സാഹിത്യവാരഫലം 1985 10 27
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 10 27 |
ലക്കം | 528 |
മുൻലക്കം | 1985 10 20 |
പിൻലക്കം | 1985 11 03 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഉഷയുടെ ഓട്ടം: സ്പഷ്ടതയാർജ്ജിക്കുന്ന സംഭവം
പി. ടി. ഉഷ ഓടുന്നു. പത്രഭാഷയിൽ പറഞ്ഞാൽ സ്വർണ്ണം കൊയ്യുന്നു. കൂടെ ഓടുന്നവരേക്കൾ ഉഷ വേഗത്തിലോടി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തുന്നതും ഉറൂബ് ‘രാച്ചിയമ്മ’ എന്ന കഥയെഴുതി ജനപ്രീതി നേടുന്നതും ഒന്നുപോലെയാണോ? അതേയെന്ന് പറയുന്നവരുണ്ട്. വിബിൾഡൺ പട്ടണത്തിൽ ടെന്നീസ് മത്സരം നടക്കുന്നു. ഒരുത്തൻ ബാറ്റ് കൊണ്ടടിക്കുന്ന പന്തിനെ വലയ്ക്ക് ഇപ്പുറം നിൽക്കുന്നവൻ കൂടുതൽ ശക്തിയോടെ അടിച്ച് അപ്പുറത്തു തന്നെ വീഴ്ത്തുന്നു. പ്രതിയോഗിക്ക് അത് എടുക്കാൻ സാധിക്കുന്നില്ല. പ്രേക്ഷകർ ആഹ്ലാദത്തോടെ കൈയടിക്കുന്നു. എതിരാളിക്ക് ബാറ്റ്കൊണ്ട് തിരിച്ചടിക്കാൻ വയ്യാത്ത വിധത്തിൽ പന്തടിച്ചു വീഴ്ത്തുന്നതും, ഐൻസ്റ്റൈൻ E = mc2എന്ന സമവാക്യമെഴുതുന്നതും സദൃശങ്ങളായ പ്രക്രിയകളാണോ? അവിടെയും ‘അതേ’ എന്ന ഉത്തരം നൽകുന്നവരുണ്ട്. ഈ രണ്ടുത്തരങ്ങളും എത്ര കണ്ട് ശരി, ഇവയ്ക്ക് എത്രത്തോളം സാധുതയുണ്ട് എന്നതൊക്കെ നമ്മൾ ഇപ്പോൾ പര്യാലോചിക്കേണ്ടതില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. ഉഷ സ്റ്റാർട്ടിങ് പോയിന്റിൽ കുനിഞ്ഞ് നിൽക്കുന്നതും അടയാളമുണ്ടായാലുടൻ ഓടുന്നതും, മറ്റുള്ളവരെ പിന്തള്ളി ലക്ഷ്യത്തിലെത്തുന്നതും സ്പഷ്ടതയാർജ്ജിച്ച സംഭവങ്ങളാണ്. ടെന്നീസ് താരം കൈലേസ് കൊണ്ട് ബാറ്റിന്റെ പിടി തുടയ്ക്കുന്നു. പന്ത് താഴെ രണ്ടു മൂന്നു തവണ തട്ടി തയ്യാറെടുക്കുന്നു. അത് ഉയർത്തിയിട്ട് ആഞ്ഞടിക്കുന്നു, എതിരാളി അടിക്കുന്ന പന്തിനെ വീണ്ടും മറുപുറത്തേക്ക് അടിച്ചുവീഴ്ത്തുന്നു. പ്രതിയോഗി മുട്ടു കുത്തുന്നു. ഇത്രയും കാര്യങ്ങൾ സ്പഷ്ടം. ഒരു ചേഷ്ടയിലും അവ്യക്തതയില്ല. ഈ സ്പഷ്ടതയും ലക്ഷ്യം സാക്ഷാത്ക്കരിക്കലുമാണ് ഓട്ടത്തിനും പന്തടിച്ചു വീഴ്ത്തലിനും മൂല്യം നൽകുന്നത്. ഇതുപോലെ കാവ്യം രചിക്കുന്നവനും കഥയെഴുതുന്നവനും നിരൂപണം നിർവഹിക്കുന്നവനും തങ്ങളുടെ രചനകളിലൂടെ വികാരസംക്രമണമോ ആശയ വിനിമയമോ നടത്തുമ്പോൾ ആ പ്രക്രിയകൾ സ്പഷ്ടങ്ങളായിത്തീരുന്നു. സ്പഷ്ടത മൂല്യം ജനിപ്പിക്കുന്നു. സ്പഷ്ടതയില്ലാത്ത, അല്ലെങ്കിൽ ദുർഗ്രഹതയേറിയ രചനകൾക്ക് മൂല്യം സൃഷ്ടിക്കാൻ കഴിയുകയില്ല. നവീന സാഹിത്യത്തിന്റെ ദോഷം ഇതത്രേ.
Contents
നിത്യചൈതന്യ യതി
മരണത്തെക്കുറിച്ച് ഫ്രഞ്ചെഴുത്തുകാരൻ ഫിലിപ്പ് ഏറേസ് എഴുതിയ ‘The Hour of Our Death’ എന്ന ഗ്രന്ഥം monumental — ചിരന്തനമൂല്യമാർന്ന — എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നോവൽ, കവിത, ചിത്രം, വാസ്തുശില്പം ഇവയെയൊക്കെ അവലംബിച്ചുകൊണ്ട് മരണസങ്കല്പം മാറിമാറി വരുന്നതെങ്ങനെയെന്ന് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നു. കൊച്ചക്ഷരത്തിൽ എഴുന്നൂറു പുറങ്ങളോളം വരുന്ന പുസ്തകം വായിക്കാൻ പ്രയസമുണ്ടെങ്കിൽ ഈ നീൽ എഴുതിയ ‘The Art of Dying’ എന്ന ഗ്രന്ഥം വായിക്കം. നൂറ് കൊല്ലം മുൻപ് ഒരു വീട്ടിലുണ്ടാകുന്ന മരണം സമൂഹത്തിന്റെ ജീവിതത്തെ താൽക്കാലികമായി തകിടം മറിച്ചിരുന്നുവെന്നും ശവസംസ്കാരത്തിനു ശേഷമേ സമനില വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും നീൽ പറയുന്നു. പക്ഷേ, നഗരത്തിലെ ഇന്നത്തെ മരണം സ്വകാര്യ സംഭവമായി മാറിയിരിക്കുന്നുവെന്ന് അദേഹത്തിന് അഭിപ്രായമുണ്ട്. പണ്ട് മരണത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന സംസക്തി അല്ലെങ്കിൽ അതിസൗഹൃദം ഇന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതു പടിഞ്ഞാറൻ നാടുകളിൽ. കേരളത്തിൽ മരണ സങ്കൽപ്പത്തിനോ അതിനോടു ബന്ധപ്പെട്ട ചടങ്ങുകൾക്കോ ഒരു മാറ്റവും വന്നിട്ടില്ല. മരണം സംഭവിച്ച വീട്ടിൽ ചെന്നുകഴിഞ്ഞാൽ പലപ്പോഴും ഒരു ദിവസം തന്നെ കാത്തിരിക്കേണ്ടി വരും ശവസംസ്കാരം നടക്കാൻ. മദ്ധ്യപ്രദേശത്തോ നേപ്പാളിലോ ജോലി നോക്കുന്ന ബന്ധു അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ടാവും. അയാളെത്തി ഒരു ചുവന്ന തുണി ശവത്തിൽ ഇടുന്നതു വരെ ചെല്ലുന്നവർ കാത്തിരുന്നു കൊള്ളണം. ശവസംസ്കാരം കഴിഞ്ഞാലോ? സഞ്ചയനമായി. അന്നാണ് ആളുകൾ വളരെ കൂടുന്നത്. പിന്നെ പതിനാറാം ദിവസം കുളി. എണ്ണതൊട്ട്, കച്ച മുറിച്ച് കുളിക്കാൻ പോകും. അന്ധവിശ്വാസജന്യങ്ങളായ ഇത്തരം ഏർപ്പാടുകൾ ജീവിച്ചിരിക്കുന്നവരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. കടുവയെപ്പോലെ ചാടാൻ ഒരുങ്ങി നിന്ന മരണത്തെ പടിഞ്ഞാറൻ ദേശത്തുള്ളവർ മെരുക്കിയെടുത്തു. നമുക്കതിന് കഴിഞ്ഞിട്ടില്ല. മരണം ഇപ്പോഴും നമുക്ക് കടുവ തന്നെയാണ്. ഈ കടുവ കടിച്ചു കൊല്ലുന്നത് നാലു പീറ നോവലുകളോ, നാലു പറട്ടക്കഥകളോ എഴുതിയ ഒരാളെയാണെങ്കിൽ പിറ്റേ ദിവസത്തെ പത്രം നോക്കാൻ വയ്യ. വെണ്ടയ്ക്കാ തലക്കെട്ടിനു താഴെ വരുന്ന അർത്ഥരഹിതങ്ങളും അസംബന്ധങ്ങളുമായ റിപ്പോർട്ടുകൾ. മരിച്ചയാളിന്റെ ഭാര്യ ശവത്തിന്റെ നെറ്റിയിൽ അർപ്പിക്കുന്ന ചുംബനത്തിന്റെ പടം. ഇവയെല്ലാം കാണണം. പിന്നെ അനുശോചന സമ്മേളനങ്ങളൂടെ റിപ്പോർട്ടുകൾ. അതു വളരെക്കാലത്തേക്ക് ഉണ്ടാകും. വേറൊരു നേരമ്പോക്കു കൂടിയുണ്ട്. വായനക്കാർ അതു കണ്ടിരിക്കും. എങ്കിലും ഞാൻ പറയാം. ‘മഹാദുഃഖത്തിൽ വീണ പുത്രിമാർ’ എന്ന വാക്യത്തിന്റെ മുകളിലായി തെല്ലൊരു ചിരിയോടെ നിൽക്കുന്ന പെണ്മക്കളുടെ പടം ആകെക്കൂടി ഹിപോക്രിസി. ഈ കാപട്യത്തിനെതിരായി ഒരു സന്ന്യാസിശ്രേഷ്ഠൻ ശബ്ദമുയർത്തുന്നു. കലാകൗമുദിയിൽ ‘ഓർമ്മിക്കാൻ’ എന്ന പേരിൽ നിത്യചൈതന്യയതി എഴുതിയ ലേഖനമാണ് ഞാനുദ്ദേശിക്കുന്നത്.
മരണത്തെ “ഓമനേ മടിക്കേണ്ട പോരൂ” എന്ന മട്ടിൽ ചങ്ങമ്പുഴയെപ്പോലെ പ്രേമാതിരേകത്തോടെ വിളിക്കേണ്ടതില്ല. വാൾട്ട് വിറ്റ്‌മാനെപ്പോലെ “Come lovely and soothing death” എന്നു മാധുര്യത്തോടെ ആഹ്വാനം ചെയ്യേണ്ടതുമില്ല. അതിനെ മെരുക്കിയെടുത്തു മാൻകുട്ടിയാക്കണം. ആ മാനിനെ പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്ന സാഹിത്യവാരഫലക്കാരന്റെ നിർവ്യാജമായ അഭിപ്രായമാണിത്. സത്യമെഴുതിയ യതിക്കു ധന്യവാദം.
പ്രായോഗിക മനസ്സ്
സ്ത്രീകളുടേത് ഒരിക്കലും ഗഹനതയുള്ള മനസ്സല്ല. മനസ്സിനു ഗഹനതയില്ലാത്തവർക്കു സുശക്തമായ ആന്തരജീവിതം കാണുകയില്ല. ആ ആന്തരജീവിതത്തിന്റെ അഭാവം കൊണ്ട് അവരെഴുതുന്ന എന്തിലും പ്രയോഗികതലത്തിനായിരിക്കും പ്രാധാന്യം വരിക. അതുതന്നെയാണ് ശാരദാബാലചന്ദ്രന്റെ ‘പഴയ ഗ്രാമം പുതിയ ഗ്രാമം’ എന്ന കഥയിൽ കാണുന്നത്. ഒരുമിച്ചു ഗ്രാമത്തിൽ കളിച്ചു വളർന്ന രണ്ടു പെൺകുട്ടികൾ. അവരിൽ ഒരാൾ ആ ഗ്രാമത്തിലെ പാഠശാലയിൽ അദ്ധ്യാപികയായി. രണ്ടാമത്തവൾ ഡൽഹിയിലെ ഒരു ബിസ്സിനസ്സുകാരന്റെ ഭാര്യ. അവരുടെ ജീവിതത്തിൽ നാഗരികപരിഷ്‌കാരം പൂവിട്ടുനിന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പട്ടണത്തിലുള്ളവൾ ഗ്രാമത്തിലുള്ളവളെ കാണാനെത്തുന്നു. ഗ്രാമജീവിതം നയിക്കുന്ന കൂട്ടുകാരിയോട് നഗരജീവിതം നയിക്കുന്നവൾക്കു പുച്ഛം. പട്ടണത്തിൽ കഴിയുന്നവളോടു ഗ്രാമത്തിൽ കഴിയുന്നവൾക്കുള്ള മനോഭാവവും അതുതന്നെ. ഇതു വ്യക്തമാക്കാൻ കഥയെഴുത്തുകാരി രണ്ടുപേരെയും ഒരു ഡിന്നറിലേക്കു കൊണ്ടുവരുന്നു. അദ്ധ്യാപികയുടെ അപരിഷ്കൃതത്വവും പട്ടണത്തിലുള്ളവളുടെ പരിഷ്കാരഭ്രമവും ചില സംഭവങ്ങളിലൂടെ ചിത്രീകരിക്കുന്നു. അവർ രണ്ടുപേരും പിരിയുന്നു. താൽകാലികമായിട്ടല്ല, സ്ഥിരമായിട്ട്. ലളിതസുന്ദരമായ ഗ്രാമജീവിതത്തെയും അതിന്റെ പ്രതീകമായ അദ്ധ്യാപികയേയും വാഴ്ത്തുന്ന ഇക്കഥ സ്ത്രീകൾ കലയിൽ പ്രായോഗികത കൊണ്ടുവരുന്നതെങ്ങനെയെന്നു വ്യക്തമാക്കിത്തരുന്നു. ഭക്ഷണപ്രീയന്മാരായ സായ്പന്മാർ തങ്ങളുടെ നോവലുകളിലെല്ലാം ലഞ്ചുകളും ഡിന്നറുകളും കുത്തിനിറയ്ക്കുന്നതുപോലെ പ്രായോഗികതയിൽ അഭിരമിക്കുന്ന സ്ത്രീകൾ സാരി, ആഭരണം, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഇവയെല്ലാം രചനകളിൽ നിവേശിപ്പിക്കുന്നു. ദീർഘമായ ഇക്കഥയിൽ തൊണ്ണൂറുശതമാനവും ഇമ്മട്ടിലുള്ള വർണ്ണനകളാണ്. നഗരവാസിനിയുടെയും ഗ്രാമവാസിനിയുടെയും അന്തരം വ്യക്തമാക്കാനായിട്ടാണ് താനതു ചെയ്തതെന്ന് ശാരദാബാലചന്ദ്രൻ പറയുമായിരിക്കും. അതൊരു സമാധാനമേയല്ല. പ്രതിഭയുള്ളവർ ഒന്നോ രണ്ടോ രേഖകൾ വരച്ച് അതു ധ്വനിപ്പിക്കും. സത്യജിത്റേ പെണ്ണിന്റെ ഒരു വള പൊട്ടിച്ച് അവളുടെ വൈധവ്യം ധ്വനിപ്പിക്കുന്നു. തമിഴൻ നീലാംബരിരാഗത്തിൽ, “എറന്തുപോച്ചാനേ” എന്നു വിധവയെകൊണ്ടു പാടിപ്പിക്കുകയും മരണരംഗം സഞ്ചയനം വരെ കാണിക്കുകയും ചെയ്തു. കലാപരമായ ആവശ്യകതയ്ക്കതീതമായിട്ടാണ് കഥയെഴുത്തുകാരി വേഷഭൂഷണങ്ങളെ വർണ്ണിച്ചുവയ്ക്കുന്നത്. ചില സ്ത്രീകൾ പ്രേമവും വിവാഹവും വർണ്ണിക്കുന്നു. ശാരദാബാലചന്ദ്രനെപ്പോലുള്ളവർ ഇംപാലകാറിനെയും പട്ടുസാരിയെയും ചുവപ്പു സെറ്റിനെയും വർണ്ണിക്കുന്നു. രണ്ടുകൂട്ടരും ഒരുപോലെ. സാഹിത്യത്തിന് അഭിജ്ഞന്മാർ നല്കിയ നിർവ്വചനത്തെ കാസർഗോട്ടു നിന്ന് കന്യാകുമാരി വരെ വലിച്ചുനീട്ടിയാൽപ്പോലും വനിതാമാസികയിലെ ഇക്കഥയ്ക്കു് അതിനെ സ്പർശിക്കാൻപോലും സാധിക്കുകയില്ല.
അന്നു സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാൻ ഇടപ്പള്ളി രാഘവൻപിള്ളയോടൊരുമിച്ച് ശംഖുംമുഖം കടപ്പുറത്തുനിന്നു വഞ്ചിയൂരേയ്ക്കു നടക്കുകയായിരുന്നു. പാറ്റൂരെന്ന ജങ്ഷൻ എത്താറായപ്പോൾ കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരി ക്രിസ്മസ് ദീപം കത്തിച്ചു വരാന്തയിൽ തൂക്കി. ആ ദീപമേറ്റ് അവളുടെ മുഖം തിളങ്ങി. ഞാനതു കണ്ടു. രാഘവൻപിള്ള കണ്ടില്ല.
മാംസപേശികളുടെ വക്രീകരണം
എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. പാവം മരിച്ചുപോയി. ഞങ്ങളൊരുമിച്ച് തിരുവനന്തപുരത്തെ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. അന്നു സ്നേഹിതനു പതിനാലു വയസ്സുവരും. എല്ലാ ചായക്കടകളിലും പറ്റുവരവാണ് അയാൾക്ക്, പക്ഷേ ഒരിടത്തും പണം കൊടുക്കില്ല. ഒരു കടയിലെ തുക പത്തോ പതിനഞ്ചോ രൂപയായാൽ പിന്നെ അയാൾ ആ വഴി പോകുകയില്ല. എന്നാൽ ഈ മാർഗ്ഗവ്യതിയാനം എത്രനാൾ വച്ചുനടത്താൻ സാധിക്കും! ചിലപ്പോൾ പണം കൊടുക്കാനുള്ള കടയുടെ മുൻപിൽക്കൂടെതന്നെ അയാൾക്കു പോകേണ്ടിവരും. അങ്ങനെ പോകേണ്ടതായിവന്നാൽ സ്നേഹിതൻ ഒരു വിദ്യ പ്രയോഗിക്കും. കഴുത്തിലെ മാംസപേശികൾ വലിച്ചുനീട്ടി തല ഒരു വശത്തേയ്ക്കു ചരിച്ചുവയ്ക്കും. മുഖത്തെ മാംസപേശികൾ വക്രിപ്പിക്കും. എന്നിട്ട് നടത്തത്തിന്റെ രീതിയ്ക്കു മാറ്റം വരുത്തി ഒറ്റപോക്ക് അങ്ങ് പോകും. പുതിയ ഭാഷയിൽ തെരുവിൽ “കണ്ണുംനട്ട്” ഇരിക്കൂന്ന ചയക്കടയുടമസ്ഥൻ അയാളെ തിരിച്ചറിയുകേയില്ല.
ചില സാംസ്കാരഹീനന്മാർ സ്ത്രീകളെ വശപ്പെടുത്താൻ ശ്രമിക്കുന്നതും മുഖത്തെ മാംസപേശികൾ വക്രിപ്പിച്ചാണ്. പെണ്ണു വശപ്പെടുമെന്നു കണ്ടാൽ കീചകനെപ്പോലെ ഒന്നു ചിരിക്കും. ജന്മനാവൈരൂപ്യമാർന്ന മുഖത്തെക്കാൾ സ്ത്രീയ്ക്ക് അസഹനീയമാണ് പുരുഷന്റെ വക്രീകരണമാർന്ന മുഖം. എങ്കിലും സഹിച്ചേ പറ്റൂ. ചായക്കടയിൽ കയറി ഉഴുന്നു വടയും ഇറച്ചിയും തിന്നിട്ട് ചിലർ മാസങ്ങൾ പലതു കഴിഞ്ഞതിനു ശേഷം തല തിരിച്ചു വച്ച് മാംസപേശികളെ ക്ഷോഭിപ്പിക്കും. കാമം അധീശത്വം നടത്തുമ്പോഴും ഈ ക്ഷോഭിപ്പിക്കൽ ഉണ്ടാകും. ഇതുപോലെ സാഹിത്യത്തെ നോക്കി മാംസപേശികളെ വക്രിപ്പിക്കുന്നവരുണ്ടോ? ഉണ്ട്. ദേശാഭിമാനി വാരികയിൽ ‘ഓടുന്ന ബസ്സിൽ ഒരു പെൺകുട്ടി’ എന്ന കഥയെഴുതിയ ഇലിപ്പക്കളം രവീന്ദ്രൻ അത്തരത്തിലുള്ള അനേകം എഴുത്തുകാരിൽ ഒരാളാണ്. ബസ്സിൽ ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞും. ആ സ്ത്രീയുടെ അടുത്തു വന്നിരുന്ന് ഒരു സാവത്രി വാതോരാതെ സംസാരിക്കുന്നു. സ്വന്തം ഭർത്താവിനെക്കുറിച്ചും അയാളോടിക്കുന്ന സ്കൂട്ടറിനെക്കുറിച്ചുമൊക്കെയാണ് സംസാരം. ദമ്പതികൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ സാവിത്രി അവരുടെ കുഞ്ഞിനെ പിടിച്ചു വാങ്ങിക്കുന്നു. അപ്പോഴാണ് അവൾക്കു ഭ്രാന്താണെന്നു ആരോ പറയുന്നത്. കഥ അവിടെ തീരുന്നു. ഒരു പോയിന്റുമില്ലാത്ത, ജീവിതാവബോധം തീരെയില്ലാത്ത ഈ സാഹസിക്യത്തെ കഥയെന്ന് എങ്ങനെ വിളിക്കാനാണ്? സൂക്ഷിച്ചു നോക്കൂ. അസ്റ്റൽ കൊലീൻ — acetyl choline — എന്ന രാസദ്രവ്യം ഒഴുകുന്നു. മാംസപേശികൾ വക്രിക്കുന്നു. സാഹിത്യാംഗന മുഖം തിരിച്ചു നിൽക്കുന്നു.
എഴുത്തുകാർ സ്വന്തം മനസ്സിനെ പിടിച്ചു തെറ്റായ സ്ഥാനത്തു നിർത്തുമ്പോഴാണ് കലാശൂന്യമായ രചനയുടെ ആവിർഭാവം. അതു തെറ്റാണെന്ന് ആ എഴുത്തുകാർക്ക് അറിഞ്ഞുകൂടാ. പ്രായോഗികതലം മാത്രം കണ്ടു രസിക്കുന്ന പരിപാകമില്ലാത്ത വായനക്കാർക്കും അറിഞ്ഞുകൂടാ. അറിവുള്ളവർ അതു പറയുമ്പോൾ എഴുത്തുകാരും അവിദഗദ്ധരായ വായനക്കാരും ഒരുമിച്ചു ചേർന്നു് അവരെ ആക്രമിക്കുന്നു. കഥാകാരനായ ടി. വി. വർക്കി ‘കണ്ണമ്മ ചിരിക്കുന്നു’ എന്ന കഥയിൽ തന്റെ മനസ്സിനെ നിറുത്തേണ്ടിടത്തുതന്നെ നിറുത്തിയിട്ടുണ്ടു്. എന്നിട്ടും പരിപാകമുള്ളവർക്കും പരിപാകമില്ലാത്തവർക്കും രസമുണ്ടാകുന്നില്ല. കറുത്തമ്മ കുടിയനായ വേലായുധന്റെ ഭാര്യ. അവർക്കു് മകനും മകളുമുണ്ട്. മകൻ നാടകം കഴിഞ്ഞു് രാത്രിയാണെത്തുക. ഭർത്താവു് കുടിച്ചുമറിഞ്ഞു വരും. കുടുംബഭാരം വഹിക്കേണ്ട രണ്ടുപേരും ഇങ്ങനെയായാൽ (വിലക്ഷണ ഭാഷയിൽ) “പുരനിറഞ്ഞു നിൽക്കുന്ന” മകളെ യോഗ്യനായ ഒരുത്തന്റെ കൂടെ പറഞ്ഞയക്കുന്നതെങ്ങനെ? പ്രതീക്ഷയോടുകൂടി കണ്ണമ്മ ഇരിക്കുമ്പോൾ മദ്യപിച്ചു് ബോധശൂന്യനായ വേലായുധനെ കൂട്ടുകാർ എടുത്തുകൊണ്ടുവരുന്നു. ബോധശൂന്യനേ ആയിട്ടുള്ളൂ അയാൾ. മരിച്ചിട്ടില്ല. മരിച്ചില്ലെങ്കിൽ അന്നു കണ്ണമ്മയ്ക്കു കഞ്ഞികുടിക്കാൻ പറ്റുമായിരുന്നില്ല. അതോർത്തു് അവൾ ചിരിക്കുന്നു. നിത്യജീവിതസംഭവങ്ങളെ കഥയെഴുത്തുകാരൻ വർണ്ണിച്ചുകഴിയുമ്പോൾ “ഹാ, ഇതാണല്ലോ ജീവിതം!” എന്നു് അനുവാചകർ പറയണം. ടി. വി. വർക്കിയുടെ ഒരു കഥ വായിച്ചാലും വായനക്കാരൻ അങ്ങനെ പ്രഖ്യാപിക്കില്ല. കഥയുടെ total effect-ലേക്കു് മറ്റെല്ലാ അംശങ്ങളും ചെന്നുചേരുമ്പോഴാണു് അതു് (കഥ) കലാത്മകമാകുന്നതു്. അതു സംഭവിക്കുമ്പോൾ കഥ കവിതപോലെ ലയാത്മകമാകും. കേന്ദ്രസ്ഥിതമായ ആശയമോ വികാരമോ എല്ല അംശങ്ങളേയും തഴുകുന്ന ലയമോ ‘ദേശാഭിമാനി’ യിലെ ഇക്കഥയിൽ ഇല്ല. ഉമിക്കരി ചവയ്ക്കുന്ന പ്രതീതിയാണു് ഇക്കഥയുടെ പാരായാണം ഉളവാക്കുക.
മാലാഖമാർ പേടിക്കുന്നിടത്തു്
സെക്‌സിനെക്കുറിച്ചു് ധാരാളം നോവലുകളും ചെറുകഥകളും എഴുതിയ ഇറ്റലിയിലെ സാഹിത്യകാരൻ ആൽബർട്ടോ മൊറാവ്യാ (മൊറേവിയ എന്നല്ല) യഥാർത്ഥത്തിൽ സെക്‌സിനെ നിന്ദിക്കുകയാണു് ചെയ്തതു്. സ്നേഹിക്കാൻ മനുഷ്യനു കഴിവില്ല; അതുകൊണ്ടു് സെക്‌സിൽ അയാൾ വ്യാപരിക്കുന്നു. (Martin Seymour-Smith) അദ്ദേഹത്തിന്റെ ‘ആവർത്തന’ മെന്ന കഥയിൽ ഈ ലൈംഗിക വൈരസ്യം രമണീയമായി പ്രതിപാദിച്ചിരിക്കുന്നു (ഭാഷാന്തരീകരണം കുങ്കുമം വാരികയിൽ പി. ആർ. അരവിന്ദൻ). ജോർജിയ എന്ന യുവതി സീന്യോർ ലാനാറിയുടെ സെക്രട്ടറിയായിരുന്നു. കഥ തുടങ്ങുന്നതിനു മൂന്നുകൊല്ലം മുൻപു് അവൾ ലാനാറിക്കു കിട്ടിയ ഒരു ചിത്രത്തെക്കുറിച്ചു് വിദഗ്ദ്ധാഭിപ്രായമറിയാൻ സെർജിയോയുടെ അടുക്കലെത്തി. ചിത്രം അനുകരണമാണെന്നും അതിനാൽ മൂല്യമില്ലാത്തതാണെന്നും ഒറ്റനോട്ടത്തിൽ സെർജിയോ പറഞ്ഞു. പക്ഷേ ജോർജ്ജിയയ്ക്കു തിരിച്ചുപോകാൻ കഴിഞ്ഞില്ല. അവർ അന്യോന്യം ഉറ്റുനോക്കി. കാമംകത്തുന്ന കണ്ണുകൾ. രണ്ടുപേരും മൂന്നുവർഷം ഒരുമിച്ചുതാമസിച്ചു. അന്നു് അവർ വേർപിരിയുകയാണു്. മൂന്നുവർഷത്തിനുമുമ്പ് ജോർജ്ജിയ ചിത്രവും കൊണ്ടെത്തിയപ്പോൾ അവർ രണ്ടുപേരും എന്തെല്ലാം ചാപല്യങ്ങൾ ഹർഷാതിരേകത്തോടെ കാണിച്ചുവോ അതൊക്കെ അവർ അപ്പോൾ കാണിച്ചുനോക്കി. ചേഷ്ടകളും സംഭവങ്ങളും ആവർത്തിക്കാൻ സാധിച്ചു. പക്ഷേ, അന്നത്തെ ഹർഷാതിശയം ആവർത്തിക്കാനൊത്തില്ല. ആദ്യദർശനത്തിലുണ്ടാകുന്ന വികാരം പിന്നീടു് ഒരിക്കലും ഉൽപ്പാദിപ്പിക്കപ്പെടുകയില്ലെന്നു സൂചന. അവർ എല്ലാക്കാലത്തേക്കുമായി പിരിഞ്ഞുപോകുമ്പോൾ കഥ അവസാനിക്കുന്നു. കാമത്തിന്റെ ഈ താൽക്കാലികമായ മതിവിഭ്രാമകസ്വഭാവത്തെ, ആവർത്തിക്കാൻ കഴിയാത്ത അതിന്റെ അവസ്ഥാവിശേഷത്തെ ചിത്രനിരൂപണത്തിൽക്കൂടിയും വ്യഞ്ജിപ്പിക്കുന്നുണ്ടു് മൊറാവ്യാ. മൂന്നുവർഷംമുൻപ് രണ്ടുപേരും തമ്മിൽ സംസാരിച്ചതു് ആവർത്തിക്കുകയാണു്:[സെർജിയോ:] ‘സീന്യോറീനൊ, ഇതൊരു പകർപ്പാണു്. എന്നു മാത്രമല്ല, പ്രഖ്യാതമായ ഒരു ചിത്രത്തിന്റെ പകർപ്പും … പകർപ്പു് അന്യൂനമാണു്. പക്ഷേ, അതേസമയം കപടവും! പിൽക്കാലത്തു് — മൂന്നുവർഷത്തിനുശേഷം — പ്രഥമദർശനവും അതിനോടു ബന്ധപ്പെട്ട വികാരങ്ങളും ആവർത്തിക്കുന്നതു് കാപട്യമായേ ഭവിക്കൂ എന്നണു് ധ്വനി. സുന്ദരമായ ഈ കഥയെ തർജ്ജമചെയ്തു വികലമാക്കിയിരിക്കുന്നു പി. ആർ. അരവിന്ദൻ. ഒരുദാഹരണം മാത്രം നൽകാം. “Signorina, it’s a copy, and of a well-known picture into the bargain.” ഇതിന്റെ തർജ്ജമ മുകളിൽ ഞാൻ നൽകിക്കഴിഞ്ഞു. ഇനി അരവിന്ദന്റെ തർജ്ജമ കേട്ടാലും: “സിഞ്ജ്യോറിനാ ഇതൊരു പകർപ്പാണു്. അതും ചന്തയിൽ കിട്ടുന്നതു്.” into the bargain എന്നതിനു “അതിനുംപുറമേ”, “കൂടുതലായി” എന്നൊക്കെയാണു് അർത്ഥം. അതിനെയാണു് “ചന്തയിൽ കിട്ടുന്നത്” എന്നാക്കിയിരിക്കുന്നതു്. “മാലാഖകൾ പേടിച്ചു നിൽക്കുന്നിടത്തു്… ” ശേഷഭാഗം ഓർമ്മയില്ല. അലക്സാണ്ടർ പോപ്പിന്റെ An essay on critism എടുത്തു നോക്കട്ടെ.
“ഒരുനാൾ ഞാനൊരു ചന്ദ്രിക വീക്കിലി ദർശിച്ചീടുവാൻ ഇടയായ് അതിൽ മാഷ്‌ടെ വിഭവം വെടിവട്ടം. മാഷെക്കണ്ടാൽ ചിരിപൊട്ടും വാചകമയ്യോ മഹാമോശം” എന്നു് എ. കെ. അബു പെരുമ്പടപ്പു് കുഞ്ഞുണ്ണിയോടു്. അതിനു അദ്ദേഹം ചോദിക്കുന്നു: എന്തിനീ പദ്യവൈകൃതം. കുഞ്ഞുണ്ണിമാസ്റ്റർക്കു തെറ്റിപ്പോയി. എ. കെ. അബു ആധുനികോത്തരകവിയാണു്. അദ്ദേഹത്തെക്കുറിച്ചു നമ്മുടെ ആധുനികോത്തര നിരൂപകർ ഉടനെ എഴുതും.
ഓർമ്മകൾ
പ്രസംഗം തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പട്ടം താണുപിള്ള എന്നെ നോക്കി ഒരു ചോദ്യം. “ഏയ്, കേരള കാളിദാസന്റെ ആ ശ്ലോകത്തിന്റെ തുടക്കമെങ്ങനെ?” ഏതു ശ്ലോകമെന്നറിയാതെ ഞാനെങ്ങനെ മറുപടി പറയും? ഞാൻ മിണ്ടാതിരുന്നു. ഉടനെ പട്ടം: “മലയാളം പഠിപ്പിക്കുകയല്ലേ കോളേജിൽ? എന്നിട്ടു് ഈ ശ്ലോകമറിഞ്ഞുകൂടെ? നിങ്ങളെ വാദ്ധ്യാരായി നിയമിച്ചതാരു്?”
ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കാലം. ഞാൻ അദ്ദേഹത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആകർഷകത്വമുള്ള ഒരു ചെറുപ്പക്കാരി കവിത തിരുത്താനെന്നു പറഞ്ഞു് അവിടെയെത്തി. ഞാൻ പോകാനെഴുന്നേറ്റു. എങ്കിലും കവി സമ്മതിച്ചില്ല. അദ്ദേഹം അവളുടെ കവിത വായിച്ചു് ഒരു വരി ചൂണ്ടിക്കാണിച്ചു് എന്തോ സശയം ചോദിച്ചു. നെയ്‌ൽ പോളീഷിട്ട അവളുടെ വിരലുകൾ കടലാസ്സിൽ പതിഞ്ഞു. അവ അവിടെ റോസ്സാപ്പൂക്കൾ വിടർത്തി.
1934. ഹരീന്ദ്രനാഥ് ച്ട്ടോപാധ്യായ ആലപ്പുഴ എസ്. ഡി. വിദ്യാശാലയിൽ പ്രസംഗിക്കാൻ വന്നു. മഞ്ചേരി രാമകൃഷ്ണയ്യർ അദ്ധ്യക്ഷൻ, ഹെഡ്‌മാസ്റ്ററും. യുവാവായ ഹരീന്ദ്രനാഥ് സ്വന്തം കവിതകൾ ചൊല്ലി അനർഗ്ഗളമായി ഇംഗ്ലീഷിൽ പ്രസംഗിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അസാധാരണമായ ആകൃതി സൗഭഗമായിരുന്നു അദ്ദേഹത്തിനു്. ചിരി എത്ര മനോഹരം!
പുരുഷനായാൽ ഇങ്ങനെ ജനിക്കണമെന്നു എനിക്കു തോന്നി. ഇന്നും ആ ചേതോഹരമായ രൂപം എന്റെ മനസ്സിലുണ്ടു്. സ്കൂളിലെ പെൺകുട്ടികൾ അന്നു രാത്രി മാത്രമല്ല പിന്നീടുള്ള പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ടാവും. തിരുവനന്തപുരത്തിനു അടുത്തുള്ള ഒരു സ്ഥലത്തെ ഹൈസ്കൂളിൽ വാർഷിക സമ്മേളനം, അദ്ധ്യക്ഷൻ സി. ഒ. കരുണാകരൻ, പ്രഭാഷകർ ചെമ്മനം ചാക്കോയും ഞാനും. പട്ടം താണുപിള്ള ഉദ്ഘാടകൻ. അദ്ദേഹം പ്രസംഗം തുടങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ തിരിഞ്ഞു് എന്നെ നോക്കി ഒരു ചോദ്യം. “ഏയ് കേരള കാളിദാസന്റെ ആ ശ്ലോകത്തിന്റെ തുടക്കമെങ്ങനെ?” ഏതു ശ്ലോകമെന്നറിയാതെ ഞാനെങ്ങനെ മറുപടി പറയും? ഞാൻ മിണ്ടാതിരുന്നു. ഉടനെ പട്ടം: “മലയാളം പഠിപ്പിക്കുകയല്ലേ കോളേജിൽ? എന്നിട്ടു് ഈ ശ്ലോകമറിഞ്ഞുകൂടെ? നിങ്ങളെ വാദ്ധ്യാരായി നിയമിച്ചതാരു്?”
മണ്ടന്റെ ചിരി
ചെല്ലമ്മ ജോസഫിനു കഥ പറയാനറിയാം. പ്രേമം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവരുടെ ശൈലിക്കു് ഇന്ദ്രിയഗതധർമ്മം — sensuous quality — ലഭിക്കാറുണ്ടു്. ഈ ഗുണങ്ങളെല്ലാം അവരുടെ ‘സുഹാസിനി’ എന്ന നീണ്ട കഥയിൽ കാണാം. (കലാകൗമുദി-525, 526 ലക്കങ്ങൾ) ഒറ്റയിരിപ്പിനു് ഞാനതു വായിച്ചുതീർത്തു. നേരിയ ഒരാഹ്ലാദം എനിക്കുണ്ടാവുകയും ചെയ്തു. പിന്നീടു് ആലോചിച്ചപ്പോഴാണു് ആ ആഹ്ലാദത്തിനു് കല ജനിപ്പിക്കുന്ന ആഹ്ലാദവുമായി ബന്ധമില്ലെന്നു മനസ്സിലായതു്. ചുമച്ചു രക്തം തുപ്പുന്ന ക്ഷയരോഗിയായ അച്ഛൻ, അയാളുടെ രണ്ടാമത്തെ ഭാര്യ. അവരുടെ പീഡനങ്ങൾ സഹിക്കാനാവാതെ അവൾ ഒരുത്തന്റെ സഹായത്തോടെ ഒരു വീട്ടിൽ വേലക്കാരിയായി നിൽക്കുന്നു. രണ്ടാമത്തെ അമ്മ എപ്പോൾ വേണമെങ്കിലും തന്നെ കണ്ടുപിടിക്കുമെന്നും അവിടെനിന്നു കൂട്ടിക്കൊണ്ടുപോകുമെന്നും അവൾക്കു പേടി. പേടിയിൽനിന്നു് അവളെ മോചിപ്പിക്കാനായി ഗൃഹനായിക ഒരു കള്ളം പറയുന്നു. അവരുടെ ബന്ധുവായ ഒരു മദ്ധ്യവയസ്കൻ അവളെ വിവാഹം കഴിക്കാൻ സന്നദ്ധനാണെന്നു്. അയാളുടേതായി ഒരു കള്ളയെഴുത്തു് ഉണ്ടാക്കി അവർ സുഹാസിനിയെ വായിച്ചുകേൾപ്പിക്കുന്നു. ന്യൂറോസിസോളമെത്തിയ ആ പാവപ്പെട്ട പെണ്ണു് അതൊക്കെ വിശ്വസിക്കുന്നു. അവൾ ഒറ്റയ്ക്കു വീട്ടിലിരിക്കുമ്പോൾ അവിടെ വന്നു കയറുന്ന മദ്ധ്യവയസ്കൻ അവളുടെ വിശ്വാസ്യതയെ ചൂഷണം ചെയ്യുന്നു. ചാരിത്രം ധ്വംസിക്കപ്പെട്ട സുഹാസിനി തകർന്നടിയുന്നു.
ഗൃഹനായികയുടെ സ്വഭാവത്തിന്റെ അവിശ്വാസ്യതയും അതുളവാക്കുന്ന ദൗർബല്യവുമാണു് ഈ കഥയുടെ ദൗർബല്യം. വീട്ടിലെപ്പോഴും കരഞ്ഞുകൊണ്ടു നിൽക്കുന്ന വേലക്കാരി വീട്ടുകാർക്കൊക്കെ ഉപദ്രവക്കാരിയാണു്. അവളെ ഏവരും വെറുക്കും. വിശേഷിച്ചു ഗൃഹനായിക. ചെല്ലമ്മജോസഫിന്റെ കഥാപാത്രം വെറുക്കാത്തതു് അവരുടെ അതിരു കടന്ന ദയകൊണ്ടാണു്. അത്ര കാരുണ്യമുള്ള ഒരു സ്ത്രീ ഒരു കൊച്ചു പെണ്ണിനെ വാർദ്ധക്യത്തിലേക്കു ചെല്ലുന്ന ഒരുത്തനു കെട്ടിച്ചു കൊടുക്കാമെന്നു കള്ളം പറയുമോ? പറഞ്ഞാലും അയാളുടേതായ പ്രേമലേഖനമെഴുതി അവളെ വായിച്ചു കേൾപ്പിക്കുമോ? സത്യത്തിന്റെ കഴുത്തറുക്കുന്ന ഈ പ്രവൃത്തി അസത്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ദീർഘതയിലേക്കു വലിച്ചു നീട്ടിയ അവാസ്തവികതയാണു് ഇക്കഥ. ആഖ്യാനത്തിന്റെ തിളക്കമുണ്ടു് ഇതിൽ. കഥയുടെ ആന്തരതലം അസത്യാത്മകവും. ബുദ്ധിശൂന്യന്റെ ചിരിപോലെയാണിതു്. ചിരിക്കു ഭംഗിയുണ്ടു്. പക്ഷേ അയാളുടെ മസ്തിഷ്കം പ്രയോജനശൂന്യവും.
കഴിഞ്ഞവർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസംഗിക്കാൻ പോയി. സമ്മേളനദിനമെത്തി. ഉച്ചയ്ക്കു രണ്ടു മണിക്കു് ഒരു ‘വാൻ’ വീട്ടിന്റെ മുൻപിൽ വന്നുനിന്നു. വിനയംകലർന്ന പുഞ്ചിരിയോടെ ഒരു നമ്പൂതിരിപ്പയ്യൻ “സാർ പോകാ”മെന്നു പറഞ്ഞു. “കാറെവിടെ” എന്നു എന്റെ ചോദ്യം. “വാൻ കൊണ്ടു വന്നിട്ടുണ്ടു്” എന്നു മറുപടി. ഞാൻ പറഞ്ഞു “വാൻ വേണ്ടായിരുന്നു. വള്ളമില്ലേ ആലപ്പുഴയിൽ. ഇവിടെ ചാക്കക്കടവിൽനിന്നു കയറിയാൽ ആലപ്പുഴെ വാടത്തോട്ടിലടുക്കും വള്ളം. അവിടെ നിന്നു ചക്കടാവണ്ടിയിൽ കയറിയാൽ മെഡിക്കൽകോളേജിലെത്താം. വള്ളം കൊണ്ടുവരൂ. ഞാൻ വരാം.” വിളിക്കാൻ വന്ന ബാലന്റെ വൈഷമ്യം കണ്ട ഞാൻ വാനിൽ കയറി. തിരയുടെ മുകളിലേയ്ക്കു ചെന്നിട്ടു് താഴത്തേയ്ക്കു പോരിക. പിന്നെയും മുകളിലേയ്ക്കു പോകുക. ഇതിനു തുല്യമാണു് യാത്ര. അഞ്ചുമണിയ്ക്കു് ആലപ്പുഴെ എത്തി. പ്ലാറ്റ്ഫോമിൽ വിലക്ഷണമായ ഡിസ്കോ സംഗീതം, റോക്ക് ആൻഡ് റോൾ ഡാൻസ്. അഞ്ചുമണിതൊട്ട് രാത്രി പത്തുമണിവരെ ഒരു മുറിയിൽ ഒറ്റയ്ക്കിരുന്നു. നേഷനൽ ഇൻഷ്വറൻസ് കോർപ്പൊറേഷൻ മാനേജർ കൃഷ്ണകുമാർ ചിലപ്പോഴൊക്കെ വന്നു സംസാരിക്കും. ഇല്ലെങ്കിൽ ഞാൻ ആരും കാണാതെ റോഡിലിറങ്ങി ബസ്സിൽ കയറി തിരുവനന്തപുരത്തേയ്ക്കു പോരുമായിരുന്നു. പത്തുമണിയ്ക്കു പ്ലാറ്റ്ഫോമിലേക്കു എന്നെ കൊണ്ടു പോയി. ഞാൻ എഴുന്നേറ്റു രണ്ടു വാക്യം പറഞ്ഞു. അത്ര തന്നെ കൂവൽ, ബഹളം. ഞാനിരുന്നു. ഇരുന്നില്ലെങ്കിൽ കല്ലേറു് ഉണ്ടാകുമായിരുന്നു. ഉടനെതന്നെ വാനിൽക്കയറി. ശ്രീ പദ്മനാഭൻ പാൽക്കടലിൽ അനന്തനിൽ കിടക്കുമ്പോൾ തിരയടിയേറ്റു് പൊങ്ങുകയും താഴുകയും ചെയ്യുമല്ലോ. അതുപോലെ പൊങ്ങിയും താണും സാക്ഷാൽ ശ്രീ പദ്മനാഭനായി ഞാൻ തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തു. നമ്പൂതിരിപ്പയ്യൻ (എം. ബി. ബി. എസ്. വിദ്യാർത്ഥി) ഹരിപ്പാട്ടോ മറ്റോ വച്ചു് വാനിൽനിന്നു ഇറങ്ങിപ്പോയി. പോകുന്നതിനു മുൻപു് എന്റെ കാലിൽ തൊട്ടു മാപ്പുപറഞ്ഞു. ‘സാരമില്ല’ എന്നു ഞാനും പറഞ്ഞു. ഈ സംഭവം ഞാനോർമ്മിച്ചതു് മനോരമ ആഴ്ചപ്പതിപ്പിൽ മോപസാങ്‌വാലത്തു് വരച്ച ഹൃദ്യമായ ഹാസ്യ ചിത്രം കണ്ടതുകൊണ്ടാണു്. പ്രസംഗിക്കാൻ കോളേജിൽ പോകുന്നവന്റെ ദുരന്തം അദ്ദേഹം അഭിനന്ദനാർഹമായ വിധത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
|
|