close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 05 05


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 05 05
ലക്കം 503
മുൻലക്കം 1985 04 28
പിൻലക്കം 1985 05 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​​ കുയിൽനാദം വേലുനായർ, സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞുഭാഗവതർ, ശിവപ്രസാദ് വേലുക്കുട്ടി, എം.കെ. ത്യാഗരാജഭാഗവതർ, എസ്.ഡി. സുബ്ബുലക്ഷ്മി ഇവരൊക്കെ പഴയകാലത്തെ അഭിനേതാക്കളായിരുന്നു. ഇവരിൽ വേലുനായരൊഴിച്ചുള്ളവരുടെ അരങ്ങു തകർക്കുന്ന അഭിനയം ഞാൻ കണ്ടിട്ടുണ്ട്. ആലപ്പുഴ കിടങ്ങാംപറമ്പു മൈതാനത്തുണ്ടായിരുന്ന ഒരു കൊട്ടകയിൽ കുയിൽനാദം രാജാപ്പാർട്ട് കെട്ടി ‘നാടകമാടി’യതും ഞാൻ കണ്ടു എന്നാണ് ഓർമ്മ. നല്ല ഉറപ്പില്ലാത്തതുകൊണ്ട് അങ്ങനെ വിട്ടുകളഞ്ഞതാണ്. ഇതിനെല്ലാം മുൻപ് തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും ‘ലോക്കൽ ആക്ടേഴ്സ്’ ‘ശാകുന്തളം’, ‘നല്ലതങ്ക’, ‘കണ്ണകി’ എന്നീ നാടകങ്ങൾ അഭിനയിക്കുന്നതു കാണാനും എനിക്ക് ദൗർഭാഗ്യമുണ്ടായിട്ടുണ്ട്. അക്കാലത്ത് സ്ത്രീകൾ വേഷം കെട്ടിയിരുന്നില്ല. കഠോരാകൃതിയാർന്ന പുരുഷന്മാരാണ് ശകുന്തളയായി നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കാളിദാസൻ ‘ക്ഷാമക്ഷാമ കപോല’മെന്നും തർജ്ജമക്കാരൻ ‘ഒട്ടീ ഹന്ത കവിൾത്തട’ മെന്നുമാണല്ലോ പ്രേമപരവശയായ ശകുന്തളയെ വർണ്ണിച്ചത്. നാടകവേദിയിലെത്തുന്ന പുരുഷശകുന്തളയ്ക്ക് മേക്കപ്പ് വേണ്ടായിരുന്നു കവിളൊട്ടിപ്പോയിയെന്നു കാണിക്കാൻ. ജന്മനാ കവിളൊട്ടിയവരായിരുന്നു ആ അഭിനേതാക്കൾ. തള്ളിനിൽക്കുന്ന താടിയെല്ലും പൗഡർ വാരിക്കോരിതേച്ചിട്ടും എഴുന്നുനിൽക്കുന്ന നീലഞരമ്പുകളും ജുഗുപ്സാവഹമായ തൊണ്ടമുഴയും അന്നത്തെ ശകുന്തള നിർല്ലജ്ജം കാണിച്ചിരുന്നു. കേരവൃക്ഷസമൃദ്ധിയാർന്ന സ്ഥലം കേരളം. അതുകൊണ്ട് അവയവങ്ങളെ വലുതാക്കുന്ന യൗവനത്തെ കുറ്റപ്പെടുത്താൻ അനസൂയയ്ക്കും പ്രിയംവദയ്ക്കും കഴിഞ്ഞു. കച്ചത്തോർത്തുകൾ ജവുളിക്കടയിൽനിന്നും ധാരാളം വാങ്ങാമായിരുന്നു. അതിനാൽ ‘മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം ജഘനഭരാൽ പെണ്മണിയുടെ ചുവട്’ നന്മണലിൽ കണ്ടുരസിക്കാൻ ദുഷ്യന്തന് ഭാഗ്യമുണ്ടായി. കാലം കഴിഞ്ഞു. കൈനിക്കര പദ്മനാഭപിള്ളയും കൈനിക്കര കുമാരപിള്ളയും ടി.ആർ. സുകുമാരൻനായരും പി.കെ. വിക്രമൻനായരും വീരരാഘവൻ നായരും എസ്. ഗുപ്തൻ നായരും ഭാവപ്രധാനമായി അഭിനയിക്കുന്നതുകണ്ട് ഞാൻ ആഹ്ലാദിച്ചു. കെ.വി. നീലകണ്ഠൻ നായരുടെ ജീഡിത് (കാൽവരിയിലെ കല്പാദപം) ‘നായകനങ്ങുപോയ് തോഴീ’ എന്നു പാടിക്കൊണ്ട് എന്റെ അന്തർ നേത്രത്തിനുമുൻപിൽ ഇപ്പോഴും ഇരിക്കുന്നു. ഇപ്പോഴത്തെ നാടകങ്ങളും ഞാൻ കാണുന്നുണ്ട്. ഈ നവീന നാടകത്തിൽ രാധ (ഭഗ്നഭവനത്തിലെ കഥാപാത്രം) ‘അയ്യോ ഇതാര്?’ എന്നല്ല ചോദിക്കുക. ഒരു നീണ്ട ശബ്ദമാണ് അതിനു പകരം ഉണ്ടാക്കുന്നത്. അത് എഴുതിക്കാണിക്കാൻ പ്രയാസം. എങ്കിലും ശ്രമിക്കട്ടെ. ‘അ അ അ… യ്യോ യ്യോ യ്യോ… ഇ ഇ ഇ… താ താ താ.. ര് ര് ര്…’ ഇങ്ങനെ പോയിപ്പോയി നാടകത്തിൽ സംഭാഷണം തന്നെ ഇല്ലാതാകും. കഥാപാത്രങ്ങൾ വികാരം സൂചിപ്പിക്കാനായി ചില ചിഹ്നങ്ങളുടെ മട്ടിൽ വളഞ്ഞും തിരിഞ്ഞും നിന്നാൽ മതിയെന്നാവും. അത് ഇപ്രകാരം

രാധ: ?????

ഹരി: — —

രാധ: !!!!!

ഹരി: ?! ?! ?! ?!

(ഇതിന്റെ അർത്ഥം ? = അയ്യോ ഇതാര് — — — ആ ബന്ധവും ഉടമയും വിട്ടേക്ക്. ! = ചേട്ടനിപ്പോൾ എങ്ങനെയിരിക്കും. ?! = എങ്ങനെയിരിക്കുമെന്നോ, ഉടഞ്ഞ കപ്പൽ പോലെ തകർന്ന സ്വപ്നം പോലെ) നാടകമേ നിൻ പേരു കേട്ടാൽ പേടിയാം.

ഭാവന വികസിക്കട്ടെ

ലൈംഗികസ്വാതന്ത്ര്യം കൂടിക്കൂടി സമുദായത്തിന്റെ അടിത്തറ തകർന്നു തുടങ്ങിയിരിക്കുന്നു. പുറത്തു പറയാൻ ആളുകൾ മടിച്ചിരുന്ന കാര്യങ്ങൾ പുരപ്പുറത്തു കയറി നിന്ന് ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഈ ലോകത്ത് എത്ര വേഗത്തിലാണ് കാര്യങ്ങൽ നടക്കുക! ഇന്നലെ രാത്രി പത്തു മണിക്ക് ഉറങ്ങാൻ കിടന്നതാണ്. ഒരു മിനിറ്റ് കഴിഞ്ഞെന്നേ തോന്നുന്നുള്ളൂ. കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. ഒരു മിനിറ്റ് കൂടിക്കഴിഞ്ഞു. ഇപ്പോൾ ഉച്ചസമയമാണ്. ഇന്നലെയോ അതിന്റെ തലേദിവസമോ നഴ്സറി സ്കൂളിൽ പോയ കൊച്ചുകുട്ടിയാണ്; ഇന്ന് അവളുടെ വിവാഹമാണെന്ന് ഞാനറിയുന്നു. ഇനി നാളെ അവളെ ചുക്കിച്ചുളിഞ്ഞ മുഖത്തോടെ ഞാൻ കാണും. എന്തൊരു വേഗം! രാത്രി പകലായി മാറുകയല്ല. ക്രമാനുഗതമായ വികാസമല്ല ഉള്ളത്. ചക്രവാളത്തിനപ്പുറത്ത് പകൽ ഒളിച്ചിരിക്കുകയാണ്. രാത്രി വന്നെന്നു കാണുമ്പോൾ പകൽ അവിടെ നിന്ന് പാഞ്ഞെത്തി രാത്രിയെ കീഴടക്കുകയാണ്. പേടിച്ചോടുന്ന രാത്രി ചക്രവാളത്തിൽ ഒളിച്ചിരിക്കും. പകലിന്റെ ആധിപത്യം കാണുമ്പോൾ അതിറങ്ങിവന്ന് പകലിനെ പാലായനം ചെയ്യിക്കും.

ഇന്ന് അവരുടെ വിവാഹം. രണ്ടുപേർക്കും തമ്മിൽത്തമ്മിൽ എന്തൊരു സ്നേഹം! പക്ഷേ നാളെ ചിരവയെടുത്ത് അയാൾ അവളെ അടിക്കും. അവൾ അയാളുടെ നെഞ്ച് മാന്തിപ്പൊളിക്കും. അയാൾ — സുന്ദരക്കുട്ടപ്പനായി നടന്ന അയാൾ — താടിവളർത്തി മുഷിഞ്ഞവേഷം ധരിച്ച് ചാരായഷാപ്പിൽ നിന്നിറങ്ങി വരുന്നു. മറ്റു പെണ്ണുങ്ങളുടെ പിറകേ പോകുന്നു. ദാമ്പത്യജീവിതത്തിന്റെ ഈ അസത്യാത്മകതയേയും പ്രേമത്തിന്റെ ചഞ്ചല സ്വഭാവത്തെയും ശ്രീദേവി എസ്. ചേർത്തല “ഇരുൾ പൂകും നിഴലുകൾ” എന്ന ചെറുകഥയിലൂടെ വ്യക്തമാക്കിത്തരുന്നു. പൈങ്കിളിക്കഥ എന്ന വിഭാഗത്തിൽ പെടുന്നതാണ് ഇത്. ശ്രീദേവിക്ക് കഥ പറയാനറിയാം. വേണമെങ്കിൽ അതിഭാവുകത്വവും ക്ഷുദ്രത്വവും അവർക്ക് ഒഴിവാക്കാം. ഈ കഥയിൽ അങ്കുരാവസ്ഥയിൽ പ്രത്യക്ഷപ്പെടുന്ന ഭാവന വികാസം പ്രാപിക്കട്ടെ (കഥ മനോരാജ്യത്തിൽ).

പ്രിയപ്പെട്ട വായനക്കാരോട്

ലൈംഗികസ്വാതന്ത്ര്യം കൂടിക്കൂടി സമുദായത്തിന്റെ അടിത്തറ തകർന്നു തുടങ്ങിയിരിക്കുന്നു. പുറത്തുപറയാൻ ആളുകൾ മടിച്ചിരുന്ന കാര്യങ്ങൾ പുരപ്പുറത്തു കയറി നിന്ന് ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. മനുഷ്യത്വത്തിനല്ല, മൃഗീയതയ്ക്കാണ് പ്രാധാന്യവും ബഹുമാനവും.

ശരീരവും മനസ്സും സമനില പാലിച്ചിരുന്നു പണ്ട്. ഇന്ന് ശരീരത്തിനാണ് പ്രാധാന്യം. അതിനാൽ പി.ടി. ഉഷയ്ക്ക് കിട്ടുന്ന ആദരം എൻ.വി. കൃഷ്ണവാരിയർക്ക് കിട്ടുന്നില്ല. സത്യം മാത്രം പറഞ്ഞിരുന്നു ഗാന്ധിജി. ഇന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ കള്ളം മാത്രമേ പറയുന്നുള്ളൂ.

ഒരു തുണ്ടു ഭൂമിക്ക് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടിയിരിക്കുന്നു. അവിടെ ഒരു കൊച്ചുവീടു വെക്കാൻ കുറഞ്ഞത് രണ്ടു ലക്ഷം രൂപയെങ്കിലും വേണം. എങ്ങനെയെങ്കിലും വീടുവച്ചു താമസമായാൽ വായുമലിനീകരണവും ശബ്ദമലിനീകരണവുംകൊണ്ട് കഴിഞ്ഞുകൂടാൻ വയ്യ. പിരിവുകാർ എന്നും വന്നു രൂപ ചോദിക്കുന്നു. സമീപത്ത് ഒരമ്പലമുണ്ടെങ്കിൽ ഉച്ചഭാഷിണിയിലൂടെ വരുന്ന ചലച്ചിത്രഗാനങ്ങൾ നിമിത്തം ഉറങ്ങാൻ പറ്റില്ല.

സാഹിത്യത്തിന്റെ ഭംഗി പോയി. അതിന്റെ ചിന്തോദ്ദീപകശക്തി നശിച്ചു. വിശപ്പു മാറ്റാൻ സാഹിത്യവും ചിത്രകലയും പ്രയോജനപ്പെടണമെന്ന് ആളുകൾ വാദിക്കുന്നു. ശാസ്ത്രം മനുഷ്യനെ സഹായിക്കുന്നില്ല. നശിപ്പിക്കുകയാണ്. അക്രമം ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ദിവസന്തോറും ആയിരക്കണക്കിന് ആളുകളെ പ്രതിയോഗികൾ കുത്തിക്കൊല്ലുന്നു. വെടിവച്ചു കൊല്ലുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ അതിപ്രസരവും കുത്സിതജനനായകത്വവും സമൂഹത്തെ ശാശ്വതവേദനയിലേക്ക് തള്ളിയിട്ടിരിക്കുന്നു. പണ്ട് ഞാൻ ഉത്തരേന്ത്യയിൽ നിന്ന് തിരിച്ചു വരുമ്പോൾ നാഗപ്പൂരിൽ നിന്ന് ഒരു കൂടയിൽ നൂറ് ഓറഞ്ച് ഒന്നര രൂപയ്ക്കു വാങ്ങി. ഇന്നലെ പാളയം എന്ന സ്ഥലത്തു നിന്ന് മൂന്നു രൂപ കൊടുത്ത് ഒരു ഓറഞ്ച് വാങ്ങി. വീട്ടിൽ കൊണ്ടുവന്ന് രോഗം പിടിച്ച കൊച്ചു കുട്ടിക്കു കൊടുക്കാനായി അതിന്റെ പുറന്തോട് പൊളിച്ചപ്പോൾ അകത്തു മുഴുവൻ പുഴുക്കൾ. എല്ലാ വിധത്തിലും ജീവിതം ദുസ്സഹമായിരിക്കുന്നു. പണ്ട് സ്വകീയങ്ങളായ വേദനകൾ കൊണ്ട് ആത്മഹത്യ ചെയ്യണമെന്ന് എനിക്കു തോന്നിയിരുന്നു. ഇന്ന് സമൂഹത്തിന്റെ ജീർണ്ണത കണ്ട് എനിക്ക് ജീവിതം അവസാനിപ്പിക്കാൻ കൊതി. ഷെഫാൻ സ്വൈഗ് എന്ന വിശ്വസാഹിത്യകാരൻ സമുദായത്തിന്റെ കൊള്ളരുതായ്മകണ്ട് യാതന അനുഭവിച്ച് ആത്മഹത്യ ചെയ്തു. ഭീരുവായ ഞാൻ ജീവിച്ചിരിക്കുന്നു. ഈ ചിന്തകളൊക്കെ എനിക്കുണ്ടായത് പാലാ നാരായണൻ നായർ മനോരാജ്യത്തിലെഴുതിയ “കണ്ണുപൊത്തിക്കളി” എന്ന ലേഖനം വായിച്ചപ്പോഴാണ്. പ്രിയപ്പെട്ട വായനക്കാരാ, അതു വായിക്കൂ. നമ്മുടെ ഭാരതം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നു മനസ്സിലാക്കൂ.

സാധാരണമായ കഥ

ദനീ ദീദറോ (Denis Diderot) പ്രശസ്തനായ ഫ്രഞ്ച് ദാർശനികനാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ നോവലാണ് ല റലീഷ്യോസ് (La Religieuse). കൈനിക്കര കുമാരപിള്ള ഒരിക്കൽ ഈ പുസ്തകത്തെക്കുറിച്ചു പറയുന്നത് ഞാൻ കേൾക്കാനിടയായി. അങ്ങനെയാണ് ഞാനിതു വായിച്ചത്. വീട്ടുകാരുടെ നിർബ്ബന്ധം കൊണ്ട് കന്യാസ്ത്രീയാകേണ്ടിവന്ന സൂസന്റെ കഥ പറയുകയാണ് ദീദറോ. അവൾ പല കോൺവെന്റുകളിലും മാറിമാറി താമസിക്കുന്നു. ഓരോ സ്ഥലത്തും അവൾ അപമാനിക്കപ്പെടുന്നു. ഒരിടത്ത് മദർ സുപ്പീരിയർ സ്വവർഗ്ഗാനുരാഗത്താൽ അന്ധയായി സൂസനെ രതിക്രീഢകൊണ്ട് പീഢിപ്പിക്കുന്നു. അവർ ഓർഗാസം അനുഭവിക്കുകയും ചെയ്യുന്നു. വേറൊരു സ്ഥലത്ത് അവളെ പീഢിപ്പിക്കുന്നത് ഒരു പാതിരിയാണ്. ഓടിപ്പോയി വേശ്യാലയത്തിലെത്തിയ സൂസനെ മറ്റൊരു പാതിരി ലൈംഗികവേഴ്ചയ്ക്കു വിധേയനാക്കുന്നു. മന:ശാസ്ത്രത്തോടു ബന്ധപ്പെട്ട ഉൾക്കാഴ്ച കാണിക്കുന്ന ഈ നോവൽ വായിച്ചിട്ടുള്ളവർക്ക് ജയകാന്തന്റെ ‘കുരിശ്’ എന്ന കഥയിൽ ഒരു പുതുമയും തോന്നുകയില്ല. കന്യാസ്ത്രീയാകാൻ നിർബ്ബദ്ധയായ ഒരു ചെറുപ്പക്കാരിയുടെ കഥയാണ് ജയകാന്തന് പറയാനുള്ളത്. അവൾ ബസ്സിലിരിക്കുന്ന യുവാവിനെക്കണ്ട് ചാഞ്ചല്യമുള്ളവളായിത്തീരുന്നു. കന്യാസ്ത്രീയായതാണ് തന്റെ കുരിശെന്ന് അവൾ മനസ്സിലാക്കുമ്പോൾ കഥ അവസാനിക്കുന്നു. നൂതനമായ ഉൾക്കാഴ്ചയില്ലാത്ത സാധാരണമായ ഒരു കഥ (കലാകൗമുദി).

​​

* * *

​​ തങ്ങൾ ഉല്പാദിപ്പിച്ചയോടു മനുഷ്യർക്കുണ്ടാകുന്ന അന്യവത്കരണ മനോഭാവത്തെ ലുക്കാച്ച് റീയിഫിക്കേഷൻ — reification- എന്നു വിളിച്ചു. മനുഷ്യൻ നിർമ്മിക്കുന്ന വസ്തുക്കൾ മാത്രമല്ല, കുഞ്ഞുങ്ങളും അവനിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം (History and class consciousness എന്ന ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്ന്). നമ്മുടെ ജീവിതത്തോടു ബന്ധമില്ലാത്തവയും പരകീയ സ്വഭാവമാർന്നവയും ആയ കഥകൾ വായിക്കുമ്പോൾ ഈ അന്യവത്കരണം ഇരട്ടിയായിത്തീരുന്നു.

എന്തിന് പീഢിപ്പിക്കുന്നു?

“എന്റെ തലമുടി ദിവസം തോറും കൊഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് എന്നോടു പറയേണ്ടതില്ല. എന്റെ പൗത്രന്മാരുടെ താടിരോമം എങ്ങനെ വളരുന്നുവെന്നു നോക്കിയാൽ മാത്രം മതി.” എന്ന് ഒരു ജാപ്പാനീസ് കവി പറഞ്ഞിട്ടുണ്ട്. ‘എക്സ്പ്രസ്സ്’ ആഴ്ചപ്പതിപ്പിൽ “കണികാണുന്നേരം” എന്ന കാവ്യമെഴുതിയ തൃക്കോടിത്താനം ഗോപിനാഥൻ നായരോട് അദ്ദേഹത്തിന്റെ കവനകലാവൈദഗ്ദ്ധ്യം കഷണ്ടിക്ക് തുല്യമാണെന്ന് പറയേണ്ട കാര്യമില്ല. ഇന്നത്തെ കൊച്ചുപിള്ളേരെഴുതുന്ന കാവ്യങ്ങളിലേക്കു മാത്രം കണ്ണോടിച്ചാൽ മതി. ടാഗോർ ജനിച്ചതെന്തിന്? ‘ഗീതാഞ്ജലി’ എഴുതാൻ. വൈലോപ്പിള്ളി ജനിച്ചതെന്തിന്? ‘കുടിയൊഴിക്കൽ’ എഴുതാൻ. ചങ്ങമ്പുഴ ജനിച്ചതെന്തിന്? ‘കാവ്യനർത്തകി’യും ‘മനസ്വിനി’യുമെഴുതാൻ. തൃക്കൊടിത്താനം ഗോപിനാഥൻ നായർ ഭൂജാതനായതെന്തിന്? എനിക്കറിഞ്ഞുകൂടാ. തീർച്ചയായും കവിതയെഴുതാനല്ല.

കണികാണുന്നേരം കരളിലായിരം
കനകഭാവന വിരിയുമ്പോൾ

എന്നമട്ടിൽ ക്ലീഷേ കൊണ്ടുള്ള ഈ ബഫൂൺകളി നടത്തി അദ്ദേഹമെന്തിനാണ് വായനക്കാരെ പീഢിപ്പിക്കുന്നത്?

ഫെയ്ഡ് ഔട്ട്

അന്തരീക്ഷസൃഷ്ടികൊണ്ട് ചില നിമിഷങ്ങൾക്ക് സവിശേഷത കൈവരുത്താൻ മുണ്ടൂർ സേതുമാധവനു പ്രാഗൽഭ്യമുണ്ട്. ആ നിമിഷങ്ങളിൽ വന്നുനിൽക്കുന്ന കഥാപാത്രങ്ങളെക്കണ്ട് വായനക്കാരൻ ചിലപ്പോൾ അദ്ഭുതപ്പെടും. ചിലപ്പോൾ പേടിക്കും. അങ്ങനെ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പേടിച്ചുകൊണ്ടിരിക്കുമ്പോൾ ചലച്ചിത്രത്തിലെ രംഗങ്ങൾ ഫെയ്ഡ് ഔട്ടാകുന്നതുപോലെ നിമിഷങ്ങൾ അപ്രത്യക്ഷങ്ങളാകുന്നു. ഫലം വായനക്കാരനു നിരാശത. മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ ‘കൃഷ്ണൻ നായരുടെ മകൻ’ എന്ന ചെറുകഥയ്ക്കുള്ള മേന്മയും ന്യൂനതയും ഇതുതന്നെയാണ്. വൃക്ഷങ്ങൾ

​​​

വളർന്ന് ഇലപ്പടർപ്പുകൾ തമ്മിലിടഞ്ഞു നിൽക്കുന്ന വനം. സൂര്യരശ്മികൾ കടന്നു വരാത്തതിനാൽ അർദ്ധാന്ധകാരം. സൂക്ഷിച്ചു നടന്നില്ലെങ്കിൽ വേരുകളിൽ തട്ടി വീണെന്നു വരും. ഈ കാനനത്തിൽ പ്രവേശിച്ച പ്രതീതിയാണ് കഥാപാരായണം എനിക്കുളവാക്കിയത്. ശുദ്ധദ്രാവിഡപദങ്ങളും ഗ്രാമീണ ശൈലിയും നാടൻ അലങ്കാരങ്ങളും കൊണ്ട് സേതുമാധവൻ മെനഞ്ഞെടുത്ത ഈ ശില്പം ത്രസിച്ച ഹൃദയത്തോടെ ഞാൻ കണ്ടു. കണ്ടുകണ്ട് ഇരിക്കുമ്പോൾ അതാ ഫെയ്ഡ് ഔട്ട്. എന്തൊരു നൈരാശ്യം. പരിണാമരമണീയമല്ലാത്ത കഥയ്ക്കു നിലനിൽപ്പില്ല.

​​

* * *

ഇരുട്ടിൽ നല്ല ഫ്ലാഷ്‌ ലൈറ്റുകൊണ്ട് പ്രകാശം വീഴ്ത്തുന്നവനാണ് സാഹിത്യകാരൻ. അയാൽ ശക്തി കുറഞ്ഞ ബാറ്ററിയിട്ട ടോർച്ചുമായി നടക്കരുത്. നടന്നാൽ വേണ്ടിത്തോളം ഇരുട്ടില്ല എന്നു പറയരുത്.

പേരെഴുതാൻ മടിയുണ്ട്. നമ്മുടെ ഒരു കവി ഇരുട്ടു വീണ സമയത്ത് തീരെച്ചെറിയ ‘ടോർച്ച് ലൈറ്റു’മായി റോഡിലേക്കിറങ്ങി. അദ്ദേഹത്തിനെതിരെ ചെന്ന ഒരു നവീനകവി “സാറെന്താ ഇത്ര ചെറിയ ടോർച്ചുമായി പോകുന്നത്?” എന്നു ചോദിച്ചു. മറുപടി: “ചെറുതെങ്കിലും നല്ല പ്രകാശമാണ്. നോക്കൂ”. കവി സ്വിച്ച് അമർത്തി, ഒട്ടും വെളിച്ചമില്ല. നവീനകവി പറഞ്ഞു: “തീരെ വെളിച്ചമില്ലല്ലോ” അതുകേട്ട് പഴയ കവിയുടെ ഉത്തരം: “പ്രകാശമില്ലാഞ്ഞിട്ടല്ല. ഇരുട്ടുപോരാ”

ഇരുട്ടിൽ നല്ല ഫ്ലാഷ്‌ലൈറ്റുകൊണ്ട് പ്രകാശം വീഴ്ത്തുന്നവനാണ് സാഹിത്യകാരൻ. അയാൽ ശക്തികുറഞ്ഞ ബാറ്ററിയിട്ട ടോർച്ചുമായി നടക്കരുത്. നടന്നാൽ വേണ്ടിത്തോളം ഇരുട്ടില്ല എന്നു പറയരുത്.

വെള്ളത്തിനും കരം

പുതിയ ബഡ്ജറ്റ് (ബജിറ്റ് എന്നു ശരിയായ ഉച്ചാരണം) കൊണ്ടുവന്ന വിലക്കയറ്റത്തെ “കുമാരി”യിലെ ഹരി എത്ര ഭംഗിയായി പരിഹസിക്കുന്നു! പാഠമെഴുതാതെ വന്ന് കുട്ടിയെ ടീച്ചർ കുറ്റപ്പെടുത്തുമ്പോൾ കടലാസ്സിനു വിലകൂടി എന്നാണ് അവന്റെ ഉത്തരം. തുണിക്കു വില വർദ്ധിച്ചതിനാൽ “മലയാള സിനിമ ഇനിയും വഷളാകുമെന്നു പറ” എന്ന് ഒരാളുടെ നിരീക്ഷണം. ഇങ്ങനെ ഓരോന്നിന്റെയും വിലവർദ്ധനയെക്കുറിച്ചു പറഞ്ഞിട്ട് “കൂടുതൽ ഈടാക്കാത്തത് വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്നു. വഴിവക്കിലെ വാട്ടർടാപ്പ് (വാറ്റർ എന്നു ശരിയായ ഉച്ചാരണം) ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ദേ അവിടെ കിട്ടും, ഭാഗ്യമുണ്ടെങ്കിൽ മാത്രം’ എന്നു ഉത്തരം. വെള്ളം കിട്ടാറില്ലെന്ന സൂചന ശരി. പക്ഷേ അതിന് കരം കൂട്ടിയെന്നു ഹരി അറിഞ്ഞിട്ടില്ലേ? റഷ്യയിൽ ആളുകൾക്ക് റൊട്ടി വെറുതെ കൊടുക്കുന്നു. ഓസ്ട്രേലിയയിൽ എല്ലാവർക്കും പാൽ വെറുതേ കൊടുക്കുന്നു. വെള്ളത്തിന്റെ നാടായ നമ്മുടെ കേരളത്തിൽ അതിനും കരം. Collecting more taxes than is absolutely necessary is legalized robbery — Calvin Coolidge.

സിഞ്ജൻ പഴ്സ്

ഇതെഴുതുന്ന ആളിന് ഏറെ ഇഷ്ടമുള്ള ഫ്രഞ്ച് കവിയാണ് 1960-ൽ നോബൽ സമ്മാനം നേടിയ സിഞ്ജൻ പഴ്സ് (St-John Perse). “എന്റെ മകൾ കറുത്ത നിറമാർന്ന സ്ത്രീകളോട് ആജ്ഞാപിക്കുമ്പോൾ അവൾ അതിസുന്ദരിയായിരിക്കണം എന്നതിനാലാണ് എന്റെ അഭിമാനം.

അവൾ കറുത്ത കോഴികൾക്കിടയിൽ വളരെ വെളുത്ത കൈ കാണിക്കുമ്പോഴാണ് എനിക്ക് ആഹ്ലാദം.

ചെളികൊണ്ടു മൂടി ഞാൻ വീട്ടിലെത്തുമ്പോൾ രോമാവൃതമായ എന്റെ പരുക്കൻ കവിളുകണ്ട് അവൾക്ക് ലജ്ജ തോന്നരുത് എന്നതിനാലാണ് എന്റെ സന്തോഷമിരിക്കുന്നത്. പുരുഷൻ പാരുഷ്യമുള്ളവനാണ്. അവന്റെ മകൾ കരുണാർദ്രയും.”

ഇത് ഒരു ബാല്യകാല കവിതയിൽ നിന്നാണ്. ഇവിടെപ്പോലും സിഞ്ജൻ പഴ്സിന്റെ മൗലികപ്രതിഭ ദൃശ്യമാണ്. അദ്ദേഹത്തിന്റെ Anabasis ഇരുപതാം ശതാബ്ദത്തിലെ സമുജ്ജ്വലകാവ്യമാണെന്ന് നിരൂപകർ പറയുന്നു. റ്റി.എസ്. എല്യറ്റ് അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഈ മഹാകവിയുടെ ചേതോഹരവും ഉദാത്തവുമായ വേറൊരുകാവ്യമാണ് Seamarks. അതിൽ നിന്ന് രണ്ടു വാക്യങ്ങൾ: And my lip is salty with the salt of your birth, and your body is salty with the salt of my birth… You are here, my love and I have no place save in you. കവേ, അങ്ങയുടെ കവിതയിലല്ലാതെ എനിക്ക് വേറൊരു ഇരിപ്പിടമില്ല.

ഖൊമൈനി, സിയ

കെ. ബാലകൃഷ്ണൻ കൗമുദി വാരിക പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കാലത്ത് അതിലൊരു സിനിമാ നിരൂപണം എഴുതി. അശ്ലീലം നിറഞ്ഞ ആ ചലച്ചിത്രത്തെ ഭർത്സിക്കുന്നതിനിടയിൽ അദ്ദേഹം എഴുതിയ ഒരു വാക്യം ഇവിടെ അച്ചടിക്കാൻ വയ്യ. “സാരി… ഒഴിച്ച് ബാക്കിയെല്ലാം ഈ ചലച്ചിത്രത്തിലുണ്ട്” എന്ന് ആ വാക്യം കുത്തിട്ട് ഞാൻ എടുത്തെഴുതുന്നു. അതിനു മുൻപോ പിൻപോ ഇമ്മട്ടിലൊരു വാക്യം ഒരിടത്തും ഞാൻ അച്ചടിച്ചു കണ്ടിട്ടില്ല. പക്ഷേ ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. സീനത്ത് കുങ്കുമം വാരികയിലെഴുതിയ “പിന്നെയും പൂവർഷം” എന്ന കഥയിൽ ഇങ്ങനെ കാണുന്നു: “അതു പറഞ്ഞു തീരുമ്പോഴേക്കും ഞാനവളെ കടന്നു പിടിച്ചു. തല്ലാനല്ല. മർമ്മത്തിലൊരുമ്മ നൽകാൻ. അവൾ ചൂളി.” ഈ പ്രയോഗം കൊണ്ട് കഥയുടെ ശേഷം ഭാഗത്തിന്റെ സ്വഭാവം വായനകാർക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഖൊമൈനിയുടെയോ സിയാ ഉൾ ഹക്കിന്റെയോ നാട്ടിലാണെങ്കിൽ സീനത്തിന് എന്തു സംഭവിക്കുമായിരുന്നു? “മർമ്മത്തിലൊരുമ്മനൽകാൻ” എന്ന പ്രയോഗം എടുത്തെഴുതിയ എന്നെത്തന്നെ മുക്കാലിയില്‍ കെട്ടി ആ “ജനാധിപത്യവാദികള്‍” അടിക്കുകയില്ലായിരുന്നോ?

* * *

​​ അച്ഛന്‍ മകനോട്: മോനേ എല്ലാവരോടും വിനയത്തോടെ മാത്രമേ പെരുമാറാവൂ. അവരെല്ലാം മാന്യന്മാരായതുകൊണ്ടല്ല. നീ മാന്യനായതുകൊണ്ടാണ്. ഇത് നിത്യജീവിതത്തില്‍ അംഗീകരിക്കാനാവുന്ന തത്ത്വമാണ്. പക്ഷേ, സാഹിത്യത്തിലല്ല. അധമസാഹിത്യം സമൂഹത്തിനു ദോഷം ചെയ്യും. അതുകൊണ്ട് അശ്ലീലരചനയെ എതിര്‍ക്കണം. അതില്‍ പ്രതിഷേധിക്കണം.

കോങ്കണ്ണ്

പൈങ്കിളിക്കഥകള്‍ ജുഗുപ്സാവഹങ്ങളാണെന്ന് പറഞ്ഞു പറഞ്ഞ് തളര്‍ന്നു. എന്നെക്കാളേറെ വായനക്കാരും തളര്‍ന്നിരിക്കും, ഇതുകേട്ട്. ഇനിയും ഞാനതു പറഞ്ഞാല്‍ എന്റെ ലേഖനങ്ങള്‍ വായിക്കാതെയാവും വായനക്കാര്‍. എങ്കിലും പ്രചാരമുള്ള ഒരു വാരികയെ അവഗണിക്കുന്നതെങ്ങനെ? മാപ്പു ചോദിച്ചുകൊണ്ട് എഴുതട്ടെ. ഏനാത്ത് മാത്യൂസ് സൈമണ്‍ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ “ചിറകുകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി” — കാമുകനെ സ്നേഹിക്കുകയും ഭര്‍ത്താവിനെ വെറുക്കുകയും ചെയ്യുന്ന ഒരു പെണ്ണിന്റെ കഥയാണിത് — അയഥാര്‍ത്ഥമാണ്; തെറ്റായ വീക്ഷണമാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇത് Evil eye ആണ് — കരിങ്കണ്ണാണ്. കരിങ്കണ്ണിനെ എല്ലാവര്‍ക്കും പേടിയാണ്. ഞാനും പേടിക്കുന്നു.

* * *

​​ കണ്ണിനെക്കുറിച്ചുള്ള ഈ പ്രസ്താവം വാര്‍ദ്ധക്യകാലത്ത് എന്തുകൊണ്ടു കണ്ണാടി ഉപേക്ഷിക്കാന്‍ കഴിയുന്നു എന്ന ചിന്തയിലേക്ക് എന്നെ കൊണ്ടുചെല്ലുന്നു. എഴുപതു കഴിഞ്ഞാല്‍ വെള്ളെഴുത്തു കണ്ണാടി പലര്‍ക്കും വേണ്ട. കാരണമുണ്ട്. പ്രായം കൂടുമ്പോള്‍ നേത്രകാചം (Lens) കൂടുതല്‍ കട്ടിയാകും. അപ്പോള്‍ ‘റിഫ്രാക്ഷന്‍ ഇന്‍ഡെക്സ് കൂടും. അതിന്റെ ഫലമായി നേത്രകാചം തന്നെ ഒരു വിപുലീകരണ കാചത്തിന്റെ ഫലം ചെയ്യും. അപ്പോള്‍ വിപുലീകരണകാചമായ വെള്ളെഴുത്തുകണ്ണാടി ഉപേക്ഷിക്കാം.

പലരും പലതും

ഡോക്ടര്‍ എം.എം. ബഷീര്‍ ‘ചന്ദ്രിക’ വാരികയില്‍ എഴുതുന്നു:

“കര്‍ട്ട് വോണിഗട്ട് എന്ന പ്രശസ്ത നോവലിസ്റ്റിന്റെ Slaughter house five എന്ന നോവല്‍ നോര്‍ത്ത് ഡക്കോട്ടയിലെ ഡ്രേക്ക് എന്ന സ്ഥലത്തെ സ്കൂളിള്‍ 1973-ല്‍ അഗ്നിക്കിരയാക്കി നശിപ്പിക്കുകയുണ്ടായി. സ്കൂള്‍ ചെയര്‍മാന് വോണീഗട്ട് ഒരു കത്ത് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പുതിയ Palm Sunday (Delacorte Press, 1981) എന്ന നോവലില്‍ ആ കത്ത് ചേര്‍ത്തിരിക്കുന്നു, ഏഴു വര്‍ഷത്തിനു ശേഷം.”

കര്‍ട്ട് വോണീഗട്ടിന്റെ ആത്മകഥയാണ് Palm Sunday. Palm Sunday — An Autobiographical Collage എന്നു വെണ്ടയ്ക്ക അക്ഷരത്തില്‍ പുസ്തകത്തില്‍ അച്ചടിച്ചുവച്ചിട്ടുണ്ട്. “ആനയെക്കാണാനും വെള്ളെഴുത്തോ?”

‘കള്ളെഴുത്ത്’ എന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രയോഗം, ജനയുഗം വാരികയില്‍. അന്ത്യസ്വരം ബഹുലമായി ലോപിക്കും. അതുകൊണ്ട് കള്ളെഴുത്തില്‍ തെറ്റില്ല. എങ്കിലും കള്ളയെഴുത്തായാല്‍ കള്ളിന്റെ പ്രതീതി ഒഴിവാക്കാം.

“ഈ പഥമാകെ ഞാനിഴയുന്നു” എന്ന് രാജന്‍ ചാത്തനൂര്‍ മാമാങ്കം വാരികയില്‍. പഥത്തിനു വഴി എന്ന അർത്ഥമുണ്ടെങ്കിലും അത് ഒറ്റയ്ക്ക് നില്‍ക്കാറില്ല. സമാസത്തിലെ പ്രയോഗമേയുള്ളൂ. സാഹിത്യപഥം, താരാപഥം, മുഖ്യപഥം.

“അഭിമുഖം — ഫെഡറിക്കോ ഫെല്ലിനി” എന്നു മുഖം മാസികയില്‍. ഫേഡേറീക്കോ ഫേല്‍ലീനീ എന്നു ശരിയായ ഉച്ചാരണം.

“വലിയ ഭാരം ചുമന്നു നിന്റെ ശരീരം വളയും. എപ്പോഴും നിനക്ക് അടികിട്ടും” എന്ന് കഴുതയെ പണ്ടാരോ ശപിച്ചു. ഞാന്‍ കഴുതയാണ്. കോട്ടയ്ക്കല്‍ രഘുനാഥ് പൗരധ്വനി വാരികയിലെഴുതിയ “ചിറകറ്റ പക്ഷി” എന്ന കഥ — ആശിച്ച പെണ്ണിനെ കിട്ടാതെ കേഴുന്ന ഒരുത്തന്റെ കഥ — എന്റെ മുതുകിലെ ഭാരമാണ്. രഘുനാഥ് എന്നെ അടിക്കുന്നു.

* * *

​​ ശങ്കരാചാര്യര്‍ക്ക് മറാത്ത പല്ലുവേദനയുണ്ടായിരുന്നെങ്കില്‍? അദ്ദേഹം അദ്വൈതസിദ്ധാന്തം ആവിഷ്കരിക്കുമായിരുന്നില്ല. മണ്ടനായി മാറുമായിരുന്നു. സിംഹത്തിനു രോഗം വന്നാല്‍ അവന്‍ മുയലിനെപ്പോലെ പേടിച്ചവനായി മാറും. ഇക്വേറ്റ് ചെയ്ത് പറയുകയല്ല. കേരളത്തിലെ കുത്സിതസാഹിത്യം വായിച്ചു വായിച്ച് ഞാന്‍ ബുദ്ധിശൂന്യനായി മാറിക്കൊണ്ടിരിക്കുന്നു.

s