേള്‍ ബക്ക്, സ്റ്റൈന്‍ബക്ക്, സോള്‍ഷെനിറ്റ്സ്യന്‍ എന്നിവര്‍. 1980-തൊട്ടുള്ള മൂന്നു വര്‍ഷക്കാലത്തെ മലയാളസാഹിത്യം പരിശോധിച്ചാല്‍, സര്‍ഗ്ഗാത്മകസാഹിത്യം എന്ന സവിശേഷമായ വിഭാഗം നിരീക്ഷണം ചെയ്താല്‍ ഒറ്റക്കൃതിയേ മയൂഖമാലകള്‍ വീശിനില്ക്കുന്നതായി ഭാവുകന്മാര്‍ കാണുകയുള്ളു. അതു “മാധവിക്കുട്ടിയുടെ കഥകള്‍” മാത്രമാണു് (പ്രസാധനം 1982). പക്ഷേ മാധവിക്കുട്ടി ഒരു ശ്രദ്ധയുമില്ലാതെ സഞ്ചരിക്കുന്നവരാണു്. എത്തേണ്ടിടത്തു് എത്തുന്നതിനു മുന്‍പു് അവര്‍ “ശകടാവരോഹം” നടത്തിക്കളയും. മാധവിക്കുട്ടിയെപ്പോലുള്ളവര്‍ക്കു പ്രൊഫസര്‍ വി.കെ. ഗോക്കക്കിന്റെ അനുഗ്രഹം ഉണ്ടാവുകയില്ല. ഇവിടെ ഒരു ചോദ്യം. ബസ്സില്‍ സഞ്ചരിക്കാതെ സ്വന്തം കാറില്‍ സഞ്ചരിക്കുന്നവരോ? അവര്‍ എത്തേണ്ടിടത്തു് എത്തുകില്ലേ? അവര്‍ എന്നും കാലത്തു് ഷെഡ്ഡില്‍ നിന്നു് കാറു് പുറത്തേക്കു് ഇറക്കുന്നതിനു മുന്‍പു് ‘വീലു്’ ഉറച്ചിരിക്കുകയാണോ എന്നു പരിശോധിക്കണം. ഉറച്ചിട്ടില്ലെങ്കില്‍ തനിയെ ഉറപ്പിക്കണം. അതിനു് അറിഞ്ഞുകൂടെങ്കില്‍ വിദഗ്ദ്ധന്മാരില്‍ ആരെയെങ്കിലും വിളിച്ചു് അതു് ഉറപ്പിക്കണം. കാറില്‍ കയറി ലക്ഷ്യസ്ഥാനത്തു ചെല്ലുന്നവര്‍ എന്നും ‘വീലു്’ സ്വയം ഉറപ്പിക്കുകയോ മറ്റുള്ളവനെക്കൊണ്ടു് ബലപ്പെടുത്തിവയ്ക്കുകയോ ചെയ്യുന്നവരാണു്. അല്ലാത്തവര്‍ മാധവിക്കുട്ടിയെപ്പോലെ കാര്‍ ബ്രേക്ക്ഡൗണായി വഴിയില്‍ കിടക്കും.
സുപ്രീം കോര്‍ട്ട് ജഡ്ജി ഒരു തീരുമാനത്തിലെത്തിയാല്‍ അതു മാറ്റാന്‍ ആര്‍ക്കും അധികാരമില്ല. കേരളത്തിലെ ഏറ്റവും വലിയ ഗൈനീക്കോളജിസ്റ്റാണു് ഡോക്ടര്‍ ജി. വേലായുധന്‍. അദ്ദേഹം രോഗിണിയെ പരിശോധിച്ചു് ‘ഹിസ്റ്ററക്ടമി’ (ഗര്‍ഭാശയം മാറ്റാനുള്ള ശസ്ത്രക്രിയ) വേണമെന്നു പറഞ്ഞാല്‍ അതു നടത്തുക തന്നെ വേണം. ടോള്‍സ്റ്റോയി ഇതിഹാസമെഴുതിയാല്‍ അതു് ഇതിഹാസം തന്നെ. റെയ്ഗന്‍ ന്യൂക്ലിയര്‍ ആയുധം ഉപയോഗിക്കുമെന്നു പറഞ്ഞാല്‍ ഉപയോഗിച്ചതു തന്നെ. കാളിദാസന്‍ ‘രഘുവംശ’മെഴുതാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ ആ മഹാകാവ്യത്തെക്കാള്‍ മനോഹരമായ മറ്റൊരു മഹാകാവ്യം ഉണ്ടാവുകയില്ല. വി.കെ. ഗോക്കക്ക് ഒന്നു തീരുമാനിച്ചാല്‍ അതു് അന്തിമ നിശ്ചയം തന്നെ. ജഡ്ജിയും ഡോക്ടറും നോവലിസ്റ്റും കവിയും ജയിക്കട്ടെ.
Contents
തകഴിയും ഇടപ്പള്ളിയും
പ്രതിഭാശാലിയായ ഇടപ്പള്ളി രാഘവന്‍ പിള്ളയെ ഞാന‍് രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ടു്. ഞാനന്ന് കൌമാരം കടന്നിട്ടില്ലാത്തവനായിരുന്നു. എങ്കിലും അദ്ദേഹം സൌജന്യത്തോടെ എന്നോടു സംസാരിച്ചിട്ടുണ്ടു്. തകഴി “ആത്മകഥ — ചില ഇതളുകള്‍” എന്നതില്‍ എഴുതിയതുപോലെ തന്നെയാണു് ഞാനും രാഘവന്‍ പിള്ളയെ കണ്ടതു്. അദ്ദേഹം വിഷാദഗ്രസ്തനായിരുന്നില്ല. ചങ്ങമ്പുഴയെപ്പോലെ ഇടപ്പള്ളി നേരമ്പോക്കു പറയുമായിരുന്നില്ല. ചങ്ങമ്പുഴയെപ്പോലെ വാതോരാതെ സംസാരിക്കുന്ന ആളുമല്ലായിരുന്നു ഇടപ്പള്ളി. പക്ഷേ അദ്ദേഹം ശോകഭാരവും കൊണ്ടു നടന്ന ആളായിരുന്നുവെന്നു പറയാന്‍ പ്രയാസമുണ്ടു്. അദ്ദേഹം വിഷാദവും നൈരാശ്യവും ഉള്ളില്‍ ഒളിച്ചു വച്ചിരുന്നിരിക്കാം.
സാധാരണമായി നാല്പത്തഞ്ചിനും അമ്പത്തഞ്ചിനും വയസ്സിനിടയ്ക്കുള്ള സ്ത്രീകളും അറുപത്തഞ്ചു വയസ്സു കഴിഞ്ഞ പുരുഷന്മാരും ആത്മഹത്യയ്ക്കു് ആലോചിക്കുന്നു; ചിലര്‍ ആത്മഹത്യ ചെയ്യുന്നു. (സായ്പ് പറഞ്ഞതാണിതു്. നമ്മുടെ നാട്ടിലുള്ളവര്‍ക്കു് ഇതു യോജിക്കുമോ എന്നു് അറിഞ്ഞുകൂടാ.) ‘ജീവിതം വ്യര്‍ത്ഥമാണെന്നു തോന്നുന്നതു് ഈ കാലയളവിലായിരിക്കാം. യുവാവായിരുന്നു ഇടപ്പള്ളി. വ്യര്‍ത്ഥതയുടെ ബോധവും ഏകാന്തതയുടെ വിഷാദവും അന്തരംഗത്തില്‍ കൊണ്ടു നടക്കുകയും അവയുടെ പരകോടിയില്‍ അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നു വിചാരിക്കാം. അച്ഛന്റെ ജയില്‍വാസവും തന്റെ പരീക്ഷയിലുളവായ പരാജയവും ചങ്ങമ്പുഴയുടെ മഹായശസ്സും തന്റെ നിര്‍ദ്ധനത്വവും പ്രണയഭംഗവും അവയുടെ ശക്തി കൂട്ടിയിരിക്കാം. ഒരു ദിവസം സന്ധ്യയോടു് അടുപ്പിച്ചു് വഞ്ചിയൂര്‍വച്ചു് (തിരുവനന്തപുരത്തെ ഒരു പ്രദേശം) യാത്ര പറയുന്നതിനു മുന്‍പു് രാഘവന്‍ പിള്ള എന്നോടു പറഞ്ഞു: “എന്റെ കവിതയാണു് ചങ്ങമ്പുഴയുടെ കവിതയെക്കാള്‍ നല്ലതു്. എങ്കിലും ചങ്ങമ്പുഴയ്ക്കാണു് കീര്‍ത്തി.” കവി തന്റെ ഉപബോധമനസ്സിനെ പ്രകാശിപ്പിച്ച സന്ദര്‍ഭമായിരുന്നു അതു്.
ഇടപ്പള്ളിയെ ‘എക്സിസ്റ്റെൻഷ്യൽ ഔട്ട് സൈഡറാ’യിക്കാണുന്ന നവീനനിരൂപണത്തെ തകഴി കളിയാക്കുന്നു. വെറും കളിയാക്കലല്ല അതു്. സത്യത്തില്‍ ഉറച്ചതാണു് ആ അധിക്ഷേപം. ഒരു വാക്കു കൂടി. തകഴിക്കു മാത്രം നല്ലപോലെ അറിയാവുന്ന ഒരു കാലയളവിനെക്കുറിച്ചു്, ഒരു വ്യക്തിയെക്കുറിച്ചു് എഴുതുമ്പോള്‍ ബഹിര്‍ഭാഗസ്ഥമായ പ്രതിപാദനമല്ല വായനക്കാര്‍ പ്രതീക്ഷിക്കുക. തുടര്‍ന്നു വരുന്ന ഭാഗങ്ങളില്‍ അദ്ദേഹം ഗഹനമായി എഴുതുമോ എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. 435-ആം ലക്കം കലാകൗമുദിയിലെ ലേഖനം തികച്ചും അപര്യാപ്തമാണു്. ഇടപ്പള്ളി രാഘവന്‍ പിള്ളയുടെയും അദ്ദേഹം ജീവിച്ചിരുന്ന കാലയളവിന്റെയും ക്ഷോഭങ്ങളെവിടെ? ഉല്‍കടവികാരങ്ങളെവിടെ? അന്നത്തെ സമുദായത്തിന്റെ ചിത്രങ്ങളെവിടെ? അവ കണ്ടു് തകഴിക്കു് ഏതുവിധത്തിലുള്ള പ്രതികരണമുണ്ടായി? ഇതൊക്കെ അറിയാനായി വായനക്കാര്‍ വാരിക കൈയിലെടുക്കുമ്പോള്‍ ഇടപ്പള്ളിയുടെ മരണത്തിന്റെ ശൂന്യത തകഴിയുടെ രചനയിലും.
ജീവിതാവബോധം
സഹ്യപര്‍വ്വതത്തിന്റെ കൊടുമുടികള്‍ സന്ധ്യാവേളയില്‍ ഇരുളുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. ഞാന്‍ കണ്ടിട്ടുണ്ടു് രാത്രി കടലു പോലെ ദേവികുളം എന്ന പ്രദേശത്തെ ഗ്രസിക്കുന്നതു്. വൃക്ഷങ്ങള്‍ അവിടെ നിശ്ചലങ്ങളായി ഭവിക്കുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. ഞാന്‍ കണ്ടിട്ടുണ്ടു് അന്ധകാരത്തിന്റെ തരംഗങ്ങള്‍ അന്ധകാരത്തിന്റെ സാഗരത്തില്‍ ഉയരുന്നതു്. നൂറോളം പടികള്‍ ചവിട്ടിക്കയറി ഞാന്‍ എന്റെ ഭവനത്തില്‍ ചെല്ലുമ്പോള്‍ ഇരുട്ടിന്റെ കടല്‍ അതിനകത്തേക്കുമൊഴുകി വൈദ്യുത ദീപങ്ങളെ കെടുത്തിക്കളഞ്ഞതു് ഞാന്‍ കണ്ടിട്ടുണ്ടു്. അന്തരീക്ഷത്തില്‍ ഒരു നക്ഷത്രമെങ്കിലും കാണാന്‍ കൊതിച്ചു് ഞാന്‍ ആ വീട്ടിന്റെ വാതില്ക്കല്‍ വന്നുനിന്നതു് ഇപ്പോഴും ഓര്‍മ്മിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ആ മാനസിക നില ഇതാവീണ്ടും പ്രത്യാനയിക്കപ്പെടുന്നു. പ്രസിദ്ധനായ ചിത്രകാരന്‍ രാംകുമാര്‍ കഥാകാരനുമാണു്. അദ്ദേഹം ഹിന്ദിയിലെഴുതിയ ഒരു ചെറുകഥ ജയ്രത്തന്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതു് ഇലസ്റ്റ്ട്രേറ്റഡ് വീക്ക്ലിയുടെ ജനുവരി 1–7 ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു. എഴുപതു വയസ്സായ ഒരമ്മയുടെ മകന്‍ മനു ആരോടും പറയാതെ അപ്രത്യക്ഷനാകുന്നു. മകനെ പ്രതീക്ഷിട്ടിരിക്കുന്ന അമ്മയുടെ ദുഃഖമാണു് ഇക്കഥയില്‍ ഉള്ളതു്. ആഖ്യാനത്തിന്റെ വൈദഗ്ദ്ധ്യം കൊണ്ടു്, സ്വഭാവ ചിത്രീകരണത്തിന്റെ പ്രാഗൽഭ്യം കൊണ്ടു്, കഥയുടെ സാര്‍വജനീനസ്വഭാവം കൊണ്ടു് ഇക്കഥയിലെ മനു നമ്മുടെ സഹോദരനായി മാറുന്നു. അയാളുടെ അമ്മയുടെ ദുഃഖം നമ്മുടെ ദുഃഖം തന്നെ. വല്ലാത്ത ആര്‍ദ്രീകരണശക്തിയാണിതിനു്. കഥയുടെ പര്യവസാനം കണ്ടാലും:
“ആ രാത്രി അവര്‍ക്കു് ഉറങ്ങാന്‍ കഴിഞ്ഞില്ല; കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു് ഉണര്‍ന്നു കിടന്നതേയുള്ളു. താന‍് പിന്നിട്ട എഴുപതു വര്‍ഷവും അവര്‍ക്കു് ഒരു പര്‍വ്വതം പോലെയായിരുന്നു. അതിന്റെ കൊടുമുടിയില്‍ കയറി നിന്നു് താഴെയുള്ള തന്റെ പിന്നിലെ ദീര്‍ഘമായ കാലടിപ്പാതയിലേക്കു് അവര്‍ നോക്കി. ഈ നീണ്ട പാതയില്‍ താനെങ്ങനെ സഞ്ചരിച്ചുവെന്നു് അവര്‍ അദ്ഭുതപ്പെട്ടു. കാലൊന്നു വച്ചാല്‍ മതി താഴെയുള്ള മലയിടുക്കില്‍ അവര്‍ വന്നു വീഴും. പക്ഷേ, ആ കാല്‍വയ്പിനു ധൈര്യമില്ല അവര്‍ക്കു്. എവിടെയോ ഒരു നാഴികമണി ശബ്ദിച്ചു. ഒന്നൊന്നായി അവര്‍ ആ നാദമെണ്ണി. നാഴികമണിയുടെ സൂചികള്‍ നിറുത്താന്‍ വയ്യ: അവ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.”
വയലിന്റെ കരയിലുള്ള വീട്ടിലാണു് എന്റെ താമസം. തവളകളുടെ കരച്ചില്‍ കേള്‍ക്കാം. ചീവീടുകളുടെ ശബ്ദവും കേള്‍ക്കാം. വൈദ്യുതി ഇല്ലാത്തതുകൊണ്ടു് എന്റെ കടലാസ്സിലേക്കു വെളിച്ചം പകരുന്നതു് ഒരു മെഴുകുതിരി നാളമാണു്. കിള്ളിയാറ്റില്‍ നിന്നു വരുന്ന ചെറിയ കാറ്റില്‍ ഇതു ചാഞ്ഞും ചരിഞ്ഞും നിന്നു വിറയ്ക്കുന്നു. കഥയിലെ വൃദ്ധനെപ്പോലെ; എന്റെ ജീവിതം പോലെ. ഈ ജീവിതത്തെക്കുറിച്ചുള്ള അവബോധത്തെ തീക്ഷ്ണമാക്കുന്നു രാം കുമാറിന്റെ കലാശില്പം.
അതിസുന്ദരിയായിരുന്നു ജൂനാ ബാര്‍നസ് (Djuna Barnes) എന്ന അമേരിക്കന്‍ എഴുത്തുകാരി. അവരുടെ Nightwood എന്ന നോവലിനു് അവതാരിക എഴുതിയതു് റ്റി.എസ്. എല്യറ്റാണു്. അദ്ദേഹം ആ നോവല്‍ ‘ഇലിസബീത്തന്‍ ട്രാജഡി’ പോലെ ഉജ്ജ്വലമാണെന്നു് അഭിപ്രായപ്പെട്ടു. ആ നോവലില്‍ Time is a great conference planning our end, and youth is only the past putting a leg forward എന്നെഴുതിയിട്ടുണ്ടു്. ഇതില്‍ ആദ്യത്തെ ഭാഗം ശരി. രണ്ടാമത്തെ ഭാഗം തെറ്റു്. നമ്മുടെയും നമ്മുടെ സാഹിത്യത്തിന്റെയും അന്ത്യം പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണു് കാലം. യൗവനം കാലു മുന്നോട്ടു വച്ച ഭൂതകാലമല്ല. അതു വര്‍ത്തമാനകാലം തന്നെ. ആ കാലം നമ്മുടെ സാഹിത്യത്തിന്റെ നാശത്തിനു് വേണ്ടതെല്ലാം ചെയ്തു് വലിയ കാലത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു.
ഗുല്‍മര്‍
ഗുല്‍മര്‍, പവനന്‍ ജനയുഗം വാരികയിലെഴുതിയ “ഗുല്‍മര്‍ഗില്‍ ഒരുദിവസം” എന്ന ലേഖനം വായിച്ചു് നിന്നെ നേരിട്ടുകാണാന്‍ എനിക്കു കൊതിയായിരിക്കുന്നു. നര്‍മ്മബോധമുള്ളവരാണു് നിന്റെ ‘ടൂറിസം’ വകുപ്പുകാരെന്നു് ഞാന്‍ മനസ്സിലാക്കുന്നു. ആപത്തു സംഭവിക്കാനിടയുള്ള പാതയില്‍ “ഓമനേ, ഇപ്പോള്‍ എന്നെ ഉപദ്രവിക്കാതിരിക്കൂ. നമുക്കു് ഈ കടമ്പ കടന്നിട്ടാവാം” എന്ന ബോര്‍ഡുണ്ടു്. വേറൊരിടത്തു് “ഇവിടെ വേഗത കൂട്ടുന്നവര്‍ വീട്ടിലുള്ളവരെ നല്ലവണ്ണം ഓര്‍ത്തോളൂ” എന്ന ബോര്‍ഡ്. ഗുല്‍മര്‍, നിന്നെ കാണാനെത്തിയ പവനനും തകഴി ശിവശങ്കരപ്പിള്ളയ്ക്കും വീട്ടിലുള്ളവരെ നല്ല ഓര്‍മ്മയുണ്ടായിരുന്നു; അവരുടെ കൂടെ ഓമനകളുമില്ലായിരുന്നു. അതുകൊണ്ടു് ആപത്തൊന്നും നേരിടാതെ നിന്റെ ഭംഗി കണ്ടു് ആസ്വദിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഗുല്‍മര്‍, നിന്റെ മേഘച്ഛന്നമായ ആകാശവും പിന്നീട് അതില്‍ തെളിഞ്ഞു വന്ന സൂര്യനും നിനക്കു പുളകമുണ്ടാക്കിയ മഞ്ഞുമഴയും ഞാന്‍ പവനന്റെ രചനയിലൂടെ കാണുന്നു. നിന്നെ പിരിഞ്ഞു പോരുമ്പോള്‍ അദ്ദേഹത്തിനു് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നീയാകുന്ന പീഠഭൂമി ഭാരതത്തിന്റെ ഭാഗമായിത്തന്നെ തുടരണം. ഉത്കൃഷ്ടമായ അഭിലാഷം. അതിനു സാഫല്യമുണ്ടാകട്ടെ. എപ്പോഴുമുള്ള ഇഗോയിസം ഒഴിവാക്കി ഹൃദ്യമായ ഒരു ലേഖനമെഴുതാന്‍ പവനനെ പ്രേരിപ്പിക്കത്തക്ക വിധം മനോഹാരിതയുണ്ടല്ലോ നിനക്കു്. മനുഷ്യനു മാനസാന്തരം വരുത്തുന്ന ഗുല്‍മര്‍, നിനക്കു നമോവാകം.
നേരമ്പോക്കു പറഞ്ഞു് ശ്രോതാക്കളെ ചിരിപ്പിക്കുന്നവരില്‍ മൂന്നു പേരെ എനിക്കു് ഓര്‍മ്മ വരുന്നു. എന്‍. ഗോപാലപിള്ളസ്സാറു്, കാമ്പിശ്ശേരി കരുണാകരന്‍, അടൂര്‍ ഭാസി. ഗോപാലപിള്ളസ്സാറു് എന്തു പറഞ്ഞാലും അതില്‍ പുതുമ കാണും ഹാസ്യം കാണും. എന്നാല്‍ ചിലപ്പോള്‍ ഹാസ്യത്തിന്റെ മട്ടില്‍ അദ്ദേഹം പറയുന്നതില്‍ ഒരു രസവും കാണില്ല. എങ്കിലും പ്രിന്‍സിപ്പലായ അദ്ദേഹം പറയുന്നതു കേട്ടു് ലക്ചറര്‍മാരായ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാന്‍ പറ്റുമോ? ഇല്ലാത്ത ചിരി വരുത്തി ഞങ്ങള്‍ ചിരിക്കും. കാമ്പിശ്ശേരിയോ അടൂര്‍ ഭാസിയോ നേരമ്പോക്കു പറയുമ്പോള്‍ അതില്‍ ചിരിക്കാനൊന്നുമില്ലെങ്കില്‍ ചിരിക്കേണ്ടതില്ല. അവര്‍ക്കു് അതുകൊണ്ടു് ഒരു വല്ലായ്മയുമല്ല. സാഹിത്യത്തിലുമുണ്ടു് ഈ സ്ഥിതിവിശേഷം. ചിലരെഴുതുന്നതു് എത്ര ‘ട്രാഷാ’യാലും അതൊക്കെ കേമമാണെന്നു ചിലര്‍ക്കു പറഞ്ഞേ മതിയാവൂ. പറഞ്ഞില്ലെങ്കില്‍ ക്ലിക്കില്‍ നിന്നു്, കക്ഷിയില്‍ നിന്നു് അവര്‍ ബഹിഷ്കരിക്കപ്പെടും. ശുഷ്കഹാസ്യോത്പാദകമായ ഈ ബലാത്കാര ഹസിതം കുറച്ചൊന്നുമല്ല നമ്മുടെ നിരൂപണത്തെ ജീര്‍ണ്ണിപ്പിച്ചിട്ടുള്ളതു്.
ട്രാക്റ്റ്
ഇതെഴുതുന്ന ആള്‍ ‘അലിഗറി’ എന്ന ടെക്നിക്കിനെ വെറുക്കുന്നു. ഭാവനയുടെ അതിപ്രസരം കൊണ്ടു് കാഫ്കയെപ്പോലുള്ള സാഹിത്യകാരന്മാര്‍ അലിഗറിയെ ചേതോഹരമാക്കാറുണ്ടെങ്കിലും അതു് (അലിഗറി) അന്തരംഗസ്പര്‍ശിയല്ല: ബഹിര്‍ഭാഗസ്ഥമാണു്. കല താജ്‌മഹലാണെങ്കില്‍ അലിഗറി ആ ശവകുടീരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി വര്‍ഷത്തിലൊരിക്കല്‍ കെട്ടിയുയര്‍ത്തുന്ന ‘സ്കാഫോള്‍ഡിങ്’ — ചട്ടക്കൂടു — മാത്രമാണു്. കല സഹജാവബോധമാണു്; അലിഗറി ഒരുതരത്തിലുള്ള ധിഷണാവ്യാപാരവും ഒരിക്കല്‍ വായിച്ചു കഴിഞ്ഞാല്‍ അതിന്റെ ആകര്‍ഷകത്വം നശിക്കും. കണ്ണു കെട്ടിക്കൊണ്ടു് വാഹന ഗതാഗതവും ജനസഞ്ചാരവും കൂടിയ രാജവീഥിയില്‍ക്കൂടെ മോട്ടോര്‍ സൈക്കിള്‍ വേഗത്തിലോടിക്കുന്നവന്റെ സൂത്രം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അയാളോടു നമുക്കു പുച്ഛം തോന്നും. അതിനു സദൃശമായ മാനസിക നിലയാണു് അലിഗറിയുടെ പാരായണം ഉളവാക്കുക. (കണ്ണു് എത്ര ഇറുക്കിക്കെട്ടിയാലും കണ്ണിനും മൂക്കിനും ഇടയ്ക്കുള്ള വിടവിലൂടെ മോട്ടോര്‍ സൈക്കിളുകാരനു് റോഡ് കാണാം. ആ വിടവു കൂടെ അടച്ചാല്‍ കണ്ണു കെട്ടിയ ഒരുത്തനും മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പറ്റുകില്ല.)
മണിയൂര്‍ ഇ. ബാലന്‍ ദേശാഭിമാനി വാരികയിലെഴുതിയ “പശു ഒരു സാധു മൃഗമാകുന്നു” എന്ന കഥ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന ഒരലിഗറിയാണു്. പരിഹാസം ഓര്‍വെല്ലിന്റെ 1981 പോലെയോ ‘അനിമല്‍ ഫാം’ പോലെയോ സുശക്തമായാല്‍ അനുവാചകനു പരാതിയില്ല; അതല്ല ഈ അലിഗറിയുടെ സ്ഥിതി. ഇതു് ധിഷണയുടെ വിലാസം പോലുമില്ലാത്ത വിരസമായ ട്രാക്ററാ’ണു്.
അടുത്ത കാലത്തു് ആത്മഹത്യ ചെയ്ത കെസ്സറെക്കുറിച്ചു് ‘ചിന്ത’ വാരികയില്‍ വിമര്‍ശനപരമായ ലേഖനമുണ്ടായിരുന്നു. ആശയ വിമര്‍ശനത്തിന്റെ ആവശ്യകതയില്‍ കവിഞ്ഞ ചൂടു് ആ പ്രബന്ധത്തില്‍നിന്നു് അനുഭവപ്പെട്ടപ്പോള്‍ അക്കാര്യം ഞാന്‍ പി. ഗോവിന്ദപ്പിള്ളയോടു് പറഞ്ഞു. പ്രഭാഷണവേദിയില്‍ സുശക്തമായ രീതിയില്‍ ആശയങ്ങളെ വിമര്‍ശിക്കുന്ന ആളാണു് അദ്ദേഹം. എങ്കിലും സ്വകാര്യ സംഭാഷണത്തില്‍ സുജനമര്യാദയെ ലംഘിക്കരുതല്ലോ എന്നു കരുതി അദ്ദേഹം വിനയത്തോടെ മൗനം അവലംബിക്കുകയേയുള്ളൂ. എന്റെ അഭിപ്രായത്തിനെ സംബന്ധിച്ചു് ഗോവിന്ദപ്പിള്ള ഒന്നും പറഞ്ഞില്ല. പുഞ്ചിരി പൊഴിച്ചു നിന്നതേയുള്ളു.
എന്താണു് കെസ്ലെറുടെ പ്രധാനപ്പെട്ട ആശയം? തന്മാത്രകള്‍ (molecules) ഒരുമിച്ചു ചേര്‍ന്നു് ‘ഓര്‍ഗനലസ്’ ഉണ്ടാകുന്നു (organelles = cell organ, സവിശേഷമായ കൃത്യം അനുഷ്ഠിക്കുന്ന ‘സെല്‍’, ഓര്‍ഗനല്‍). ഓര്‍ഗനലസ് ഒരുമിച്ചു ചേര്‍ന്നു സെല്ലുകള്‍ ഉണ്ടാകുന്നു. സെല്ലുകള്‍ ചേര്‍ന്നു് ടിഷ്യൂ, അവയവങ്ങള്‍ ഉണ്ടാകുന്നു. ഇവ വൈപുല്യമാര്‍ന്ന ദഹനേന്ദ്രിയം, സിരാചക്രം ഇവയായി മാറുന്നു. ഇവയെല്ലാം ചേര്‍ന്നു് ജീവനുള്ള പുരുഷനോ സ്ത്രീയോ ഉണ്ടാകുന്നു. വ്യക്തികള്‍ ചേര്‍ന്നു കുടുംബങ്ങള്‍, വര്‍ഗ്ഗങ്ങള്‍, സമുദായങ്ങള്‍, രാഷ്ട്രങ്ങള്‍ ഇവ ഉണ്ടാകുന്നു. ഇവയെയെല്ലാം — തന്മാത്രകള്‍ തൊട്ടു മനുഷ്യര്‍ വരെയും മനുഷ്യര്‍ തൊട്ടു സമൂഹങ്ങള്‍ വരെയുള്ള സത്തകളെയെല്ലാം — സാകല്യാവസ്ഥയായി പരിഗണിക്കാം. സാകാല്യാവസ്ഥയുടെ ഭാഗങ്ങളായും കരുതാം. സാകല്യാവസ്ഥയിലുള്ളതും ഭാഗാവസ്ഥയിലുള്ളതുമായ ഇവയ്ക്കു് ‘ഹോളോന്‍സ്’ (holons) എന്നു് കെസ്ലര്‍ പേരിട്ടു. ഓരോ ഹോളോനിമനും പരസ്പരവിരുദ്ധങ്ങളായ പ്രവണതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നു്: സാകല്യാവസ്ഥയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഭാഗത്തിന്റെ പ്രവണത. രണ്ടു്: വ്യക്തിനിഷ്ഠമായ ‘സ്വയംഭരണാവകാശം’ സൂക്ഷിച്ചു കൊണ്ടു് തന്റേടം കാണിക്കാനുള്ള പ്രവണത. ജീവശാസ്ത്രപരമോ സാമൂഹികമോ ആയ ഘടനകളില്‍ ഓരോ ഹോളോണും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നു. സാകല്യാവസ്ഥയുടെ ആജ്ഞയനുസരിച്ചു് വിധേയത്വം കാണിക്കുന്നു. രണ്ടു പ്രവണതകളും വിരുദ്ധങ്ങളാണു്; പക്ഷേ, പരസ്പരം പൂരകങ്ങളും അരോഗമായ സമുദായത്തില്‍ ഈ വിരുദ്ധപ്രവണതകള്‍ക്കു സമനില (balance) കാണും. (ഈ ആശയസംക്ഷേപത്തില്‍ ഒട്ടും മൗലികതയില്ല. The Tao of Physics എന്ന ഗ്രന്ഥമെഴുതി വിശ്വപ്രശസ്തിയാര്‍ജ്ജിച്ച ഫ്രിറ്റ്ജോഫ് കേപ്രയുടെ The Turning Point എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തില്‍ നിന്നു് എടുത്തതാണിതു്. ഈ ഗ്രന്ഥം വായിച്ചുനോക്കാന്‍ ഞാന്‍ വായനക്കാരോടു് അപേക്ഷിക്കുന്നു.)
ശ്രീനാരായണന്‍
ജഗത്സംബന്ധീയമായ ശക്തിവിശേഷം രണ്ടുവിധത്തിലാണു് പ്രത്യക്ഷമാകുന്നതെന്നു് അരവിന്ദ ഘോഷിന്റെ ശിഷ്യനായ നളിനീകാന്ത ഗുപ്ത പറയുന്നു. (1) ഒരു വ്യക്തിയില്‍ (2) പല വ്യക്തികളിലൂടെ അവൈയക്തികമായി. ചിലപ്പോള്‍ വ്യക്തികളില്ലാതെ അതൊരു Mass movement മാത്രമായിരിക്കും. മനുഷ്യഹൃദയത്തില്‍ ഇവര്‍ ഒരു പുതിയ സത്യത്തിന്റെ പ്രാദുര്‍ഭാവമുണ്ടാക്കും. ഒരു വ്യക്തിയില്‍ ജഗത്തിന്റെ ശക്തി
വിശേഷം ആവിര്‍ഭവിച്ചപ്പോഴാണു് നമ്മള്‍ ബുദ്ധന്‍, ശ്രീരാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ശ്രീനാരായണന്‍ ഈ ആചാര്യന്മാരെ കണ്ടു്. ജനക്കൂട്ടത്തില്‍ ആ ശക്തിവിശേഷത്തിന്റെ പ്രാദുര്‍ഭാവം ഉണ്ടായപ്പോള്‍ അതു് ഫ്രഞ്ച്വിപ്ളവമായി, റഷ്യന്‍വിപ്ളവമായി, ആ വിപ്ളവങ്ങളുടെ കെടുതികള്‍ നേതാക്കന്മാരുടെയും നന്മകള്‍ ബഹുജനത്തിന്റേതുമാണു്. ജനഹൃദയത്തില്‍ ഒരു നൂതനസത്യം ശ്രീനാരായണന്‍ പ്രകാശിപ്പിച്ചതുകൊണ്ടാണു് രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും വിനോബാഭാവേയും എസ്. രാധാകൃഷ്ണനും രമണമഹര്‍ഷിയും അദ്ദേഹത്തിന്റെ മഹത്ത്വ വിളംബരം ചെയ്തതു് (ദീപിക ആഴ്ചപ്പതിപ്പു്, ലക്കം 40-പുറം 25). മഹാന്മാരുടെ പ്രഭാവം ഏകകേന്ദ്രകവൃത്തങ്ങള്‍പോലെ ലോകമാകെ വ്യാപിക്കും.’ ആചാര്യന്മാരുടെ സ്വാധീനം ഒന്നിനൊന്നു വര്‍ദ്ധിക്കുന്നതു് അതുകൊണ്ടാണു്. ശ്രീനാരായണനെക്കുറിച്ചു് മറ്റു മഹാന്മാര്‍ പറഞ്ഞതു് വാരികയിലെടുത്തു ചേര്‍ത്ത ദീപിക വാരികയുടെ പത്രാധിപര്‍ തന്റെ ഉചിതജ്ഞതയെയാണു് സ്പഷ്ടമാക്കുക.
പുരുഷന്മാര്‍ക്കു് വിമന്‍സ് കോളേജില്‍ ജോലി നോക്കാന്‍ താല്പര്യം. സ്ത്രീകള്‍ക്കു് മെന്‍സ് കോളേജില്‍ ജോലി ചെയ്യാന്‍ കൊതി. ശിഖണ്ഡി കേരളത്തില്‍ അവതരിച്ചാല്‍? വിമന്‍സ് കോളേജ് മതിയെന്നു പറയും. ശിഖണ്ഡിനി വന്നാലോ? പുരുഷന്മാരുടെ കോളേജില്‍ ജോലി വേണമെന്നു് വിദ്യാഭ്യാസമന്ത്രിയോടു ശുപാര്‍ശ ചെയ്യിക്കും.
ഡബിള്‍ റോള്‍
ഒരുു കാതരാവസ്ഥയാണു് എനിക്കെപ്പോഴും. എന്റെ വിദ്യാര്‍ത്ഥികളായിരുന്ന ഐ.എം.എസ്. ഉദ്യോഗസ്ഥന്മാരെ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കു വേണ്ടി, ഞാന്‍ കാണാന്‍ പോയിട്ടുണ്ടു്. അവര്‍ ഇരിക്കാന്‍ പറഞ്ഞാലും എനിക്കു പേടിയാണു് ഇരിക്കാന്‍. അങ്ങനെയുള്ള ഞാന്‍ പോസ്റ്റോഫീസില്‍ എഴുത്തു തിരഞ്ഞെടുക്കുന്നിടത്തു് ചെന്നു കയറുമോ? ഞാന്‍ വന്നിട്ടുണ്ട് എന്നു് അറിയിക്കാനായി, ഓഫീസ് മുറിയുടെ വാതില്ക്കല്‍ ഒന്നു നിന്നു. ഞാന്‍ അകത്തു കയറുമെന്നു കരുതി പോസ്റ്റ്മാസ്റ്റര്‍ വന്നു തടഞ്ഞു. “ഞാന്‍ അകത്തേക്കു പോകാന്‍ ഭാവിച്ചില്ല” എന്നു പറഞ്ഞിട്ടും അദ്ദേഹത്തിനു് വിശ്വാസമായില്ല. ഇതിനിടയില്‍ പോസ്റ്റ്മാന്‍ രണ്ടെഴുത്തുകള്‍ കൊണ്ടു തന്നിട്ടു് സോര്‍ട്ടിങ് കഴിഞ്ഞിട്ടില്ല. സാറു് നില്ക്കണം.’ എന്നു് എന്നോടു പറഞ്ഞു. ആ രണ്ടെഴുത്തുകള്‍ പോസ്റ്റുമാസ്റ്ററുടെ മേശപ്പുറത്തു വച്ചിട്ടു് ഞാന്‍ അദ്ദേഹത്തോടു് പറഞ്ഞു: “തൊട്ടപ്പുറത്തു് മകള്‍ താമസിക്കുന്നു. അവിടെ പോയിട്ട് തിരിച്ചു വരാം. അപ്പോള്‍ സോര്‍ട്ടിങ് കഴിയുമല്ലോ” പോസ്റ്റ്മാസ്റ്റര്‍ ഒന്നും മിണ്ടിയില്ല. അര മണിക്കൂര്‍ കഴിഞ്ഞു് ഞാന്‍ തിരിച്ചെത്തിയപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ഓഫീസിന്റെ ഒരു ഭാഗത്തുള്ള വസതിയിലേക്കു പോയിരിക്കുന്നു. എഴുത്തുകള്‍ കൈയിലെടുത്തു് പോകാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന ഗോപാലന്‍-അപ്പോള്‍ പോസ്റ്റോഫീസിലെ ക്ലാര്‍ക്കു് — എന്നോടു് പറഞ്ഞു. “സാറ് പോകാന്‍ വരട്ടെ. എന്റെ ഗുരുനാഥനാണു് അങ്ങു്. അങ്ങയെ ഈ വൃത്തികെട്ടവന്‍ — പോസ്റ്റ്മാസ്റ്റര്‍ — അപമാനിച്ചു. അയാള്‍ ഇപ്പോള്‍ വരും. അങ്ങയുടെ മുന്‍പില്‍ വച്ചു് അയാളെ എനിക്കു നാലു ചീത്ത പറയണം.” ‘അതൊന്നും അരുതു്’ എന്നു ഞാന്‍ അറിയിച്ചു തീരുന്നതിനു മുന്‍പു് പോസ്റ്റ്മാസ്റ്റര്‍ വസതിയില്‍ നിന്നു തിരിച്ചെത്തി കസേരയില്‍ ഉപവിഷ്ടനായി. ഗോപാലന്‍ കോപാകലനായി എന്റെ നേര്‍ക്കു് തിരിഞ്ഞു. എന്നിട്ടു് ഒരാക്രോശം: “നിങ്ങള്‍ എന്റെ മേലുദ്യോഗസ്ഥനായ ഇദ്ദേഹത്തെ അപമാനിച്ചു. പോസ്റ്റ്മാന്‍ തന്ന രണ്ടെഴുത്തുകള്‍ എന്റെ മേലാവിന്റെ ചെകിട്ടില്‍ അടിക്കുന്ന മാതിരി അദ്ദേഹത്തിന്റെ മേശപ്പുറത്തിട്ടിട്ടു പോയി. നിങ്ങളുടെ ക്ലാസ്സില്‍ ഞാന്‍ രണ്ടു വര്‍ഷം ഇരുന്നുപോയതുകൊണ്ടു് ഞാന്‍ നിങ്ങളെ കൂടുതലൊന്നും പറയുന്നില്ല. പൊയ്ക്കൊള്ളു.” വെണ്‍മണി എഴുതിയതു പോലെ ഞാന്‍ ‘കുലവെട്ടീടിന കുറ്റിവാഴപോലെ’ നിന്നു പോയി. പോകാനല്ലേ പറഞ്ഞതു്’ എന്നു ശിഷ്യന്‍ വീണ്ടും ഗര്‍ജ്ജിച്ചപ്പോള്‍ ഞാന്‍ ഭയന്നു് പോസ്റ്റോഫീസില്‍ നിന്നു് ഓടി. ഒട്ടും ഭാവനയില്ല ഇതില്‍. സത്യത്തില്‍ സത്യം.
ഈ ‘ഡബിള്‍ റോള്‍’ നമ്മുടെ ജീവിതത്തിലെവിടെയും കാണാം. ശങ്കരക്കുറുപ്പു് മഹാകവിയെന്നു് ഒരിക്കല്‍ അദ്ദേഹം (വിമര്‍ശകന്‍) പറയുന്നു. അടുത്ത നിമിഷത്തില്‍ ജീ കവിയേയല്ലെന്നു് അദ്ദേഹത്തിന്റെ തന്നെ ഉദീരണം. കടമ്മനിട്ട രാമകൃഷ്ണന്‍ നല്ല കവിയെന്നു് ഒരിക്കല്‍, കവി പോയിട്ടു് പദ്യ കര്‍ത്താവു പോലുമല്ലെന്നു് വേറൊരിക്കല്‍. രണ്ടും ഒരാളിന്റെ തന്നെ ഉക്തിയത്രേ. മാന്യന്മാരെ പീഡിപ്പിക്കുന്നു കൊച്ചു നേതാവു്. കാലം കഴിയുമ്പോള്‍ പീഡിപ്പിക്കലിനു് എതിരായി നിയമം നിര്‍മ്മിക്കുന്ന മന്ത്രി അയാള്‍ തന്നെ. ഈ ഡബിള്‍ റോളിനെക്കുറിച്ചു് ജോണ്‍സ് ടി.എന്‍. നല്ലൊരു കഥയെഴുതിയിരിക്കുന്നു. ഞായറാഴ്ച വാരികയില്‍ (നപുംസകങ്ങളുടെ ഗാനം).
പവനന്റെ കത്തു്
പവനന്‍ എനിക്കയച്ച കത്തു് അതേ രീതിയില്‍ താഴെ കൊടുക്കുന്നു. കമന്‍റില്ല.
- “താങ്കള്‍ കുറെക്കാലമായി എന്നെ മറന്നിരിക്കുകയാണെന്നും ഞാനെഴുതുന്നതൊന്നും വായിക്കാറില്ലെന്നുമാണു് കരുതിയതു്. പക്ഷേ ‘കലാകൗമുദി’യുടെ 435-ആം ലക്കം കണ്ടപ്പോള്‍ ആശ്വാസമായി.
- ഒരു പഴയ സുഹൃത്തു് എന്ന നിലയില്‍ ഒരു ഉപദേശം തരട്ടെ: അസൂയപ്പെട്ടിട്ടു കാര്യമില്ല. കുറച്ചു മനുഷ്യത്വം വേണം. പാണ്ഡിത്യം മാത്രമുണ്ടായാല്‍പോര. മനുഷ്യനോടു മനുഷ്യനെപ്പോലെ പെരുമാറണം. ഉച്ചാരണശുദ്ധി നോക്കി മനുഷ്യന്റെ വില നിശ്ചയിക്കരുതു്. ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആകുന്നതിനു മുമ്പും തിരക്കുള്ള ആളായിരുന്നു; അല്ലാതായാലും തിരക്കൊഴിയാന്‍ പോകുന്നില്ല. നിങ്ങള്‍ വൃത്തികെട്ട മാസികകള്‍ വായിച്ചു സമയം പാഴാക്കുന്നു. ഞാന്‍ മനുഷ്യനു് ഉപയോഗപ്രദമായ വല്ലതും ചെയ്യുന്നു. അതുകൊണ്ടു് ആളുകള്‍ എന്നെ വന്നു കാണും. പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകും. സുഹൃത്തുക്കളുമായി സല്ലപിക്കും. നിങ്ങളോ?
- ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതില്‍ ഖേദമുണ്ടു്. എന്നാലും നിങ്ങള്‍ നന്നാവാന്‍ പോകുന്നില്ല.”
ടെലിഫോണില്‍ വിളിച്ചു സംസാരിക്കുമ്പോള്‍ മധുരശബ്ദം. കേട്ടാല്‍ സ്നേഹം തോന്നും. അങ്ങനെയിരിക്കെ ആളിനെ നേരിട്ടു കണ്ടു. വൈരൂപ്യത്തിനു് ഒരാസ്പദം. വേറൊരാള്‍ അതിസുന്ദരി. സംസാരിക്കാറില്ല. അങ്ങനെയിരിക്കെ ഇങ്ങോട്ടു സംസാരിച്ചു. ചിലമ്പിയ ശബ്ദം. ചിലമ്പിയ ശബ്ദമുള്ളവള്‍ നിഷിദ്ധയാണെന്നു കാമശാസ്ത്ര ഗ്രന്ഥങ്ങള്‍, ബഹിര്‍ഭാഗസ്ഥങ്ങളായ കാര്യങ്ങള്‍കൊണ്ട് സത്യം മനസ്സിലാക്കാന്‍ വയ്യ.
ആധുനികോത്തര ‘ഡിഷ്’
മാതൃഭൂമിയില്‍ വിജയലക്ഷ്മി എഴുതിയ “കാലൊച്ച” എന്ന “കാവ്യം” വായിച്ചു. ഭാഷയാകുന്ന കോഴിയുടെ കഴുത്തു ഞെരിക്കൂ. പപ്പും പൂട്ടയും കളയരുതു്. തല കളയരുതു്. കാലുരണഅടും കളയരുതു്. മുറിച്ചെടുത്തു് കുടലും കരളും കുരവളയും ഒക്കെച്ചേര്‍ത്തു പാകപ്പെടുത്തു കുടലിനകത്തുള്ള കറുത്ത വസ്തുപോലും കളയരുതു്. മുളകു്, ഉപ്പു്, മസാല ഇയെല്ലാം തോന്നിയപോലെ ചേര്‍ക്കു. അര മണിക്കൂര്‍ വേകിക്കു. മാതൃഭൂമിയുടെ പ്ലേറ്റില്‍ ചൂടോടെ വിളമ്പു. കോഴിയുടെ കണ്ണു രണ്ടും തള്ളിയിരിക്കുന്നോ, സാരമില്ല. വേണ്ടുവോളം കഴിക്കു. പഴഞ്ചന്മാര്‍ക്കേ ഓക്കാനമുണ്ടാകു. നവീനന്മാര്‍ സ്വാദോടെ മുഴുവന്‍ അകത്താക്കും. എന്നിട്ടു് അവര്‍ പാടും.
“ആര്‍ത്തനാം സൂര്യന്‍ — ഉണര്‍വായ്
ഉണര്‍വായി
പ്രാഹ്നം
പിളരുന്നു ജാലകങ്ങള്‍
പുകയോടുകള്‍
വേലികള്‍.”
|
|